Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 തയ്യൽ മെഷീനിൽ തുടക്കം, ഇന്ന് ലോകം അറിയുന്ന ഡിസൈനർ.. അറിയണം ഈ ജീവിതം

Anita Dongre അനിത ദോംഗ്രെ

വളരുമ്പോൾ തന്നെ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പലർക്കും വ്യക്തമായ ധാരണകളുണ്ടാകും. കുന്നോളം സ്വപ്നങ്ങളുമായാകും ജീവിതത്തെ നേരിടാൻ പോകുന്നത്. പക്ഷേ ഇടയ്ക്കെപ്പോഴോ ആ സ്വപ്നങ്ങൾ കൊരുത്ത പട്ടത്തിന്റെ ചരട് കൈവിട്ടുപോകും. പിന്നെ ആഗ്രഹിച്ചതെല്ലാം മറന്ന് മുന്നിലുള്ള ജീവിതത്തിൽ തരിമ്പും സംതൃപ്തിയില്ലാതെ ജീവിക്കുന്നവരുണ്ട്. പ്രത്യേകിച്ചും വിവാഹിതരാകുന്നതോടെയാണ് പല പെൺകുട്ടികളുടെയും സ്വപ്നങ്ങൾ താറുമാറാകുന്നത്. ഭർത്താവിനും വീട്ടുകാർക്കും വേണ്ടി താൻ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടുത്തുന്നവർ അനിത ദോംഗ്രെ എന്ന പ്രശസ്ത ഫാഷൻ ഡിസൈനറുടെ ജീവിതകഥ അറിയേണ്ടതുണ്ട്. മുംബൈ സ്വദേശിയായ അനിത പ്രതിബന്ധങ്ങളെയൊന്നും വകവെക്കാതെയാണ് ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറിലേക്ക് എത്തിയത്. അനിതയുടെ വാക്കുകളിലേക്ക്. 

''എന്റെ വളർച്ചയിലാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്, എനിക്കു ചുറ്റമുള്ള സ്ത്രീകൾ കഠിനാധ്വാനികളാണ്, പക്ഷേ അവർക്ക് അതിനനുസരിച്ചുള്ള ബഹുമാനം ലഭിക്കുന്നില്ല, അതിനു കാരണം അവർ സാമ്പത്തികപരമായി ആശ്രയിക്കപ്പെട്ടു കഴിയുന്നവരാണ് എന്നതായിരുന്നു. അന്നു മുതലാണ് എന്നിൽ സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെ ആവശ്യകത തെളിഞ്ഞത്. പതിനഞ്ചാം വയസു മുതൽ തന്നെ എനിക്കൊരു ഫാഷൻ ഡിസൈനർ ആകണമെന്നായിരുന്നു ആഗ്രഹം. എന്റെ അമ്മ എന്നെ പാചകം പഠിപ്പിച്ചു, എല്ലാ നല്ല പെൺകുട്ടികളെയുംപോലെ ഞാൻ എംബ്രോയ്ഡറിയും വശമാക്കി എന്നു മാത്രമാണ് അമ്മ കരുതിയത്. അതിനപ്പുറം പോകുമെന്നു ചിന്തിച്ചതേയില്ല. 

anita-dongre-2 സാധാരണയായി സ്ത്രീയുടെയോ പുരുഷന്റെയോ കരിയർ ഉപേക്ഷിക്കണം എന്നൊരു ചോയ്സ് വന്നാൽ ആദ്യം അതിനു തയ്യാറാവുക സ്ത്രീകളാണ്. സ്ത്രീയുടെ കരിയറിന് അത്രയ്ക്കൊന്നും പ്രാധാന്യമില്ല...

കോളജിൽ ചേർന്നതിന്റെ ആദ്യവർഷം െതാട്ടുതന്നെ എന്നിലൊരു ബിസിനസ് ചിന്ത വളർന്നിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഞാൻ എക്സിബിഷനുകൾ സംഘടിപ്പിച്ചു, ഞങ്ങളുണ്ടാക്കിയ എല്ലാ വസ്ത്രങ്ങളും വിറ്റഴിക്കപ്പെടുമായിരുന്നു. ഇരുപതു വയസായതോടെ ഞാൻ സാമ്പത്തികമായി സ്വതന്ത്രയായി. തുടക്കത്തിൽ ഞാന്‍ ബിസിനസ് തുടങ്ങുന്നതിൽ വീട്ടുകാർക്കു താൽപര്യമേ ഉണ്ടായിരുന്നില്ല. 1982ലെ ആ കാലത്ത് സ്ത്രീകളുടെ ഏ‌റ്റവും വലിയ കാര്യം വിവാഹിതയാവുക എന്നതായിരുന്നു.

പക്ഷേ എന്നെ പിടിച്ചു നിർത്താൻ ആകുമായിരുന്നില്ല. രണ്ടു തയ്യൽക്കാർക്കൊപ്പം എന്റെ മുറിയിലിരുന്ന് ഞാൻ സ്വപ്നങ്ങള്‍ ഡിസൈൻ ചെയ്യാൻ തുടങ്ങി. എന്റെ ജോലിയായിരുന്നു എനിക്കു മതം, അത്രത്തോളം പവിത്രമാണെനിക്കത്. പുറത്തു നിന്നും ആളുകൾ എന്റെ ഡിസൈനിനു വേണ്ടി ദിവസവും വരാൻ തുടങ്ങിയതോടെ വീട്ടുകാർ ചോദിച്ചു, ഇവരെല്ലാം ശരിക്കും നിന്റെ വസ്ത്രങ്ങൾക്കു വേണ്ടിയാണോ വരുന്നതെന്ന്. അപ്പോൾ മുതലാണ് അവർ പതിയെ എന്റെ ജോലിയെ അംഗീകരിച്ചു തുടങ്ങിയത്. 

Anita Dongre അനിത ദോംഗ്രെ നടി കരീന കപൂറിനൊപ്പം

ഈ കാലത്തിനിടയ്ക്ക് ഞാനെന്റെ ഭർത്താവിനെ പരിചയപ്പെട്ടു. ഞങ്ങൾ ആരും അറിയാതെ കുറച്ചു വര്‍ഷങ്ങൾ പ്രണയിച്ചു, അദ്ദേഹവും ഞാനും വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പക്ഷേ അദ്ദേഹം ബുദ്ധിമാൻ ആയിരുന്നു. പതിയെപ്പതിയെ അദ്ദേഹം എന്റെ വീട്ടുകാരെ ഓരോരുത്താരെയായി പരിചയപ്പെട്ട് അവരെയെല്ലാം കയ്യിലെടുത്തു. ശരിക്കും ഒരു സിനിമാക്കഥ പോലെയായിരുന്നു അതെല്ലാം. സുഹൃത്തുക്കളെല്ലാം നിങ്ങളുടെ ഈ പ്രണയം എവിടെച്ചെന്നെത്തും എന്നു ചോദിക്കുമായിരുന്നു. നമ്മൾ വെറും സുഹൃത്തുക്കളാണോ ഈ ബന്ധം തമാശയ്ക്കാണോ എന്നെ ശരിക്കും വിവാഹം കഴിക്കുമോ എന്നെല്ലാം ഞാനും ചോദിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് ആ കാര്യത്തിൽ സംശയമില്ലായിരുന്നു, നമ്മൾ വിവാഹം കഴിക്കുക തന്നെ ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. 

വിവാഹശേഷവും ജോലി ഉപേക്ഷിക്കണം എന്നൊരു ചിന്തയേ വന്നിരുന്നില്ല. സാധാരണയായി സ്ത്രീയുടെയോ പുരുഷന്റെയോ കരിയർ ഉപേക്ഷിക്കണം എന്നൊരു ചോയ്സ് വന്നാൽ ആദ്യം അതിനു തയ്യാറാവുക സ്ത്രീകളാണ്. സ്ത്രീയുടെ കരിയറിന് അത്രയ്ക്കൊന്നും പ്രാധാന്യമില്ല. പക്ഷേ ഞാൻ അന്നും വ്യക്തമായി പറഞ്ഞിരുന്നു ജോലിയാണ് എന്റെ മതം. വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നിൽ ഭർത്താവിന്റെ അച്ഛനമ്മമാർ ഞാൻ ഒരു ഫാഷൻ വീക്കിൽ അറ്റൻഡ് ചെയ്യുന്നതിനെ വിലക്കിയിരുന്നു പക്ഷേ അന്നും വിഷമിക്കേണ്ട അവരെ ഞാൻ പറഞ്ഞു മനസിലാക്കാം എന്നു പറഞ്ഞ് കൂടെനിന്നത് ഭർത്താവാണ്. അത്തരത്തിലുള്ളൊരു പിന്തുണയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്.

anita-dongre-3 അനിത ദോംഗ്രെയുടെ ഡിസൈനില്‍ സാനിയ മിർസ, മാധുരി ദീക്ഷിത്, കരീന കപൂർ എന്നിവർ

ഗർഭിണിയായപ്പോഴും മകൻ പിറന്നപ്പോഴുമൊന്നും ജോലി ഉപേക്ഷിക്കണം എന്ന ചിന്തയേ ഉണ്ടായിട്ടില്ല. മകന്റെ പിടിഎ മീറ്റിങ്ങുകളിലും സ്പോർട്സ് മീറ്റുകളിലും പങ്കെടുക്കാൻ കഴിയാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഭര്‍ത്താവിനും പോകാൻ കഴിഞ്ഞിട്ടില്ല. അന്നെല്ലാം എന്റെ അമ്മയും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരികളുമൊക്കെയാണ് ഞങ്ങൾക്കു ശക്തിയായത്. അവരെല്ലാമാണ് ഇന്ന് ഞാൻ ഇവിടെ എത്തിനിൽക്കുന്നതിനു പിന്നിൽ. 

ബാൽക്കണിയിലെ രണ്ടു തയ്യൽ മെഷീനിൽ നിന്നും അറിയപ്പെ‌ടുന്ന അനിത ദോംഗ്രെ എന്ന ബ്രാൻഡിലേക്ക് എത്തിയതിനു പിന്നിൽ അവരാണ്. ഇവരെല്ലാം ഇല്ലായിരുന്നുവെങ്കിൽ എന്റെ ആഗ്രഹങ്ങളെ വെട്ടിപ്പിടിച്ചെടുക്കാൻ സാധിക്കുമായിരുന്നില്ല, ഇന്നത്തെ ഞാൻ ഉണ്ടാകുമായിരുന്നില്ല...