Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അന്ന് സ്കൂളിൽ തോറ്റു, ഇന്ന് നാഷണൽ അവാർഡ് ജേതാവ് '

 Akshay Kumar അക്ഷയ് കുമാർ

സിനിമാ മേഖലയിലെത്തി 25 വർഷത്തിനിടയിൽ ആദ്യമായാണ് ബോളിവു‍ഡിന്റെ ആക്ഷൻ സ്റ്റാർ അക്ഷയ് കുമാറിന് ദേശീയ അവാർഡ് ലഭിക്കുന്നത്. സന്തോഷത്തിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന ഈ സമയത്തും താരത്തെ ഉള്ളാലെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. പരീക്ഷാത്തോൽവിയിൽ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്ന കുട്ടികളെയോർത്താണത്. സ്വന്തം ജീവിതത്തില്‍ സ്കൂൾ കാലഘട്ടങ്ങളിലുണ്ടായ തോൽവിയുള്‍പ്പെടെ വ്യക്തമാക്കിക്കൊണ്ട് അക്ഷയ് കുമാർ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'' എ​ന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എനിക്കു ചില കാര്യങ്ങൾ പറയാനുണ്ട്. പ്രസിഡന്റിൽ നിന്നും ദേശീയ അവാർഡ് ഇന്നു വാങ്ങിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അവാർഡ് പ്രഖ്യാപിച്ച സമയത്ത് ഞാൻ എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു, ഒരിക്കൽ ഒരു പരീക്ഷയില്‍ തോറ്റതിനെക്കുറിച്ചായിരുന്നു അത്. എന്റെ മാതാപിതാക്കൾ എന്നെയോർത്ത് ദു:ഖിക്കുമെന്നും അവർ എന്നോടു ദേഷ്യപ്പെടുമെന്നൊക്കെ ഞാൻ ഭയന്നു. പക്ഷേ എന്റെ റിപ്പോർട്ട് മാതാപിതാക്കളെ കാണിച്ച സമയത്ത് എനിക്ക് ജീവിതത്തിൽ എ​ന്തായിത്തീരണമെന്നാണ് ആഗ്രഹം എ​ന്ന് അച്ഛൻ ചോദിച്ചു. അന്ന് സ്പോർട്സാണ് ഇഷ്ടമെന്നാണ് ഞാന്‍ പറഞ്ഞത്. സ്പോർട്സിനു ചേർന്നോളൂ അവർ സഹായിക്കും പക്ഷേ ഒപ്പം പഠനവും കൊണ്ടുപോകണം എന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ അന്നൊന്നും ഞാൻ ഒരിക്കലും കരുതിയില്ല സ്പോർട്സിനു ശേഷം ഞാൻ ആയോധന കലയിലേക്കും പിന്നെ മോഡലിങ്ങിലേക്കും ഒടുവിൽ സിനിമയിലേക്കും എ​ത്തിച്ചേരുമെന്ന്. അന്ന് എന്റെ മാതാപിതാക്കൾ എന്റെ താൽപര്യം എന്താണെന്നു മനസിലാക്കി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ഈ ദേശീയ അവാർഡ് എനിക്കു കിട്ടുമായിരുന്നില്ല.

ഈ കഥ നിങ്ങളോടു പറയാനും ഒരു കാരണമുണ്ട്. ഒട്ടേറെ ആത്മഹത്യാ വാർത്തകൾ ഞാൻ വായിച്ചു. ഓരോ വർഷവും എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുകയും അതിൽത്തന്നെയും 2.5 ലക്ഷത്തോളം കേസുകൾ ഇന്ത്യയിൽ നിന്നാണ്. പരീക്ഷയിൽ തോല്‍വി നേരിട്ടതിന്റെയോ ബന്ധങ്ങളുടെയോ പേരിൽ ജീവിതം കളയുന്ന യുവാക്കളാണ് ഏറെയും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങളുടെ ജീവിതത്തിന് ഒരു മൂല്യവുമില്ലേ? സമ്മർദ്ദം എത്ര തന്നെ വലുതായാലും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ ആത്മഹത്യയെക്കുറിച്ച് അറിയുമ്പോൾ എത്രത്തോളം തകരുെമന്നൊന്നു ചിന്തിച്ചു നോക്കൂ. നിങ്ങളുടെ മാതാപിതാക്കൾ ഒരിക്കലും ഇത്തരത്തിലൊരു തകർച്ച അർഹിക്കുന്നില്ല ''

കുട്ടികളോടു മാത്രമല്ല മാതാപിതാക്കളോടും വിഷയത്തിൽ അക്കിക്കു ചിലതു പറയാനുണ്ട്. '' അച്ഛനമ്മമാരോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്, നിങ്ങളുടെ മക്കളോട് സംസാരിച്ച് അവരോടെല്ലാം ചോദിച്ച ആ കാലമൊക്കെ എവിടെ? നിങ്ങൾ തന്നെ ഫോണുമായി തിരക്കിലായിരിക്കുമ്പോൾ അവരെങ്ങനെ പ്രശ്നങ്ങൾ വന്നു പറയും? നിങ്ങളുടെ മക്കൾ അപ്പോൾ ഫേസ്ബുക്കിൽ സുഹൃത്തുക്കളെ തിരയുകയാകും. മക്കൾ നിരാശയിലോ സമ്മർദ്ദത്തിലോ ആണെന്നു തോന്നിയാൽ ഒരു ഡോക്ടറുടെ സഹായം തേടൂ. അവരോടു പോസിറ്റീവായി ചിന്തിക്കാൻ പറയൂ. മറ്റെല്ലാം പോലെ തന്നെ അത്യാവശ്യമാണ് മെന്റൽ ചെക്കപ്പും. പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തേടേണ്ടത് ഒരിക്കലും ആത്മഹത്യയല്ല''