Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലുകൾ മുറിച്ചു മാറ്റിയപ്പോഴും തളർന്നില്ല, ഇന്ത്യയുടെ അഭിമാനമായിത്തനെ അവൻ മാറി 

Prajwal Renjith പ്രജ്വൽ രഞ്ജിത്

കളിക്കളത്തിൽ കാലുകൾ ചിറകുകളാക്കി വിജയം കൊയ്തിരുന്ന ഒരുവൻ, നിനച്ചിരിക്കാതെ വന്നെത്തിയ ബൈക്ക് അപകടം ആ കാലുകളെ ഇല്ലാതാകുമ്പോൾ, അവിടെ ഇല്ലാതാകുന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു നാടിന്റെ കൂടി സ്വപ്നമാണ്. എന്നാൽ തോൽവി സമ്മതിക്കാനുള്ള മനസില്ലെങ്കിൽ പിന്നെ വിജയം കൂടെ നിൽക്കും എന്ന് ഈ യുവാവിന്റെ കഥ തെളിയിക്കുന്നു. ഇത് പ്രജ്വൽ രഞ്ജിത്ത് എന്ന കായികപ്രേമിയുടെ കഥയാണ്. 

2009ൽ തന്റെ 25ാമത്തെ വയസ്സിലാണ് നിനച്ചിരിക്കാതെ ഉണ്ടായ ബൈക്ക് അപകടം പ്രജ്വലിന്റെ ജീവിതം മാറ്റി മറിക്കുന്നത്. മത്സരങ്ങളിൽ ഓടിത്തകർത്ത ഈ യുവാവ് എന്നും സ്വപ്നം കണ്ടിരുന്നത് ഇന്ത്യയ്ക്കായി ട്രാക്കിൽ ഇറങ്ങുന്ന ഒരു ദിനം ആയിരുന്നു. അപകടം പറ്റി മണിക്കൂറുകളോളം ആരും തിരിഞ്ഞു നോക്കാതെ യുവാവും ഒപ്പമുണ്ടായിരുന്ന അമ്മാവനും റോഡിൽ കിടന്നു. ബോധം മറയുന്ന അവസാന നിമിഷങ്ങളിൽ എപ്പോഴോ വൃദ്ധയായ ഒരു സ്ത്രീ വന്ന് അല്‍പം വെള്ളം നൽകി, പിന്നീട് ഒരു ഓട്ടോ ഡ്രൈവർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. 

ആദ്യത്തെ ആശുപത്രിയിൽ ചികിത്സാ സൗകര്യം ഇല്ലായിരുന്നു, രണ്ടാമതെത്തിച്ച ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് സ്ഥലം ഇല്ലായിരുന്നു. പിന്നീട് മൂന്നാമത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മണിക്കൂർ 7  കഴിഞ്ഞിരുന്നു. 5  മേജർ ഓപ്പറേഷനുകളും 2 മൈനർ ഓപ്പറേഷനുകളും പ്രജ്വലിനു വേണ്ടി വന്നു. എന്നാൽ അതുകൊണ്ടൊന്നും അനിവാര്യമായ വിധിയെ തടുക്കാൻ ആയില്ല. ഇടത്തേക്കാൽ തുടയ്ക്കു മുകളിൽ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. 

ഒരു കായികതാരത്തെ സംബന്ധിച്ച് ഇതിലും വലിയ എന്തു ശിക്ഷ ലഭിക്കാനാണ്. ചിറകുകൾ നഷ്ടപ്പെട്ട അവസ്ഥ, കുടുംബത്തിന്റെ ചുമതല മറ്റൊരു ഭാഗത്ത്. ഇന്ത്യൻ ടീമിലെ അറിയപ്പെടുന്ന ഒരു കബഡി കളിക്കാരൻ ആകാൻ ആഗ്രഹിച്ച പ്രജ്വൽ തന്റെ ആഗ്രഹം നടക്കില്ല എന്നറിഞ്ഞിട്ടും കായികരംഗത്തെ മറക്കാൻ തയ്യാറായില്ല. ആ ആഗ്രഹം മനസിലാക്കിയ സുഹൃത്തുക്കൾ, നിരാശ മറക്കുന്നതിനായി പ്രജ്വലിനെ പൊയ്ക്കാലിൽ ബൈക്ക് ഓടിക്കാൻ പരിശീലിപ്പിച്ചു. അതിനുശേഷം പ്രജ്വലിന്റെ സഹോദരൻ സൈക്കിൾ ചവിട്ടാൽ പരിശീലിപ്പിച്ചു. 

അതൊരു തുടക്കമായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെയുള്ള തിരിച്ചു വരവിന്റെ തുടക്കം. 2016 ൽ സൂറിച്ചിൽ വച്ച് നടന്ന സൈക്ലത്തോണിൽ മിന്നുന്ന പ്രകടനം പ്രജ്വൽ കാഴ്ചവച്ചു. അതോടെ ഭിന്നശേഷിയുള്ളവരുടെ ബാസ്കറ്റ് ബോൾ കളിയിലേക്ക് ക്ഷണവും തുടർ പരിശീലനവും ലഭിച്ചു. ഇന്ന് പ്രജ്വൽ വീണ്ടും ഇന്ത്യയ്ക്കായി സ്വപ്നം കാണുന്നു, ഇന്ത്യയുടെ അഭിമാനമായി മാറുന്നതുകണ്ട് അതിനായി പരിശ്രമിക്കുന്നു. ഇന്ത്യയ്ക്കായി പാരാലിമ്പിക്‌സ്‌ വീൽചെയർ ടെന്നിസിൽ പ്രജ്വൽ ഇനി മാറ്റുരയ്ക്കും. 

'' കായികരംഗത്ത് ഒരു നേതാവാകുക എന്നതാണ് എന്റെ സ്വപ്നം, ഒരു ഫീനിക്സ് പക്ഷി പുനർജനിക്കുന്ന പോലെ, ഇന്ന് എന്റെ സ്വപ്നങ്ങളും ഉയർത്തെഴുന്നേറ്റിരിക്കുന്നു' പ്രജ്വൽ പറയുന്നു