Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം വെറും നമ്പർ മാത്രം, 65ാം വയസ്സിൽ ഇങ്ങനെ പറയാൻ ഉഷയ്ക്ക് കാരണമുണ്ട് 

Usha ഉഷ റായ്

ഒരു വനിതയുടെ വിജയം എപ്പോഴാണ്? എങ്ങനെയാണ് ? ചിന്തിച്ചിട്ടുണ്ടോ? അവൾ നല്ലൊരു ജോലി നേടുമ്പോഴോ , കരിയറിൽ വിജയിക്കുമ്പോഴോ, അതോ നല്ലൊരു കുടുംബ ജീവിതം സ്വന്തമാക്കുമ്പോഴോ? എപ്പോഴെങ്കിലും അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചിലർ പറയും 30  വയസ്സിനു മുൻപ് ജോലിയും കുടുംബവും എല്ലാം ആകുമ്പോഴാണ് ഒരു സ്ത്രീ വിജയിക്കുന്നത് എന്ന്. ഇതു ശരിയാണോ? അല്ല എന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയും ഉഡുപ്പി സ്വദേശിനിയായ ഉഷ റായ്. അങ്ങനെ പറയാൻ ഉഷക്ക് അവരുടേതായ കാരണങ്ങൾ ഉണ്ട്. 

ആളുകൾ പറയുന്നതു പോലെ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിയുകയും ജോലി നേടുകയും കുട്ടികൾ ആവുകയും ഒക്കെ ചെയ്തതാണ് ഉഷയ്ക്ക്. എന്നാൽ ജീവിതത്തിൽ താൻ വിജയിച്ചു, എന്തെങ്കിലും നേടി എന്ന തോന്നൽ ഉണ്ടായത് തന്റെ 60ാം വയസ്സിലാണ്. ഉഡുപ്പിയിലെ ഒരു ഗ്രാമത്തിൽ സ്വാതന്ത്ര്യകാല കഥകൾ കേട്ടുകൊണ്ടു വളർന്ന ഉഷയെ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തയച്ചു, ബിരുദം നേടിയ ശേഷമായിരുന്നു വിവാഹം. തന്റെ അച്ഛൻ സ്ത്രീധനമായി നൽകിയ തുക ഭർത്താവിനെകൊണ്ട് ഉഷ തിരികെ നൽകിച്ചു. 

പിന്നീട്, ഒരു ബാങ്കിൽ ജോലി നേടിയ ഉഷ സ്വന്തം കാലിൽ നില്‍ക്കാൻ പ്രാപ്തയായാ അക്കാലത്തെ അപൂർവം ചില യുവതികളിൽ ഒരാളായി. 25  വർഷത്തെ സേവനത്തിനു ശേഷം വി ആർ എസ് എടുത്ത ഉഷ, താൻ 40  വയസ്സിൽ നേടിയ ഡ്രൈവിങ് ലൈസൻസിന്റെ കാര്യം വലിയ നേട്ടമായി തന്നെ കരുതുന്നു. 55ാം വയസ്സിൽ ആദ്യമായി ഒരു സ്റ്റേജ് പരിപാടി അവതരിപ്പിച്ച ഉഷ തന്റെ 60ാം വയസ്സിൽ മികച്ച എഴുത്തുകാരിക്കുള്ള അവാർഡ് നേടുകയും മികച്ചൊരു മാരേജ് കൗൺസിലർ ആകുകയും ചെയ്‌തു. 

നിനച്ചിരിക്കാതെയുള്ള അപകടം 

വൈകിയാണെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കിയുള്ള ജീവിതയാത്രക്കിടയിലാണ് നിനച്ചിരിക്കാതെ ഒരു റോഡപകടം ഉഷയെ തേടിയെത്തുന്നത്. കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്ത ഉഷയും കുടുംബവും അപകടത്തിൽപ്പെ‌ട്ടു. ലോറി വന്നു കാറിൽ ഇടിച്ചതിനെ തുടർന്ന്, കൂടെ സഞ്ചരിച്ചവരിൽ എല്ലാവര്‍ക്കും അപകടം സംഭവിച്ചു. ഉഷയും ഭർത്താവും എല്ലുകൾ ഒടിഞ്ഞ് ആശുപത്രിയിലായി. ഏകദേശം 6  ദിവസം ഭർത്താവ് കോമയിൽ ആയിരുന്നു. ജീവൻ തിരിച്ചു കിട്ടി എങ്കിലും ജീവച്ഛവമായ അവസ്ഥ. 

ഉഷയുടെയും ചലനശേഷി നഷ്ടമായി. പ്രായം 60  കഴിഞ്ഞ അവസ്ഥയിൽ അപകടത്തിൽപ്പെട്ട് എല്ലുകൾ ഒടിയുക എന്നത് എത്ര ഭീകരമായ അവസ്ഥയാണ് എന്ന് ഉഷ അനുഭവിച്ചറിഞ്ഞു. അപകടത്തിന് താൻ ആണ് കാരണക്കാരൻ എന്ന നിലയിൽ മകൻ സ്വയം ശപിച്ചു കൊണ്ടിരുന്നു. വീൽ ചെയറിൽ ശിഷ്ടകാലം കഴിഞ്ഞു കൂടേണ്ടി വരും എന്ന അവസരത്തിൽ മകൻ ഒരു ദിവസം കുറെ ചായപെന്‍സിലുകളുമായി വന്നു. ഉഷയോടു ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെട്ട മകനോട് അവർ കയർത്തു. 

കൈവിരലുകൾ പോലും മര്യാദയ്ക്ക് വഴങ്ങാത്ത അവസ്ഥയിൽ എന്തു ചിത്രം വരയ്ക്കാനാണ്. പക്ഷെ ഉഷ ശ്രമിച്ചു. അതൊരു തുടക്കമായിരുന്നു. 60ാം വയസ്സിൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയ ആ കലാകാരി , നടക്കാൻ ആവാത്ത അവസ്ഥയിൽ പോലും ഇന്ന് അഞ്ചോളം ചിത്ര പ്രദർശനങ്ങൾ നടത്തി. പുസ്തകങ്ങൾ എഴുതി. ആത്മകഥ പ്രസിദ്ധീകരിക്കാൻ തയ്യാറായി നിൽക്കുന്നു. പ്രായമായി, തളർന്ന അവസ്ഥയാണ്, താൻ രോഗിയാണ് എന്നീ ചിന്തകൾ തനിക്ക് ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ജീവിതത്തിൽ ജയിക്കില്ലായിരുന്നു എന്ന് ഉഷ തന്നെ വ്യകതമാക്കുന്നു. 

അതെ, പ്രായം എന്നത് ഒന്നിനും ഒരു തടസമല്ല , വിജയിക്കാനുള്ള മനക്കരുത്തും ആത്മവിശ്വാസവും മാത്രമാണ് ആവശ്യം. അതു മാത്രമാണ് വിജയത്തിനു വേണ്ടിയുള്ള നമ്മുടെ മുടക്കുമുതൽ.