Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രണയാഭ്യർഥനയുമായി എത്തുന്നത് ഞാനല്ല, ആരും വഞ്ചിക്കപ്പെ‌ടരുത്' ; സൈബർ അറ്റാക്കിനിരയായി നടി

Amala Rose Kurian അമല റോസ് കുര്യന്‍

സ്ത്രീകൾ വാക്കാലും നോക്കാലും ശാരീരികമായുമൊക്കെ നാൾക്കുനാള്‍ ആക്രമണങ്ങൾക്ക്  ഇരയാകപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീടെന്നോ പൊതു സ്ഥലങ്ങളെന്നോ ഇല്ലാതെ അവൾ പീഡനങ്ങൾക്കിരയാകുന്നു. ആ പട്ടികയിലേക്ക് അടുത്ത കാലത്തായി ചേർത്തു വെക്കപ്പെട്ടതാണ് സൈബർ അറ്റാക്കുകൾ. ഒരു സ്ത്രീയെ മാനസികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ സൈബർ ഇടങ്ങൾ വഴി ആക്രമിക്കപ്പെടുന്ന അവസ്ഥ കൂടുകയാണിപ്പോൾ. നടിയും അവതാരകയുമായ അമല റോസ് കുര്യനും അതിന് പരോക്ഷമായി ഇരയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനുമായി സംസാരിക്കുകയാണ് അമല.

തന്റെ ഐഡന്റിറ്റിയും ഫോട്ടോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിലർ പല പുരുഷന്മാരെ വഞ്ചിക്കുന്നുവെന്ന പരാതിയുമായാണ് അമല സൈബർ സെല്ലിനെയും പൊലീസ് സ്റ്റേഷനെയുമെല്ലാം സമീപിച്ചത്. ''ഒരു സുഹൃത്തു വഴിയാണ് താൻ ആദ്യം ഇക്കാര്യം അറിഞ്ഞത്, അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സഹോദരൻ വഞ്ചിക്കപ്പെട്ടിരുന്നു. എന്റെ  ഫോട്ടോ ഉപയോഗിച്ച് എന്നെപ്പറ്റിയുള്ള സകല വിവരങ്ങളും അറിഞ്ഞു വച്ചാണ് അവർ യുവാക്കളെ സമീപിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആദ്യം യുവാക്കളുമായി പരിചയപ്പെട്ട് പിന്നീടു സൗഹൃദത്തിലും പ്രണയത്തിലുമാവുകയാണ്. ശേഷം അവരുടെ വീട്ടുകാരുമായും അടുത്ത ബന്ധം സ്ഥാപിക്കും. വിവാഹത്തോട് അടുക്കുന്ന നാളിലാണ് വഞ്ചിക്കപ്പെട്ടതാണെന്ന് യുവാക്കൾ തിരിച്ചറിയുന്നത്. 

ദീപ്തി, നിഖിത ഇമ്മാനുവൽ, നിമ്മി, തുമ്പി  എന്ന പേരുകളിൽ പരിചയപ്പെടാനെത്തുന്ന പെൺകുട്ടികൾ 0091 75 50 33 64 43, 0091 95 14 05 97 98, 0091 75 48 88 80 92 എന്നീ നമ്പറുകളിൽ നിന്നാണത്രേ വിളിച്ചിരുന്നത്, നമ്പറുകളെല്ലാം തമിഴ്നാട്ടിൽ നിന്നുള്ളവയാണ്, നന്നായി തമിഴും സംസാരിക്കുന്ന ഇവർ തമിഴ്നാട്ടിൽ പഠിക്കുന്ന നഴ്സിങ് വിദ്യാർഥികളാണെന്നാണ് ലഭിച്ച വിവരം. എന്റെ പേരിൽ ആരും വഞ്ചിക്കപ്പെടരുതെന്ന് കരുതിയാണ് സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചത്. എന്നാൽ ഇരുസ്ഥലത്തു നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്. തങ്ങൾ ഇത്തരം പരാതികൾ ഇപ്പോള്‍ സ്വീകരിക്കാറില്ലെന്നാണ് സൈബർ സെല്ലിൽ നിന്നു ലഭിച്ച മറുപടി. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സമീപിച്ചപ്പോൾ അവർക്ക് ഇവയിൽ ഇടപെടാൻ താൽപര്യം ഇല്ലെന്നും അറിയിച്ചു. അപ്പോൾപ്പിന്നെ ഒരു പെൺകുട്ടി എവിടെയാണ് നീതി തേടേണ്ടത്?

Amala എന്റെ പേരിൽ ആരും വഞ്ചിക്കപ്പെടരുതെന്ന് കരുതിയാണ് സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചത്. എന്നാൽ ഇരുസ്ഥലത്തു നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്...

റിട്ടൺ പരാതികൾ എ​ഴുതിക്കൊടുത്തതെല്ലാം നഷ്ടപ്പെട്ടു, ഒരിക്കൽക്കൂടി വന്നു പരാതി എഴുതി നൽകൂ എന്നും സൈബർ സെല്ലിൽ നിന്നും അറിയിച്ചു. നമ്മൾ എത്രയോ നേരം കാത്തുനിന്നാണ് ഒരു പ്രശ്നത്തിനു പരിഹാരം കാണാൻ ഇത്തരം സ്ഥലങ്ങളിൽ‍ ചെന്നെത്തുന്നത്. അവിടെ നിന്നും നമുക്കു നീതി ലഭിച്ചില്ലെങ്കിലോ? ഒന്നുകിൽ ആരെങ്കിലും എന്നോടുള്ള തെറ്റിദ്ധാരണയുടെ പേരിൽ മനപ്പൂര്‍വം ചെയ്യുന്നതാവാം അല്ലെങ്കിൽ തമാശയ്ക്കു ചെയ്യുന്നതാവാം, എന്തായാലും ഇതെന്നെ മാനസികമായി തകർക്കുകയാണ്.  ഞാൻ ആരെയും വഞ്ചിക്കാൻ ഉദ്ദേശിച്ചിട്ടില്ല, പ്രത്യക്ഷത്തിൽ എനിക്കൊരു ശത്രുക്കളും ഇല്ല. അതുകൊണ്ട് എന്റെ ഫോട്ടോ സഹിതം വരുന്ന വ്യാജ അക്കൗണ്ടുകളോടു പ്രതികരിച്ച് വഞ്ചിക്കപ്പെടരുത് എന്നു മാത്രമേ പറയാനുള്ളു, നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്''- അമല പറയുന്നു.

അമലയുടെ ഫേസ്ബുക് കുറിപ്പു വായിക്കാം

പ്രിയ സുഹൃത്തുക്കളേ. ഇതു വായിക്കാതെ പോകരുത്..

ഒന്നിനു പുറകെ മറ്റൊന്നായി സൈബർ കുറ്റകൃത്യത്തിന് ഇരയായിരക്കൊണ്ടിരിക്കുകയാണ് ഇന്് ഇവിടെ ഓരോ പെൺകുട്ടികളും. കഴിഞ്ഞ ജനുവരിയിൽ ഞാൻ അറിഞ്ഞു എന്റെ ഫോട്ടോകൾ ഉപയോഗിച്ച് മറ്റൊരു പേരിൽ ഒരു പെൺകുട്ടി കേരള മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുകയും പല പേരിൽ എന്റെ ഫോട്ടോകൾ വച്ച് വാട്സാപിലും ഫേസ്ബുക്കിലും ഐഎംഒയിലുമൊക്കെ പ്രണയ വിവാഹ അഭ്യർഥനകൾ ന‌ടത്തുകയും ചെയ്യുന്നു. 

വിവാഹത്തിന്റെ വക്കിൽ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടർന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഞാൻ സൈബർ സെല്ലിൽ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയൽ ചെയ്തിട്ടും അവർ ആദ്യം എന്നോടു പറഞ്ഞു വാട്സാപ് നമ്പർ ട്രേസ് ചെയ്തത് കോയമ്പത്തൂർ ഭാഗത്തു നിന്നാണ് അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാർഥികൾ ആണ് ഇതിനു പിന്നിലെന്ന്. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല. 

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഇക്കാര്യം അറിയിച്ചു. അവർ പറയുന്ന ന്യായം മറ്റൊന്നാണ് വാട്സാപും ഫേസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികൾ ആണെന്ന്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ അവർക്കു താൽപര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെൺകുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെൺകുട്ടികൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ അവർ പ്രതികരിക്കില്ലേ. 

Amala ഒന്നുകിൽ ആരെങ്കിലും എന്നോടുള്ള തെറ്റിദ്ധാരണയുടെ പേരിൽ മനപ്പൂര്‍വം ചെയ്യുന്നതാവാം അല്ലെങ്കിൽ തമാശയ്ക്കു ചെയ്യുന്നതാവാം, എന്തായാലും ഇതെന്നെ മാനസികമായി തകർക്കുകയാണ്...

ഞാൻ വീണ്ടും സൈബർ സെല്ലിനെ സമീപിച്ചു. കേസ് ഫയൽ ചെയ്ത തീയതി ഉൾപ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കൽക്കൂടി കേസ് ഫയൽ ചെയ്യാനാണ് അവർ പറഞ്ഞത്. എത്ര ഫയൽ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകൾ വരുന്നതാണ്, സംസാരിക്കാൻ സമയം ഇല്ല, വേണമെങ്കിൽ വന്നു റിട്ടൺ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്. 

എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകൾ) തുടങ്ങിയ ഏതെങ്കിലും പേരുകളിൽ എന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കിൽ അത് ഫേക് ആണെന്നു മനസിലാക്കുക. 

1) എനിക്ക് ഈ ഒരു ഫേസ്ബുക് അക്കൗണ്ട് മാത്രമേ നിലവിലുള്ളു. 

2)വാട്സാപ് നമ്പർ എന്റെ അടുത്ത സുഹൃത്തുക്കളുടെ കയ്യിലുണ്ട്, ആകെ ഒരു വാട്സാപ് നമ്പർ മാത്രമേയുള്ളു താനും.

3)എനിക്ക് ഐഎംഒ ഇല്ല

4) ഞാൻ ഒരുവിധ മാട്രിമോണിയൽ സൈറ്റുകളിലും രജിസ്റ്റർ ചെയ്തിട്ടില്ല.

5) തൽക്കാലം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല.

Amala Rose Kurian ഞാൻ ആരെയും വഞ്ചിക്കാൻ ഉദ്ദേശിച്ചിട്ടില്ല, പ്രത്യക്ഷത്തിൽ എനിക്കൊരു ശത്രുക്കളും ഇല്ല. അതുകൊണ്ട് എന്റെ ഫോട്ടോ സഹിതം വരുന്ന വ്യാജ അക്കൗണ്ടുകളോടു പ്രതികരിച്ച് വഞ്ചിക്കപ്പെടരുത് എന്നു മാത്രമേ പറയാനുള്ളു...

ഏതെങ്കിലും അക്കൗണ്ടിൽ നിന്നും എന്റെ പ്രൊഫൈൽ വച്ചി‌ട്ടോ മറ്റു പ്രൊഫൈലുകളിൽ എന്റെ ഫോട്ടോകൾ വച്ചോ ഞാൻ എന്ന വ്യാജേന വന്നാൽ അതു ഫേക് ആണെന്നു മനസിലാക്കുക. ഇതിന്റെ പിന്നിൽ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂർവം എന്നെ കരിവാരിതേക്കാൻ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവരുടെ നേട്ടം എന്താണെന്ന് എനിക്കറിയില്ല. ''നിങ്ങളുടെ കർമ നിങ്ങളെ പിന്തുടരട്ടെ''. 

എല്ലാ പെൺകുട്ടികളെയും പോലെ തന്നെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ല.

എന്റെ പ്രതികരണം ഞാൻ ഈ ഫേസ്ബുക്കിൽ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു.

നല്ലവരായ സുഹൃത്തുക്കൾ ഇത്  ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കു. ലൈക്കുകൾക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാൾ പോലും വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.