Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യയ്ക്ക് ഇഷ്ടമായത് ശബരിയുടെ നിഷ്കളങ്കത

divya-s-ayyar

അധികനാളൊന്നുമായിട്ടില്ല, തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ വച്ച് നാഷണൽ തീയേറ്റർ ഫെസ്റ്റിവൽ നടന്ന ദിവസം. ഖസാക്കിന്റെ ഇതിഹാസം നാടകം കാണാൻ ഞാനും മുൻനിരയിലുണ്ടായിരുന്നു. ശബരിയുടെ വരവ് നാടകം തുടങ്ങാൻ നേരമായിരുന്നു. ഞാനിരുന്നിടത്തുകൂടി നടന്നുപോകുന്നതിനിടെ എന്റെ മുൻപിലെത്തിയപ്പോൾ ഹായ് ഹൗ ആർ യു എന്നു ചോദിച്ചു. ചിരിച്ചു. നിരയുടെ അങ്ങേയറ്റത്ത് പോയി ഇരുന്നു. അന്നുമുതലാണോ ഇഷ്ടം തോന്നാൻ ഒരു അടുപ്പം ഉണ്ടായത് എന്നു ചോദിച്ചാൽ അതല്ലേയെന്നൊരു സംശയുണ്ട്. കലക്ട്രേറ്റിൽ പല  മീറ്റിങിനും എത്തിയ പരിചയവും അടുപ്പവുമാണ് ആകെ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അടുപ്പം. ഈ നാടകദിവസത്തെ കാഴ്ചയ്ക്ക് അൽപം സംസാരിക്കുകയും ചെയ്തു. പിന്നെ ചില സൗഹൃദ മെസേജുകൾ. പിന്നെ ഈ ബന്ധം ഒരു കല്യാണത്തിലേക്ക് വന്നത് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് എന്നിങ്ങനെ കുടുംബസുഹൃത്തുക്കൾ മുൻകൈയെടുത്തതുകൊണ്ടാണ്. വീട്ടിലും അവർ തന്നെയാണ് സംസാരിച്ചത്. ഒടുവിൽ ശബരി എന്റെ വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടും സംസാരിച്ചപ്പോൾ അവർക്കും ഇഷ്ടമായി. പിന്നീടാണ് യഥാർഥ പ്രണയം തുടങ്ങുന്നതെന്ന് പറയാം– ദിവ്യഎസ് അയ്യർ വെളിപ്പെടുത്തുന്നു.

ശബരി നല്ലൊരു ജനസേവകൻ

sabari

ശബരിയുടെ താടി കൊള്ളാം എന്നൊക്കെ എപ്പോഴോ മനസിൽ തോന്നിയിട്ടുണ്ട്. പിന്നെ  പെരുമാറ്റത്തിലും സംസാരത്തിലും പ്രവർത്തിയിലും തെളിയുന്ന ശബരിയുടെ നിഷ്കളങ്കത്വമാണ് ഇഷ്ടമായത്. എന്റെ നിശ്ചയദാർഢ്യമാണ് മനസിൽ സ്ഥാനം പിടിച്ചതെന്നാണ് ശബരി പറഞ്ഞത്. പിന്നെ അങ്ങനെ പ്രണയിക്കാൻ സമയം രണ്ടുപേർക്കുമില്ലാത്തതിനാൽ ചില വാട്സാപ്പ് മെസേജുകൾ മാത്രമാണ് പ്രണയത്തിന്റേതെന്ന് പറയാനുള്ളത്. അതും നാട്ടുകാര്യങ്ങൾ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളൊക്കെയാണ് ശബരിക്ക് പറയാനുള്ളത്. ശബരി നല്ലൊരു ജനസേവകനാണെന്നും സത്യസന്ധമായി അത് ചെയ്യുന്നുണ്ടെന്നതും എന്നെ കൂടുതൽ ഇഷ്ടത്തിലാക്കിയെന്നു വേണമെങ്കിൽ പറയാം. അത്തരം കാര്യങ്ങൾ  ഇരുവരും തമ്മിൽ ചേരുന്ന കാര്യങ്ങൾ ആണ് എന്നുള്ളതുകൊണ്ട് അതൊക്കെ പ്രണയത്തിന്റെ ഭാഗമായി. പിന്നെ ഐസ്ക്രീം കഴിക്കാൻ പോകാനോ സിനിമയ്ക്കു പോകാനോ ഒന്നും സാധിക്കില്ലെന്നതിനാൽ കല്യാണം നിശ്ചയിച്ച ശേഷം പ്രണയം സജീവമാക്കാമെന്നാണ് ഞങ്ങളുടെ തീരുമാനം. 

രാഷ്ട്രീയവും ഐഎഎസും

ഇങ്ങനെ ഒരു വിവാഹം നേരത്തെ നടന്നിട്ടുണ്ടോയെന്നൊക്കെ ഞങ്ങൾ സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചു ഇല്ലെന്നാണ് കിട്ടുന്ന വിവരം. എനിക്ക് തോന്നുന്നത് ഇതിനാകും കൂടുതൽ ഇഴയടുപ്പമുണ്ടാകുകയെന്നാണ്. പിന്നെ ഞങ്ങൾക്ക് ഒരേ പ്രായമാണ് 33 വയസ്. പിന്നെ ജാതകവും നല്ലതുപോലെ ചേർന്നു. ചെറിയ കാലയളവിലാണെങ്കിലും മനസിന്റെ പൊരുത്തവും നല്ലത്. വിവാഹം ജൂണിൽ. 

ദിവ്യ സർവകലാവല്ലഭ, ശബരി മാനേജ്മെന്റ് വിദഗ്ധൻ

കോട്ടയത്ത് അസി. കലക്ടറായിരുന്നപ്പോൾ ഭരണപരമായ കഴിവും ഒപ്പം പാട്ടും നൃത്തവുമൊക്കെയായി ഒരു ദിവസമൊഴിയാതെ തിരക്കായിരുന്നു ദിവ്യ എസ് അയ്യർക്ക്. പരിശീലനത്തിന്റെ ഭാഗമായാണ് കോട്ടയത്തെത്തിയതെങ്കിലും കോളനി സന്ദർശനവും അവർക്കു സഹായമെത്തിക്കലുമൊക്കെയായി സർക്കാരിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുക്കാൻ ദിവ്യയ്ക്കുണ്ടായിരുന്നു. വെല്ലൂ‍ർ സിഎംസിയിൽ എംബിബിഎസ് പൂർത്തിയാക്കിയ ദിവ്യ ന്യൂറോ സർജറിയിൽ തുടർപഠനം നടത്തുന്നതിനിടെയാണ്  സിവിൽ സർവീസ് പരീക്ഷ പാസായത്. ആദ്യ അവസരത്തിൽ 138ാം റാങ്കോടെ റവന്യു സർവീസ് നേടി. പിന്നീട് 48ാം റാങ്കോടെ ഐഎഎസിലേക്ക്. ഇപ്പോൾ തിരുവനന്തപുരം സബ് കലക്ടർ. പാട്ടെഴുത്തും പാട്ടും നൃത്തത്തിനും ഇപ്പോഴും ദിവസവും സമയം കണ്ടെത്തുന്നുണ്ട്. സിനിമയിലും അഭിനയിച്ചു.

 തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്ന് ബിടെക്കും ഹരിയാനയിലെ മാനേജ്മെന്റ് ഡവല്പ്മെന്റ്  ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎയും കഴിഞ്ഞ ശബരി ടാറ്റ സൺസിൽ മാനേജരായി ജോലിനോക്കുമ്പോഴായിരുന്നു പിതാവ് ജി.കാർത്തികേയന്റെ അപ്രതീക്ഷിത വേർപാട്. പിന്നെ നിയോഗം അച്ഛനെ പാതയിലൂടെ നടക്കാനായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലും അതു കഴിഞ്ഞു നടന്ന പൊതു തിരഞ്ഞെടുപ്പിലും ജനമനസുകളിൽ നിറഞ്ഞ് ശബരി വിജയിച്ചെത്തി.