Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'' അവൾ ഒരു കൊച്ചു മാലാഖയാണ്, സൂപ്പർ ഗേൾ'' ; കൃഷ്ണയെക്കുറിച്ച് പേളിയും ആദിലും

Pearle Maaney പേളി മാണിയും ആദിലും കൃഷ്ണയ്ക്കൊപ്പം

കൊച്ചുകുട്ടികളുടെ മനസ് നിഷ്കളങ്കമാണ്, തങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി എന്തു ചെയ്യാനും അവർ തയ്യാറാകും. കുഞ്ഞുകുഞ്ഞു വാശികളും പിണക്കങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും ആ ഉള്ളിൽ നിറയെ സ്നേഹമായിരിക്കും, പരിശുദ്ധമായ സ്നേഹം. അത്തരത്തിൽ നിർമലമായ സ്നേഹം പകരുന്ന ഒരു കൊച്ചുമിടുക്കിയെ കാണാനാണ് ആദിലും പേളിയും ആ ആശുപത്രിയിൽ പോയത്. സുജേഷ്–ആശാ ദമ്പതികളുടെ മകൾ കൃഷ്ണ എന്ന ആ കുട്ടിക്കുറുമ്പിക്കൊപ്പമിരുന്ന് അവളെ സാന്ത്വനിപ്പിക്കുന്ന ആദിലിന്റെയും പേളിയുടെയും വിഡിയോ ഫേസ്ബുക്കിലും വൈറലായിട്ടുണ്ട്. ഒറ്റവാക്കിൽ എനർജറ്റിക് ആയ സൂപ്പർ ഗേൾ എന്നാണ് പേളിക്കും ആദിലിനും കൃഷ്ണയെക്കുറിച്ചു പറയാനുള്ളത്.

കൃഷ്ണ എന്ന എട്ടുവയസുകാരിക്ക് ആദിലും പേളിയും പ്രിയപ്പെട്ടതെങ്ങനെയാണെന്നല്ലേ. മഴവിൽ മനോരമയിലെ ഡിഫോർഡാൻസിന്റെ ക‌ടുത്ത ആരാധികയായിരുന്നുവത്രേ കൃഷ്ണ. ഗോവിന്ദ് പദ്മസൂര്യയും പേളി മാണിയും ആദിലും പരിപാടിയുടെ വിധികർത്താക്കളുമൊക്കെ കൃഷ്ണയുടെ ഹീറോകളാണ്. ഒരിക്കലെങ്കിലും അവരെയൊക്കെ കാണണമെന്ന് കൃഷ്ണ എപ്പോഴും പറയുമായിരുന്നു. അങ്ങനെ കൃഷ്ണയുടെ അമ്മയാണ് പേളിയെയും ആദിലിനെയുമൊക്കെ സംഗതി അറിയിക്കുന്നത്. 

പിന്നീട് കൃഷ്ണക്കുട്ടിയോടു സംസാരിക്കാൻ പേളിയും ആദിലുമൊക്കെ സമയം കണ്ടെത്തി. ഒടുവിൽ വിളിച്ചത് ഒരു സർജറിക്കു വേണ്ടി കൃഷ്ണയെ തയ്യാറെടുപ്പിക്കുന്ന അവസരത്തിലാണ്. അതെക്കുറിച്ചു പേളി തന്നെ പറയുന്നു'' കഴിഞ്ഞ ഒന്നര വർഷമായിട്ട് കൃഷ്ണയ്ക്ക് ഞങ്ങളുമായി അടുപ്പമുണ്ട്. ദുബായ് സ്വദേശിയായ കൃഷ്ണ വളരെ എനർജറ്റിക് ആയ ഒരു കുഞ്ഞുമാലാഖക്കുട്ടിയാണ്. ഞങ്ങൾ ഒന്നു രണ്ടുതവണ കാണുകയും ചെയ്തിരുന്നു. അടുത്തിടെയാണ് കൃഷ്ണയുടെ അമ്മ വിളിച്ച് അവൾക്ക് തലയിലൊരു സർജറി ചെയ്യേണ്ടതുണ്ടെന്നും എന്നാൽ മുടി മുറിക്കാൻ സമ്മതിക്കുന്നില്ലെന്നും പറയുന്നത്. ഞങ്ങൾ ഒന്നു സംസാരിച്ചാൽ കേൾക്കുമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾ വിളിച്ച് സമ്മതിപ്പിക്കുകയൊക്കെ ചെയ്തു. 

ശേഷം സർജറിയൊക്കെ കഴിഞ്ഞ് കൃഷ്ണയെ കാണാൻ പോയപ്പോഴുള്ള വിഡിയോ ആണ് ഫേസ്ബുക്കിലിട്ടത്. അവൾക്കു സർപ്രൈസായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ എന്തൊരു സന്തോഷമായിരുന്നുവെന്നോ. അത്രയും നേരം ആരോടും മിണ്ടാതെ ഭക്ഷണമൊന്നും മര്യാദയ്ക്കു കഴിക്കാതെ സങ്കടപ്പെട്ടിരുന്ന ആൾ ഞങ്ങളെ കണ്ടപ്പോഴേക്കും ചാടിയെഴുന്നേൽക്കുകയായിരുന്നു. പിന്നെ ഞങ്ങൾ കൊടുത്ത ഭക്ഷണമൊക്കെ കഴിച്ച് പോകുന്നതു വരെയും ആവേശത്തോടെ സംസാരിച്ചിരുന്നു. 

നമുക്ക് പ്രിയപ്പെട്ടവരെ കാണുമ്പോൾ എത്ര അസുഖം ബാധിച്ചിരിക്കുകയാണെങ്കിലും ഒരു ആശ്വാസമൊക്കെ തോന്നില്ലേ, കൃഷ്ണയും അതു തന്നെയായിരുന്നു. എന്നോടും ആദിലിനോടുമുള്ള ഇഷ്ടം കൊണ്ടാണ് ആ വേദനയൊക്കെ മറന്ന് അവൾ വായാടിയായി സംസാരിച്ചത്. ഇപ്പോ സർജറിയൊക്കെ കഴിഞ്ഞ് മിടുക്കിയായി ആൾ വീട്ടിലെത്തിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഡിഫോർ ഡാൻസ് എന്ന പരിപാടി തന്ന ഗിഫ്റ്റാണ് ഈ സ്നേഹമൊക്കെ. ഇപ്പോൾ എനിക്കുള്ള ആരാധകരിലേറെയും കൊച്ചുകുട്ടികൾ ആണ്, നമ്മളെ നിഷ്കളങ്കമായി മനസറിഞ്ഞു സ്നേഹിക്കുന്നതും അവർ മാത്രമായിരിക്കും'' പേളി പറയുന്നു.