Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ ശക്തയായാൽ പിന്നൊരു കാൻസറിനും തോൽപ്പിക്കാനാവില്ല, ഹൃദയം തൊടുന്ന ഒരനുഭവക്കുറിപ്പ്

Kanan Pandya കാനൻ പാണ്ഡ്യ

കാന്‍സർ എന്നു കേൾക്കുമ്പോഴേക്കും ഭയത്തോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്നവരാണ് ഏറെയും. പക്ഷേ യഥാസമയത്ത് ചികില്‍സ നൽകിയാൽ മറ്റേതൊരു രോഗത്തെയും പോലെ കാന്‍സറിനെയും പമ്പ ക‌ടത്താവുന്നതേയുള്ളു. ചികില്‍സയ്ക്കും ചിട്ടയായ ജീവിതത്തിനുമൊപ്പം മറ്റൊന്നുകൂടി വേണ്ടതുണ്ട്, ധീരമായ മനസ്സ്. ഒരു കാന്‍സറിനു മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നു സ്വയം തീരുമാനിച്ചാൽ ജീവിതത്തിൽ വിജയം സുനിശ്ചിതമാണെന്നു പറയുകയാണ് കാനൻ പാണ്ഡ്യ എന്ന യുവതി. ഒരു ഫേസ്ബുക് പേജിൽ വന്ന കാനന്റെ കഥ ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാണ്. സ്തനാർബുദത്തോടു പോരാ‌ടി വിജയം കണ്ട അനുഭവമാണ് കാനൻ പങ്കുവെക്കുന്നത്.

''ജനുവരി 2007നാണ് എന്റെ ഇടതുകക്ഷത്തിനു കീഴെ ഒരു തരിപ്പു പോലെ തോന്നിത്തുടങ്ങിയത്, പക്ഷേ തൊട്ടപ്പോൾ ഒന്നും തിരിച്ചറിയുമായിരുന്നില്ല. ആ സമയത്ത് എന്റെ ഇടതു സ്തനത്തിനു സമീപത്തായി ഒരു തടിപ്പു പ്രത്യക്ഷപ്പെട്ടിരുന്നു, അപ്പോൾതന്നെ ഭർത്താവിനെ അതു കാണിച്ചെങ്കിലും അതത്ര കാര്യമാക്കേണ്ടതല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിൽ തൃപ്തയാകാതെ ഞാൻ കുടുംബത്തിലെ മറ്റു ചില സ്ത്രീകളെയും കാണിച്ചെങ്കിലും അവരും സമാനമായ മറുപടിയാണ് നൽകിയത്. എന്നിട്ടും ആശ്വാസം ലഭിക്കാതെ വന്നപ്പോൾ ഞാൻ ഭർത്താവിനെയും കൂട്ടി ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചു. എനിക്കൊരു പ്രശ്നവുമില്ലെന്നാണ് പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ വ്യക്തമാക്കിയത്, ഇനി വേണമെങ്കിൽ എന്റെ സമാധാനത്തിനു വേണ്ടി മാമോഗ്രാം ചെയ്യാമെന്നും പറഞ്ഞു. 

ഡോക്ടർക്ക് എന്റെ കാര്യത്തിൽ നല്ല ആത്മവിശ്വാസമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ മാമോഗ്രാം ചെയ്തുമില്ല അതെക്കുറിച്ചു പാടേ മറന്നു പോവുകയും ചെയ്തു. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഞാൻ വീണ്ടും ഡോക്ടർ മാമോഗ്രാം ചെയ്യാൻ പറഞ്ഞതിനെക്കുറിച്ച് ഓർക്കുന്നത്, അങ്ങനെ ആ സംശയം ദൂരീകരിക്കാമെന്നു തന്നെ കരുതി. മാമോഗ്രാം ചെയ്ത ഞാൻ ശരിക്കും ഷോക്കിലായിരുന്നു, കാരണം ഫലം പോസിറ്റീവായിരുന്നു കൂടുതൽ വ്യക്തതയ്ക്കു വേണ്ടി ബയോപ്സി ചെയ്യാനും നിർദ്ദേശിച്ചു. സമയം ഒട്ടും പാഴാക്കാതെ ബയോപ്സി ചെയ്ത ഞങ്ങൾക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ റിസൽട്ട് കിട്ടി. അതുമായി ഡോക്ടറുടെ അടുത്തെത്തി, ഭർത്താവിന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്ന എന്നോട് ഡോക്ടർ പറഞ്ഞു എനിക്ക് സ്തനാർബുദം ആണെന്ന്.  ഭർത്താവിനെ നോക്കി ചെറുതായി പുഞ്ചിരിച്ച് മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഡോക്ടറോടു ചോദിച്ചു, ഇനി ഞാൻ എന്താണു ചെയ്യേണ്ടതെന്ന്. 

എനിക്കു മുന്നിൽ രണ്ടു വഴികൾ ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഒന്നുകിൽ എന്റെ രണ്ടു സ്തനങ്ങളും നീക്കം ചെയ്യുക അല്ലെങ്കിൽ അർബുദം ബാധിച്ച സ്തനത്തിലെ ഭാഗം മാത്രം നീക്കം ചെയ്യുക. ഒടുവിലത്തെ വഴിയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ഞാൻ കീമോതെറാപ്പിയിലൂടെയും റേഡിയേഷന്‍ സെഷനുകളിലൂടെയുമൊക്കെ കടന്നുപോകണം. കടുത്ത റേഡിയേഷൻ സെഷന് ആ സമയം ഞാൻ തയ്യാറായിരുന്നില്ല. അങ്ങനെ ഇരുസ്തനങ്ങളും നീക്കം ചെയ്ത് പിന്നീട് പുതിയ ബ്രസ്റ്റ് ഇംപ്ലാന്റ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് ഞാനും ഭർത്താവും ചെന്നെത്തി. അതുവരെയും ഭർത്താവിനു മാത്രമേ ഇക്കാര്യം അറിഞ്ഞിരുന്നുള്ളുവെങ്കിൽ പിന്നീട് മാതാപിതാക്കളോടും സഹോദരങ്ങളോടുമൊക്കെ പറഞ്ഞു. 

തൊട്ടടുത്ത ദിവസം ഞങ്ങൾ ഒരു സ്തനാർബുദ വിദഗ്ധയെയും പ്ലാസ്റ്റിക് സർജനെയും കണ്ട് സർജറി ഡേറ്റുകൾ ഫിക്സ് ചെയ്തു. 2007 ജൂൺ 10 എന്ന ആ ദിനം എന്റെ ജീവിതത്തിൽ തന്നെ മറക്കാനാവില്ല. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ എന്റെ രണ്ടു സ്തനങ്ങളും നീക്കം ചെയ്തു. ശസ്ത്രക്രിയ ചെയ്ത് റൂമിലേക്കു മാറ്റിയപ്പോഴേക്കും ഞാൻ ഉന്മേഷവതിയായിരുന്നു. വീട്ടിൽ തിരിച്ചെത്തി ഒരുമാസത്തിനകം കീമോതെറാപ്പിയും ഇൻജക്ഷന്‍ സെഷനുകളും ആരംഭിച്ചു. കീമോതെറാപ്പിയുടെ സമയത്ത് ഞാൻ ഒട്ടേറെ പുസ്തകങ്ങൾ വായിക്കുകയും സുഹൃത്തുക്കൾക്കൊപ്പം കറങ്ങുകയും മറ്റേതു വ്യക്തികളെയും പോലെ ആസ്വദിച്ചു ജീവിക്കുകയും ചെയ്തു. 

പിന്നീട് കീമോതെറാപ്പിയുടെ െഹവി സെഷനുകൾ ആരംഭിച്ചു, മുടി പതിയെ കൊഴിഞ്ഞു തുടങ്ങിയപ്പോൾ അവ മുഴുവനായി നീക്കം ചെയ്യാൻ തീരുമാനിച്ചു, മുടി മുറിച്ചതോടെ മുമ്പൊരിക്കലും തോന്നാത്തത്ര സുന്ദരിയായതു പോലെ എനിക്കു തോന്നി. കീമോതെറാപ്പി സെഷനുകൾക്കെല്ലാം ശേഷം ബ്രസ്റ്റ് ഇംപ്ലാന്റ് ശസ്ത്രക്രിയയും ചെയ്തു. 

അവസാനം ഞാനും കാൻസർ വിമുക്തയായി, എനിക്കും പുതിയ മുടി വളർന്നു, അതും ഞാനാഗ്രഹിച്ചതു പോലുള്ള ചുരുളൻ മുടി. എന്റെ കഥ വായിക്കുമ്പോൾ നിങ്ങൾക്കു തോന്നാം ഇതിൽ അത്ര ദുർഘടമായ ഘട്ടങ്ങളൊന്നും ഇല്ലായിരുന്നുവല്ലോ സുഗമമായ യാത്രയായിരുന്നുവല്ലോ എന്നൊക്കെ. പക്ഷേ അതിനെല്ലാം കാരണം എന്റെ ഡോക്ടർമാരും ഭർത്താവും കുടുംബവും സുഹൃത്തുക്കളുമൊക്കെയാണ്, എല്ലാറ്റിലുമുപരി ദൈവവും. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു യാത്രയായാണ് ഞാനിതിനെ കണക്കാക്കുന്നത്.  തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ ഞാൻ നന്ദി പറയും.'' 

ശക്തവും ധീരവുമായൊരു മനസുണ്ടായതാണ് കാൻസറിനു മുന്നിൽ പോലും കാനനിനെ തളർത്താതിരുന്നത്. ഏതൊരു സാഹചര്യത്തെയും നാമെങ്ങനെ നേരിടുന്നു എന്നതാണ് ആ സാഹചര്യത്തെ നല്ലതും ചീത്തയുമാക്കുന്നത്. അസുഖം ബാധിച്ചുവെന്ന് അറിഞ്ഞ നിമിഷം മനസ്സുതകർന്ന് ജീവിതം ബലിയാടാക്കാതെ കൂടുതല്‍ വായിച്ചും പോസിറ്റീവ് ചിന്തകളിലൂടെ മാത്രം കടന്നുപോയും രോഗത്തെ നേരിടണമെന്നാണ് കാനൻ പറഞ്ഞു വെക്കുന്നത്.