Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹിതരാകും മുന്‍പ് സ്വയം ചോദിക്കണം ഈ 9 ചോദ്യങ്ങള്‍

 Couple Representative Image

എത്ര മനോഹരമായ ദാമ്പത്യത്തിലും അസ്വാരസ്യങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. അതേസമയം തുടക്കത്തില്‍ അതീവ സന്തോഷകരമായി അനുഭവപ്പെടുന്ന പല ബന്ധങ്ങളും പിന്നീടു വന്‍ തകര്‍ച്ചയിലേക്ക് പോകുന്നതും അസാധാരണമായ കാര്യമല്ല. പലപ്പോഴും വിവാഹത്തിനു മുന്‍പുള്ള ചില മുന്നൊരുക്കങ്ങളിലൂടെ ഇത്തരം തകര്‍ച്ചകളോ അല്ലെങ്കില്‍ പിന്നീട് തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഉറപ്പുള്ള ബന്ധങ്ങളോ ഒഴിവാക്കാനാകും. അതിന് ഇനി പറയുന്ന ചോദ്യങ്ങള്‍ ഒരു പക്ഷെ സഹായിച്ചേക്കാം.

1. ഭാവി പങ്കാളിയുമായി നിങ്ങള്‍ക്ക് ഇപ്പോള്‍ കൗതുകമായി തോന്നുന്ന പിന്നീട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നേക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെ..

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് നിങ്ങളെ മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിച്ചേക്കാം. അല്ലെങ്കില്‍ ഭാവിയില്‍ താളം തെറ്റുമെന്ന് ഉറപ്പുള്ള ഒരു ബന്ധത്തില്‍ നിന്നും നിങ്ങളെ അത് രക്ഷിച്ചേക്കാം.

2. ഒറ്റയ്ക്കും ഒരുമിച്ചും നിങ്ങള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് എങ്ങനെ

വിവാഹത്തിനു മുന്‍പുള്ള നാളുകളിലെ വെല്ലുവിളികളോ അല്ലെങ്കില്‍ ചെറിയ പ്രശ്നങ്ങളോ വിലയിരുത്തുക. നിങ്ങളും നിങ്ങളും ഭാവി പങ്കാളിയും ഒറ്റയ്ക്കും ഒരുമിച്ചും വെല്ലുവിളികളെ നേരിടുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുക. അത് ട്രാഫിക് ബ്ലോക്കില്‍ പെടുമ്പോഴുള്ള നിങ്ങളുടെ ഭാവി പങ്കാളിയുടെ പെരുമാറ്റത്തില്‍ നിന്നു പോലും വിലയിരുത്താം. പരസ്പരം സഹകരിച്ച് ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിയുമെങ്കില്‍ മാത്രം മുന്നോട്ടു പോവുക.

3. പങ്കാളിയുടെ മദ്യാപനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും 

ഈ ശീലങ്ങള്‍ ഒരുമിച്ചുള്ള ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്ന കാര്യങ്ങളാണ്. ഭാവി പങ്കാളി ഇത്തരം കാര്യങ്ങള്‍ക്ക് വല്ലാത അടിമപ്പെട്ട ആളാണോ എന്ന കാര്യം പരിശോധിക്കുക. ഇക്കാര്യങ്ങളിൽ അവര്‍ നിങ്ങളുടെ വാക്കുകള്‍ക്കു പ്രാധാന്യം നല്‍കുന്നുണ്ടോ എന്നു നിരീക്ഷിക്കുക

4. കുട്ടികളെക്കുറിച്ചുള്ള ചിന്തകള്‍

കുട്ടികള്‍ എന്നത് വിവാഹ ശേഷം സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ ആയി മാത്രം കാണുന്ന കാലം ഇന്ന് ഏതാണ്ട് കഴിഞ്ഞു. എത്ര കുട്ടികള്‍ വേണം എന്നതു മുതല്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നു വരെ കൃത്യമായി പ്ലാന്‍ ചെയ്യുന്നവര്‍ ഇന്നു നിരവധിയാണ്. കുട്ടികളെ ചൊല്ലി വിവാഹശേഷം തര്‍ക്കിക്കുന്നതിനേക്കാള്‍ നല്ലതാണ് മുന്‍കൂട്ടി ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍

5. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെ

പരസ്പരം ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെ പരിഹരിക്കുന്നു എന്നത് നിര്‍ണ്ണായകമാണ്. പങ്കാളിയുടെ ദേഷ്യം, പ്രശ്നം പരിഹരിക്കുന്നതിന് പ്രകടിപ്പിക്കുന്ന താല്‍പ്പര്യം, ക്ഷമ പറയാനെടുക്കുന്ന നേരം ഇതെല്ലാം പരിശോധിക്കാം. കാരണം ഇവയെല്ലാം വിവാഹ ജീവിതത്തില്‍ നിര്‍ണ്ണായകമാണ്.

6. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം

വിവാഹം രണ്ടു വ്യക്തികള്‍ തമ്മില്‍ നടക്കുമ്പോള്‍ അത് ബന്ധിപ്പിക്കുന്നത് രണ്ടു കുടുംബങ്ങളെ കൂടിയാണ്. കുടുംബാംഗങ്ങളോട് ഭാവി പങ്കാളികള്‍ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ ഭാവി ജീവിതത്തിന്‍റെ സന്തോഷത്തില്‍ ഏറെ നിര്‍ണ്ണായകമാണ്.

7. പണം ചിലവാക്കുന്ന രീതി

പണം ചിലവഴിക്കുന്ന ശീലം മിക്ക ബന്ധങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവക്കുന്ന ഒന്നാണ്. ഇക്കാര്യത്തിലുള്ള മനസ്സിലാക്കൽ വിവാഹ ജീവിതത്തിന് മുന്‍പേ അനിവാര്യമായ ഒന്നാണ്.

8. സ്വകാര്യതയോടുള്ള ബഹുമാനം

ബന്ധങ്ങളിലെ സ്വകാര്യതക്കുള്ള പ്രാധാന്യവും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. തന്‍റെ സ്വകാര്യതയിലേക്ക് പങ്കാളി എത്രത്തോളം കടന്നു വരുന്നു എന്ന് മുന്‍പേ പരിശോധിക്കുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും.

9. ശരീരസൗന്ദര്യത്തിന് നല്‍കുന്ന പ്രാധാന്യം

പങ്കാളി നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതും നിങ്ങള്‍ പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്നതും ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതുമായ ആളുകള്‍ ഉണ്ട്. വിവാഹശേഷം വണ്ണം വച്ചാല്‍ എന്താകും നിങ്ങളോട് പങ്കാളിക്ക് തോന്നുന്നത് അല്ലെങ്കില്‍ പങ്കാളിക്കു വണ്ണം വച്ചാല്‍ നിങ്ങള്‍ക്ക് തോന്നുന്നത്. ഇത്തരം കാര്യങ്ങളെല്ലാം മുന്‍കൂട്ടി സ്വയം ചോദിക്കാം ആവശ്യമെങ്കില്‍ പങ്കാളിയോടും ഇക്കാര്യങ്ങളില്‍ അഭിപ്രായം ചോദിക്കാം.