Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആ ടാക്സി ഡ്രൈവറിൽ ഞാൻ കണ്ടത് ദൈവത്തെയാണ് ', യുവാവിന്റെ കുറിപ്പ് 

Vaibhav Vyas വൈഭവ് വ്യാസ്, വൈഭവിനെ സഹായിച്ച കാബ് ഡ്രൈവർ

തിരക്കേറിയ നഗരത്തിൽ, ഒറ്റപ്പെട്ടു പോകുന്ന രാത്രി യാത്രകളിൽ, പുതിയൊരു സ്ഥലത്ത്... വിചാരിച്ച ലക്ഷ്യസ്ഥാനത്ത് എത്തി ചേരുന്നതിനായി നാം ആദ്യം ആശ്രയിക്കുക ഒരു ടാക്സിയെയായിരിക്കും. അത് ഒരു പക്ഷെ ഓട്ടോയോ, കാറോ ആയിരിക്കാം. എന്നാൽ ആ ഡ്രൈവറെ പൂർണ്ണമായി വിശ്വാസത്തിലെടുത്തു യാത്ര ചെയ്യാൻ നമ്മളിൽ എത്രപേർ മനസുകാണിക്കും? വളരെ കുറച്ചു പേര്‍ മാത്രമായിരിക്കും. കാരണം, നമ്മെ സംബന്ധിച്ച് അയാൾ ഒരു അപരിചിതനാണ് എന്നതുതന്നെ. എന്നാൽ ആ അപരിചിതനിലും നമുക്കു ചിലപ്പോൾ ദൈവത്തെ കാണാന്‍ കഴിയും എന്നു സ്വന്തം അനുഭവത്തെ മുൻനിർത്തി വ്യക്തമാക്കുകയാണ് വൈഭവ് വ്യാസ് എന്ന യുവാവ് . 

വൈഭവ് തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ... ഒരു മൽസരത്തിൽ പങ്കെടുത്തതിനു ശേഷം ഹൈദരാബാദിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്തിയതാണ് വൈഭവ്. അവിടെയെത്തി തനിക്കായി നിർദ്ദേശിച്ചിരുന്ന ഹോസ്റ്റലിലേക്കു പോകാനായി കാബ് ബുക്ക് ചെയ്തു. അപ്പോഴാണ്, താൻ വന്ന ബസ്സിൽ വച്ചു ലഗ്ഗേജ് നഷ്ടപ്പെട്ട വിവരം വൈഭവ് അറിയുന്നത്. ധൃതിയിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടയിൽ എടുക്കാൻ മറന്നു പോയതാണ്. തന്റെ വിലപ്പെട്ട പലരേഖകളും ആ ബാഗിലാണ് ഉള്ളത്. ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ വൈഭവ് നിന്നുപോയി. 

പുലർച്ചെ രണ്ടു മണിയായിരുന്നു സമയം. ഏതു വിധേനയും ബാഗ് തിരിച്ചെടുക്കുന്നതിനായി, വൈഭവ് ആ ബസിന്റെ ഓഫീസിലേക്കു വിളിച്ച് ബസ് ഡ്രൈവറിന്റെ നമ്പർ എടുത്തു. ഡ്രൈവറെ വിളിച്ചപ്പോൾ, ബസ് 25  കിലോമീറ്റർ ദൂരം പിന്നിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. അത്ര ദൂരം പിന്തുടർന്ന്, എങ്ങനെ ആ സമയത്ത് ബസിനടുത്ത് എത്തുമെന്നു  യാതൊരു ഊഹവുമില്ല. മാത്രമല്ല, ബസ് ഡ്രൈവർ വൈഭവിനെ കാത്തു നിൽക്കാൻ തയ്യാറുമല്ലായിരുന്നു. അയാൾക്ക് ആകെ തെലുങ്ക് മാത്രമേ അറിയുമായിരുന്നുളൂ, വൈഭവിനാണെങ്കിൽ ഹിന്ദിയും. 

അപ്പോഴേക്കും  കാബ് എത്തിയിരുന്നു. അതൊരു ഷെയർ കാബ് ആയിരുന്നതിനാൽ വേഗം പോകുന്നതിനായി ഡ്രൈവർ ധൃതിപ്പെട്ടു. വൈഭവ് തന്റെ അവസ്ഥ പ്രതീക്ഷ ഒട്ടുമില്ലാതെ ആ കാബ് ഡ്രൈവറോട് പറഞ്ഞു. എന്നാൽ അവനെ ഞെട്ടിക്കുന്ന രീതിയിൽ, വരൂ, നമുക്കാ ബസിനെ പിന്തുടരാം എന്നാണ് ടാക്സി ഡ്രൈവർ മറുപടി പറഞ്ഞത്. അങ്ങനെ ആ രാത്രി രണ്ടു മണിക്ക്, അപരിചിതനായ ആ മനുഷ്യൻ വൈഭവിന്റെ സഹായത്തിനായി എത്തി. ഏകദേശം 30  കിലോമീറ്റർ പിന്നിട്ടപ്പോൾ വൈഭവ് സഞ്ചരിച്ച ബസ് കണ്ടെത്തി. അതിൽ നിന്നും ബാഗ് തിരിച്ചെടുക്കുമ്പോൾ ജീവിതം മടക്കിക്കിട്ടിയ സന്തോഷമായിരുന്നു ആ യുവാവിന്. 

മടക്കയാത്രയിൽ ടാക്സി ഡ്രൈവറോട് കൂടുതൽ സംസാരിച്ചു. ഒരിക്കൽ തനിക്കും ഒരു യാത്രയിൽ ഇതുപോലെ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ആ അവസ്ഥ നന്നായി അറിയുന്നതുകൊണ്ടാണ് താൻ വൈഭവിനെ സഹായിച്ചതെന്നും ടാക്സി ഡ്രൈവർ പറഞ്ഞു. തിരിച്ചു ബാംഗ്ലൂർ എത്തി വൈഭവിനെ ഹോസ്റ്റലിൽ വിട്ടു മടങ്ങുമ്പോഴും, തന്റെ ഓട്ടക്കൂലിയല്ലാതെ ഒരു രൂപ പോലും കൂടുതലായി ആ ഡ്രൈവർ വാങ്ങിയില്ല. പാതിരാത്രിയിൽ തന്നെ സഹായിച്ച ആ മനുഷ്യനിൽ താൻ ദൈവത്തെ കാണുന്നു എന്നാണ് വൈഭവ് കുറിച്ചത്. 

Read More: Love n Life