Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വൻ സ്ത്രീധനം നൽകിയാണ് എന്നെ പോലൊരു പെണ്ണിനെ വിവാഹം കഴിപ്പിച്ചതെന്ന് അവർ പറഞ്ഞു '

prerana

ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ മുഖമുദ്ര. നമ്മുടെ കുറവുകൾ എന്നും നമ്മുടേത് മാത്രമായിരിക്കും, നേട്ടങ്ങളാവട്ടെ ഏറ്റെടുക്കുന്നതിനായി ഒരു സമൂഹം മുഴുവൻ കൂടെയുണ്ടാകും. ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലുകളുടെയും ഇടയിൽപ്പെട്ട് സ്വയം തകർന്നു പോകില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ പിന്നെ വിജയം നമുക്കൊപ്പം നിൽക്കും എന്നുതെളിയിക്കുകയാണ് പ്രേരണ നൗട്ടിയാലിന്റെ കഥ. പേര് പോലെ തന്നെ ഏവർക്കും ജീവിക്കാൻ പ്രേരണ നൽകുന്ന പെൺകുട്ടിയാണവൾ.

എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രേരണ അംഗവൈകല്യത്തോടെയാണ് ജനിച്ചത്. അവളുടെ ഇടത്തെ കൈപ്പത്തിക്ക് മുകളിൽ വച്ച് കൈയുടെ വളർച്ച നഷ്ടപ്പെട്ടിരുന്നു. ആർമി ഓഫീസർമാർ ആഡാംഗിയ കുടുംബത്തിലെ ഇളയ സാന്താനമായി ജനിച്ച പ്രേരണയെ പക്ഷെ, അതൊരു കുറവല്ല എന്ന രീതിയിൽ തീർത്തും ബോൾഡ് ആയാണ് വീട്ടുകാർ വളർത്തിയത്. അതിനാൽത്തന്നെ, ശേഷിച്ച ഒരു കൈകൊണ്ട്, ഒരു വ്യക്തിക്ക് ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി വളരെ ചെറിയ പ്രായം മുതൽക്കു തന്നെ അവൾ പരിശീലിച്ചു. വീട്ടിലെ മറ്റേതൊരു അംഗത്തെയും പോലെ തന്നെ അവൾ വളർന്നു. 

എന്നാൽ അംഗവൈകല്യം ബാധിച്ച ഒരു വ്യക്തിക്ക്  വീട്ടിൽ നിന്നും ലഭിക്കുന്ന പ്രത്യേക പ്രചോദനം, ഈ സമൂഹം നൽകണം എന്ന് നിർബന്ധമില്ലല്ലോ?. പടിക്കാൻ ചേർത്തപ്പോഴാണ് പ്രേരണയ്ക്ക് അത് മനസിലായത്. കുറെ പേര് സഹതാപത്തോടെ നോക്കി, ചിലർ മാറ്റി നിർത്തി. നൃത്തം ചെയ്യാൻ ഏറെ താല്പര്യം പ്രകടിപ്പിച്ച പ്രേരണയെ, സ്‌കൂളിൽ ടീച്ചർമാർ ഏറ്റവും പുറകിലായി മാത്രം നൃത്തം ചെയ്യാൻ നിർത്തി. അപൂർണമായ കൈകളായിരുന്നു കാരണം. അവഗണനകൾക്കിടയിലും പ്രേരണ വാശിയോടെ പഠിച്ചു.

ബിടെക്ക് പഠനത്തിന് ശേഷം എംടെക്കിനു ചേർന്നു. കോളേജ് ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഏറെ താല്പര്യം പ്രകടിപ്പിച്ചു എങ്കിലും കൈ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെയും അവഗണിക്കപ്പെട്ടു. എന്നാൽ അതുകൊണ്ടൊന്നും പ്രേരണ തളർന്നില്ല. വാശിയോടെ പഠിച്ചു, എം ടെക്ക് ബിരുദം സ്വന്തമാക്കി. ബാംഗ്ലൂർ നഗരത്തിൽ നല്ലൊരു സ്ഥാപനത്തിൽ ജോലിക്ക് കയറുകയും ചെയ്തു.

പിന്നീട് വിവാഹത്തിനുള്ള സമയമായി, 8  വർഷത്തെ പരിചയമുണ്ടായിരുന്ന ഒരു വ്യക്തിയാണ് പ്രേരണയുടെ ജീവിതത്തിലേക്ക് ഭർത്താവായി വന്നത്. അദ്ദേഹത്തിന്റെ ഇടത് കാൽ ഒരു അപകടത്തിൽ നഷ്ടപ്പെട്ടിരുന്നു. ''വിവാഹം നടന്നപ്പോൾ, സമൂഹം ഒന്നടങ്കം പറഞ്ഞു, വൻ സ്ത്രീധനം നൽകിയാണ് എന്നെ പോലൊരു പെണ്ണിനെ വിവാഹം കഴിപ്പിച്ചതെന്ന്. ഞങ്ങൾ  പരസ്പരം നന്നായി മനസിലാക്കുന്നു. അല്ലാതെ പണത്തിന്റെ പേരിലോ, കൈ ഇല്ലാത്തവൾക്ക് കാൽ ഇല്ലാത്തവൻ എന്ന പേരിലോ അല്ല ഞങ്ങൾ വിവാഹിതരായത്. ഈ സമൂഹത്തിനു ഇപ്പോഴും മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് മാത്രമാണ് ഇഷ്ടം. അത്രക്ക് അധപതിച്ചു പോയി ഈ സമൂഹം'' പ്രേരണ നൗട്ടിയാൽ പറയുന്നു. 

സമൂഹത്തിന്റെ ഈ ചിന്ത മൂലം, ആത്മവിശ്വസം നഷ്ട്ടപ്പെട്ടവളായി പ്രേരണ ഒരിക്കൽ മാറിയിരുന്നു. പിന്നീട്, തന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അവൾ സ്വയം മാറി. ഇന്ന് പ്രേരണ ഏറെ ആത്മവിശ്വാസമുള്ള ഒരു സ്ത്രീയാണ്. ജോലി ചെയ്യുകയും, നൃത്തം വയ്ക്കുകയും, പെയിന്റ് ചെയ്യുകയും ചെയ്യുന്ന, സ്വപ്‌നങ്ങൾ സ്വന്തമാക്കിയ ഒരുവൾ. ഒപ്പം കൂട്ടിന്, സ്നേഹമുള്ള ഒരു കുടുംബവും മനസിലാക്കുന്ന ഒരു ഭർത്താവും.