Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഫാദേഴ്സ് ഡേ ഒരുദിവസത്തേക്കു മാത്രമാകരുത്, എന്നെന്നും വേണം ആ കരുതൽ'

Father's Day Representative Image

റോസാപ്പൂക്കളുടെ നിറത്തിൽ ഫാദേഴ്സ് ഡേ വേർപിരിയുന്നു. മരിച്ചു പോയ പിതാക്കൾക്കു വേണ്ടി അവരുടെ അന്ത്യവിശ്രമസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത് വെളുത്ത റോസാപ്പൂക്കൾ. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ചുവന്ന റോസാപ്പൂക്കൾ. പൂക്കളുടെ നിറങ്ങളിൽ മാനുഷിക വികാരങ്ങളുടെ ചായം കലരുന്നു എന്ന ചിന്ത പിതാക്കൾ നഷ്ടപ്പെട്ട മക്കൾക്ക് വേദന നൽകുന്നു. എന്നാലും എല്ലാവരും അവരവരുടെ നിറങ്ങളിൽ ഉള്ള പൂക്കളുമായി പിതൃദിനം അനുസ്മരിക്കുന്നു, കൊണ്ടാടുന്നു. എന്റെ മക്കളെ സംബന്ധിച്ച് അവർക്ക് ചുവന്ന റോസാപ്പൂക്കൾ ഡാഡിയുടെ വിശ്രമസ്ഥാനത്ത് സമർപ്പിക്കാനാണിഷ്ടം. കാരണം ഡാഡിക്ക് ആ നിറമായിരുന്നു പ്രിയം.

അമേരിക്കയിൽ വാസമുറപ്പിച്ചതിനുശേഷമാണു പിതൃദിനാചരണത്തെക്കുറിച്ച് കേൾക്കുന്നത്. കുഞ്ഞിളം ചുണ്ടുകളിൽ നിന്നും ആദ്യം ഊർന്നുവീഴുന്ന വാക്ക് “അമ്മ” എന്നാണെങ്കിലും പിന്നാലെ “അച്ഛാ” എന്ന വാക്ക് ഉച്ചരിക്കാൻ കുഞ്ഞുങ്ങൾ അഭ്യസിക്കുന്നു. പിതാവ് കുടുംബത്തിന്റെ നാഥനാണെന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിന്റെ ഉടമയാണെന്നും ഉള്ള പൂർണ്ണവിശ്വാസത്തോടെ അവൻ/അവൾ ആ പിതൃവാത്സല്യം അനുഭവിച്ച് വളരുന്നു. ഭയപ്പെടുത്തുന്ന എന്തു കണ്ടാലും കേട്ടാലും അച്ഛന്റെ അരികില്‍ അഭയം തേടാൻ ചില കുഞ്ഞുങ്ങൾ ശ്രമിക്കുന്നത് അദ്ഭുതകരമായി തോന്നാം. അമ്മയേക്കാള്‍ അച്ഛന്റെ കരുത്ത് കുഞ്ഞുങ്ങൾ തിരിച്ചറിയുന്നു. ആ സ്നേഹത്തിന്റെ കോട്ടക്കുള്ളിൽ തങ്ങൾ സുരക്ഷിതരാണെന്ന ബോധം അവരിലൂടെ വികസിച്ച് വരുന്നു. എന്റെ മകൾ കേവലം ഏഴുവയസ്സുള്ള കുസൃതി ബാലിക ആയിരുന്നപ്പോൾ നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു. ഞങ്ങൾ നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി, ബോട്ടിലെ ജോലിക്കാർ തന്ന പ്ലാസ്റ്റിക് മേലുടയാടയും ധരിച്ച് ബോട്ടിൽക്കയറി വെള്ളച്ചാട്ടത്തിനടുത്ത് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചപ്പോള്‍, അതുവരെ എന്നെ ചേർന്നിരുന്ന മകൾ എന്നെ തട്ടിമാറ്റി ഡാഡിയുടെ മടിയിലേക്ക് ഒരു കുതിപ്പ്. അപകട സാഹചര്യങ്ങളില്‍ മമ്മിയെക്കാൾ തന്നെ സംരക്ഷിക്കാൻ ഡാഡി പ്രാപ്തനാണെന്നുള്ള ഒരു കുട്ടിയുടെ നിഷ്ക്കളങ്കമായ ഉറച്ച വിശ്വാസം.

ഒരു പക്ഷേ അമേരിക്കയിൽ ധാരാളം പൂക്കൾ വിരിയുന്ന ജൂൺ മാസം പിതൃദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് പൂക്കളുടെ വർണങ്ങൾക്കു മേൽപ്പറഞ്ഞ പോലെ ഉപഹാരമാകാൻ കഴിയുമെന്നുള്ളതുകൊണ്ടായിരിക്കാം. ചുവപ്പ് ജീവന്റെ തുടിപ്പും ചൈതന്യവും കാണിക്കുമ്പോൾ വെളുപ്പ് ശാന്തിയും പവിത്രതയും പ്രകടിപ്പിക്കുന്നു. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണു ഈ വിശേഷദിനം ആഘോഷിക്കുന്നത്. 1009 ലാണു പിതൃദിനത്തിന്റെ തുടക്കമെങ്കിലും 1913 ല്‍ അമേരിക്കയിൽ അന്ന് പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ഈ വിശേഷത്തിനു ഔദ്യോഗികമായി അനുമതി നൽകി. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ആണു ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിച്ചത്.

അമേരിക്കയിലാണു ഈ ആചാരത്തിനു തുടക്കം കുറിച്ചതെങ്കിലും ഇന്ന് ലോകവ്യാപകമായി പിതൃദിനം ആഘോഷിക്കപ്പെടുന്നു. ജന്മം നൽകി വളർത്തിയ പിതാവിനെ ആദരിക്കുന്നതിനുവേണ്ടി ഒരു പ്രത്യേകദിനം ക്രമീകരിച്ചിരിക്കുന്നുവെങ്കിലും പിതാവിനോടുള്ള ആദരവും കരുതലും സ്നേഹവും ആജീവനാന്തം പാലിക്കപ്പെടുകതന്നെ വേണം എന്ന ചിന്ത ഇന്നത്തെ തലമുറയിൽ കുറഞ്ഞു വരുന്നതായി മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ സ്ഥിരീകരിക്കുന്നു. വൃദ്ധസദനങ്ങളുടെ എണ്ണവും അതിലെ അന്തേവാസികളുടെ എണ്ണവും താരതമ്യേന വർദ്ധിച്ചുവരുന്നതായി നമ്മൾ പ്രതിദിനം വായിക്കുന്നു. ഇത് പക്ഷേ ചാക്രികമായി സംഭവിക്കുന്ന ഒരു ഘടനയായി മാറിക്കൊണ്ടിരിക്കയാണ്. വല്യപ്പച്ചനു ഭക്ഷണം നൽകിയിരുന്ന പാത്രം അദ്ദേഹത്തിന്റെ മരണശേഷം കൊച്ചുമകൻ ഭദ്രമായി വയ്ക്കുന്നതുകണ്ട് അവന്റെ ഡാഡി അത് എന്തിനാണെന്ന് ചോദിച്ചു. അവന്റെ നിഷ്ക്കളങ്കമായ മറുപടി: “ഡാഡിക്ക് വയസ്സാകുമ്പോൾ ഭക്ഷണം തരാനാണ്.”

Saroja Varghese സരോജ വർഗീസ് കുടുംബത്തിനൊപ്പം

ഓരോ കുടുംബവും ജീവിത മൂല്യങ്ങൾക്ക് വില കൊടുത്ത് അവരുടെ ജീവിതം ഭദ്രമാക്കേണ്ടതുണ്ട്. ബാലൻ നടക്കേണ്ടുന്ന വഴി അവനെ കുഞ്ഞുനാളിലെ അഭ്യസിപ്പിച്ചാൽ പിന്നെ അവൻ വഴി തെറ്റി നടക്കുകയില്ല. പുതിയ തലമുറയെ കുറ്റം പറയുന്നവർ മറക്കുന്ന ഒരു കാര്യം മുതിർന്നവർ ജീവിതത്തിനു മാതൃക കാണിക്കുന്നില്ലെന്നതായിരിക്കാം. പുതിയ സാങ്കേതികവിദ്യ മനുഷ്യനു സമ്മാനിച്ച സൗകര്യങ്ങളുടെ പിടിയിൽ നിന്നു വിമുക്തനാകാൻ കഴിയാതെ യാന്ത്രികമായ ജീവിതം നയിക്കുമ്പോൾ പലതും നഷ്ടപ്പെടും. ദൈവത്തിന്റെ ഉദാത്തമായ ദാനമാണു മനുഷ്യജീവിതം. അതിനെ ദൈവീകചിന്തകളാൽ അനുഗ്രഹപ്രദമാക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. മാതൃദിനവും പിതൃദിനവും ഒരു ദിവസം നീണ്ടു നിൽക്കുന്ന ഒരു ആഘോഷമായി പരിഗണിക്കാതെ അവയെ മാതാപിതാക്കളോട് കാണിക്കാനുള്ള സ്നേഹത്തിന്റേയും കരുതലിന്റേയും ദിവസമാക്കി ബാക്കിയുള്ള ദിവസങ്ങളും അതേപോലെ ആചരിക്കാൻ മുതിർന്നവരും അതുവഴി പുതുതലമുറയും സന്നദ്ധരാകണം. സ്വർഗം കിട്ടാൻ വേണ്ടി മതഭ്രാന്തരായി സമൂഹത്തിൽ അശാന്തി സൃഷ്ടിക്കയും, അധികാരങ്ങൾക്ക് വേണ്ടിയുള്ള വടംവലിയിൽ പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന മനുഷ്യൻ ആദ്യം അവന്റെ കുടുംബത്തിൽ സ്നേഹം നിറക്കണം. സ്വർഗ്ഗം എവിടെയെന്നു ചോദ്യത്തിനു മുഹമ്മദ്നബി പറ‍ഞ്ഞത് അത് അമ്മയുടെ കാൽക്കീഴിലാണെന്നാണ്. അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങളാണ്. അവരെ പൂജിക്കുക ഒരു ദിവസമല്ല, അവരുടെ കാലം കഴിയുന്ന വരെ. അതായിരിക്കണം ഇത്തരം ദിവസങ്ങളിൽ ഓരോരുത്തരും ദൃഢവ്രതമായി എടുക്കേണ്ടത്. പൂക്കൾ വാടിപ്പോകും, കേക്കുകൾ അഴുക്കായി പോകും. അമ്മയോടും അച്ഛനോടുമുള്ള സ്നേഹമാണു അനശ്വരമായി നിൽക്കേണ്ടത്.

മാതാപിതാക്കളോടുള്ള സ്നേഹം അവരുടെ ജീവിതാന്ത്യം കൊണ്ട് അവസാനിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു, എന്റെ മകനും കുടുംബവും തങ്ങളുടെ മൺമറ‍ഞ്ഞ പിതാവിന്റെ നാമത്തിൽ പങ്കു ചേർന്ന “Parkinson's Foundation in honor of Mathew Varghese”. നാലു വർഷങ്ങൾക്ക് മുമ്പ് പാർക്കിൻസൺസ് രോഗം മൂലം തങ്ങളിൽ നിന്നും കടന്നുപോയ പിതാവിനു വേണ്ടി എല്ലാ വർഷവും അവർ സംഘടിപ്പിക്കുന്ന “Parkinson's walk” ഈ വർഷവും പിതൃദിനം ആചരിക്കപ്പെടുന്ന ജൂൺമാസത്തിൽ, നാലാം തിയതി ഞായറാഴ്ച നടത്തപ്പെട്ടു. ഇന്നുവരെ ശരിയായ ചികിത്സ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലാത്ത പാർക്കിൻസൺസ് രോഗത്തിനു വേണ്ടിയുള്ള റിസേർച്ചിൽ പങ്കാളികളായിക്കൊണ്ട് മക്കൾ പിതാവിനെ ആദരിക്കുന്നത് കാണുമ്പോൾ ഒരു മാതാവെന്ന നിലയിൽ അഭിമാനവും സംതൃപ്തിയും എനിക്കനുഭവപ്പെടുന്നു.

യുവതലമുറയ്ക്ക് മാതൃകാ പിതാക്കന്മാരായി അവർക്ക് മാർഗ്ഗദീപമായി ആയുരാരോഗ്യത്തോടെ സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ച് ജീവിത വിജയം കൈവരിക്കാൻ എല്ലാ പിതാക്കന്മാർക്കും ഇടയാകട്ടെ!