Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അവഗണിച്ചവർ അറിയുന്നുണ്ടോ നിഷാന്ത് എന്ന സാറയുടെ മിന്നും വിജയം!

Zara Sheikha സാറാ ഷെയ്ഖ

ട്രാൻസ്ജെൻഡേഴ്സ് പല മേഖലകളിലും തങ്ങളുടെ വിജയം കെട്ടിപ്പ‌ടുക്കുന്ന വാർത്തകൾ നാം നിരവധി കേൾക്കാറുണ്ട്. അപ്പോഴും വ്സിമരിക്കേണ്ടാത്തതായി ഒന്നുണ്ട്, പലയിടങ്ങളിലും അവർ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതുമാണത്. ലോകം ഇത്രത്തോളം പുരോഗമിച്ചെങ്കിലും ഇപ്പോഴും ട്രാൻസ്ജെൻഡേഴ്സിനെ കണ്ടാൽ തുറിച്ചു നോക്കുന്നവരും തക്കംകിട്ടിയാൽ അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നവരും കുറവല്ല. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ എത്രതന്നെ ഒതുക്കാനും താഴേക്കു തള്ളിയിടാനും ശ്രമിച്ചാലും തോറ്റുതരില്ലെന്ന വാശിയോടെ മുന്നേറുന്നവരുമുണ്ട്, സാറ ഷെയ്ഖ എന്ന ട്രാൻസ്ജെൻഡർ പെൺകുട്ടിയുടെ ജീവിതം അതിനുദാഹരണമാണ്. 

സ്കൂൾകാലഘട്ടം മുതൽ താനനുഭവിച്ച പരിഹാസങ്ങളും വീട്ടിനുള്ളിലെ കുറ്റപ്പെ‌ടുത്തലുകളുമൊക്കെ സാറ ഇന്നു മറന്നുകൊണ്ടിരിക്കുകയാണ്. മറ്റേതു സാധാരണ പെൺകുട്ടികളെയുംപോലെ ഒരുപക്ഷേ അവരേക്കാൾ ഉയരത്തിൽ സാറ ഇന്നെത്തിയിരിക്കുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിലെ എച്ച്ആർ പദവിയിലിരിക്കുന്ന സാറയ്ക്ക് ഇത് ആശ്വാസത്തിന്റെ നാളുകളാണ്. രണ്ടുവർഷം മുമ്പ് താൻ ഇഷ്ടപ്പെടുന്നതുപോലൊരു ജീവിതത്തിനായി മുന്നോട്ടു പോയില്ലായിരുന്നുവെങ്കിൽ ഇന്നും ആളുകൾക്കിടയിൽ വെറും പരിഹാസരൂപമായിത്തീർന്നേനെ സാറ. സാറയുടെ വാക്കുകളിലേക്ക്. 

''ഒരു ആണിനെപ്പോലെ നടക്കാൻ പഠിക്കൂ, എന്റെ വളർച്ചയുടെ ഓരോ ഘ‌ട്ടത്തിലും ഞാൻ കേട്ടിരുന്ന വാക്കുകളാണിത്. എല്ലാറ്റിനേക്കാളുമുപരി ഞാൻ കലയെ സ്നേഹിച്ചിരുന്നു, കടുത്ത നിറങ്ങളെ ആസ്വദിച്ചിരുന്നു, പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു. സ്കൂൾ കാലങ്ങളിൽ എപ്പോഴും ഞാൻ സഹപാഠികളാൽ കളിയാക്കപ്പെട്ടിരുന്നു. ചിലരൊക്കെ വിലകുറഞ്ഞ വാക്കുകളാണ് എന്നെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോള്‍ തൊട്ടേ ഞാൻ പെൺകുട്ടികൾക്കൊപ്പം കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്, ഒരിക്കലും ആൺ‌കുട്ടികൾക്കൊപ്പം കളിച്ചിരുന്നില്ല. അതിനെക്കുറിച്ച് എന്നും അച്ഛൻ വീട്ടിൽ പരാതി പറയുമായിരുന്നു. ഞാൻ വീടിനു ചീത്തപ്പേരുണ്ടാക്കുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. 

​സ്കൂളിൽ എന്നും ആദ്യ മൂന്നു റാങ്കുകളിലൊന്നു മാത്രം കണ്ടിരുന്ന നല്ല വിദ്യാർഥിയായിരുന്നു ഞാൻ, പക്ഷേ കോളജിൽ വച്ചുണ്ടായ റാഗിങ്ങിനു ശേഷം ഞാൻ എന്റെ ആവരണത്തിൽ ഒതുങ്ങിക്കൂടി. എല്ലാവരും എന്നെ കളിയാക്കുകയും അനുകരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. വീട്ടിലാകുമ്പോള്‍ രഹസ്യമായി അമ്മയുടെ സാരിയെടുത്ത് ഉടുക്കുകയും സ്ത്രീകളെപ്പോലെ ഒരുങ്ങുകുയും ചെയ്യുമായിരുന്നു. ഒരിക്കൽ അച്ഛൻ എന്റെ വസ്ത്രങ്ങള്‍ കത്തിക്കുകയും മേക്അപ് ബോക്സ് പൊട്ടിക്കുകയും ചെയ്തിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു.

രണ്ടാം വർഷ പഠനത്തിനിടയിലാണ് ഞങ്ങളുടെ പ്രഫസർ ജനറ്റിക് ഡിസ്ഓർഡറുകളെക്കുറിച്ചും ക്രോമസോമുകളെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്നത്. അതിനുശേഷം ഞാൻ ഇന്റർനെറ്റിൽ ട്രാൻസ്ജെൻഡേഴ്സിനെപ്പറ്റി ഒരുപാടു തിരയുകയും വായിക്കുകയും ചെയ്തു. ആയിടയ്ക്കാണ് ഞാൻ എന്റെയുള്ളിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നത്, പക്ഷേ എന്റെ കുടുംബം ഒരിക്കലും അതിനെ അംഗീകരിച്ചിരുന്നില്ല. 

രണ്ടുവർഷം മുമ്പ് ഞാൻ ആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെന്നു തീരുമാനിച്ചു. ഒരു നുണയുമായി ഒത്തിരിക്കാലം ജീവിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ കുടുംബത്തിന്റെ പിന്തുണ ഇല്ലാതിരുന്നതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിച്ചു. അതായിരുന്നു എന്റെ ഈ യാത്രയുടെ തുടക്കം. തുടക്കത്തിൽ സ്വീകരിക്കപ്പെടുമോ ആളുകൾ എത്തരത്തിലാകും പ്രതികരിക്കുക എന്നെല്ലാം ആശങ്കകളുണ്ടായിരുന്നു. 

അടുത്തതായി ഒരു ജോലി ലഭിക്കുകയായിരുന്നു ലക്ഷ്യം. യഥാർഥത്തിലുള്ള എന്നെക്കുറിച്ച് അധികമൊന്നും പറയാതെ ഞാൻ ഒരുപാട് അഭിമുഖങ്ങളിൽ പങ്കെടുത്തു. ആയിടയ്ക്കാണ് ട്രാൻസ്ജെൻഡേഴ്സിനു മാത്രമായി ഒരു അഭിമുഖം നടക്കുന്നുണ്ടെന്ന കാര്യം എന്റെ സുഹൃത്തു മുഖേന അറിഞ്ഞത്. അങ്ങനെ ഞാൻ അതിൽ പങ്കെടുത്തു. ഇന്ന് പ്രശസ്തമായൊരു മൾട്ടി നാഷണൽ കമ്പനിയുടെ ആദ്യത്തെ ട്രാൻസ്ജെൻഡർ എച്ച്ആർ എക്സിക്യൂട്ടീവ് ആണ് ഞാൻ. ആദ്യദിനത്തിൽ ഞാനൽപം ഭയപ്പെട്ടിയിരുന്നുവെങ്കിലും തുടർന്നുള്ള ദിനങ്ങളോടെ എന്റെ ആശങ്കകളെല്ലാം പോയി. ഇന്ന് ലേഡീസ് വാഷ്റൂം ആണ് ഉപയോഗിക്കുന്നത് എന്നത് എനിക്കു കിട്ടുന്ന വലിയ സ്വീകാര്യതയാണ്. 

ഇന്ന് ഞാനൊരാളുമായി പ്രണയത്തിലാണ്, അധികം വൈകാതെ അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി സംസാരിക്കും. അവർ എന്നെ മനസിലാക്കുമെന്നും സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിഷാന്ത് എന്ന പേരിലുണ്ടായിരുന്ന ആ പഴയ നാണംകുണുങ്ങിയും ഇടുങ്ങിയ ചിന്താഗതിക്കാരനുമായിരുന്ന കുട്ടിയല്ല ഞാൻ ഇന്ന്, ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടാനാരുങ്ങുന്ന സാറാ ഷെയ്ഖ എന്ന പെൺകുട്ടിയാണ്.''

സാറയെപ്പോലെ ഓരോ ട്രാൻസ്ജെൻഡേഴ്സിനും അഭിമാനപൂർവം അത്യധികം ആത്മവിശ്വാസത്തോടെ തന്റെ വ്യക്തിത്വത്തെക്കുറിച്ചു വിളിച്ചു പറയാൻ സാധ്യമാകുന്ന കാലമാണ് ഇനി വരേണ്ടത്. ട്രാൻസ്ജെൻഡേഴ്സിനെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിക്കുന്നതിനും കളിയാക്കുന്നതിനും പകരം അവരെയും മനുഷ്യരായിക്കണ്ടു സ്വീകരിക്കാം. 

Read More: Love n Life, Trending