Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയാകാൻ പ്രസവിക്കണമെന്നില്ല, വളർത്തമ്മമാരും ദൈവങ്ങളാണ്, കണ്ണുനനയിക്കും ഈ കഥ

Raju ജിഎംബി ആകാശ് പകർത്തിയ രാജുവിന്റെ ചിത്രം

പ്രസവിച്ചു എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീ അമ്മയായിക്കൊള്ളണം എന്നില്ല. എന്നാല്‍ പ്രസവിക്കാത്ത പലരും പൊന്നുപോലെ മക്കളെ നോക്കുന്നുമുണ്ട്. ഒരു കുഞ്ഞിനെ സംബന്ധിച്ചി‌‌ടത്തോളം അവനെ ആരാണു പൊന്നുപോലെ നോക്കി വളർത്തുന്നത് അതാണ് യഥാർഥ അമ്മ. പ്രസവിച്ചു കഴിഞ്ഞ് ബാധ്യതയെന്നു തോന്നി അവനെ ഉപേക്ഷിച്ചു പോകുന്നവർ ഒരിക്കലും ഒരമ്മയല്ല. രാജു എന്നു പേരുള്ള പതിനേഴുകാരനും തനിക്കു ജൻമം നൽകിയ അമ്മയേക്കാൾ വലുത് പോറ്റമ്മയാണ്. പക്ഷേ ആ സ്നേഹം അനുഭവിക്കാനുള്ള യോഗം വിധി അവനു നൽകിയതുമില്ല. പ്രശസ്ത ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് ആണ് രാജുവിനെ സമൂഹമാധ്യമത്തിനു പരിചയപ്പെടുത്തിയത്, ഇന്നവന്റെ കഥ ഓൺലൈനിൽ വൈറലാണ്. 

പിഞ്ചുപൈതലായിരുന്നപ്പോൾ തന്നെ രാജുവിനെ അവന്റെ അമ്മ ഉപേക്ഷിച്ചു പോയതാണ്. പിന്നീട് വീട്ടുകാരുടെ പോലും എതിർപ്പുകൾ അവഗണിച്ച് വളർത്തിയ തന്റെ പോറ്റമ്മയായിരുന്നു അവനെല്ലാം. നാട്ടുകാരെല്ലാം ഭാഗ്യംകെട്ട കുരുന്നെന്നു പറയുമ്പോഴും ആശ്വാസമായിരുന്നത് പോറ്റമ്മയുടെ തലോടലും വാക്കുകളുമായിരുന്നു. എന്നാൽ പിന്നീടെപ്പോഴോ അമ്മയൊഴികെ ബാക്കിയെല്ലാവർക്കും താൻ ബാധ്യതയാണെന്നറിയുന്നതോടെ രാജു വീടുവിട്ടിറങ്ങുകയായിരുന്നു. രാജുവിന്റെ വാക്കുകളിലേക്ക്...

'എന്റെ അമ്മ എപ്പോഴും എന്നിൽ നിന്ന് എന്തൊക്കെയോ മറച്ചിരുന്നു. ഞാൻ അതെന്താണെന്നു കണ്ടെത്താൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഗ്രാമത്തിൽ എന്തു പരിപാടിക്കു പോയാലും ആളുകൾ എന്നെ ചൂണ്ടി സഹതാപത്തോടെ പറയുമായിരുന്നു എന്തൊരു നിർഭാഗ്യവാനായ കുട്ടിയാണ് ഞാനെന്ന്. ഇത് അമ്മയോടു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് അമ്മ പറഞ്ഞത് അവരെയാരെയും വിശ്വസിക്കേണ്ട എന്നായിരുന്നു. 

ഒരുദിവസം എനിക്കു വേണ്ടി പണം ചിലവഴിക്കുന്നതിന്റെ പേരിൽ അച്ഛൻ അമ്മയെ ചീത്ത പറയുന്നതുകേട്ടു.  അമ്മ ഉപേക്ഷിച്ചു പോയ മകനെ നോക്കുന്നുവെന്നു പറഞ്ഞ് അമ്മയെ വല്ലാതെ ചീത്തവിളിച്ചു. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്, െവറും മൂന്നു വയസു പ്രായമായപ്പോൾ എനിക്കു ജന്മം നൽകിയ അമ്മ ഉപേക്ഷിച്ചു പോയതാണെന്നും പിന്നീട് എന്റെ വളർത്തമ്മയാണ് എന്നെ പോറ്റിയതെന്നും. ഞാൻ എല്ലാം കേട്ടുവെന്നു മനസിലായതോടെ അമ്മ ഒരുപാടു കരഞ്ഞു, ആരു പറയുന്നതും വിശ്വസിക്കേണ്ടെന്നും അവർ തന്നെയാണ് എന്റെ യഥാർഥ അമ്മയെന്നും എന്നെ ചേർത്തുപിടിച്ചു പറഞ്ഞു. 

അന്ന് എനിക്കു പത്തു വയസായിരുന്നു പ്രായം. എന്റെ അമ്മയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം ഞാൻ ആണെന്നു മാത്രമാണ് അന്നു മനസിലായത്. ആ സംഭവം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞതോടെ ഞാൻ വീട്ടിൽ നിന്നും ഓടിപ്പോയി. നഗരത്തിലെത്തിയപ്പോൾ അവിടുത്തെ ആളുകളും ജീവിതവുമൊക്കെ എനിക്ക് അപരിചിതമായിരുന്നു. തനിച്ചിരുന്ന കരയുന്നതിനിടയിലാണ് കുറച്ചു കുട്ടികൾ അരികില്‍ വന്നു സാന്ത്വനിപ്പിച്ച് അവർക്കൊപ്പം കഴിയാൻ അനുവദിക്കുന്നത്. ആദ്യത്തെ രാത്രിയിൽ ഞാൻ ഒരുപാടു കരഞ്ഞു, എന്നെ ഉപേക്ഷിച്ചു പോയ അമ്മയെ ഓർത്തായിരുന്നില്ല അത്, മറിച്ച് ഓരോ നിമിഷവും എനിക്കു കാണണമെന്നു തോന്നിയിരുന്ന വളർത്തമ്മയെ ഓർത്തായിരുന്നു. 

ആ അമ്മയെ ​എനിക്കൊരിക്കലും മറക്കാനാവില്ല. അവരെന്നും എന്റെ ഹൃദയത്തിലുണ്ട്. എല്ലാ വർഷവും ഞാൻ അമ്മയെ കാണാൻ പോകാറുണ്ട്. അവസാനമായി കണ്ട സമയത്തും ഒരുപാടു കരഞ്ഞു പറഞ്ഞു എന്റെ ജീവിതത്തിൽ സ്നേഹവും സന്തോഷവും കൈവരാൻ അമ്മ ഒരുപാടു പ്രാർഥിക്കുന്നുണ്ടെന്ന്. എനിക്ക് മതിയാവോളം സ്നേഹം കിട്ടുന്നുണ്ടെന്ന് ഞാൻ അമ്മയോടു പറഞ്ഞു. ഞാനും എന്റെ സുഹൃത്തുക്കളും ഒന്നിച്ച് അധ്വാനിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നു. പകൽ സമയങ്ങളിൽ വഴക്കടിച്ചും രാത്രികാലങ്ങളിൽ ഒന്നിച്ചു കിടന്നും ഞങ്ങളൊരു കുടുംബമായി കഴിയുകയാണ്. ഇന്നെനിക്കു കുടുംബമുണ്ട്, ഒരു വ്യത്യസ്ത കുടുംബം. ഇവിടെ ആരാണു മാതാപിതാക്കൾ എ​ന്നോ എവിടെ നിന്നാണു വരുന്നതെന്നോ ഒന്നും ആരോടും പറയേണ്ടതില്ല. മതിയാവോളം സ്നേഹിച്ചു കഴിയുകയാണു ഞങ്ങൾ. 

Read More: Love n Life, Trending