Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയാപൈസയില്ലാതെ തെരുവിൽ തുടങ്ങിയ ജീവിതം, ഇന്ന് ബോളിവു‍ഡിലെ പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ്

Suhas Mohite സുഹാസ് മോഹിത്

അക്രമങ്ങളുടെയും പീഡനങ്ങളുടെയും വാർത്താലോകത്ത് നമുക്ക് അൽപമെങ്കിലും ആശ്വാസം നൽകുന്നത് ചില പോസിറ്റീവ് വാർത്തകളാണ്. ഇല്ലായ്മയിൽ നിന്നും കെട്ടിപ്പടുത്തവരുടെ പ്രചോദനാത്മകമായ കഥകൾ. ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു കഥയും അത്തരത്തിലൊരാളുടേതാണ്. കിടക്കാനൊരു വീടോ നല്ല ഭക്ഷണമോ ഇല്ലാതെ അലഞ്ഞുതിരിഞ്ഞ നാളുകളോടു വിടപറഞ്ഞ് ബോളിവു‍ഡിന്റെ പ്രിയപ്പെട്ട ഹെയർസ്റ്റൈലിസ്റ്റ് പദവിയിലേക്ക് ഉയർന്ന സുഹാസ് മോഹിത് എന്ന ഹെയർസ്റ്റൈലിസ്റ്റിന്റെ ജീവിതകഥയാണത്. രത്നനഗിരി സ്വദേശിയായിരുന്ന സുഹാസ് പത്താം ക്ലാസിൽ തോറ്റിരുന്നുവെങ്കിലും സ്വപ്നങ്ങൾ അടിയറവു വച്ചിരുന്നില്ല. സുഹാസിന്റെ വാക്കുകളിലേക്ക്...

'' മുടിവെട്ടൽ കുലത്തൊഴിലായിരുന്ന ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ മുത്തച്ഛനും അച്ഛനും അമ്മാവന്മാരുമൊക്കെ മുടിവെട്ടുകാരായിരുന്നതുകൊണ്ട് എനിക്കുറപ്പായിരുന്നു  എന്റെയും മേഖല ഇതു തന്നെയായിരിക്കുമെന്ന്. പക്ഷേ വെറുതെ മുടിയും താടിയും വെട്ടുന്നതു മാത്രമാക്കാതെ സിനിമാ മേഖലയില്‍ പ്രഫഷണൽ ഹെയർഡ്രസർ എന്ന പദവിയാണു ഞാൻ സ്വപ്നം കണ്ടിരുന്നത്. 

ഒരു കസിന്റെ കല്യാണത്തിനു വേണ്ടി പത്തുവർഷം മുമ്പാണ് ഞാൻ ആദ്യമായി മുംബൈയിൽ എത്തുന്നത്. സത്യം പറയാമല്ലോ, ആ വിവാഹം മുംബൈയിൽ എത്താനുള്ള എന്റെ വെറുമൊരു ഒഴിവുകഴിവു മാത്രമായിരുന്നു. വിവാഹത്തിനു ശേഷം ഞാൻ ദാഹിസാറിലുള്ള ഒരു പാർലറിൽ ജോലിക്കു കയറി. നാട്ടിലുള്ള എന്റെ കസിൻസൊക്കെ കളിയാക്കിയിരുന്നു, എന്നെപ്പോലെ കാഴ്ചയിൽ അത്ര സുന്ദരനല്ലാത്ത ഹിന്ദി അറിയാത്ത ഒരാൾ ഈ നഗരത്തിൽ എ​ങ്ങനെ വിജയിക്കും എന്നായിരുന്നു അവരുടെ സംശയം. പക്ഷേ ഞാൻ ആത്മാർഥമായി അർപ്പണ ബോധത്തോടെ എന്റെ ജോലി ചെയ്തു, അതു പണത്തിനു വേണ്ടിയായിരുന്നില്ല പരിചയത്തിനു വേണ്ടിയായിരുന്നു. 

ഏതാണ്ടു മൂന്നുമാസത്തോളം തെരുവിലായിരുന്നു ഞാൻ കുളിച്ചിരുന്നതെന്ന് ഓർക്കുന്നു. എനിക്കൊന്നും താങ്ങാനാവുമായിരുന്നില്ല. വീടോ പണമോ ഇല്ലാതെ വിഷമിക്കുന്ന സമയത്തും എനിക്കറിയാമായിരുന്നു ഒരുകാലത്ത് ഞാൻ നല്ല നിലയിൽ എത്തുമെന്ന്. കാലം ക‌ടന്നുപോകവേ ഒരു വലിയ സലൂണിൽ നിന്ന് ഇന്റർവ്യൂവിനായി ക്ഷണിച്ചു. നല്ലൊരു വസ്ത്രം പോലുമില്ലാത്ത എന്നെ അവർ ജോലിയിൽ എടുക്കില്ലെന്നാണു കരുതിയതെങ്കിലും അവർ എന്നെ തിരഞ്ഞെടുത്തു. എന്റെ ബോസും സഹപ്രവർത്തകരും വളരെ നല്ല മനുഷ്യരായിരുന്നു, ഹിന്ദിതൊട്ട് ഹെയർ സ്റ്റൈലിങ് വരെ അവർ എന്നെ പഠിപ്പിച്ചു. 

വളരണം എന്ന ചിന്ത അടങ്ങാതെ കിടന്നതുകൊണ്ടാകണം സലൂണിൽ വരുന്ന വിദേശികളെ ശ്രദ്ധിച്ച് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. തുടക്കത്തിൽ ഹായ്, ഹൗ ഡൂ യൂ ഡൂ എന്നിവയ്ക്കു പോലും എങ്ങനെ മറുപടി പറയും എന്നെനിക്കറിയില്ലായിരുന്നു. പക്ഷേ കാലവും പരിചയവും കുറച്ചു പേരുടെ സഹായവുമെല്ലാം ചേർന്നപ്പോൾ ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യാൻ ശീലിച്ചു. 

മുപ്പത്തിമൂന്നാമത്തെ വയസിൽ എ​ത്തിനിൽക്കുന്ന ഈ സമയത്ത് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ഏറെ അഭിമാനമുണ്ട്. പതിനൊന്നാം വയസിൽ അമ്മാവനിൽ നിന്ന് എങ്ങനെ മുടി വെട്ടാം എന്നു പഠിച്ചതു മുതൽ യൂറോപ്പിലെ വിവാഹത്തിന് പ്രഫഷണലായി പോകുന്നതും ബോളിവുഡിൽ പ്രവർത്തിക്കാൻ സ്വപ്നം കണ്ടതിൽ നിന്നും സോനം കപൂർ, അഭയ് ഡിയോൾ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചതും റോഡിനരികിൽ നിന്നു കുളിച്ചതിൽ നിന്നും ഇന്നു സ്വന്തമായി അപാർട്മെന്റ് വാങ്ങിയതും നയാപൈസയില്ലാതെ ബോംബെയിലെത്തി യ നാളിൽ നിന്നും ഇന്ന് എന്റെ നാലു സഹോദരന്മാരെയും മാതാപിതാക്കളെയും നോക്കാന്‍ കഴിയുന്നതും പേരോ പ്രശസ്തിയോ ഇല്ലാത്തയാളിൽ നിന്നും ഇന്ന് വോഗ് മാഗസിനിൽ വരെ ഫീച്ചർ വന്നതും തുടങ്ങി എന്റെ എല്ലാ സ്വപ്നങ്ങളും സത്യമായി. ഞാനെന്നിൽ അടിയുറച്ചു വിശ്വസിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. 

ചെറിയ പ്രതിബന്ധങ്ങളിൽപ്പോലും പകച്ചു നിൽക്കുന്നവർക്കൊരു മാതൃകയാണ് സുഹാസിന്റെ ജീവിതം. ഭാഷയറിയാതെ നയാപൈസയില്ലാതെ ബോംബെ പോലൊരു നഗരത്തിലെത്തി തന്റെ സ്വപ്നങ്ങളെയെല്ലാം നേടിയെടുത്തുവെങ്കിൽ അതയാളുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണത്. സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നേറാൻ ശ്രമിച്ചാൽ ചുറ്റുമുള്ള തടസങ്ങളൊന്നും നമ്മെ ഒരിക്കലും തളർത്തില്ല, പകരം വിജയിച്ചു കാണിക്കാനുള്ള ശക്തി പകരുകയേയുള്ളു. 

Read more: Love n Life, Trending