Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പരം ചേരില്ലെന്നു മനസ്സിലായാൽ പിരിയണം, ഇവളുടെ ജീവിതം നൽകുന്ന സന്ദേശം ഇതാണ് 

Sangita Marda Agarwal സംഗീത മർദ അഗർവാൾ

ജീവിതമെന്നാൽ സുഖദുഃഖ സമ്മിശ്രമാണ്. ജീവിതത്തിൽ സന്തോഷം മാത്രം പ്രതീക്ഷിച്ചിരിക്കുന്നവർ, ചെറിയ താളപ്പിഴകളിൽ പോലും മനസ്സു മടുത്തു പരാജയപ്പെടും. എപ്പോഴും ഒരു വ്യക്തിക്കു വേണ്ടത് വിജയിക്കാനുള്ള ത്വരയാണ്. നഷ്ടപ്പെട്ടതിനെ ഓർത്തു ദുഖിക്കാതെ അതിലും വലിയ സന്തോഷങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കണം. മുബൈ ആസ്ഥാനമായ വൈബ്രന്റ് ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോൾ, സംഗീത മർദ അഗർവാൾ എന്ന യുവതിക്ക് പറയാനുള്ളത് ഇതാണ്. 

സംഗീത ഇന്നു ജീവിതത്തിന്റെ പലമേഖലകളിലും വിജയിച്ച ഒരു വ്യക്തിയാണ്. ഏറെ പ്രശസ്തമായ ഒരു സംരംഭം മികവാർന്ന രീതിയിൽ നടത്തുന്നു, ഭർത്താവും രണ്ടു പെൺകുഞ്ഞുങ്ങളുടെ സസുഖം വാഴുന്നു. എന്നാൽ ഈ നിലയിൽ എത്തുന്നതിനു മുൻപ് ഏറെ യാതനകളിലൂടെ സംഗീത കടന്നു പോയിരുന്നു. ആദ്യവിവാഹം പരാജയപ്പെട്ടപ്പോൾ, അത് ജീവിതത്തിന്റെ അവസാനമായി കാണാതിരുന്നതാണ് തന്റെ ജീവിത വിജയമെന്ന് സംഗീത പറയുന്നു. 

സംഗീതയുടെ കഥയിങ്ങനെ....

അനാഥയായ സംഗീതയെ മുംബൈ നിവാസികളായ ദമ്പതിമാർ എടുത്തു വളർത്തുകയായിരുന്നു. ഏറെ മികച്ചൊരു ബാല്യകാലമാണ് അവർ സംഗീതയ്ക്കു നൽകിയത്. കോളജ് പഠനകാലത്ത് അവിചാരിതമായി മാതാപിതാക്കൾ മരണപ്പെട്ടതോടെ സംഗീത ഏറെ ദുർബലപ്പെട്ടു. എന്നാൽ ഏതു വിധേനയും ജീവിതത്തിലേക്കു തിരിച്ചു വരണം എന്ന വാശി അവർക്കുണ്ടായിരുന്നു. അങ്ങനെ ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി ജോലിയിൽ പ്രവേശിച്ചു. 

ജോലിയിൽ മാത്രം ശ്രദ്ധ ചെലുത്തി, മികച്ചൊരു കരിയർ വികസിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബന്ധുക്കൾ ചേർന്ന് സംഗീതയ്ക്ക് കല്യാണാലോചന കൊണ്ടുവരുന്നത്. സുന്ദരനും ധനവാനുമായിരുന്നു ആ യുവാവ്. കല്യാണം ഉറപ്പിച്ചു. എന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ സംഗീതയ്ക്ക് അയാളുടെ കണ്ണുകളിൽ എന്തോ ക്രൂരത ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി. അതു തുറന്നു പറഞ്ഞപ്പോൾ വകവയ്ക്കാൻ ബന്ധുക്കൾ ആരും തയ്യാറായതുമില്ല. 

വിവാഹം നടന്നു രണ്ടാം ദിവസം തന്നെ അയാൾ സംഗീതയെ അടിച്ചു. വളരെ മോശമായാണ് പെരുമാറിയത്. ഇക്കാര്യങ്ങൾ ഭർത്താവിന്റെ വീട്ടുകാരോടു തുറന്നു പറഞ്ഞപ്പോൾ, സ്വർണ്ണവും പണവും ഇല്ലാതെ വിവാഹം കഴിച്ചു വന്ന നീ ഇതെല്ലം അനുഭവിക്കണം എന്നതായിരുന്നു മറുപടി. മാതാപിക്കലും കയറിച്ചെല്ലാൻ ഒരു വീടും ഇല്ല സംഗീതയ്ക്ക് എന്നതിനാൽ , ഭർത്താവ് ഓരോ ദിവസവും ഓരോ വിധത്തിലുള്ള ക്രൂരതകൾ കാണിക്കാൻ തുടങ്ങി. പകൽ മുഴുവൻ നല്ല സ്വഭാവത്തിൽ പെരുമാറുന്ന അയാൾക്ക് രാത്രിയിൽ തനി ക്രൂരന്റെ മനോഭാവമായിരുന്നു. 

അതിനിടയ്ക്കാണ് കുഞ്ഞുങ്ങൾ ജനിച്ചാൽ ഭർത്താവിന്റെ മനോഭാവം മാറും എന്ന ഉപദേശം പല കോണുകളിൽ നിന്നായി വന്നത്, അങ്ങനെ കുഞ്ഞുങ്ങൾ പിറന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനശേഷവും കാര്യമായ ഒരു പുരോഗതി ഭർത്താവിൽ കണ്ടില്ല എന്നത് സംഗീതയുടെ മനസ്സുലച്ചു, ആത്മവിശ്വാസത്തെ പൂർണമായി കെടുത്തി. കുട്ടികൾ പഠനപ്രായമെത്തി. എന്നാൽ കുട്ടികളെ പഠിപ്പിക്കാനോ സ്‌കൂൾ ഫീസ് നൽകാനോ ധനവാനായ ആ അച്ഛൻ തയ്യാറല്ലായിരുന്നു. മക്കളുടെ പഠനം മുടങ്ങുന്നത് ഒഴിച്ച് മറ്റെന്തും സംഗീത സഹിക്കുമായിരുന്നു. 

ഭർത്താവ് വീട്ടിൽ ഇല്ലാത്ത ഒരു ദിവസം, സ്യൂട്ട്കേസിൽ പുസ്തകങ്ങളും വസ്ത്രങ്ങളും നിറച്ച്  അമ്മയും മക്കളും ആ വീടുവിട്ടിറങ്ങി. സംഗീതയുടെ അച്ഛന്റെ വീട്ടിലേക്കാണ് പോയത്. അവിടെയുള്ളവർ അവർക്കു താമസിക്കാനായി ഒരു മുറി നൽകി. കാര്യങ്ങൾ അറിഞ്ഞശേഷം ഒരുപാടുപേർ പിന്തുണ നൽകി, വേറെ ചിലർ കുറ്റപ്പെടുത്തി. എന്നാൽ യാതൊരു വിധ കുറ്റപ്പെടുത്തലിലും സംഗീത തളർന്നില്ല. വീടുകൾ കയറിയിറങ്ങി കുട്ടികൾക്കായുള്ള പുസ്തകങ്ങൾ വിറ്റ് അവൾ ജീവിത വരുമാനം കണ്ടെത്തി. 

ജീവിതം മടക്കി നൽകിയ സുഹൃത്ത് 

ജീവിതത്തിലെ കാഠിന്യം നിറഞ്ഞ ആ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് പവൻ എന്ന സുഹൃത്തിനെ ലഭിക്കുന്നത്. പവന്റെ പിന്തുണ സംഗീതയ്ക്ക് ഏറെ ആശ്വാസമായിരുന്നു. പവൻ സംഗീതയുടെ കുട്ടികളെ സ്വന്തം കുട്ടികളെ എന്ന പോലെ നോക്കി.അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തു നൽകി. ആ സൗഹൃദം മെല്ലെ വിവാഹത്തിലേക്കു വഴിമാറുകയായിരുന്നു. പവനിലൂടെ ജീവിതം എന്തെന്നും പ്രണയം എന്തെന്നും സംഗീത അറിഞ്ഞു. അങ്ങനെ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. 

എന്നാൽ അവിടെയും എതിർപ്പുകൾ ഏറെയായിരുന്നു. സംഗീത വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു, പവന്റേത് ആദ്യ വിവാഹവും. അതിനാൽതന്നെ പവന്റെ വീട്ടുകാരിൽ നിന്നും ഏറെ എതിർപ്പുകൾ ഉണ്ടായി. എന്നാൽ അവരുടെ നിസ്വാർഥ പ്രണയത്തിനു മുന്നിൽ ആ എതിർപ്പുകൾ മെല്ലെ അലിഞ്ഞില്ലാതായി. ഇരുവരുടെയും വിവാഹം നടന്നു. വിവാഹശേഷം, പവന്  രോഗങ്ങൾ വന്നു നീണ്ട ചികിത്സ വേണ്ടി വന്നപ്പോൾ സംഗീത താങ്ങായി തണലായി കൂടെ നിന്നു. വീടിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തു നടത്തി. 

ഇപ്പോൾ സംഗീത ജീവിക്കുന്നത് സുഖവും സന്തോഷവും സമാധാനവും അതിലുപരി പ്രണയവും എന്തെന്ന് അറിഞ്ഞുകൊണ്ടാണ്. ജീവിതം ആസ്വദിക്കുവാൻ മക്കളും ഭർത്താവും കൂടെയുണ്ട്. ഇന്ന് സംഗീത ഒരു ട്രാവൽ കമ്പനിയുടെ പാർട്ട്ണർ ആണ് അതെ,  പരസ്പരം ചേരില്ലെന്നു മനസ്സിലായാൽ പിരിയണം, ഇതാണ് ഇവളുടെ വിജയം നൽകുന്ന സന്ദേശം,

Read more: Love n Life, Trending