Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇതാണ് ആ പ്രണയത്തിൽ നിന്നും ഞാൻ പഠിച്ചത്', ആരും കൊതിക്കും ആകാംക്ഷയെ പോലൊരു കാമുകിയെ

Akanksha Chaudhury ആകാംക്ഷ കാമുകനൊപ്പം

വാക്കുകൾ കൊണ്ടു പറഞ്ഞു തീർക്കാൻ കഴിയാത്ത വികാരമാണ് പ്രണയം. പ്രണയങ്ങൾ നമ്മെ പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്, അത്തരത്തിൽ നിങ്ങളുടെ കാമുകൻ അല്ലെങ്കിൽ കാമുകിയിൽ നിന്നും പഠിച്ച നല്ല കാര്യം എന്താണെന്ന ചോദ്യമായിരുന്നു സമൂഹമാധ്യമമായ ക്വോറയിൽ ഉയർന്നത്. അതിന് ആകാംക്ഷ ചൗധരി എന്ന പെൺകുട്ടി നൽകിയ മറുപടിയാണ് ഇന്ന് ഓൺലൈൻ ലോകത്തു വൈറലാകുന്നത്.

ആകാംക്ഷയെപ്പോലൊരു കാമുകിയാണ് ഓരോ യുവാക്കളുടെയും സ്വപ്നം എന്നു പറഞ്ഞാണ് പലരും സംഗതി ഷെയർ ചെയ്യുന്നത്. ഇനി ഇത്രയൊക്കെ സ്വീകരിക്കപ്പെടാൻ മാത്രം ആകാംക്ഷ നൽകിയ ആ മറുപടി എന്താണെന്നല്ലേ? തന്റെ കാമുകന്റെ മനോഭാവമാണ് തന്നെക്കൂടി മാറ്റി മറിച്ചതെന്നു പറയുന്നു ആകാംക്ഷ. പാണ്ടുരോഗം പിടിപെട്ടയാളാണ് ആകാംക്ഷയുടെ കാമുകൻ, അന്നുവരെയും തനിക്ക് അത്തരക്കാരോട് ഉണ്ടായിരുന്ന ചിന്താഗതി തന്നെ മാറാൻ കാരണമായത് കാമുകൻ ആണെന്നു പറയുന്നു ആകാംക്ഷ. ആകാംക്ഷയുടെ വാക്കുകളിലേക്ക്.

'' എന്റെ കാമുകന് കഴിഞ്ഞ അഞ്ചാറു വർഷമായി പാണ്ടുരോഗം പിടിപെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്ക്കുന്ന രോഗമാണ് ഇതെന്നാണ് അത്രയുംനാൾ ഞാൻ കരുതിയിരുന്നത്. എനിക്ക് ഇതു വന്നിരുന്നെങ്കിൽ ഞാൻ സ്വയം ശപിച്ചേനെ. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ നിർഭാഗ്യകരമായ ഈ രോഗത്തെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നേനെ. രോഗത്തെക്കുറിച്ചു ചിന്തിച്ച് ഞാൻ എന്നെത്തന്നെ തകർത്തേനെ. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ, എന്റെ കാമുകൻ ഈ രോഗത്തെ വളരെ വ്യത്യസ്തമായാണ് നേരിട്ടത്.

പാണ്ടുരോഗം ബാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും ലക്ഷ്യങ്ങളെയുമൊന്നും തെല്ലും തളർത്തിയില്ല. തനിക്ക് ഇത്തരമൊരു രോഗം വന്നതിനെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനു പകരം നന്നായി പഠിച്ച് നല്ല ഗ്രേഡുകൾ വാങ്ങി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കി ആത്മവിശ്വാസത്തോടെ ജീവിച്ചു. വിഷമിച്ചോ സന്തോഷമില്ലാതെയോ ഒന്നും കക്ഷിയെ കണ്ടിട്ടേയില്ല. മാത്രമല്ല മറ്റുള്ളവരെ സന്തോഷിപ്പിക്കാനും തമാശ പറയാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. പഠനത്തിലായാലും ബന്ധങ്ങളുടെ കാര്യത്തിലായാലും അദ്ദേഹം വളരെ മനോഹരമായി തന്നെ കാര്യങ്ങൾ ചെയ്തു.

മുമ്പ് ഒട്ടേറെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ ആളുകൾ അദ്ദേഹത്തെക്കുറിച്ചു മോശമായി പറഞ്ഞിരുന്നു, കാണാൻ ഭംഗിയില്ലെന്നു പറഞ്ഞ് ഒരു പെൺകുട്ടി പ്രേമാഭ്യർഥന നിരസിച്ചിരുന്നു, ജീവിതത്തിൽ അന്നുവരെ ഒരു കാമുകിയും ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അറിവുള്ള വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരു നെഗറ്റീവ് കാര്യത്തെ പോസിറ്റീവ് ആക്കാൻ പ്രാപ്തിയുള്ള ഒരാൾ, അതൊരിക്കലും എല്ലാവർക്കും ഉള്ള കഴിവല്ല. ദിവസവും എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ ജീവിതത്തിൽ നിരാശരായിരിക്കുന്നവരെ കണ്ടിട്ടുണ്ട്. സത്യത്തിൽ ചില പ്രശ്നങ്ങളൊന്നും വലിയ പ്രശ്നങ്ങളേയല്ല. ജീവിതം അത്ര സന്തോഷകരമല്ലാത്തപ്പോൾ നിരാശരാകാതെ എങ്ങനെ ജീവിക്കണമെന്ന കാഴ്ചപ്പാടുണ്ടായത് അദ്ദേഹത്തിൽ നിന്നാണ്. ജീവിതത്തിലെ നല്ല കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നതിലാണ് മഹത്വം. നമ്മുടെ മനോഭാവത്തിന് ഒരു നരകത്തെപ്പോലെ വ്യത്യസ്തമാക്കാന്‍ കഴിയും. ''- ആകാൻഷ പറയുന്നു.

നിസ്വാർഥ സ്നേഹത്തിന്റെ പ്രതീകമായ ആകാംക്ഷയ്ക്ക് ഇതോടെ ക്വോറയിൽ ഹീറോ പരിവേഷമാണ്. കാഴ്ചയിലെ കുറവുകളെക്കുറിച്ചു വേവലാതിപ്പെടാതെ മനസിന്റെ സൗന്ദര്യം കണ്ടു പ്രണയിച്ച ആകാംക്ഷയെപ്പോലോരു കാമുകി ആണ് യുവാക്കളുടെ സ്വപ്നം എന്നാണ് പലരും പറയുന്നത്. ഒപ്പം തനിക്കുണ്ടായ ശാരീരിക വൈകല്യത്തില്‍ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറിയ ആകാംക്ഷയു‌ടെ കാമുകനും ഇന്ന് ആരാധകരേറെയാണ്. എന്തായാലും ശാരീരിക സൗന്ദര്യം അത്ര പോരെന്നു പറഞ്ഞ് അപകർഷതാ ബോധത്തിന് അടിമപ്പെടുന്നവരും അത്തരക്കാരെ ഒഴിവാക്കി നിർത്തുന്നവരുമെല്ലാം പാഠമാക്കേണ്ടതാണ് ആകാംക്ഷയുടെ വാക്കുകൾ.