Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാളിനു കാത്തില്ല, കുഞ്ഞുചാര്‍ലി യാത്രയായി

charlie-baby ലണ്ടനിലെ ഗ്രേറ്റ് ഓര്‍മന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വെന്റിലേറ്റര്‍ സഹായം എടുത്തുമാറ്റി ചാര്‍ലിക്ക് സുഖമരണം നേര്‍ന്നത് ഇന്നലെ. ചരിത്രത്തില്‍ ഇടംപിടിച്ച നിയമ പോരാട്ടത്തിനും ഇതോടെ വിരാമമായി. 

ആദ്യ പിറന്നാളിന് ഒരാഴ്ച ബാക്കിയുണ്ടായിരുന്നു ചാര്‍ലിക്ക്.. നേരവും കാലവും നോക്കാതെ ഒരുവര്‍ഷമായുള്ള അലച്ചില്‍ കാരണം ക്രിസും കേണിയും മറന്നു പോയതായിരിക്കാം.. അല്ലായിരുന്നെങ്കില്‍ അന്ന് അവന്റെ ഇളംകൈയില്‍ ചുണ്ടുവച്ച് കണ്ണീര്‍ച്ചിരിയോടെ അവരൊരു സെല്‍ഫിക്കു പോസ് ചെയ്‌തേനെ.. ഒരാഴ്ചകൂടി ആശുപത്രിക്കാര്‍ കാത്തിരുന്നേനേ.. 

ജീവിക്കാനുള്ള പോരാട്ടംകൊണ്ട് ലോകം മുഴുവന്‍ അറിയപ്പെട്ടവനാണ് ചാര്‍ലി. നിയമം വഴി മരിക്കാന്‍ വിട്ടുകൊടുക്കില്ല എന്ന ശപഥവുമായി രൂപീകരിച്ച ചാര്‍ലീസ് ആര്‍മി മുതല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ അവനുവേണ്ടി നിലകൊണ്ടു.. പക്ഷേ ഇത്രയും പേരുടെ പ്രാര്‍ഥനകളും കണ്ണീരിന്റെ ചൂടും തിരിച്ചറിയാന്‍ അവനെ ബാധിച്ച അപൂര്‍വ രോഗത്തിനു കണ്ണുണ്ടായില്ല. മൈതോകോണ്‍ട്രിയല്‍ ഡിഎന്‍എ ഡിപ്ലീഷന്‍ സിന്‍ഡ്രോം എന്നാണതിനു പേര്. ഇതുവരെ 16 പേരില്‍ മാത്രം കണ്ടെത്തിയിട്ടുള്ളത്. മസ്തിഷ്‌കവും മസിലുകളും ക്ഷയിച്ചുവന്നു. സ്വയം ശ്വസിക്കാനാകുമായിരുന്നില്ല.. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... മിണ്ടുന്നുമുണ്ടായിരുന്നില്ല. 

ചാര്‍ലിയെ സ്വാഭാവിക ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകില്ലെന്നു തീര്‍ച്ചയായതോടെ മരണത്തിനു വിട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്.. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വെന്റിലേറ്റര്‍ സഹായം എടുത്തുമാറ്റി ചാര്‍ലിക്ക് സുഖമരണം നേര്‍ന്നത് ഇന്നലെ. ചരിത്രത്തില്‍ ഇടംപിടിച്ച നിയമ പോരാട്ടത്തിനും ഇതോടെ വിരാമമായി. 

തീരുമാനം ലോകത്തെ അറിയിക്കാന്‍ ക്രിസ് ഗാര്‍ഡും കേണി യേറ്റ്‌സും അന്നു നേരിട്ടെത്തി. പത്രക്കുറിപ്പ് വായിക്കുന്നതിനിടെ ക്രിസ് പലതവണ വിതുമ്പി.. കേണി പക്ഷേ അക്ഷോഭ്യയായിരുന്നു.. ഇടയ്‌ക്കൊരുവേള കണ്ണീരടക്കാന്‍ പാടുപെട്ട ക്രിസിന്റെ കണ്ണിലേക്കുറ്റുനോക്കി കുറച്ചുനേരം നിന്നു. ഇന്നലെ ചാര്‍ലിയുടെ വിയോഗം അറിയിച്ചുള്ള കേണിയുടെ കുറിപ്പ് 'ഞങ്ങളുടെ കുഞ്ഞ് പോയി, അവനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു'  എന്നായിരുന്നു. 

ലോകം ഉറ്റുനോക്കുകയായിരുന്നു ആശുപത്രിയില്‍നിന്നുള്ള ഓരോ ചലനവും. ചാര്‍ലിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കുടുംബത്തിന്റെ അഗാധ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അറിയിച്ചു. ചാര്‍ലിയുടെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ ഓടിനടന്നവര്‍ക്കും ഇനിയും വേദനിപ്പിക്കാതെ മരിക്കാന്‍ വിടണമെന്നു വാദിച്ചവര്‍ക്കുമെല്ലാം ഇപ്പോള്‍ ഒറ്റമനസ്സാണ്.. ഓമനത്തം തുളുമ്പുന്ന അവന്റെ ചിത്രങ്ങള്‍ നോക്കി കണ്ണീരണിയുന്നു അവരെല്ലാം.. 

കുറേ പാവക്കുട്ടികള്‍ കൂട്ടിനുണ്ടായിരുന്നു ചാര്‍ലിക്ക് ആശുപത്രിയില്‍.. വലത്തേക്കു മുഖമല്‍പം ചരിച്ച് അവന്‍ കിടക്കുന്നത് അനുകരിച്ച് തൊട്ടടുത്ത് കിടക്കുമായിരുന്നു അവരില്‍ ചിലര്‍.. ചാര്‍ലി പോയത് അവര്‍ അറിഞ്ഞിരിക്കില്ല.. ചാര്‍ലിക്കും ഒരിക്കലും അറിയാനായില്ല, ലോകം അവനെയോര്‍ത്ത് നെഞ്ചുപിടയുന്നത്.. 


Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam