Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റായ വിവരങ്ങള്‍ നൽകരുത്, അച്ഛന്റെ മരണവാർത്തയെക്കുറിച്ചു സൗഭാഗ്യ

Sowbhagya Venkitesh സൗഭാഗ്യ അച്ഛൻ രാജാറാമിനും അമ്മ താരാ കല്ല്യാണിനുമൊപ്പം

നടിയും നർത്തകിയുമായ താരാ കല്ല്യാണിന്റെ ഭർത്താവ് രാജാ വെങ്കിടേഷ് എന്ന രാജാറാമിന്റെ മരണവാർത്തയെ ഞെട്ടലോടെയാണ് സിനിമാ സീരിയൽ ലോകം എതിരേറ്റത്. പെട്ടെന്നു പിടിപെട്ട പനിയായിരുന്നു രാജാറാമിന്റെ ജീവൻ കവർന്നത്. എന്നാൽ പല മാധ്യമങ്ങളിലും മരണകാരണം ഡങ്കിപ്പനിയാണെന്നാണ് നല്‍കിയിരിക്കുന്നത്. വേദനിക്കുന്ന നിമിഷത്തിലും അച്ഛന്റെ മരണവാർത്തയെ തെറ്റായി നൽകിയവർക്കെതിരെ ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജാറാമിന്റെ പുത്രിയും ഡബ്സ്മാഷ് വിഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്കു സുപരിചിതയുമായ സൗഭാഗ്യ. 

അച്ഛന്റെ മരണത്തിനു കാരണമായത് ഡങ്കിപ്പനിയല്ല മറിച്ച് വൈറൽ ഫീവർ ഗുരുതരമായി ചെസ്റ്റ് ഇൻഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. കൂടാതെ നിരവധി സീരിയലുകളിൽ ഹീറോ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജാറാമിനെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങളിൽ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛൻ കരിയറിൽ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളിൽ ഹീറോ ആയി അഭിനയിച്ചിട്ടുള്ളയാണെന്നും സൗഭാഗ്യ പറയുന്നു. എന്നെന്നും തന്റെ ഹീറോ ആയിരിക്കും ഡാഡി എന്നു പറഞ്ഞാണ് സൗഭാഗ്യയുടെ കുറിപ്പ് അവസാനിക്കുന്നത്. 

''ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. എനിക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടണം എന്നുണ്ടായിരുന്നില്ല, പക്ഷേ വാർത്തകളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അച്ഛൻ ഡെങ്കിപ്പനി ഉണ്ടായിരുന്നില്ല, വൈറൽ ഫീവർ ആയിരുന്നു. അതു പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇൻഫക്ഷനാവുകയായിരുന്നു. അമൃത ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും സെപ്റ്റിസെമിയ എന്ന മറ്റൊരു ഗുരുതര അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് അവയവങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ആശുപത്രിയില്‍ ഒമ്പതു ദിവസം ഉണ്ടായിരുന്നു. ആരും ദയവുചെയ്ത് തെറ്റായ വിവരങ്ങൾ നൽകരുത്. 

അദ്ദേഹത്തിന് വളരെ വിജയകരമായൊരു കരിയർ ഉണ്ടായില്ലായിരിക്കാം, പക്ഷേ മാധ്യമങ്ങൾ അദ്ദേഹത്തെ അത്ര പ്രശസ്തനല്ലാത്തൊരു നടൻ എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ എനിക്കേറെ വിഷമമുണ്ട്. എന്റെ അച്ഛൻ ദേശാടനപ്പക്ഷികൾ എന്ന സീരിയലിലെ ഹീറോ ആയിരുന്നു, ആദ്യസീരിയലായ നിഴൽ യുദ്ധത്തിലും അദ്ദേഹം ഹീറോ ആയിരുന്നു. ആ പട്ടിക തുടരും.. ഇരുപതോളം മെഗാ സീരിയലുകളിൽ ഹീറോ ആയിരുന്നു അദ്ദേഹം. 

മിനിസ്ക്രീനിലെ സുന്ദരനായ ഹീറോ ആയിരുന്നു അദ്ദേഹം. ഇവയൊന്നും മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ അഭിമാനത്തോടെ തന്നെ പറയും. തെറ്റായ വാർത്തകൾ എന്റെ അച്ഛനെ അപമാനിക്കുന്നവയാണ്. മുകളിൽ പറഞ്ഞതിലെല്ലാം ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു.  എനിക്ക് പ്രിയപ്പെട്ട അച്ഛനും എന്റെ അമ്മയ്ക്ക് സ്നേഹവാനായ ഭർത്താവുമായിരുന്നു. അച്ഛൻ എന്നെന്നും എന്റെ ഹീറോ ആയിരിക്കും. ''

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam