Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തല്ലിയും കൊന്നും ആനന്ദിച്ചപ്പോൾ അറിഞ്ഞിരുന്നോ, കാത്തിരിക്കുന്നത് അതിനേക്കാൾ ഭീകരമായ മരണമെന്ന്'

Abdul Rahman അബ്ദുൽ റഹ്മാൻ

പാർട്ടിക്കു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും മൽസരിക്കുന്നവരുടെ നാടായി മാറുകയാണ് ഇവിടം. പാർട്ടിക്കു വേണ്ടിയുള്ള അക്രമങ്ങളെക്കുറിച്ചു കേട്ടാണ് പല ദിവസങ്ങളും ആരംഭിക്കുന്നത്. പക്ഷേ പ്രസ്ഥാനത്തിനു വേണ്ടി പച്ചയ്ക്കു മറ്റൊരു മനുഷ്യ ജീവനെ കൊല്ലാൻ തുനിയുമ്പോൾ ഒരിക്കലെങ്കിലും അവർ ഓർക്കാറുണ്ടോ തനിക്കു വരുന്ന മരണത്തെക്കുറിച്ച്? കൊന്നുകൊലവിളിച്ച കഥകളേക്കാളോക്കെ ഭീകരമായിരിക്കും ചിലപ്പോൾ ആ മരണം. 

ഒരു ഗുണ്ടയുടെ അവസാനകാലത്തെക്കുറിച്ച് അബ്ദുൽ റഹ്മാൻ പട്ടാമ്പി എന്ന നഴ്സ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി കൊന്നും കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെക്കുറിച്ചോർത്തപ്പോഴാണ് ദയനീയമായി തങ്ങളുടെ മുന്നിൽ നരകിച്ചു മരിച്ച ആ ഗുണ്ടയെക്കുറിച്ച് ഓർത്തതെന്ന് അബ്ദുൽ റഹ്മാൻ പറയുന്നു. അത്രയും ഭീകരമായ അവസഥയോടെയാണ് അന്ന് അയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. പിന്നീടുള്ള ഓരോ ദിനങ്ങളും അയാൾ നരകിച്ചു ജീവിതത്തോടു മല്ലിടുകയായിരുന്നു. അവസാനം താൻ കൊന്നൊടുക്കിയതിനേക്കാൾ ഭീകരമായ മരണമാണ് അയാളെ കാത്തിരുന്നതെന്ന് പറഞ്ഞാണ് അബ്ദുൽ റഹ്മാൻ തന്റെ ഫേസ്ബുക് േപാസ്റ്റ് അവസാനിപ്പിക്കുന്നത്. 

മനുഷ്യത്വത്തേക്കാൾ വലുത് പണം ആണെന്നു ധരിച്ച് സ്വന്തം വർഗത്തിലുള്ളവരുടെ ശരീരത്തിൽ തെല്ലും മടിയില്ലാതെ കത്തി കുത്തിയിറക്കുന്ന ഓരോരുത്തർക്കും പാഠമാണ് ഈ ഗുണ്ടയുടെ ജീവിതം. പണത്തിനും പ്രസ്ഥാനത്തിനും വേണ്ടി ചോരയൊലിപ്പിക്കാൻ തയ്യാറാകുമ്പോൾ അവസാനകാലത്ത് കൂടെ നിൽക്കാൻ ഉണ്ടാകുന്നത് കൂടപ്പിറപ്പുകള്‍ മാത്രമാണെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ കുറിപ്പ്. അബ്ദുൽ റഹ്മാന്റെ ഫേസ്ബുക് കുറിപ്പിലേക്ക്..

ഒരു ഗുണ്ടയുടെ അന്ത്യം

രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വെട്ടിയും കൊന്നും ഒടുവിൽ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓർമ്മ വന്നത് ....രാജു ( യഥാർത്ഥ പേര് വേറെയാണ് ).....ദയനീയമായി ഞങ്ങളുടെ മുന്നിൽ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു ........

അയാൾ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു ....കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളിൽ പ്രതിയായിരുന്ന ഒരു ക്രിമിനൽ ..... ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വൽറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലൻസിൽ രാജുവിനെ കൊണ്ടുവന്നത്(മനഃപൂർവമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു ) .....രാത്രി ബൈക്കിൽ പോകുകയായിരുന്ന അയാൾ ഡിവൈഡറിൽ തട്ടി മറിഞ്ഞു വീണു ...പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് ...വയറിന്റെ സൈഡ്‌ കീറി അകത്തുള്ള കുടൽമാല പുറത്തേക്ക് തള്ളി നിൽക്കുന്നു ....ആംബുലൻസിൽ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടൽ ഭാഗം അയാൾ കയ്യിൽ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു ....അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യൻ....

അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയാണ് എന്നു കണ്ടതുകൊണ്ട് കാഷ്വൽറ്റിയിൽ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി...സർജൻ വിശദമായി പരിശോധിച്ചു ...പുറത്തേക്കു തള്ളിയ ആന്തരികാവയവങ്ങൾ തിരിച്ചു യഥാർത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി....പകരം ആ ഭാഗം കവർ ചെയ്ത് ഡ്രസ്സിങ് ചെയ്തു... ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോർമൽ ലെവലിലേക്ക് വന്നു ...രോഗി ബോധം വീണ്ടെടുത്തു....അണുബാധ തടയാൻ കടുത്ത നിയന്ത്രണം ഉൾപ്പെടെ ഓർഡർ ചെയ്തു ഡോക്ടർ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു ....

ഐസിയുവിന് വെളിയിൽ സന്ദർശകർ തിങ്ങി നിറഞ്ഞു ...എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകൾ ...എല്ലാവര്‍ക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു...സെക്യൂരിറ്റിയോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാൻ ഉന്തും തള്ളും...ഒരാളെയും കടത്തിയില്ല ...ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റി ....അതോടെ രാജുവിന്റെ സ്വഭാവം അയാൾ കാണിച്ചു തുടങ്ങി ....ഐസിയുവിൽ നിന്നും പുറത്തേക്കു മാറ്റണം....കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാൻ ആകെയുണ്ടായിരുന്നത്‌ ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം ....അവരും അതേ അഭിപ്രായം തന്നെ ...അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങിക്കൊണ്ട് പുറത്തേക്കു തള്ളി നിൽക്കുന്ന കുടലും അതിനു വെളിയിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു .....

റൂമിനകത്തു രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിർദ്ദേശങ്ങൾ ആദ്യമേ കൊടുത്തിരുന്നു ...അപ്പോഴും അത് അവർ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങൾക്ക് ....അതുപോലേ തന്നെ സംഭവിച്ചു .....വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു ...ആദ്യ രണ്ടു ദിവസം റൂമിൽ അവർ ജോളിയായി കൂടി ....മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി...അണുബാധ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ....കൂടെ ശ്വാസ തടസ്സവും ....ഡോക്ടർ പരിശോധിച്ചു ...പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി ...വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു....അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു ..ട്യൂബ് മാറ്റി കഴുത്തിൽ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റർ കണ്ടിന്യു ചെയ്തു .......

പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു ....

സന്ദർശകരും കൂട്ടിരിപ്പുകാർക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു ...

അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി ....

അവർക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി ...

അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി ...

അതല്ലെങ്കി വെന്റിലേറ്റർ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..

ഓരോരോ അവയവങ്ങൾ പ്രവർത്തനം നിലച്ചു തുടങ്ങി .....കിഡ്‌നി ,കരൾ ..ബ്രെയിനിൽ ബ്ലീഡിങ് ,...അങ്ങനെ അങ്ങനെ .....

ഇടയ്ക്ക് അല്‍പം ബോധം വരുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതു മാത്രം കാണാം .. ഇങ്ങനെ നരകിക്കാൻ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാൾ ചോദിക്കുന്ന പോലെ തോന്നി. അപ്പോഴെല്ലാം കൈ പിടിച്ചു നിർവ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും ..മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു ..വൈകീട്ട് ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയിൽ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു ....അന്ന് ഞങ്ങൾ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത് ...രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങൾ തുടങ്ങി ...അനിയൻ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാർഥിച്ചു ...അൽപ സമയം കഴിഞ്ഞു ...മരണം സ്ഥിരീകരിക്കുകയും ചെയ്തു... അയാൾ കൊട്ടേഷൻ ഏറ്റെടുത്ത...കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല ....... പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ മരണം .....

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam