Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അമ്മേ, ഡോക്ടറോടു പറഞ്ഞ്‌ എന്നെയൊന്നു കൊന്നുതരാമോ...?', ആത്മവിശ്വാസത്തിന്റെ ആൾരൂപമായി അനീഷ്

Aneesh അനീഷ്

‘‘എനിക്കു കാണാൻവേണ്ടിയെങ്കിലും നിനക്കു ജീവിക്കാമോ മോനെ,’’ ശരീരത്തിനു മുകളിലൂടെ ട്രെയിൻ കയറിയിറങ്ങി കാലും കയ്യുമറ്റ് ആശുപത്രിയിൽ പ്രതീക്ഷയില്ലാതെ കിടക്കുമ്പോൾ കോട്ടയം ആർപ്പൂക്കര തിരുനെല്ലൂർ സ്വദേശി അനീഷിനെ ജീവിക്കാൻ പ്രേരിപ്പിച്ചത് അമ്മയുടെ ഈ വാക്കുകളാണ്.

ജീവിക്കേണ്ടെന്നു തോന്നിയ ഓരോനിമിഷവും അമ്മയുടെ കണ്ണുനീരിൽ പൊതിഞ്ഞ വാക്കുകൾ ഇരുപത്തിയെട്ടുകാരനായ ഈ ചെറുപ്പക്കാരനെ ഇന്നും വീഴാതെ താങ്ങിനിർത്തുന്നു. പ്രതീക്ഷ നശിച്ചു മരിക്കാൻ ആഗ്രഹിച്ചിടത്തുനിന്ന് അനീഷ് ഇന്ന് അനേകർക്കു പ്രതീക്ഷ നൽകുന്ന മോട്ടിവേഷൻ സ്പീക്കറായി മാറിയിരിക്കുകയാണ്.

2009 ഒക്ടോബർ 17 സമയം രാത്രി ഒൻപത്

വീട്ടിലേക്കുള്ള അവസാനത്തെ ബസ് പിടിക്കാൻ പതിവിലും വേഗത്തിലാണ് അനീഷ് അന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് ഓടിയത്. വെരിക്കോസ് വെയിനിന്റെ ഓപ്പറേഷൻ കഴിഞ്ഞതിനാൽ ഓരോ കാൽവയ്പിലും വേദനയുടെ ശരങ്ങൾ കുത്തിക്കയറുന്നുണ്ട്. ബസ് സ്റ്റാൻഡിലേക്കെത്താൻ എളുപ്പവഴിയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണു പോകുന്നത്. ഓടുന്നതിനിടെ ട്രാക്കിൽ കാലിലെ ബാൻഡേജ് ഉടക്കി. എടുത്തടിച്ചതുപോലെ തൊട്ടുമുന്നിലെ റെയിൽവേ ട്രാക്കിലേക്കു തലയിടിച്ചു വീണു. അതു മാത്രമാണു വ്യക്തമായി ഓർമയുള്ളത്. 

പിന്നെ കാതുപൊട്ടുന്ന രീതിയിൽ ട്രെയിൻ കൂകിപ്പോകുന്നതിന്റെ ശബ്ദം. നിലവിളിയോടെ ആരൊക്കെയോ പാഞ്ഞുവരുന്നുണ്ട്. ശരീരം മുഴുവൻ മരവിച്ചുപോയപോലെ, ചുറ്റും പരന്നൊഴുകുന്ന രക്തം. അറ്റുപോയ ഇടതുകാലും വലതുകൈയും റെയിൽപാളത്തിനു സമീപം കിടന്നു പിടയ്ക്കുന്നത് അവ്യക്തമായ ഓർമയാണ്. മരണത്തിലേക്കു കണ്ണടയ്ക്കുന്നുവെന്നാണു കരുതിയത്. പിന്നെ ആകെ ഇരുട്ടാണ്. ആശുപത്രിക്കിടക്കയിൽ കിടന്നു കണ്ണുതുറക്കുമ്പോൾ കരയുന്ന അമ്മയുടെ മുഖം. മണിക്കൂറുകൾക്കു മുന്നിലെ കാഴ്ചയിലേക്ക് ഓർമ തലകുത്തി വീണപ്പോൾ സിനിമാ റീലിലെ ഫ്ലാഷ്ബാക്കുപോലെ ഓർമയിൽ കൈയും കാലും ചോരയിൽക്കിടന്നു വിറച്ചു. മരവിച്ചുപോയ ശരീരത്തിലും വിറയൽ ബാധിച്ചത് അനീഷറിഞ്ഞു. 

അനങ്ങാതിരിക്കാൻ ദേഹം മുഴുവൻ കെട്ടിവച്ചിരിക്കുകയാണ്. പ്ലാസ്റ്ററിടാത്തതായി ശരീരത്തിൽ അവശേഷിക്കുന്ന കഴുത്തിലൂടെ ഡ്രിപ്പിട്ടിട്ടുണ്ട്. ശരീരത്തിന് അംഗഭംഗം വന്നോ? സംശയം തോന്നിയെങ്കിലും നോക്കാൻ പേടിതോന്നി. നിറകണ്ണുകളോടെ അനീഷ്‌ അമ്മയോടു ചോദിച്ചു.

‘‘അമ്മേ എന്റെ വലതുകൈ തുന്നിച്ചേർക്കാൻ പറ്റിയോ?’’

നിസ്സഹായയായ അമ്മ നിരാശയോടെ തലകുനിച്ചു.

‘‘എന്റെ ഇടത്തേക്കാലോ അമ്മേ...?’’

ഇല്ലെന്നു പറഞ്ഞില്ല. കുനിഞ്ഞ ശിരസ് മെല്ലെ ചലിച്ചു.

ഡോക്ടറോടു പറഞ്ഞ്‌ എന്നെയൊന്നു കൊന്നുതരാമോ...?

ആശകളറ്റു പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനീഷതു ചോദിച്ചത്. അതുവരെ കരച്ചിൽ നിയന്ത്രിച്ച അമ്മയ്ക്കു നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടു. നിറകണ്ണുകളോടെ അനീഷിനെ ചേർത്തുപിടിച്ചു.

‘‘എനിക്കു കാണാൻവേണ്ടിയെങ്കിലും നിനക്കു ജീവിക്കാമോ മോനേ’’

കണ്ണീരോടെ അമ്മ അന്നുപറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ടെന്ന് അനീഷ് പറയുമ്പോൾ ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ഈ ചെറുപ്പക്കാരന്റെ കണ്ണുകൾ കലങ്ങുന്നുണ്ട്. അനീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിൽനിന്നു സങ്കടത്തിലേക്കുള്ള ദൂരത്തിന്റെ അകലം രണ്ടുദിവസത്തിന്റേതാണ്. ഐഎസ്ആർഒയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടിയായി ഇന്റർവ്യു കാർഡ് കൈയിൽ കിട്ടിയ ദിവസം ജീവിതം മാറിമറിയാൻ പോകുന്നുവെന്നു ചിന്തിച്ച് ഏറെ സന്തോഷിച്ചു. കാർഡ് ലഭിച്ചു രണ്ടാംദിവസം വെരിക്കോസ് ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയി വീട്ടിലേക്കു മടങ്ങവേയാണ് അപകടം.

ബാല്യ കൗമാരങ്ങൾ

ഓർമയിൽ ബാല്യം അത്ര സുഖകരമായിരുന്നില്ല. ആശാരിപ്പണിക്കാരനായിരുന്നു അച്ഛൻ മോഹൻ. ശാരീരിക അവശതകളുണ്ടായിരുന്നതിനാൽ അച്ഛനു സ്ഥിരമായി പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. അമ്മ വത്സമ്മ തടിമില്ലിൽ ജോലിക്കുപോയാണ് അനീഷിനെയും സഹോദരൻ അരുണിനെയും വളർത്തിയത്. വീട്ടിലെ കഷ്ടതകൾ കണ്ടറിഞ്ഞ അനീഷ് ‍ഏഴാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ മില്ലിൽ ജോലിക്കു പോയിത്തുടങ്ങി. 

എസ്‌എസ്‌എൽസിയും പ്ലസ്ടുവും ഫസ്റ്റ് ക്ലാസിൽ പാസായി. തുടർന്നു തടിമില്ലിലെ പണിയും പത്രവിതരണവും ചായക്കടയിലെ ചെറുജോലികളുമായി കാലം കടന്നുപോയി. അധ്വാനിച്ചു സ്വരൂപിച്ച പണംകൊണ്ട്‌ അനീഷ്‌ പോളിടെക്നിക്കിൽ ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് കോഴ്സിനു ചേർന്നു. നാലാം റാങ്കോടെ പാസായി. തുടർന്നാണ് ഐഎസ്ആർഒയിൽ ഇന്റർവ്യുവിനു ക്ഷണം കിട്ടുന്നത്. അനീഷിന്റെ ജീവിതത്തിലെ ഏറ്റവുംവലിയ പ്രതീക്ഷയായിരുന്നു അത്.

കാലം കരുതിവച്ച കൂടിക്കാഴ്ച

ഒരാഴ്ചയോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തി. കിടക്കയിൽ ചലനമില്ലാതെ കിടക്കുന്ന അനീഷിനെ തേടി പലരുമെത്തി. ആശ്വാസവാക്കുകൾ കേട്ടു മടുത്തു. അറ്റുപോയ കാലുംകയ്യും അവശേഷിപ്പിച്ച ശൂന്യത. യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ആദ്യമൊന്നും സാധിച്ചില്ല. ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുപാടു കരഞ്ഞു. വിധിയെ പഴിച്ചു. ജീവിക്കാൻ യാതൊരു മോഹവുമില്ലായിരുന്നു. പക്ഷേ, അമ്മയുടെ വാക്കുകൾ നെഞ്ചിലെ തീയായി ജീവിക്കാൻ പ്രേരിപ്പിച്ചു. ഇതിനിടയിലാണ് അയൽവാസിയുടെ സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി സെബാസ്റ്റ്യൻ ജോർജ് യാദൃച്ഛികമായി അനീഷിനെ തേടിയെത്തുന്നത്. കാലം കരുതിവച്ച കണ്ടുമുട്ടലെന്നാണ് അനീഷ് ആ നിമിഷത്തെ വിശേഷിപ്പിക്കുന്നത്. 

അന്നോളം വന്നു സംസാരിച്ചവരുടെ മുഖത്തെ പരിഗണനയോ സഹതാപമോ ആയിരുന്നില്ല അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞത്. ഇന്നലെ എന്നതുപോലെ അനീഷ് ആ ദിവസത്തെ ഓർത്തെടുക്കുകയാണ്. സ്ഥിരം പല്ലവിപോലെ വിധിയെ പഴിച്ച അനീഷിന്റെ മുഖത്തേക്കു കുറച്ചുനേരം ആ മനുഷ്യൻ നോക്കിനിന്നു. പിന്നെ പതിയെ കട്ടിലിനു സമീപം ഇരുന്നു. ഏറെനേരത്തെ നിശ്ശബ്ദതയെ മുറിച്ചുകൊണ്ടു മുഖത്തുനോക്കി അദ്ദേഹം ചോദിച്ചു:

‘‘ജനിച്ചപ്പോൾ നീ ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു?’’

ഒരുനിമിഷം അനീഷ് പതറിപ്പോയി.

‘‘എഴുന്നേൽക്കാൻ ശ്രമിച്ചേനെ’’ – പതുക്കെയാണു ‍മറുപടി നൽകിയത്.

‘‘നീ ജനിച്ചത് ഇങ്ങനെതന്നെയായിരുന്നു എന്നങ്ങു വിചാരിക്ക്. അപ്പോൾ എഴുന്നേൽക്കാൻ തോന്നും.’’

ഒരുതരത്തിൽ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീടൊന്നും പറയാതെ മുറിവിട്ടു പുറത്തേക്കുപോയി.

അന്നോളം ജീവിതത്തിൽ ഇല്ലാതിരുന്ന ഊർജം ആ മുറിയിൽ കുടഞ്ഞിട്ടിട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ആ വാക്കുകൾ നെയ്ത കരുത്തിൽ, ദുരന്തത്തിന്റെ ചാരത്തിൽനിന്ന് അനീഷ് ഉയിർത്തെഴുന്നേറ്റു. പിന്നെ പലപ്പോഴും സെബാസ്റ്റ്യൻ അനീഷിനെ കാണാനെത്തി. അപ്പോഴെല്ലാം കയ്യിൽ കുറേ പുസ്തകങ്ങളുമുണ്ടാകും. കുറേ വായിച്ചും കുറേ സംസാരിച്ചും അനീഷ് ജീവിതത്തോടു പൊരുത്തപ്പെട്ടു.

തോൽക്കാനില്ലെന്നുറപ്പിച്ചതോടെ ലോകം മുഴുവൻ അനീഷിനൊപ്പം നിന്നു. ദൈവം വിധിയെ വളച്ചൊടിച്ചു. അധികനാൾ വേണ്ടിവന്നില്ല, മൂന്നു മാസംകൊണ്ടു കൃത്രിമ കാലിൽ നടന്നുതുടങ്ങി. പിന്നെ ഒരു വാശിയായിരുന്നു തട്ടിവീഴ്ത്തിയ വിധിയെ പൊരുതിത്തോൽപിക്കാനുള്ള വാശി. അതുകൊണ്ടാണു ചോര പൊടിഞ്ഞിട്ടും കൃത്രിമ കാലുപയോഗിച്ചു കിലോമീറ്ററുകൾ നടന്നത്. പിന്നീടങ്ങോട്ട് അനീഷ്‌ താണ്ടിയ വഴികൾക്കു കാലം സാക്ഷിയാണ്. സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. പരാജയപ്പെടുമെന്നു പലരും പറഞ്ഞിട്ടും തോറ്റുകൊടുക്കാതെ മുന്നേറി.

ജോലി തേടിയുള്ള യാത്ര

അധ്വാനിച്ചു നേടിയ നാലാം റാങ്കിന്റെ സർട്ടിഫിക്കറ്റുകളുമായി പല ഓഫിസുകളും കയറിയിറങ്ങി. കാലും കയ്യുമില്ലാത്തവന് എങ്ങനെയാണ് എൻജിനീയറിങ് ജോലികൾ ചെയ്യാനാകുക? ഒരിടത്തുനിന്നും അനുഭാവപൂർണമായ ഒരു വാക്കുപോലും ഉണ്ടായില്ല. പക്ഷേ ജയിക്കാൻ തീരുമാനിച്ചവനെ കാലത്തിനും തോൽപിക്കാൻ ആകില്ലല്ലോ. വീണ്ടും പല ഓഫിസുകളും കയറിയിറങ്ങി.

ജോലി കിട്ടാതെ, എന്തുചെയ്യണമെന്നറിയാതെ അലയുന്ന ദിനങ്ങളിൽ വീണ്ടും ഉത്തരവുമായി സെബാസ്റ്റ്യൻ അനീഷിനെ തേടിയെത്തി. മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ സെയിൽസ്‌ എക്സിക്യൂട്ടീവ്‌ ആയി ജോലിയിൽ പ്രവേശിച്ചു.

പൊയ്ക്കാലും വലിച്ചു നിരത്തുകളിലൂടെ അലഞ്ഞു. അധ്വാനത്തിലൂടെ ഒരുവിധം ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങി. അപ്പോഴാണു മൾട്ടി ലെവൽ മാർക്കറ്റിങ് സർക്കാർ നിരോധിച്ചത്. പ്രതീക്ഷകൾക്കുമേലെ കാലം വീണ്ടും കരിനിഴൽ വിരിച്ചു. പക്ഷേ വിട്ടുകൊടുത്തില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നു സാധനങ്ങൾ വാങ്ങി കോട്ടയത്തെത്തിച്ചു വിൽപന തുടങ്ങി.

ജീവിതം വിപ്ലവമാക്കുന്നു

ജോലിത്തിരക്കേറിയ സമയത്താണു പഠിക്കാൻ മോഹം ഉദിച്ചത്. ഡ്രൈവിങ് പഠിപ്പിക്കുമോ എന്ന ആവശ്യവുമായി പല ഡ്രൈവിങ് സ്കൂളുകളുടെയും പടികൾ കയറിയിറങ്ങി. ആദ്യമായി കണ്ടുമുട്ടിയ ആശാൻ ചോദിച്ചതു ‘കയ്യും കാലുമില്ലാത്ത നീ വണ്ടിയോടിക്കുമ്പോൾ ഞാനെങ്ങനെ ഊരുറപ്പിച്ചു സൈഡിലിരിക്കുമെന്നാണ്’. സംശയം ന്യായമായിരുന്നെന്ന് അനീഷ് സമ്മതിച്ചു. പക്ഷേ തീരുമാനം മാറ്റാനാകില്ലല്ലോ, പലരോടും ചോദിച്ച് ഒരാൾ സമ്മതമറിയിച്ചു. തീവ്രമായ ആഗ്രഹമുണ്ടായിരുന്നതിനാൽ അധികകാലമെടുക്കാതെ പഠിച്ചു. പക്ഷേ ലൈസൻസ്‌ തരാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. നിവൃത്തിയില്ലാതെ ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം നടത്തി. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി, ഒടുക്കം ലൈസൻസ് സ്വന്തമാക്കി. സ്വന്തമായി വാങ്ങിയ കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് അനീഷ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഭിന്നശേഷിക്കാർക്കു സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേക പാർക്കിങ് അനുവദിക്കണമെന്ന ഉത്തരവിനു പിന്നിലും പ്രവർത്തിച്ചത് അനീഷാണ്.

അപകടം നടന്ന് ഒൻപതു വർഷത്തിനിടെ അനീഷിന് അഞ്ചുതവണ കാലും കയ്യും മാറ്റിവയ്ക്കേണ്ടതായി വന്നു. ഒന്നരലക്ഷം രൂപയാണു കാലിനു ചെലവുവരുന്നത്. കൈക്ക് 70,000 രൂപയും. സാധാരണ ഒരാൾക്കു ജീവിക്കാൻ ആവശ്യമായതിലും അധികമായിരിക്കും ഒരു ഭിന്നശേഷിക്കാരനു ജീവിക്കാൻ എന്നു പറയുന്ന അനീഷ് സഹതാപമല്ല സാഹചര്യമാണ് ഒരുക്കിനൽകേണ്ടതെന്നും കൂട്ടിച്ചേർക്കുന്നു. ഭിന്നശേഷിയുള്ള ആളുകൾക്കായി പരിശീലനം നടത്തുകയും, ഇപ്കായി (IPCAI) എന്ന സംഘടനയെ മുന്നിൽനിന്നു നയിക്കുകയും ചെയ്യുന്ന അനീഷ്‌ കേരളത്തിൽ മാത്രമല്ല, ഇന്നു വിദേശത്തും അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കർ കൂടിയാണ്. കേരള സാമൂഹികക്ഷേമ വകുപ്പിന്റെ 2014ലെ മികച്ച ഭിന്നശേഷി വിഭാഗം ജീവനക്കാരനുള്ള സംസ്ഥാന അവാർഡ് അനീഷിനായിരുന്നു.

Read more: Malayalam Lifestyle Magazine