Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണമുടക്കികളേ നിങ്ങൾ മുടക്കിയത് 110 ആലോചനങ്ങൾ, ആഘോഷിച്ചോളൂ പക്ഷേ, എന്റെ അമ്മയെ വേദനിപ്പിച്ചു വേണ്ട!!!

Subeesh അമ്മയ്ക്കൊപ്പം സുബീഷ്

രോഗികളായ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കൾ തീർച്ചയായും വായിച്ചിരിക്കണം കോഴിക്കോട്ടുകാരൻ സുബീഷിന്റെ കുറിപ്പ്. അമ്മയുടെ രോഗത്തിന്റെ പേരുപറഞ്ഞ് സുബീഷിനു വന്ന 110 വിവാഹാലോചനകളാണ് കല്ല്യാണം മുടക്കികൾ ഇല്ലാതാക്കിയത്. എങ്കിലും ചേർത്തുനിറുത്തി വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് പ്രവാസിയായ ചെറുപ്പക്കാരൻ. ഇരുത്തി ചിന്തിപ്പിക്കുന്നതാണ് സുബീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഇതു വായിക്കാതെ പോവരുതെ കുറച്ചു ദു:ഖത്തോടെയും അതിലുപരി അഭിമാനത്തോടെയും ആണ് ഞാൻ ഇതെഴുതുന്നത്........എന്റെ പേര് സുബീഷ് കോഴിക്കോട് എലത്തൂർ എന്ന സ്ഥലത്ത് താമസിക്കുന്നു കുവൈറ്റില്‍ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.

ഇത് ഞാനും അമ്മയും വെക്കേഷൻ കഴിഞ്ഞു പോവുന്ന ദിവസം ചുമ്മാതെ ഒന്ന് എടുത്ത സെൽഫി ആണ് (ഫോട്ടോ എഡിറ്റഡ് ആണ് കാരണം രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ട്) ഇനി എന്റെ കുടുംബത്തെ കുറിച്ച്, അച്ഛൻ 3 വർഷം മുമ്പ് ക്ാൻസർ ബാധിച്ചു മരിച്ചു. പിന്നെ ഉള്ളത് 2 മൂത്ത ഏട്ടൻമാരും അവരുടെ ഭാര്യമാരും രണ്ട് പേർക്കും ഈരണ്ട് മക്കളും അടങ്ങിയതാണ് എന്റെ കുടുംബം. 

ഇനി എന്റെ അമ്മയെ കുറിച്ചു പറയാം..... 16 വർഷം മുമ്പ് അമ്മയുടെ വലതു കാലിനു ബാധിച്ച ഒരു രോഗമായിരുന്നു ''മന്ത് ''എന്നത് ഒരുപാട് ചികിൽസിച്ചു ഇപ്പോഴും ചികിൽസിക്കുന്നു പക്ഷേ ഒരു മാറ്റവും ഇല്ല. ഡോക്ടർ മാർ പറയുന്നത് ഈ രോഗം മാറത്തില്ലാ എന്നാണ്. രോഗം ഇതാണെന്ന് അറിഞ്ഞിട്ടും ഒരു മകൾ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം അമ്മയെ പോലെ ആണ് എല്ലാ കാര്യങ്ങളും ഏട്ടത്തിയമ്മമാർ നോക്കുന്നത്.

ഇനി ഞാൻ എന്നെ പറ്റി പറയാം 31 വയസ്സായ അവിവാഹിതനായ ഞാൻ ഏഴാം (7) വർഷ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ വെക്കേഷൻ വരുമ്പോഴും ഒരുപാട് പ്രതീക്ഷയോടെ പെണ്ണ് കാണൽ ചടങ്ങിനു പോവാറുണ്ട്. ഹിന്ദു ആചാര പ്രകാരമുള്ള ജാതകം ( നശിച്ചത്) നോക്കി ശരിയാവുന്ന ആലോചനകൾ എന്റെ വീട്ടുകാർ പെൺ വീട്ടുക്കാർക്ക് വിവരം കൊടുത്ത് അവരുടെ കുടുംബം ചെക്കൻ എങ്ങനയാ കുടുംബം എങ്ങനയാ എന്നൊക്കെ അറിയാൻ വേണ്ടി അന്വേഷണത്തിന് വരുക എന്നത് പതിവാണ്. അങ്ങനെ ഞങ്ങളുടെ നാട്ടിൽ വരുക ആണെങ്കിൽ നാട്ടിൽ ഉള്ള ചില കല്യാണ മുടക്കികൾക്ക് ( നാറികൾക്ക് ) പറയുവാൻ ആകെ ഉള്ള ഒരു കാരണം ആണ് എന്റെ അമ്മയുടെ കാലിന്റെ ''മന്ത്'' എന്ന രോഗം. അങ്ങനെ കുറെ ആലോചനകൾ മുടങ്ങി. പെണ്ണ് കാണൽ എന്നത് ഒരു മടി ആയി മാറി. ഏകദേശം 110 പെണ്ണിനെ ഞാൻ പോയി കണ്ടിട്ടുണ്ടാവും (12 വർഷം മുമ്പ് എന്റെ ഏട്ടൻമാരുടെ കല്യാണം നടക്കുന്ന സമയത്ത് നാട്ടിലെ ചിലർ ഇതും പറഞ്ഞ് ചെന്നിരുന്നു. എന്നാൽ അവർക്ക് ഇതിന്റെ സത്യാവസ്ഥ അറിയാമായിരുന്നു )

ഇനി ഞാനൊന്നു പറയട്ടെ വിവാഹം കഴിഞ്ഞില്ലാ എന്നത് അല്ല എന്റെ ടെൻഷൻ കുടുംബക്കാരുടെ നിർബന്ധത്തിൽ പോയി കാണുന്ന ആലോചനകൾ (അമ്മയുടെ രോഗം കാരണം ആണ്) മുടങ്ങുന്നത് അമ്മക്ക് ഉണ്ടാകുന്ന സങ്കടം ആലോചിക്കുമ്പോൾ ആണ് എനിക്ക് ഒരു സമാധാനവും ഇല്ലാത്തത്. അമ്മയെ മാറ്റി നിർത്തി എനിക്കെരു കല്യാണം വേണ്ടതാനും. എല്ലാവരെ പോലെയും എന്റെ അമ്മ എനിക്ക് ജീവനാണ്. ഒരു രോഗം പിടിപ്പെട്ട് എന്ന് കരുതി മാറ്റി നിർത്താൻ മാത്രം ദുഷ്ടൻ അല്ല ഞാൻ. ഇതെല്ലാം അറിഞ്ഞു എന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു പെണ്ണിനു വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്. മനുഷ്യത്വമുള്ള ഏതൊരു കുടുംബത്തിൽ നിന്നും അതിന് ജാതിയോ മതമോ പണമോ എന്ന വ്യത്യാസം ഇല്ലാതെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

ഈ രോഗം എന്നത് ആർക്കും എപ്പോഴും വരാവുന്നതാണ് ഒരു രോഗി ആയാൽ ഉള്ള അവസ്ഥ ഈ കല്യാണ മുടക്കികൾക്ക് അറിയില്ലല്ലോ....

കല്യാണ മുടക്കികളെ നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത് വരെ മുടക്ക്.. 

എനിക്കു ജീവൻ ഉള്ള കാലം വരെ എന്റെ അമ്മ കൂടെ തന്നെ ഉണ്ടാവും...

എനിക്കൊരു പ്രാർത്ഥനയേ ഉള്ളൂ ഇതു പോലെ രോഗം ആർക്കും വരാതിരിക്കട്ടെ.. 

എന്ന് 

സുബീഷ്

Read more: Malayalam Lifestyle Magazine