Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നയാൾ മാധുരിയുമായുള്ള വിവാഹത്തിനു സമ്മതം പറഞ്ഞിരുന്നെങ്കിലോ?

Madhuri Dixit മാധുരി ദീക്ഷിത്

ആ കണ്ണുകളും മനോഹരമായ പുഞ്ചിരിയും ചുരുണ്ട മുടിയുമൊക്കെ ഒരുകാലത്തെ യുവാക്കളുടെ ഹരമായിരുന്നു. പറഞ്ഞു വരുന്നത് േബാളിവു‍ഡിലെ ഒരുകാലത്തെ നായികാവസന്തമായിരുന്ന മാധുരി ദീക്ഷിതിനെക്കുറിച്ചാണ്. ഇപ്പോഴും മാധുരിയുടെ ന‍ൃത്തച്ചുവടുകളെ പകരം വെക്കുന്ന നായികമാര്‍ കുറവാണെന്നാണ് പലരുടെയും ഭാഷ്യം. എന്തൊക്കെയായാലും താരറാണിയായി വിരാജിച്ചിരുന്ന മാധുരി ഒരു പ്രശസ്ത ഗായകനാൽ പണ്ട് തിരസ്കരിക്കപ്പെട്ടതായിരുന്നുവത്രേ. 

അതൊന്നുകൊണ്ടു മാത്രമാണ് മാധുരി പിന്നീടു ബോളിവു‍‍ഡിൽ വെന്നിക്കൊടി പാറിച്ചതെന്ന് മറ്റൊരു സത്യവും. ആദ്യചിത്രം ബോക്സോഫീസിൽ അത്ര ഹിറ്റായിരുന്നില്ലെങ്കിലും മാധുരിയുടെ സിനിമാ ജീവിതത്തിൽ പിന്നെ വച്ചടി കയറ്റമായിരുന്നു. കുടുംബത്തിലാര്‍ക്കും സിനിമാ മേഖലയിൽ ബന്ധമില്ലാതിരുന്നിട്ടും ഹിന്ദി സിനിമാ ലോകത്തെ താരസ്ഥാനം മാധുരി സ്വയം കെട്ടിപ്പടുത്തതാണ്. പലരുടെയും ഉള്ളിന്റെയുള്ളിലെ പ്രേമഭാജനമായിരുന്ന മാധുരി പക്ഷേ ഒരു പ്രശസ്ത ഗായകനാല്‍‍ തിരസ്കരിക്കപ്പെട്ടിരുന്നതാണെന്ന കാര്യം പലർക്കും അത്ര പരിചിതമല്ലാത്തതാണ്. ഗായകൻ സുരേഷ് വാട്കർ ആണ് ഈ സുന്ദരിയെ വേണ്ടെന്നു പറഞ്ഞത്. 

madhuri-1 മകള്‍ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ അവർക്കു താൽപര്യം അവൾ വിവാഹിതയായി കുടുംബ ജീവിതവുമായി കഴിയുന്നതിനോടായിരുന്നു...

മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നു വന്ന പെൺകുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവൾ സിനിമയിൽ അഭിനയിക്കുന്നതിനോട് വീട്ടുകാർക്കു വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛൻ മകൾക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ അവർക്കു താൽപര്യം അവൾ വിവാഹിതയായി കുടുംബ ജീവിതവുമായി കഴിയുന്നതിനോടായിരുന്നു. 

ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മാധുരിയുടെ അച്ഛൻ ഗായകൻ സുരേഷ് വാട്കറെ മകൾക്കായി ആലോചിക്കുന്നത്. സംഗീതലോകത്ത് തുടക്കക്കാരനായിരുന്നു അന്നു സുരേഷ്. കഥയിലെ ട്വിസ്റ്റ് എന്തെന്നാൽ മാധുരിയേക്കാൾ പന്ത്രണ്ടു വയസ്സു മൂത്ത സുരേഷിന് ആ കല്ല്യാണാലോചനയോടു താൽപര്യമുണ്ടായിരുന്നില്ല. അതിനായി അദ്ദേഹം കണ്ടെത്തിയ കാര്യമോ മാധുരി തീരെ മെലിഞ്ഞിട്ടാണ് എന്നതായിരുന്നു. 

madhuri-2 മാധുരി ദീക്ഷിതി കുടുംബത്തിനൊപ്പം

അതു മാധുരിയുടെ അച്ഛനെ നിരാശപ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ട് മാധുരിയുടെ കാലമായിരുന്നു ബോളിവുഡിൽ. തുടരെത്തുടരെയുള്ള വിജയങ്ങളോടെ ബോളിവുഡിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കുക തന്നെ ചെയ്തു മാധുരി. അന്ന് ആ ഗായകനെ വിവാഹം കഴിച്ചിരുന്നുവെങ്കിൽ സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത് ഒരഭിനയ പ്രതിഭയെ കൂടിയായിരുന്നു. ശേഷം 1999ലാണ് സർജനായ ശ്രീറാം മാധവ് നെനെയെ മാധുരി വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആരിൻ, റയാൻ എന്നീ രണ്ടു മക്കളുമുണ്ട്.  

Read more: Malayalam Lifestyle Magazine