Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മൂമ്മയ്ക്കും ചെറുമകൾക്കും ഇടയിൽ അൽഷിമേഴ്‌സ് മാറി നിന്ന ആ നിമിഷം !

Britney Grandmother സ്വതന്ത്രവും ഏറെ ഊർജസ്വലയുമായ അമ്മൂമ്മ, തന്റെ മുന്നിൽ ഇങ്ങനെ നിർജീവമായി ഇരിക്കുന്നത് ബ്രിട്ട്നിക്കു സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു...

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഏതാണ് എന്ന ചോദ്യത്തിനു മുന്നിൽ എല്ലാവര്‍ക്കും ആവേശത്തോടെ പറയാൻ ഓരോ നിമിഷങ്ങൾ ഉണ്ടാകും. അമ്മയുടെയും അച്ഛന്റെയും കൂടെ ജീവിച്ച നിമിഷങ്ങൾ, അമ്മൂമ്മ പങ്കു വച്ച സ്നേഹം, മുത്തശ്ശൻ തന്ന വാത്സല്യം അങ്ങനെ പലതും. ഇത്തരത്തിൽ ബ്രിട്ടനി ഹാൽസ്‌ഗേറ്റ് എന്ന യുവതിക്കും പങ്കുവയ്ക്കുവാൻ ഒരു കഥയുണ്ട്. തന്റെ പ്രിയപ്പെട്ട അമൂമ്മ തന്ന സ്നേഹത്തിന്റെ, അൽഷിമേഴ്‌സിന്റെ മൂർദ്ധന്യത്തിൽ പോലും ഒരു നിമിഷത്തേക്കു തന്നെ തിരിച്ചറിഞ്ഞതിന്റെ കഥ. ഈ കഥ ആരുടേയും കണ്ണുകൾ നിറയ്ക്കും. 

ലവ് വാട്ട് മാറ്റേഴ്സ് എന്ന് പറയുന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് യുകെ സ്വദേശിനിയായ ബ്രിട്ട്നി തന്റെയും അമൂമ്മയുടെയും കഥ പങ്കുവച്ചിരിക്കുന്നത്. 90  വയസ്സുള്ള ബ്രിട്ട്നിയുടെ അമ്മൂമ്മയ്ക്ക് അൽഷിമേഴ്‌സ് ആണ്. അമ്മയും ബ്രിട്ട്നിയും ചേർന്ന് അമ്മൂമ്മയെ 90ാം പിറന്നാൾ ദിനത്തിൽ കാണാൻ പോകുമ്പോൾ അമ്മൂമ്മ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും, അപ്പൂപ്പൻതാ‌ടി പോലെ പതു പതുത്ത ആ കവിളുകളിൽ പിടിച്ച് ബ്രിട്ടനി തന്റെ വിശേഷങ്ങൾ പങ്കു വച്ചു.

ബ്രിട്ട്നിയുടെ വാക്കുകൾ മനസിലായിട്ടോ ഇല്ലാഞ്ഞിട്ടോ എന്നുറപ്പില്ലാതെ അവളുടെ അമ്മൂമ്മ തലയാട്ടി. സ്വതന്ത്രവും ഏറെ ഊർജസ്വലയുമായ അമ്മൂമ്മ, തന്റെ മുന്നിൽ ഇങ്ങനെ നിർജീവമായി ഇരിക്കുന്നത് ബ്രിട്ട്നിക്കു സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോൾ അതുവരെ ബ്രിട്ട്നി പറഞ്ഞതിന് മറുപടി എന്ന പോലെ അമ്മൂമ്മസംസാരിക്കാൻ തുടങ്ങി. ബ്രിട്ട്നിയെയും അമ്മയെയും വളർത്തിയ കഥയും, മുത്തശ്ശനു ഭക്ഷണം പാക്ക് ചെയ്തു നൽകിയ കഥയും മുത്തശ്ശന്റെ ജോലിയെ പറ്റിയും ഒക്കെ അമ്മൂമ്മ സംസാരിച്ചു. ഇതിൽ വാസ്തവ വിരുദ്ധമായ പലകാര്യങ്ങളും ഉണ്ടായിരുന്നു എങ്കിലും അമൂമ്മ സംസാരിച്ചു എന്നതാണ് കാര്യം .

സന്തോഷം കൊണ്ട് നിറഞ്ഞ ബ്രിട്ട്നിയുടെ തല തന്റെ നെറ്റിയോട് ചേർത്തു വച്ച് അമ്മൂമ്മ ചോദിച്ചു, എന്റെ കണ്ണുകളുടെ നിറമെന്താണ്, അവൾ  പറഞ്ഞു പച്ച, നിന്റെ പോലെയാണോ അമ്മൂമ്മ ചോദിച്ചു. അല്ല എന്റേത് നീലയാണ്.. അമ്മൂമ്മയുടെയും കൊച്ചുമകളുടെയും സ്നേഹത്തിന്റെ ആധിക്യത്തിൽ അൽഷിമേഴ്‌സ് മാറി നിന്ന ഏതാനും നിമിഷങ്ങൾക്കാണ് അവർ സാക്ഷ്യം വഹിച്ചത്. ഉടൻ തന്നെ അൽഷിമേഴ്‌സ് എന്ന ഓർമകളുടെ ശ്മാശാനത്തിലേക്ക് അമ്മൂമ്മയുടെ ചിന്തകൾ മടങ്ങി എങ്കിലും തന്റെ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരു നിമിഷമായിരുന്നു അതെന്നു ബ്രിട്ട്നി പറയുന്നു .

എത്ര വലിയ രോഗത്തെയും ലജ്ജിപ്പിക്കുന്ന ഒന്നാണ് അമ്മൂമ്മയും താനും പങ്കിട്ട സ്നേഹമെന്നും ബ്രിട്ട്നി പറയുന്നു. കേട്ടവർക്കെല്ലാം ഈ കഥ അത്ഭുതത്തോടെയല്ലാതെ വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം . ഇപ്പോൾ ബ്രിട്ട്നിയും അമ്മൂമ്മയും ആരാധകരുടെ സ്നേഹാദരത്താൽ പൊതിയപ്പെടുകയാണ്. ഇങ്ങനയായിരിക്കണം അമ്മൂമ്മയും കൊച്ചുമകളും തമ്മിലെ സ്നേഹം എന്നു കേട്ടവർ പറയുന്നു.

Readmore: Malayalam Lifestyle Magazine