Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ 4ാം സ്റ്റേജിൽ, രക്ഷപ്പെടാനുള്ള സാധ്യത പൂജ്യം, പിന്നെങ്ങനെ രോഷ്നി മരണത്തെ തോൽപ്പിച്ചു!!

Roshni Kumar രോഷ്നി, ചിത്രം: ഫേസ്ബുക്

കാൻസർ എന്നു കേൾക്കുമ്പോൾ തന്നെ ജീവിതം പാഴായിപ്പോയെന്നു കരുതുന്നവരുണ്ട്, നിരാശയിൽ ആഴാതെ ചികിൽസയെ വിശ്വസിച്ച് ആരോഗ്യപൂർണമായ ജീവിതത്തിലൂടെ നീങ്ങിയാൽ മിക്ക കാൻസറിനെയും തുരത്താവുന്നതാണെന്ന് ഡോക്ടർമാർ പോലും സാക്ഷ്യപ്പെ‌ടുത്തുന്നുണ്ട്. സത്യത്തിൽ മനസ്സിന്റെ ധീരതയും ചിട്ടയായ ജീവിതശൈലിയും മരുന്നുകളുമൊക്കെ കാൻസർ എന്നല്ല ഏതൊരു രോഗത്തെയും മറികടക്കാൻ സഹായിക്കുന്നതാണ്. രോഷ്നി കുമാർ എന്ന യുവതിയുടെ ജീവിതയും വ്യക്തമാക്കുന്നത് അതാണ്. 

ഒറ്റനോട്ടത്തിൽ രോഷ്നിയെ കണ്ടാൽ ഒരു കിടിലൻ മോഡൽ ആണെന്നേ തോന്നൂ, കാൻസർ തളർത്തിയതിന്റെ പാടുകളൊന്നും ഊർജസ്വലമായ ആ മുഖത്ത് അവശേഷിക്കുന്നില്ല. എന്നെ ഇല്ലാതാക്കാൻ ഒരു കാൻസറിനും കഴിയില്ലെന്ന ചിന്തയാണ് രോഷ്നിക്കു തുണയായത്. നാലാംഘട്ടത്തിൽ കണ്ടുപിടിച്ച അർബുദത്തിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത ഒരുശതമാനം പോലുമില്ലായിരുന്ന അവസ്ഥയിൽ നിന്നാണ് രോഷ്നി ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റത്. ഇന്ന് ഫോട്ടോഗ്രാഫിയിലൂടെ തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കി ജീവിതം ആസ്വദിക്കുകയാണ് രോഷ്നി. 

രോഷ്നിയുടെ വാക്കുകളിലേക്ക്...

''വളരുംതോറും ഞാൻ വണ്ണം കൂടുകയായിരുന്നു, 65 കിലോ ഒക്കെയെത്തിയിരുന്ന സമയത്ത് സുഹൃത്തുക്കൾ എന്നെ ബിഗ്ഷോ എന്ന റെസ്‌ലറുടെ പേരു വിളിച്ചാണ് കളിയാക്കിയിരുന്നത്. ഞാനതിനെ വെറുത്തിരുന്നു, വണ്ണം കുറയ്ക്കാൻ എനിക്കു തന്നെ ദോഷം വരുത്തി വച്ചേക്കാവുന്ന പല വഴികളും ഞാൻ ശ്രമിച്ചുനോക്കി. ഞാൻ അസന്തുഷ്ടയും അരക്ഷിതയുമായിരുന്നു, മൂന്നുമാസത്തോളമൊക്കെ പട്ടിണി കിടന്നിട്ടുണ്ട്. ഇതെല്ലാം എന്റെ ശരീരത്തെ കാര്യമായി ബാധിച്ചു, പതിനാലാം വയസ്സായപ്പോൾ എനിക്ക് ഇടയ്ക്കിടെ അസുഖങ്ങൾ വരാൻ തുടങ്ങിയിരുന്നു.

പല ഡോക്ടർമാരെയും കണ്ടു. ഓരോ തവണയും പല അസുഖങ്ങള്‍ കണ്ടെത്തുകയും പുതിയ മരുന്നുകൾ കഴിക്കുകയുമൊക്കെ ചെയ്തുവെങ്കിലും ആരോഗ്യം മാത്രം മെച്ചപ്പെട്ടില്ല. ആ ദിവസം ഞാൻ ഇന്നും ഒർക്കുന്നുണ്ട്, ഞാനും മുത്തശ്ശിയും ആശുപത്രി മുറിയിൽ കാത്തിരിക്കുകയായിരുന്നു, അപ്പോഴാണ് അമ്മയും അച്ഛനും വിളറിയ മുഖവുമായി വരുന്നത്, അവർക്കൊപ്പം വന്ന േഡാക്ടർ ഇതാണു പറഞ്ഞത് '' നിനക്കു കാൻസർ ആണ്, ഇതു വേദനാജനകമായിരിക്കും, പക്ഷേ നിന്റെ ജീവിതം രക്ഷിക്കാൻ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാൻ ചെയ്യും''.

roshni ടാറ്റൂവും പിയേഴ്സിങുമൊക്കെ ചെയ്തത് വെറും ബാലിശമായ വിപ്ലവങ്ങളുടെ ഭാഗമായല്ല, അവയെല്ലാം എന്നെ പലരീതിയിൽ പ്രതിനിധീകരിക്കുന്നുണ്ട്... ചിത്രം: ഫേസ്ബുക്

ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു, അന്നുതൊട്ട് കീമോയുടെ ആറുഘട്ടങ്ങളിലൂ‌ടെ ഞാൻ കടന്നുപോയി. എന്റെ മരുന്നുകളെല്ലാം വളരെ കഠിനമായവയായിരുന്നു, ഞാൻ വിഷമിക്കുന്നതിനൊപ്പം എന്റെ വീട്ടുകാരും ഏറെ വിഷമിച്ചു. പക്ഷേ ഒരുവർഷം കഴിഞ്ഞതോ‌ടെ ഞാൻ വിജയിയായാണു തിരിച്ചു വന്നത്. ഞാൻ കാൻസറിന്റെ നാലാംഘ‌ട്ടത്തിലായിരുന്നുവെന്ന് ഡോക്ടർ അന്നു പറഞ്ഞു, രക്ഷപ്പെടാനുള്ള സാധ്യത വെറും പൂജ്യം ശതമായിരുന്നുവത്രേ. 

കണ്ണാടിയിൽ എല്ലും തോലും മാത്രമായൊരു രൂപമാണ് എന്നില്‍ കാണാൻ കഴിഞ്ഞത്, കാൻസർ പോയെങ്കിലും മുടിയില്ലാത്ത എന്റെ തലയെയും പുരികക്കൊടികളെയും കൺപീലിയെയുമൊക്കെ കളിയാക്കിയവരുണ്ട്. അതെന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമമേറിയ ഘട്ടമായിരുന്നു. സ്കൂളിൽ ഒറ്റപ്പെ‌ടാതിരിക്കാൻ ഞാൻ വിഗ് വച്ചാണു പോയിരുന്നത്, പഴയ ജീവിതത്തിലേക്കു തിരിച്ചുവരാൻ ഒരുപാടു കഷ്ടപ്പെട്ടു. പക്ഷേ പതിയെയാണ് ഞാൻ മനസിലാക്കിയത് ഞാൻ എന്നെ സ്നേഹിക്കുന്നില്ലെന്ന കാര്യം. എത്രനാൾ എനിക്കിങ്ങനെ ഒളിച്ചു ജീവിക്കാൻ കഴിയും? നിസ്സാര കാര്യങ്ങൾക്കു വേണ്ടി ഞാൻ എന്നെത്തന്നെ തോൽപിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അങ്ങനെ ഞാൻ മനസ്സിലാക്കി, ഞാൻ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടെന്നതിൽ എന്തുകൊണ്ട് ആനന്ദിച്ചുകൂടാ.  തൊട്ടടുത്ത ദിവസം മുതൽ വിഗ് ഇല്ലാതെയാണ് ഞാൻ സ്കൂളിലേക്കു പോയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ, ഞാൻ ആയിത്തന്നെ ഇരിക്കുമെന്ന് എനിക്ക് ഉറപ്പും നൽകി. കാൻസർ വന്നെങ്കിലും അന്നുതൊട്ട് എനിക്ക് അതുവരെയില്ലാത്ത ഒരു വികാരം വന്നു, എന്നോടു തന്നെയുള്ള സ്നേഹമായിരുന്നു അത്. 

പിന്നീടുള്ള ഓരോ കാലടികളും എന്റെ ഹൃദയത്തിനൊപ്പമായിരുന്നു. ഫോട്ടോഗ്രാഫി പഠിക്കുകയും കാന്‍‌സറിനെതിരെ പോരാടിയ ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് തയ്യാറാക്കുകയും ചെയ്തു. ഇവയൊക്കെ ഉയർത്തുന്നത് ഒരൊറ്റ സന്ദേശമാണ്, നിങ്ങൾക്ക് ഒരു ജീവിതം മാത്രമേയുള്ളു, അതിനാൽ നിങ്ങൾക്കു ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിക്കണം എന്നതുകൊണ്ടു മാത്രം നിങ്ങൾ നിങ്ങളല്ലാതായി ഇരിക്കരുത്, അങ്ങനെ ജീവിതത്തെ പാഴാക്കരുത്. 

നിങ്ങൾക്ക് ഇഷ്ടമുള്ളതു പോലെ ജീവിതത്തെ ജീവിച്ചു തീർക്കുക, എന്റെ എല്ലാ ദിവസങ്ങളും ഇപ്പോൾ അങ്ങനെയാണ്. ടാറ്റൂവും പിയേഴ്സിങുമൊക്കെ ചെയ്തത് വെറും ബാലിശമായ വിപ്ലവങ്ങളുടെ ഭാഗമായല്ല, അവയെല്ലാം എന്നെ പലരീതിയിൽ പ്രതിനിധീകരിക്കുന്നുണ്ട്. ഞാൻ എക്കാലവും ഇത്തരത്തിൽ നടക്കുവാനാണ് ആഗ്രഹിച്ചിരുന്നത്, കല അതെന്നെ വളരെ സന്തുഷ്ടയാക്കുന്നുണ്ട്. പിന്നെന്തിനു മറ്റുള്ളവര്‍ അതിനെക്കുറിച്ചു വ്യാകുലപ്പെടണം.''

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam