Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം' ഒറ്റ ചിരി കൊണ്ട് ഹീറോ ആയ സഞ്ജയ് കുമാർ പറയുന്നു

Andhra Pradesh Police താൻ രക്ഷപ്പെ‌ടുത്തിയ കുഞ്ഞിനൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍ സഞ്ജയ് കുമാര്‍

പല്ലില്ലാത്ത േമാണകാട്ടി നിഷ്കളങ്കമായൊരു ചിരി സമ്മാനിക്കുകയാണ് ആ കുഞ്ഞ് തന്റെ രക്ഷകന്.. സമൂഹമാധ്യമത്തിൽ വൈറലായ ഈ ചിത്രം കാഴ്ചക്കാരുടെ ഹൃദയത്തെ അത്രമേൽ സ്പർശിച്ചിരുന്നു. നല്ലൊരു നിമിഷത്തെ ഒപ്പിയെടുക്കാനുള്ള കഴിവാണ് ഒരു ഫോട്ടോഗ്രാഫറുടെ മികവെങ്കിൽ ഈ ചിത്രത്തിന്‍റെ ഉടമ ആ അഭിനന്ദനം അര്‍ഹിക്കുന്നു, അത്രയ്ക്ക് ഹൃദ്യമാണ് ആ കാഴ്ച. 

ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ആ ചിത്രത്തിലേക്കു നയിച്ച സംഭവം നടന്നത്. റോഡുവക്കില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടുപേര്‍ തട്ടിക്കൊണ്ടു പോകുന്നു. തെലങ്കാനയിലെ നമ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ സഞ്ജയ് കുമാറും സംഘവും നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിന്റെ ഫലമായി മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ തിരികെ ലഭിച്ചു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ അമ്മയ്ക്കു കൈമാറുമ്പോള്‍ അവന്‍ തന്‍റെ രക്ഷകനെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ച നിമിഷം ഏതോ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെടുത്തു. 

police-2 ഞാന്‍ കുഞ്ഞിനെ അമ്മയ്ക്കു കൈമാറുന്ന സമയത്ത് അവന്‍ എന്നെ നോക്കി ചിരിച്ചു. നൂറു കണക്കിനു പേര്‍ ആ സമയത്ത് അവന്‍റെ ചിരിയില്‍ പങ്കു ചേര്‍ന്നതോടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായി അത്...

ഹൈദരാബാദ് അഡീഷണൽ കമ്മീഷണർ സ്വാതി ലാക്റ ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്ത ആ ചിത്രം ഒറ്റ ദിവസം കൊണ്ടു സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയായിരുന്നു. കുരുന്നിന്റെ രക്ഷകനും സമൂഹമാധ്യമത്തിന്റെ ഹീറോയും ആയ പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍ സഞ്ജയ് കുമാര്‍ സംഭവത്തിന്‍റെ വിശദാംശങ്ങളും സന്തോഷവുമെല്ലാം മനോരമ ഓണ്‍ലൈനുമായി പങ്കു വെക്കുന്നു...

എങ്ങനെയായിരുന്നു സംഭവം?

പുലര്‍ച്ചെയാണ് സംഭവം, അമ്മയോടൊപ്പം വഴിയരികില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. ഒരുമണിക്കൂറോളം കാത്തിരുന്ന്  അവസരമൊത്തപ്പോള്‍ കുഞ്ഞിനേയും കൊണ്ടു കടന്നുകളഞ്ഞതാണ്. മുന്‍പൊരിക്കല്‍ ദത്തെടുക്കാന്‍ കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടിരുന്ന മറ്റൊരാള്‍ക്കു വേണ്ടിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍ മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ കുഞ്ഞിനെ സ്വീകരിക്കില്ല എന്ന് അയാള്‍ പറഞ്ഞതോടെ ഇവര്‍ വേറെ വഴിയില്ലാതെ തിരികെ പോരുകയായിരുന്നു. വഴിയരികില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ ദൃശ്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നുു, അതുവച്ച് പെട്ടെന്നുതന്നെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിരി?

ഞാനും കണ്ടു, ഞാന്‍ കുഞ്ഞിനെ അമ്മയ്ക്കു കൈമാറുന്ന സമയത്ത് അവന്‍ എന്നെ നോക്കി ചിരിച്ചു. നൂറു കണക്കിനു പേര്‍ ആ  സമയത്ത്  അവന്‍റെ ചിരിയില്‍ പങ്കു ചേര്‍ന്നതോടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായി അത്. സബ്‌ ഇന്‍സ്പെക്ടര്‍മാരും അവിടെ കൂടിയിരുന്ന മീഡിയ ടീമും ആളുകളും എല്ലാവരും അവന്‍റെ ചിരിയുടെ കൂടെ ചേര്‍ന്നു. അത്രയ്ക്കു നിഷ്കളങ്കമായിരുന്നു ആ നിമിഷം!

police-3 ഫോട്ടോ വൈറല്‍ ആയതുകൊണ്ട് ഈ സംഭവത്തിന് പോപ്പുലാരിറ്റി കിട്ടി. പക്ഷെ ഇത്തരം സംഭവങ്ങള്‍ തെലങ്കാന പൊലീസിനു പുതിയ കാര്യമൊന്നുമല്ല...

ഇതുവരെയുള്ള സര്‍വ്വീസിലെ ഗോള്‍ഡന്‍ മൊമന്റ്?

സത്യമാണ്, അതിന് ആ കുഞ്ഞില്ലേ, അവനോടാണ് നന്ദിയുള്ളത്. അവന്‍ എന്നെ ഫേമസ് ആക്കി.” ഹിസ്‌ സ്മൈല്‍ മെയ്ഡ് മി പോപ്പുലര്‍ ആക്ച്വലി.” പുതിയ ഒരു ഫ്രണ്ടിനെ കൂടെ കിട്ടിയെന്നു പറയാം!. ഇരുപത്തിരണ്ടു വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ്. ഒരുവയസ്സുള്ള  രാഹുല്‍ എന്നൊരു കുഞ്ഞിനെ കാണാതായി. അത് റാന്‍സം കേസായിരുന്നു, പണത്തിനുവേണ്ടി തട്ടിക്കൊണ്ടു പോയതാണെന്നു മനസ്സിലായി. ഊര്‍ജ്ജിതമായ അന്വേഷണത്തിനു ശേഷം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും അവന്‍റെ എല്ലാ പിറന്നാളിനും അവര്‍ എന്നെ വിളിയ്ക്കും, അനുഗ്രഹം തേടും. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്താന്‍ ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട് എന്നുതന്നെ പറയാം.

ഇത്തരം സംഭവങ്ങള്‍ പബ്ലിക്കിന് പൊലീസിനോടുള്ള ഭയാശങ്കകള്‍ മാറ്റാന്‍ സഹായിയ്ക്കും?

ഫോട്ടോ വൈറല്‍ ആയതുകൊണ്ട് ഈ സംഭവത്തിന് പോപ്പുലാരിറ്റി കിട്ടി. പക്ഷെ ഇത്തരം സംഭവങ്ങള്‍ തെലങ്കാന പൊലീസിനു പുതിയ കാര്യമൊന്നുമല്ല. കുറച്ച് കാലമായി പൊലീസില്‍ പല നല്ല മാറ്റങ്ങളും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ സ്മൈലിന്റെ ഭാഗമായി ആയിരക്കണക്കിനു കുട്ടികളെ കണ്ടെത്തി തിരികെ വീടുകളില്‍ എത്തിക്കാൻ സാധിച്ചു. പുതിയ പോളിസി അനുസരിച്ച്  പോലീസ് വളരെ ലവബിള്‍ ആന്‍ഡ്‌ ഫ്രണ്ട്‌ലി പൊലീസാവുകയാണ്. ആന്ധ്രയിലെ തന്നെ ഏറ്റവും പീപ്പിള്‍ ഫ്രണ്ട്‌ലിയായ പൊലീസ് ടീമാണ് ഞങ്ങളുടേത്.

കുടുംബം?

ഫാമിലി വളരെ സന്തോഷത്തിലാണ്, മകള്‍ യു എസിലാണ്. അവള്‍ അവിടെ നിന്നു വിളിച്ചപ്പോൾ പറഞ്ഞിരുന്നു, അച്ഛന്റെ ഫോട്ടോ ട്വിറ്ററില്‍  ട്രെന്‍ഡിങ്ങാണ് എന്ന്. അവളാണ് ഫോട്ടോ അയച്ച് തന്നത്. അതൊക്കെ ഒരു സന്തോഷം!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam