Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17ാം വയസ്സിൽ വെടിയുതിര്‍ത്തു മുഖം വികൃതമാക്കിയവളെ 21 വർഷത്തിനിപ്പുറം കണ്ടപ്പോള്‍ !!

Shawn ഷോണ വെടിയേൽക്കുന്നതിനു മുമ്പും ഇപ്പോഴും

പതിനേഴുകാരിയായ ഷോണ ഹണ്ടർ എന്നത്തെയും പോലെ ജോലിക്കായി പലചരക്കു കടയിൽ എത്തിയതായിരുന്നു അന്ന്. ആ സമയത്താണ് രണ്ടു ടീനേജ് പെൺകുട്ടികൾ ആ സൂപ്പർ മാർക്കറ്റിലേക്ക് അതിക്രമിച്ചു കയറിവന്നത്. എ​ന്താണു സംഭവിക്കുന്നതെന്ന് അറിയാതെ സ്തബ്ധയായി നിൽക്കുകയായിരുന്നു ഷോണ, തന്റെ ജീവിതം ഈ നിമിഷം മാറിമറിയാൻ പോവുകയാണെന്നും അവൾ തിരിച്ചറിഞ്ഞില്ല. പതിനേഴാം വയസ്സിൽ വെടിയേറ്റു മുഖം വികൃതമായ ഷോണയുടെയും അവളെ വെടിയുതിർത്ത സ്ത്രീക്കു മാപ്പു നൽകിയ മഹാമനസ്കതയുടെയും കഥയാണിത്. 

പതിനാലുകാരിയായ ജെറി ജോൺസ് എന്ന പെൺകുട്ടിയായിരുന്നു സൂപ്പർ മാർക്കറ്റിലേക്ക് അതിക്രമിച്ചു വന്നവരിലൊരാൾ. മോഷണത്തിനായെത്തിയ ജെറി മറുത്തൊന്നും ചിന്തിക്കാതെ പെട്ടെന്നു തന്നെ ഷോണയുടെ മുഖത്തേക്കു വെടിയുതിർക്കുകയായിരുന്നു. ആ അപക‌‌ടത്തിൽ ഷോണയുടെ താടിയെല്ലും പല്ലുകളും ചുണ്ടും എല്ലാം പൂർണമായും തകർന്നു. സുന്ദരമായ മുഖത്തു നിന്ന് അപരിചിതയായ മറ്റൊരു മുഖത്തേക്കുള്ള ഷോണയുടെ മാറ്റം അവിടെ തുടങ്ങി.

അദ്ഭുതകരമെന്നു പറയട്ടെ ആ നടുക്കമാർന്ന നിമിഷവും അതു നൽകിയ ആഘാതവും പേറിന‌ടക്കുന്നതിനു പകരം ജീവിതത്തെ കരുത്തോടെ നേരിടാനാണ് ഷോണ പഠിച്ചത്. ഷോണയ്ക്കു നേർക്കു വെടുയുതിർത്ത ജെറിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആറു വർഷം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷങ്ങളത്രയും സാധാരണ രീതിയിലേക്കെത്താൻ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു ഷോണ. 

jerry-shawn ഷോണയ്ക്കു നേരെ വെടിയുതിർത്ത ജെറി

ഒന്നിനുമീതെ ഒന്നായി ഇരുനൂറോളം സർജറികൾ അവളുടെ മുഖത്തു ചെയ്തു, ഷൂട്ടിങ്ങ് അവളിലുണ്ടാക്കിയ മാനസികാഘാതവും ചെറുതായിരുന്നില്ല. ഇന്ന് തന്നെ ഈ വിധത്തിലാക്കിയ ജെറിയോടു ക്ഷമിക്കാൻ തയ്യാറായിരിക്കുകയാണ് ഷോണ. കാലങ്ങളോളം താൻ ജെറിയോടു വൈരാഗ്യം സൂക്ഷിച്ചിരുന്നു. എന്നാൽ ആ ദേഷ്യം എന്നെന്നും സൂക്ഷിച്ച് തന്റെ ജീവിതം ഇനിയും തകർക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് ഷോണ പറയുന്നത്. 

ഒടുവിൽ സംഭവം നടന്ന് 21 വർഷത്തിനുശേഷം ഒരു പ്രമുഖ ചാനൽ പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. താൻ ചെയ്ത തെറ്റിന് എത്ര മാപ്പു പറഞ്ഞാലും തീരില്ലെന്നാണ് ജെറി പറഞ്ഞത്. ഒരിക്കലും ഷോണയെ വേദനിപ്പിക്കണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ജെറിയുടെ വാദം. ഇന്ന് രണ്ട് മക്കളുടെ അമ്മയായ ഷോണ പുറത്തിറങ്ങുമ്പോൾ താൻ നേരിടുന്ന കളിയാക്കലുകളെക്കുറിച്ചും പറഞ്ഞു.

നിന്റെ അമ്മയുടെ മുഖം വികൃതമാണെന്നും വിരൂപയാണെന്നുമൊക്കെ മക്കളെ അവരുടെ സഹപാഠികൾ കളിയാക്കുമ്പോൾ തനിക്കു വേദന തോന്നാറുണ്ട്. എങ്കിലും ആ കറുത്ത ദിനത്തെക്കുറിച്ചോർത്ത് തന്റെ ജീവിതം ഇല്ലാതാക്കാൻ ഷോണയ്ക്കു താൽപര്യമില്ല, തന്റെ മനസ്സിലെ മുറിവുകൾ ഉണക്കാനുള്ള ഏറ്റവും നല്ലമരുന്നായി ഷോണ കാണുന്നത് ജെറിക്കു നൽകുന്ന മാപ്പാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam