Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോള്‍ ഇന്നും എന്നും എനിക്കു പ്രിയപ്പെട്ടവൾ: കരൺ ജോഹർ

Kajol കജോളും കരൺ ജോഹറും

സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ, ഒരാൾ എവർഗ്രീൻ നായികയും മറ്റൊരാൾ ഹിറ്റു സിനിമകളുടെ സംവിധായകനും. പ്രണയത്തേക്കാൾ വെല്ലുന്ന സൗഹൃദവുമായി നടന്ന ഇരുവരുടെയും ജീവിതത്തിൽ പിന്നീടുണ്ടായത് സിനിമയെപ്പോലും തോൽപിക്കുന്ന സംഭവങ്ങളായിരുന്നു. പറഞ്ഞുവന്നത് സംവിധായകൻ കരൺ ജോഹറിന്റെയും നടി കജോളിന്റെയും ജീവിതത്തെക്കുറിച്ചാണ്. സിനിമാ സംബന്ധമായ കാരണങ്ങളാൽ പരസ്പരം പിരിഞ്ഞ ഇരുവരും ആ സൗഹൃദത്തെ വീണ്ടും ചേർത്തുവെക്കാൻ പോവുകയാണെന്നാണ് പുതിയ വാർത്ത.

കജോൾ എന്നും തന്റെ ജീവിതത്തിൽ സ്പെഷൽ ഫ്രണ്ടായി നിലനില്‍ക്കും എന്നാണ് ഏറ്റവും പുതുതായി കരൺ പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ റേഡിയോ സ്റ്റേഷനിൽ 'ലവ് ഗുരു' എന്ന പേരിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു കരൺ ജോഹറിന്റെ പരാമർശം. ''കജോളിന് ഇന്നും എന്നും എന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ടാകും'' എന്നാണ് കരൺ മറുപടി നൽകിയത്. 

െബസ്റ്റ് ഫ്രണ്ട് ആയിരുന്ന കജോളിനെ ആ സ്ഥാനത്തേക്കു തിരികെ കൊണ്ടുവരാൻ താൽപര്യപ്പെടുന്നുവോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രണയത്തെയും സൗഹൃദത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള ഷോയിൽ കരൺ കജോളിനെക്കുറിച്ചു പറഞ്ഞ വാക്കുകളെ ഇരുകയ്യോടെ സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. 

അടുത്തിടെ മറ്റൊരു അഭിമുഖത്തിലും കരൺ കജോളിനെക്കുറിച്ച് പരാമർശിച്ചിരുന്നു. തങ്ങൾക്കിരുവർക്കും പഴയ സൗഹൃദത്തിലേക്കു തിരിച്ചു പോകാൻ ആഗ്രഹമുണ്ടെന്നും താനിന്നും കജോളിനെ അങ്ങേയറ്റം സ്നേഹിക്കുന്നുവെന്നുമാണ് കരൺ പറഞ്ഞത്. തന്റെ മക്കളായ യഷിന്റെയും റൂഹിയുടെയും കാര്യം ആദ്യം അറിയിച്ചതും കജോളിനെയാണെന്ന് കരൺ പറഞ്ഞിരുന്നു.

കരൺ ജോഹറിന്റെ ചിത്രമായ ഏ ദില്‍ ഹേ മുഷ്കിലും അജയ് ദേവ്ഗണ്‍ ചിത്രം ശിവായും ഒന്നിച്ചിറങ്ങിയതോടെയായിരുന്നു ഇരുവർക്കുമിടയിൽ അകലം ആരംഭിച്ചത്. ഏ ദിൽ ഹേ മുഷ്കിലിനെ അനുകൂലിച്ചുകൊണ്ടുള്ള റിവ്യൂ എഴുതാൻ കരൺ ജോഹർ പണം മുടക്കിയിട്ടുണ്ടെന്ന അജയ്‌യുടെ ആരോപണമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ച് കജോളും രംഗത്തെത്തിയിരുന്നു. 

ശേഷം കരൺ എഴുതിയ ഓട്ടോബയോഗ്രഫിയിൽ കജോളുമായി തനിക്കിനി യാതൊരു ബന്ധവുമില്ലെന്നും അങ്ങേയറ്റം വേദനാജനകമായ പ്രവർത്തിയാണ് അവരിൽ നിന്നുണ്ടായതെന്നും പറഞ്ഞിരുന്നു. ഇതോടെ പരസ്പരം ശത്രുതയിലായി മാറിയ ആ സൗഹൃദം വീണ്ടും ഒന്നിക്കുന്നത് ഇരുവരുടെയും ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കുന്നത്. കജോളിനെ നായികയാക്കി ഒരിക്കൽക്കൂടി ഹിറ്റുചിത്രങ്ങൾ തയാറാക്കാൻ കരണിനു കഴിയട്ടെ എന്നാശംസിക്കുകയാണ് ബോളിവുഡ് ലോകം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam