Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ കുഞ്ഞിനെ ഭിക്ഷാടകരുടെ കയ്യിലെത്തിച്ചത് സ്വന്തം അമ്മ' വെളിപ്പെടുത്തലുമായി ദീപ

delhi-kids

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിലൂടെ വൈറലായി പ്രചരിച്ച ആ ഫേസ്‌ബുക്ക് പോസ്റ്റ് ഓർമയില്ലേ ? ഭിക്ഷയാചിക്കുന്ന ബാലകന്റെ കയ്യിൽ കിടന്നു ഉറങ്ങുന്ന നാലുവയസുകാരി. ഏറെ നേരവും വീക്ഷിച്ചിട്ടും കുട്ടി ഉറക്കം തുടരുന്നതിൽ സംശയം തോന്നിയ ദീപ മനോജ്  എന്ന ഡൽഹി സ്വദേശിയും മലയാളിയുമായ സാമൂഹിക പ്രവർത്തക ആ ദൃശ്യം വീഡിയോ എടുത്ത് , ഇതിനു പിന്നിൽ ഭിക്ഷാടന മാഫിയയുണ്ടോ എന്ന സംശയത്തോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനെ തുടർന്ന് നടന്നതെല്ലാം നാടകീയ സംഭവങ്ങൾ. 

ഫേസ്ബുക്കിൽ  നിന്നും ആ പോസ്റ്റ് അടുത്ത ദിവസം എങ്ങനെയോ അപ്രത്യക്ഷമായി, അപ്പോഴേക്കും സംഭവം ലോകം ഏറ്റെടുത്തിരുന്നു. ഭിക്ഷാടന മാഫിയയെ കണ്ടെത്താനും കുഞ്ഞിന് സംരക്ഷണം നൽകുവാനും പിന്തുണ നൽകി ഒട്ടേറെ പേർ മുന്നോട്ടു വന്നു. ഒടുവിലിതാ ഭിക്ഷയാചിക്കുന്നതിനായി മയക്കി കിടത്തിയ ആ ബാലികയെ ഏറെ തെരച്ചിലിന് ശേഷം ദീപ മനോജ് കണ്ടെത്തിയിരിക്കുന്നു, ഇത് സംബന്ധിച്ച വാർത്ത ദീപ തന്റെ ഫേസ്‌ബുക്ക് അകൗണ്ടിലൂടെ ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഇനി ദീപയുടെ യുദ്ധം, ഭിക്ഷാടന മാഫിയക്ക് എതിരെയാണ്..

deepa-manoj ദീപ മനോജ്

ഏറെ പണിപ്പെട്ടെങ്കിലും ആ കുട്ടിയെ ഒടുവിൽ കണ്ടെത്തി, വിശദാംശങ്ങൾ എന്തെല്ലാമാണ് ? 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തണം എന്ന ആവശ്യം വന്നതാണ് എനിക്ക് കരുത്തായത്. കുഞ്ഞിനെ കണ്ടെടുത്തത് അതിന്റെ അമ്മയുടെ അടുത്തു നിന്നുമാണ്. അമ്മയുടെ അനുവാദത്തോടെയാണ് കുഞ്ഞിനെ ഭിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നത്. അത് അവർ തന്നെ സമ്മതിക്കുകയും ചെയ്തു. അവരെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കിയപ്പോൾ, തന്റെ തെറ്റ് സമ്മതിക്കുകയും കുഞ്ഞിനെ സംരക്ഷിക്കാം എന്നും ഭിക്ഷാടനത്തിനു ഉപയോഗിക്കില്ല എന്ന് വാക്ക് തരികയും ചെയ്തു. അത് പ്രകാരം , കുട്ടിയെ തല്ക്കാലം അമ്മയുടെ പക്കൽ തന്നെ വിട്ടിരിക്കുകയാണ്. എന്നാൽ ഞങ്ങളുടെ ശ്രദ്ധയുണ്ടാകും. വീണ്ടും ഈ തെറ്റ് ആവർത്തിക്കുന്ന പക്ഷം കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. 

ഭിക്ഷാടനം ഇപ്പോൾ ഇന്ത്യയിൽ ശക്തി പ്രാപിച്ചു വരികയാണല്ലോ , ഇതിനെതിരെ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? 

ഈ കുട്ടിയുടെ കാര്യം ഫേസ്‌ബുക്കിൽ പങ്കുവച്ചപ്പോൾ തന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഭിക്ഷാടന മാഫിയക്ക് തടയിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിയാളുകൾ മുന്നോട്ടു വന്നു.ഇവരെയെല്ലാം മുൻനിർത്തി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭിക്ഷാടന മാഫിയക്ക് എതിരെയുള്ള പ്രവർത്തങ്ങൾ ആരംഭിക്കാൻ പോകുകയാണ് ഞാൻ. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പത്തു പേർ അടങ്ങുന്ന ടീം ആയിട്ടായിരിക്കും പ്രവർത്തനം. 

ഭിക്ഷാടന മാഫിയയെ എങ്ങനെ സമീപിക്കാനാണ് ഉദ്ദേശം? 

ഭിക്ഷാടനം , പ്രത്യേകിച്ച് ബാല ഭിക്ഷാടനം പൂർണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരത്തിൽ ഭിക്ഷ യാചിക്കാൻ ഇരുത്തുന്ന കുട്ടികളെ രക്ഷപ്പെടുത്തി, റെസ്ക്യൂ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നവരെ നിയമത്തിനു കീഴിൽ കൊണ്ട് വരും. 

ഭിക്ഷാനടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടോ? 

തീർച്ചയായും ഉണ്ട്. അത്തരം ആളുകളെ ഉടൻ നിയമത്തിനു കീഴിൽ കൊണ്ട് വരും. സ്വന്തം കുട്ടികളെ ഭിക്ഷാടന ഏജന്റുമാരെ ഏൽപ്പിച്ച്, ദിവസവാടക വാങ്ങുന്ന മാതാപിതാക്കൾ, ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികളെ ഭിക്ഷാടനത്തിനു ഉപയോഗിച്ച് പണം നേടുന്ന വീട്ടു ജോലിക്കാരായ സ്ത്രീകൾ എന്നിവർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് താമസിയാതെ അവസാനമാകും.

ശ്രമകരമായ പ്രവർത്തനത്തിനാണ് നേതൃത്വം നൽകുന്നത്, ഭീഷണികൾ ഉണ്ടോ? 

ശ്രമകരമായ പ്രവർത്തനമാണ്. എന്നാൽ അതിൽ ഞാൻ തീർത്തും കംഫർട്ടബിൾ ആണ്. കൂടെ നിൽക്കുന്നവർ അത്രയും പിന്തുണ നൽകുന്നുണ്ട്. പിന്നെ, തീ കൊള്ളികൊണ്ടാണ് തല ചൊറിയുന്നത് എന്നറിയാം. പലവിധത്തിലുള്ള ഭീഷണികളും പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ മുന്നോട്ടു വച്ച കാൽ ഒരു കാരണവശാലും പിന്നോട്ട് വയ്ക്കുന്ന പ്രശ്‌നമില്ല . വിജയം കണ്ടിട്ടേ ഞങ്ങൾ പിന്മാറൂ. 

ദീപയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനങ്ങളോട് പറയാനുള്ളത്? 

ദയവു ചെയ്ത് ഭിക്ഷ നൽകാതിരിക്കുക. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതിരിക്കുക. പണം കിട്ടാതെ വരുമ്പോൾ മാഫിയകൾ ഇല്ലാതാകും. ഭിക്ഷ നൽകുന്നതിലൂടെ കൂടുതൽ കുട്ടികളെ നമ്മൾ ഭിക്ഷാടകരാക്കുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കുക. 

Read More on Life Style Magazine