Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചെന്ന് ‘പരേതന്‍’; ഇല്ലെന്ന് ബന്ധുക്കൾ‍!!

Obit News രാവിലെ പത്രങ്ങളിൽ പരസ്യം വന്നതോടെയാണ് ജോസഫിന്റെ തിരോധാനം കുടുംബം അറിയുന്നത്.

കണ്ണൂരിലെ പ്രമുഖ പത്രങ്ങളിൽ ഇന്ന് വന്ന പരസ്യമാണിത്. പക്ഷേ ഇത് നൽകിയത് പരസ്യത്തിൽ കാണുന്ന ആളു തന്നെ. പേര് ജോസഫ് മേലുക്കുന്നേൽ. സ്വയം പരസ്യം നൽകിയ ഈ വയോധികനുവേണ്ടിയുള്ള തിരച്ചലിലാണ് ബന്ധുക്കളും പൊലീസും. തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിയാണ് ജോസഫ് മേലുക്കുന്നേൽ. 

ഇന്നലെ വൈകുന്നേരമാണ് പയ്യന്നൂരിലെ വിവിധ പത്ര ഓഫിസുകളിൽ ജോസഫെത്തിയത്. പരസ്യത്തിലെ വിവരങ്ങൾക്ക് പുറമെ ജോസഫിന്റെ തന്നെ പഴയൊരു ഫോട്ടോ കൂടി പ്രസിദ്ധീകരിക്കാനായി നൽകി. ബന്ധുവാണെന്ന് തെറ്റിധരിപ്പിച്ചാണ് പരസ്യം നൽകിയത്. 

പ്രമുഖ കർഷകനാണെന്നും തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിയവെ മരിച്ചെന്നുമാണ് പരസ്യത്തിലുള്ളത്. ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പേരുവിവരങ്ങളും നൽകി. സംസ്കാരം നാളെ രാവിലെ പത്തിന് തിരുവനന്തപുരത്താണെന്നും പരസ്യത്തിൽ പറയുന്നു. 

ഒരാഴ്ച മുൻപാണ് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് ജോസഫ് വീട് വിട്ടിറങ്ങിയത്. കോട്ടയത്തുള്ള ബന്ധു വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തു. 

കഴിഞ്ഞ ശനിയാഴ്ച മുതൽ പയ്യന്നൂരിലെ ലോഡ്ജിലാണ് താമസിച്ചത്. പരസ്യം നൽകിയശേഷം ലോഡ്ജിലെ താമസം അവസാനിപ്പിച്ചു. ഫോൺ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. 

രാവിലെ പത്രങ്ങളിൽ പരസ്യം വന്നതോടെയാണ് ജോസഫിന്റെ തിരോധാനം കുടുംബം അറിയുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഭാര്യ മേരിക്കുട്ടി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകി. ജോസഫിന്റെ ഫോട്ടോ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തളിപ്പറമ്പ് പൊലീസ് കൈമാറിയിട്ടുണ്ട്. 

ചെവിയുടെ പുറകിൽ മുഴയുണ്ടായിരുന്നത് ജോസഫിനെ ദു:ഖത്തിലാഴ്ത്തായിരുന്നു. കാൻസറാണെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അവസാനമായി ഭാര്യയെ വിളിച്ചത്. മരണത്തിന് മുൻപ് പത്രത്തിൽ വാർത്ത നൽകണമെന്ന് ഇതിന് മുൻപ് ജോസഫ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

Read more: Lifestyle Magazine, Viral