Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് മനുഷ്യത്വം; മനസ്സലിയിക്കും മദനനും വളർത്തുമകൾ ഖദീജയും

Madanan and Khadeeja ഖദീജയ്ക്കും വരനുമൊപ്പം മദനൻ

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ പറഞ്ഞ് മനുഷ്യ മനസ്സുകളെ തമ്മിൽ തല്ലിക്കുന്നവർ നിറഞ്ഞു കാണേണ്ട കാഴ്ചയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലായൊരു വിവാഹ വാർത്ത. മദനൻ എന്നയാള്‍ സഹായിക്കാൻ ആരുമില്ലാതിരുന്ന ഖദീജ എന്ന യുവതിയുടെ രക്ഷകർതൃത്വം ഏറ്റെടുക്കുകയും ഒടുവിൽ അവള്‍ ആഗ്രഹിക്കുന്നതുപോലെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. പുതിയകാവ് സ്വദേശിയായ മദനന്റെയും വളർത്തുമകൾ ഖദീജയുടെയും കഥ ഓരോരുത്തരുടെയും മനസ്സലിയിക്കുന്നതാണ്.

ചെർപ്പുളശേരി സ്വദേശിയായ ഖദീജയെ ആരും നോക്കാനില്ലാതെ വന്ന സാഹചര്യത്തിലാണ് മദനൻ സംരക്ഷണം ഏറ്റെടുക്കുന്നത്. പെൺമക്കളില്ലാത്ത മദനൻ എട്ടുവർഷം മുമ്പാണ് പതിമൂന്നുകാരിയായിരുന്നു ഖദീജയുടെ സംരക്ഷണം ഏറ്റെടുത്തത്. തുടർന്നുള്ള നാളുകളിൽ ഖദീജയെ അവളുടെ വിശ്വാസപ്രകാരം വളരാൻ അനുവദിക്കുകയാണ് മദനൻ ചെയ്തത്, ഭാര്യ തങ്കമണിയും അദ്ദേഹത്തിന്റെ ഈ തീരുമാനത്തിനു കൂട്ടായിരുന്നു.

ആ വീട്ടില്‍ യാതൊരു ത‌ടസ്സങ്ങളുമില്ലാതെ അവൾ നിസ്കരിക്കുകയും നോമ്പു നോൽക്കുകയുമൊക്കെ ചെയ്തു. ഒടുവിൽ വിവാഹ പ്രായമെത്തിയപ്പോഴും അവൾ ആഗ്രഹിക്കുന്നതുേപാലെ മുസ്ലിം സമുദായത്തിൽ നിന്നു തന്നെ മതിയെന്നും മദനൻ തീരുമാനിച്ചു. ഖദീജ വിവാഹം കഴിക്കുന്നയാൾ മുസ്ലിം ആയിരിക്കണമെന്നും കുടുംബം പുലർത്താൻ കഴിയുന്നവനും ആകണമെന്നതു മാത്രമായിരുന്നു മദനന്റെ നിർബന്ധം. അങ്ങനെ നാടും നാട്ടാരും അറിഞ്ഞ് തീർത്തും മുസ്ലിം ആചാരപ്രകാരമുള്ള ചടങ്ങുകളിലാണ് ഖദീജയെ വിവാഹം കഴിപ്പിച്ചത്. 

ഗൾഫിൽ ‌െടക്നീഷ്യനായി ജോലി ചെയ്തിരുന്ന മദനൻ മുപ്പത്തിരണ്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോഴായിരുന്നു ഖദീജയെക്കുറിച്ചു കേൾക്കുന്നത്. അച്ഛന്‍ ഉപേക്ഷിക്കുകയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയുടെ സംരക്ഷണത്തിൽ കഴിയുകയായിരുന്ന ഖദീജ. സ്വന്തം മകളുടെ വിവാഹം പോലെ നാടൊട്ടുക്കും ക്ഷണിച്ച വിവാഹത്തിൽ പങ്കെടുക്കാൻ ഖദീജയുടെ ഉമ്മയും വന്നിരുന്നു. തന്റെ മകളെ ആഗ്രഹിക്കുംപോലെ വിവാഹം കഴിപ്പിച്ചു കണ്ടതിൽ അഭിമാനം കൊള്ളുകയാവും ആ ഉമ്മയിപ്പോൾ...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam