Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കിയിട്ട മാലാഖ ; തെരുവിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ഈ പൊലീസുകാരി

reena-jeevan 2007 മുതൽ പൊലീസ് ഉദ്യോഗത്തോടൊപ്പം ചാരിറ്റി പ്രവർത്തങ്ങൾക്കും മുൻ‌തൂക്കം നൽകുകയാണ് റീന.

കാക്കിക്കുള്ളിലെ കവി ഹൃദയത്തെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്, എന്നാൽ കാക്കിക്കുള്ളിലെ ആർദ്രമായ ഹൃദയത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മറ്റുള്ളവരുടെ വേദനയിൽ സ്വയം കരയുന്ന, അവരുടെ വിഷമതകൾ അകറ്റാൻ മുന്നിട്ടിറങ്ങുന്ന, തന്റെ ശമ്പളത്തിന്റെ നല്ലൊരു പങ്കുകൊണ്ട് പാവങ്ങളുടെ വിശപ്പകറ്റുന്ന, തെരുവിലെ അനാഥർക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കുന്ന... ആർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയെ? ഇല്ലെങ്കിൽ, പരിചയപ്പെടാം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസുകാരിയായ പാലക്കാട് സ്വദേശിനിയായ റീന ജീവനെ. 

2007 മുതൽ പൊലീസ് ഉദ്യോഗത്തോടൊപ്പം ചാരിറ്റി പ്രവർത്തങ്ങൾക്കും മുൻ‌തൂക്കം നൽകുകയാണ് റീന. എഴുപതിൽപരം ആളുകളെ ഇതിനോടകം തെരുവിൽ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട് റീന. കാൻസർ ബാധിച്ച് ഉണങ്ങാത്ത വ്രണവുമായി റെയിൽവേസ്റ്റേഷൻ പരിസരത്ത് നിന്നും ആട്ടിയോടിച്ച വൃദ്ധൻ, ഗർഭപാത്രം പുറത്തു വന്ന രീതിയിൽ കാണപ്പെട്ട സ്ത്രീ, മകളെത്തേടി നഗരത്തിൽ എത്തിയ ബുദ്ധിഭ്രമമുള്ള സ്ത്രീ .. എന്നിങ്ങനെ റീന എന്ന ഈ പൊലീസുകാരി തെരുവിൽ നിന്നും രക്ഷിച്ചവർ അനവധി. ഇപ്പോൾ നഗരത്തിലെ പല കേന്ദ്രങ്ങളിൽ നിന്നും അഗതിമന്ദിരങ്ങളിൽ നിന്നും വിളി വരുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തക എന്ന പേരിനു കൂടി റീനയെ അർഹയാക്കിയിരിക്കുകയാണ് .  

reena-jeevan-2

തൻ എങ്ങനെ സാമൂഹ്യപ്രവർത്തങ്ങളുടെ ഭാഗമായി എന്ന ചോദ്യത്തിന് റീനയുടെ മറുപടി ഇങ്ങനെ.....

ഓരോ വ്യക്തിയിലും ഞാൻ എന്റെ അച്ഛന്റെ മുഖം കാണുന്നു 

''എനിക്ക് എന്റെ അച്ഛനെ വേണ്ട രീതിയിൽ പരിചരിക്കാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങൾ നാല് പെൺമക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരാളാണ് അച്ഛൻ ശിവശങ്കരൻ. മക്കളെ നന്ദി പഠിപ്പിച്ചു , ജോലിക്കാരാക്കി. എന്നാൽ ഞങ്ങളിൽ നിന്നും മികച്ചൊരു പരിചരണം ലഭിക്കുന്നതിന് അദ്ദേഹം കാത്തു നിന്നില്ല. 54  ആം വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്ന അദ്ദേഹം ആശുപത്രിയിൽ എത്തിച്ച് അധികം വൈകാതെ അദ്ദേഹം മരണപ്പെടുകയാണ് ഉണ്ടായത്. അച്ഛനെ വേണ്ട രീതിയിൽ പരിചരിക്കാൻ കഴിയാത്തതിന്റെ ദുഃഖം എന്നും മനസ്സിൽ ഉണ്ട് . അങ്ങനെയാണ് തെരുവിൽ കഴിയുന്ന സഹായിക്കാൻ ആരുമില്ലാത്ത വ്യക്തികളുടെ വേദനയിലേക്ക് ഞാൻ എത്തിച്ചേരുന്നത്'' റീന പറയുന്നു 

കിട്ടുന്നതിന്റെ ഒരു വിഹിതം അഗതികൾക്ക് 

അച്ഛന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ ജോലിയാണ് ഇതെന്ന് തന്റെ കാക്കിക്കുപ്പായം ചൂണ്ടിക്കാട്ടി റീന പറയുന്നു. അതിനാൽ തന്നെ അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവങ്ങൾക്കായി നൽകാൻ തുടക്കം മുതലേ റീന ശ്രമിച്ചിരുന്നു. ഒന്നുകിൽ വീട്ടിൽ സ്വയം പാചകം ചെയ്ത ഭക്ഷണം തെരുവിലെ അഗതികളിലേക്ക് എത്തിക്കുക. അതും അല്ലെങ്കിൽ, പണം നൽകി ഭക്ഷണപ്പൊതികൾ വാങ്ങി നൽകുക. മാസത്തിൽ നാലോ അഞ്ചോ ദിവസമാണ് റീന ഇത്തരത്തിൽ അഗതികൾക്ക് ഭക്ഷണം നൽകുന്നത്. 

reena-jeevan-1

കരുണവറ്റിയ കാഴ്ചകൾ നിരവധി 

ആളുകളിലേക്കും സമൂഹത്തിലേക്കും കൂടുതലായി ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ, താൻ നൊമ്പരപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് കണ്ടതെന്ന് റീന പറയുന്നു. ഒരിക്കൽ പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്, തെരുവിൽ അലഞ്ഞു നടക്കുന്ന പ്രായമായ ഒരു മനുഷ്യനെ റീന ആകേണ്ടി. അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ മാനസിക രോഗിയാണോ? ആക്രമിക്കുമോ എന്നൊക്കെയുള്ള ഭയം ഉണ്ടായിരുന്നു. എന്നാൽ ധൈര്യം സംഭരിച്ചുകൊണ്ട് അദ്ദേഹത്തെ അച്ഛാ എന്ന് വിളിച്ചു. ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹം നോർമൽ ആണെന്ന് മനസിലാക്കിയ റീന ആദ്ദേഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു.

9  മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ അഞ്ച് ആണ്മക്കളും ഉണ്ട്. മക്കൾ എല്ലാവരും സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവർ. നല്ല ജോലിയും വരുമാനവും ഉള്ളവർ. എന്നാൽ അവർക്ക് അച്ഛനെ നോക്കാൻ സമയമോ പരിചരിക്കാൻ താല്പര്യമോ ഇല്ല. മക്കളുടെ അഡ്രസ് ചോദിച്ചപ്പോൾ ആ അച്ഛൻ നൽകിയില്ല . അവർക്ക് ഒരു ബിദ്ധിമുട്ടാകാൻ തനിക്ക് താല്പര്യം ഇല്ല. അവർ നന്നായി ജീവിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. തന്റെ അച്ഛനെ നന്നായി പരിചരിക്കാൻ അവസരം ലഭിച്ചിലല്ലല്ലോ , എന്ന വേദിയിൽ ജീവിക്കുന്ന റീനയ്ക്ക് ആ മക്കളോട് സഹതാപമാണ് തോന്നിയത്. 

ഗർഭാശയം പുറത്തു വന്ന രീതിയിൽ ലക്ഷ്മി , കാൻസർ വ്രണവുമായി ഷണ്മുഖൻ 

താൻ രക്ഷിച്ച വ്യക്തികളുടെ വിവരങ്ങൾ ചോദിച്ചാൽ റീനയ്ക്ക് എന്നും നൊമ്പരമായ രണ്ടു വ്യക്തികളാണുള്ളത് ലക്ഷ്മിയും ഷണ്മുഖനും. ഇരുവരെയും റീന കണ്ടെത്തുന്നത് എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷൻ പരിസരത്താണ്. മലമൂത്രത്തിൽ കുളിച്ചു കിടന്നിരുന്ന ലക്ഷ്മിക്ക് നടക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. അവിടെ നിന്നും അവരെ രക്ഷിച്ച് തെരുവോരം മുരുകന്റെ സഹായത്തോടെ റെസ്ക്യൂ ഹോമിൽ എത്തിച്ചു. അവിടെ വച്ച് കുളിപ്പിച്ചു വൃത്തിയാക്കുന്നതിനിടക്കാണ് ഗർഭപാത്രം പുറത്തു വന്ന രീതിയിൽ കണ്ടത്. വളരെ മോശം അവസ്ഥയായിരുന്നു. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. മുംബൈ കാമാത്തിപുരയിൽ യൗവ്വനം മുഴുവൻ തീർത്തവളായിരുന്നു ലക്ഷ്മി . ഒടുവിൽ ആരുമില്ലാതെ, രോഗവുമായി അഗതിയായി മാറി. ഒടുവിൽ ലക്ഷ്മിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു . ഇപ്പോൾ ലക്ഷ്മി ചികിത്സയിലാണ് . 

reena-jeevan-4

ഷണ്മുഖനെ ആട്ടിയോടിക്കുന്ന ദൃശ്യം മറക്കാനാവില്ല

നോർത്ത് റെയിൽവെസ്റ്റേഷനിൽ വച്ച് ദുർഗന്ധം വമിക്കുന്ന ശരീരത്തോടെ വന്ന ഒരു മനുഷ്യനെ യാത്രക്കാരും മറ്റും ആട്ടിയോടിക്കുന്ന ദൃശ്യം കണ്ടാണ് ഡ്യൂട്ടിയിൽ ആയിരുന്ന റീന അവിടേക്ക് എത്തുന്നത്. സേലം സ്വദേശിയായ ഷണ്മുഖൻ ആയിരുന്നു അത്. അദ്ദേഹത്തിന്റെ തലയിൽ ഒരു തോർത്ത് ഇട്ടിട്ടുണ്ട്, ചുറ്റും ഈച്ചകൾ പൊതിയുകയാണ്. തോർത്ത് മാറ്റി നോക്കിയപ്പോൾ, റീന കണ്ട കാഴ്ച അതി ഭീകരമായിരുന്നു. കാൻസർ ബാധയെ തുടർന്ന് ഉണ്ടായ വ്രണം പഴുത്ത് അഴുകിയിരിക്കുന്നു. രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ റീന അദ്ദേഹത്തെ ആംബുലൻസ് വിളിച്ചു വരുത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അദ്ദേഹം അവിടെ ചികിത്സയിലാണ്. 

ആളുകളുടെ മനോഭാവം മാറണം

താൻ ആളുകളെ തെരുവിൽ നിന്നും രക്ഷിക്കുമ്പോൾ നെഗറ്റീവും പോസിറ്റീവും ആയ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് റീന പറയുന്നു. ചിലർ ഇതെല്ലം അനാവശ്യമായ ഇടപെടലുകളാണ് എന്ന് കരുതുന്നു. നാം കഴിക്കുന്ന എണ്ണത്തിന്റെ ഒരു ഭാഗം നൽകാൻ എന്ത് കൊണ്ടാണ് ജനങ്ങൾ മടിക്കുന്നത് എന്ന് റീന ചോദിക്കുന്നു. 

ജീവിതത്തിലും പ്രവർത്തനങ്ങളിലും ശക്തിയായി ജീവൻ 

തന്റെ വിവാഹശേഷമാണ് റീന പാലക്കാട് വിട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചി നഗരം തനിക്ക് വിലപ്പെട്ട ഒട്ടനവധി അനുഭവങ്ങൾ തന്നു എന്ന് റീന പറയുന്നു. എല്ലാത്തിനും പിന്തുണയായത് ഭർത്താവ് ജീവൻ രവിയാണ്. പെണ്ണുകാണാൻ വന്നപ്പോൾ തന്നെ റീന തന്റെ പ്രവർത്തങ്ങൾ പറ്റി പറഞ്ഞിരുന്നു. ജീവൻ റീനയുടെ പ്രവർത്തങ്ങൾക്ക് പൂർണ പിന്തുണ നൽകി. അഗതികൾക്കായി ഒരു ഷെൽട്ടർ ഹോം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരുമിപ്പോൾ. 

സഹപ്രവർത്തകർ നൽകുന്ന പിൻബലം 

ഡിവൈഎസ്പി മുതൽ കോൺസ്റ്റബിൾ വരെ നീളുന്ന തന്റെ സഹപ്രവർത്തകൾ പൂർണ പിന്തുണയാണ് രക്ഷാപ്രവർത്തങ്ങളിൽ നൽകുന്നത് എന്ന് റീന പറയുന്നു . തെരുവെളിച്ചം പ്രവർത്തകനായ മുരുകന്റെ സഹകരണവും റീന ആത്മാർത്ഥതയോടെ ഓർക്കുന്നു. നമ്മുടെ നാടിന് റീനയെ പോലുള്ള നന്മ നിറഞ്ഞ വ്യക്തികളെയാണ് വേണ്ടത്...കാക്കിയിട്ട മാലാഖമാരെ ....

Read more: Lifestyle Malayalam MagazineBeauty Tips in Malayalam