Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേകെയറിലെ അശ്രദ്ധ; മൂന്നു വയസുകാരിയുടെ വിരലറ്റു

Thumb Slashed ഡേകെയറിലെ അശ്രദ്ധ മൂലം വിരലറ്റ മൂന്നു വയസുകാരി മിറ

ജോലിയുള്ള അമ്മമാർക്ക് കുഞ്ഞുങ്ങളെ സമാധാനത്തോടെ ഏൽപ്പിക്കാനുള്ളയിടമാണ് ഡേകെയറുകൾ. ജോലിത്തിരക്കുകൾക്കിടയിലും അവൾ സുരക്ഷിതമായ ഒരിടത്താണല്ലോ എന്ന ആശ്വാസമാണ് ഓരോ അമ്മമാർക്കും. എന്നാൽ പല ഡേകെയറുകളും പരിചരണം എന്നതിനപ്പുറത്തേക്കു ബിസിനസ് താൽപര്യങ്ങൾ മാത്രം ലക്ഷ്യമാക്കി വളരുകയാണ്. അതിനിടയിലേക്ക് മനുഷ്യസഹജമായ വികാരങ്ങൾക്കു പോലും സ്ഥാനമില്ല. ഡേകെയറിലെ അശ്രദ്ധ മൂലം ഒരു മൂന്നുവയസുകാരിയ്ക്കു വിരലറ്റിരിക്കുന്ന വാർത്ത വന്നിരിക്കുന്നത് ഗുർഗാവോനിൽ നിന്നാണ്. പരിക്കു പറ്റിയ മകളെ അവഗണിച്ച ഡേകെയറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞിന്റെ അമ്മയായ ശിവാനി ശർമ. Cherub Angel എന്ന പേരില്‍ ഡേകെയർ നടത്തുന്ന ഉടമയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് ശിവാനി.

കഴിഞ്ഞ ഏപ്രിൽ 28നാണ് സംഭവം നടന്നത്. ഡേ കെയറിൽ മകള്‍ മിറയെ കൊണ്ടു ചെന്നാക്കി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ഫോണിലേക്കു വിളി വന്നു. വലത്തെ തള്ളവിരൽ കൊണ്ടു മകൾ എവിടെയോ ഇടിച്ചുവെന്നും പരിക്കു പറ്റിയെന്നും അറിയിച്ചുകൊണ്ടുള്ള ഫോൺ േകാൾ ആയിരുന്നു അത്. ഹോസ്പിറ്റലി‍ൽ എത്തിയപ്പോഴാണ് മകളുടെ തള്ളവിരൽ ചതഞ്ഞുവെന്നും മുറിച്ചുനീക്കേണ്ടതുണ്ടെന്നും അറിഞ്ഞത്. തന്റെ കണ്ണുകൾക്കു മുന്നിൽ ചോരയൊലിപ്പിച്ച വിരലുമായി മകൾ കിടക്കുന്ന കാഴ്ച്ച സഹിക്കാൻ കഴിയുമായിരുന്നില്ല. ചതഞ്ഞ വിരല്‍ മുറിച്ചുമാറ്റുകയല്ലാതെ ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് സർജൻ അറിയിച്ചത്. അതായത് ഇനിയുള്ള കാലം മുഴുവൻ അവൾ ആ വിരലോ നഖമോ ഇല്ലാതെ കഴിയണം, ഏത് അമ്മയ്ക്കു സഹിക്കാനാകും ഈ കാഴ്ച്ച.

മേയ് ഒന്നിന് വിവരം അറിഞ്ഞെത്തിയ ഡേകെയർ ഉടമ ക്ഷമ ചോദിക്കുകയും ചികിത്സയ്ക്കുള്ള പണം നൽകാമെന്നു പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടൊരിക്കലും അവർ ബന്ധപ്പെട്ടിട്ടില്ല. മകളുടെ രണ്ടാമത്തെ സർജറിയ്ക്കു പണം ആവശ്യമുണ്ടെന്നു പറഞ്ഞപ്പോൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു നീട്ടിക്കൊണ്ടുപോവുകയും ഇപ്പോൾ ഫോൺ കോളുകൾ എടുക്കുന്നില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. ഇത്തരം ആളുകൾക്ക് ദൈവത്തെയോ നിയമത്തെയോ സമൂഹത്തെയോ ഭയമില്ല, അവർ ഹൃദയശൂന്യരാണെന്നും ശിവാനി പറയുന്നു. ഉത്തരവാദിത്ത രഹിതമായി നിലപാടെടുക്കുന്ന ഡേകെയറുകൾക്ക് താക്കീത് എന്ന നിലയിലാണ് താൻ ഇക്കാര്യം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിക്കാൻ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.