Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുപത്തിമൂന്നുകാരനായ തങ്കപ്പൻ വാർധക്യത്തിൽ സുഭദ്രയെ ജീവിതത്തിലേക്കു കൂട്ടിയത് എന്തിനായിരിക്കണം?

Thankappan തങ്കപ്പനും ഭാര്യ സുഭദ്രയും

പ്രണയം അത്രമേൽ പരവശമാകുന്നുവോ? അത്രമേൽ ഊർജവാഹിയാകുന്നുണ്ടോ... അതേ എന്നു തന്നെയാണ് തോന്നുന്നത്. കൗമാരകാലത്തിൽ തുടങ്ങുന്ന മോഹത്തിന്റെ പരവതാനികളിൽ പറന്നുയർന്ന് യൗവനത്തിന്റെ തീക്ഷ്ണപ്രണയത്തിൽ ഭ്രാന്തെടുത്ത്, ശരീരത്തിന്റെയും മനസ്സിന്റെയും ഇഷ്ടങ്ങളിൽ ഒന്നായലിഞ്ഞ്, പിന്നെ പ്രായമേറെയാകുമ്പോൾ സ്വന്തം കുഞ്ഞുങ്ങളുടെ സന്തോഷങ്ങൾക്കു വേണ്ടി പ്രിയപ്പെട്ടൊരാളെ മറന്ന്, ജീവിതം തന്നെ മറന്ന്....

ഒന്നു ചുറ്റും കണ്ണോടിക്കുമ്പോൾ എവിടെയാണ് കാണാനാവുക ഒരു വാർധക്യപ്രണയത്തെ! കുഞ്ഞുങ്ങളുടെ വളർച്ചയിൽ പാഴായിപ്പോയ യൗവനത്തിന്റെ തൃഷ്ണകൾ അപ്പോഴേക്കും അടങ്ങിയിട്ടുണ്ടാകും, പക്ഷെ അപ്പോഴും മനസ്സിലുണ്ട്, സ്നേഹിക്കണം.. സ്നേഹിക്കപ്പെടണം, കൂട്ടു വേണം... അങ്ങോട്ടുമിങ്ങോട്ടും വെള്ളിനരകൾക്കിടയിൽ വിരലുരുമ്മി പഴയ കഥകൾ ഓർത്തോർത്തിരിക്കാൻ ഒരാള്‍ വേണം... 

ഒറ്റപ്പെടലിന്റെ സങ്കടങ്ങൾക്കുള്ളിലാണ് വാർധക്യം ജീവിതം നെയ്തു കൂട്ടുന്നത്. വളർന്നു വലുതായി സ്വന്തം കാര്യം നോക്കുന്ന മക്കളും മരുമക്കളും ഒരിക്കലും വയസായ മാതാപിതാക്കൾക്കു വേണ്ടി അവരുടെ കുറെയേറെ സമയം ചിലവഴിക്കുമെന്ന് കരുതാനാകില്ല,കാരണം യൗവനം കുതിരവേഗത്തിൽ ഓടുന്നതു ജീവിക്കാൻ തന്നെയാണ്, വാർധക്യത്തിൽ സ്വസ്ഥമായി കഴിയാൻ തന്നെയാണ്. എന്നാൽ എന്താണ് വാർധക്യം നൽകുന്നതെന്ന ചോദ്യം ബാക്കിയാകുന്നു! ആ ചോദ്യങ്ങൾക്കാണ് സുഭദ്രയും തങ്കപ്പനും മറുപടിയാകുന്നത്. എഴുപത്തിമൂന്നുകാരനായ തങ്കപ്പൻ ഈ വയസാംകാലത്ത് അറുപത്തിയഞ്ചുകാരിയായ സുഭദ്രയെ ജീവിതത്തിലേക്കു കൂട്ടിയത് എന്തിനായിരിക്കണം? ഒരിക്കലും പ്രണയത്തിൽ എല്ലവരും ഒളിഞ്ഞു നോക്കുന്ന ശരീരത്തിന്റെ അതിമോഹങ്ങൾക്കു വേണ്ടിയായിരിക്കില്ല. തുണയും സ്നേഹവും ആയി കൂടെ ഒരാൾ, രാത്രിയിൽ വന്നു കയറാനൊരു വീട്, കാത്തിരിക്കാനും സ്നേഹത്തോടെ വിളമ്പിക്കൊടുക്കാനും രണ്ടു കൈകൾ... അന്നു നടന്നതും കണ്ടതുമായ കഥകൾ പറയുന്നതു കേൾക്കാൻ രണ്ടു കാതുകൾ, അവളെ കേൾക്കാൻ ഇത്തിരി സമയം.... 

അറുപത്തിയഞ്ചു വയസുണ്ടെങ്കിലും ഇതുവരെ സുഭദ്ര വിവാഹിതയല്ല, വയസായപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും തങ്കപ്പൻ ഒരു ബാധ്യതയായി എന്നു തോന്നിയിട്ടാകണം ഉപേക്ഷിച്ച് പോയത്. ഒരേ ഗ്രാമത്തിൽ കൂട്ടിനാരുമില്ലാതെ അവർ ഇരുവരും ഏറെനാൾ ഒന്നിച്ചുണ്ടായിരുന്നു. പിന്നീടെപ്പോഴോ ഒന്നിച്ചു നടക്കാൻ തുടങ്ങി, പരസ്പരം സുഹൃത്തുക്കളായി, കഥകളും ജീവിതവും പങ്കിടാൻ തുടങ്ങി. അങ്ങനെയൊരു ദിവസമാണ് ഇരുവരും ചേർന്ന് ആ തീരുമാനമെടുക്കുന്നത്... നമുക്ക് ഒന്നിച്ച് ജീവിച്ചാലോ... ഒരുപക്ഷെ ഇത്രയും വർഷം ഒറ്റയ്ക്ക് കഴിഞ്ഞതിന്റെ മരവിപ്പുകൾ തങ്കപ്പന്റെ വാക്കുകളിൽ കൊഴിഞ്ഞു വീണത് സുഭദ്ര അറിഞ്ഞിട്ടുണ്ടാകണം... ഒരാഴ്ചത്തെ സൗഹൃദം പ്രണയമായും പിന്നീട് ഒന്നിച്ചുള്ള ജീവിതമായും പരിണമിയ്ക്കുമ്പോൾ ഒപ്പം ഇരുവരുടെയും സുഹൃത്തുക്കളുണ്ടായിരുന്നു. പ്രണയത്തിന് അല്ലെങ്കിലും ഇപ്പോഴും സുഹൃത്തുക്കൾ തന്നെയാണല്ലോ ഹംസമായും കൂട്ടായുമുണ്ടാവുക. അടുത്തബന്ധുക്കൾ ആരും തന്നെ ഇപ്പോള്‍ തങ്കപ്പനില്ല. ഉപേക്ഷിച്ചു പോയവർക്കൊപ്പം വീടും നഷ്‌ടമായ തങ്കപ്പൻ പലപ്പോഴും കടത്തിണ്ണയിലാണ് ഉറക്കം. സുഭദ്രയ്ക്ക് ബന്ധുവായി സഹോദരനുണ്ട്. വിവാഹം ഇരുവരും കൂടി തീരുമാനിച്ചപ്പോൾ സുഭദ്ര സഹോദരന്റെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു. വിവാഹത്തിനും സുഭദ്രയുടെ ബന്ധുക്കൾ എത്തിയിരുന്നു. 

വയസാകുന്നതോടെ പ്രണയവും ജീവിതവും നഷ്ടപ്പെടുന്നവരാണ് മലയാളികൾ. കുഞ്ഞുങ്ങളുടെ ചിറകിനടിയിൽ ഓരോ വ്യക്തികളായി അവർ ജീവിതം ജീവിച്ചു തീർത്തുകൊണ്ടേയിരിക്കുന്നു. അച്ഛനുമമ്മയും ഒരേ കട്ടിലിൽ തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന എത്ര കുടുംബങ്ങൾ ഇവിടെയുണ്ടാകും? ശരീരത്തിന്റെ അതിമോഹങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ ഭാര്യയും ഭർത്താവും രണ്ടു വ്യക്തികളായി മാറി രണ്ടു കട്ടിലുകളിൽ അഭയം തിരഞ്ഞു തുടങ്ങും. ഒന്നിച്ചുള്ള യാത്രകളോ കഥ പറച്ചിലുകളോ ഒന്നും പിന്നെ അവശേഷിക്കുകയുമില്ല. കാരണം ജീവിതം അങ്ങനെയൊക്കെയാണെന്നു തന്നെയാണ് മാതാപിതാക്കളുടെ വിശ്വാസവും.

ജീവിതത്തിന്റെ യാത്രയിൽ പ്രണയം നഷ്ടമാകുന്നവർ എന്ന് അവർ സ്വയം വിധിയുമെഴുതും. പക്ഷെ മനസ്സിന്റെയുള്ളിൽ ഒരാൾക്കെങ്കിലും അപ്പോഴും ആഗ്രഹമുണ്ടാകും ഒരേ കട്ടിലിൽ പഴയ പോലെ സ്നേഹത്തെ കെട്ടിപ്പുണർന്ന് ഒന്നിച്ചുറങ്ങാൻ കഴിഞ്ഞെങ്കിലെന്ന്... "കാമഭ്രാന്ത് അടങ്ങിയില്ലേ.." എന്ന കുട്ടികളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ സ്വയം നൽകാൻ ആകാത്തതിനാൽ തന്നെ ആ വേർപിരിയൽ പിന്നീട് ഒരു ശീലവുമാകും. എന്നാൽ വാർധക്യകാലത്തു തന്നെയാണ് ഒറ്റപ്പെട്ടു പോകുന്ന മനുഷ്യർക്ക് പ്രണയത്തിന്റെ സാന്നിധ്യമുണ്ടാകേണ്ടതും. ഏകാന്തത അത്രമേൽ ഭ്രാന്തെടുപ്പിച്ച് തുടങ്ങുമ്പോൾ ദേഷ്യത്തിലേക്കും വിഷാദത്തിലേക്കും വഴുതി വീഴാൻ സാധ്യതകളുള്ള വാർധക്യത്തിലേക്ക് പ്രണയം വന്നു നിറയേണ്ടതുണ്ട്! തങ്കപ്പന്റെയും സുഭദ്രയുടെയും ജീവിതത്തിൽ അതു വന്നു നിറഞ്ഞതുപോലെ വാർധക്യം പുതിയ പ്രണയ ദിനങ്ങളിലേക്കുള്ള ചവിട്ടു പടിയാകണം. വിഷാദത്തെയും ഏകാന്തതയെയും പ്രണയത്തിന്റെ ഊർജം കൊണ്ട് ചവിട്ടി മെതിച്ച് മരണം വരെയും പ്രണയത്തിൽ ജീവിക്കാൻ കഴിയുന്നവർക്ക് ജീവിതം പുതിയ നിറങ്ങളും ഗന്ധങ്ങളും നൽകും. കാണുന്നതിലൊക്കെ നന്മയും എല്ലാവരോടും സ്നേഹവും അനുഭവപ്പെടും. അതു തന്നെയാണ് പ്രണയം പറയുന്നതും.