Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ വികൃതമാക്കിയതു മുഖം മാത്രമല്ല, സ്വപ്നവും

Rupa ഉത്തർ പ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ രൂപ ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്.

പറഞ്ഞു തീർക്കാൻ കഴിയാത്ത എന്തു പ്രശ്‌നമാണ് ഒരു കുടുംബത്തിലുള്ളത്? എന്നാൽ അതിന് മുൻകൈ എടുക്കാതെ വരുമ്പോൾ സ്വന്തം ചോര പോലും ശത്രുക്കളാകുന്നു. എന്നാൽ ആ ശത്രുതയുടെ പരിണിതഫലം ആസിഡ് ഒഴിച്ചു മുഖം വികൃതമാക്കുന്നതിലേക്കു പോകുക എന്നു പറഞ്ഞാൽ അതിൽപരം ക്രൂരത മറ്റൊന്നില്ല. സർക്കാർ എത്ര ജാഗരൂകരായി ഇരുന്നാലും ആസിഡ് ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരികയാണ് എന്നതാണ് സത്യം.

2010 ൽ നടന്ന ആസിഡ് ആക്രമണങ്ങളുടെ മൂന്നിരട്ടിയാണ് ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ നടക്കുന്ന ആസിഡ് ആക്രമണങ്ങളുടെ പകുതിപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് മറ്റൊരു വാസ്തവം. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചതാണ് ഇന്ത്യയിൽ ആസിഡ് ആക്രമണങ്ങൾ കൂടുതലും നടക്കുന്നത്. അനധികൃതമായ രീതിയിൽ ആസിഡ് ലഭ്യമാകുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന കാരണം. ആസിഡ് വിൽപ്പനയുടെ കാര്യത്തിൽ സർക്കാർ നിയമങ്ങൾ കുറേക്കൂടി രൂക്ഷമായിരുന്നു എങ്കിൽ രൂപയെ പോലുള്ളവർക്ക് ഈ ഗതി വരില്ലായിരുന്നു.

ഉത്തർ പ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ രൂപ ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. 2008 ലാണ് 15 വയസ്സുകാരിയായ രൂപയുടെ മുഖത്തെയും സ്വപ്നങ്ങളെയും ഒരുപോലെ വികൃതമാക്കിക്കൊണ്ട് അവൾക്കു നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. പ്രണയം അംഗീകരിക്കാതിരിക്കൽ, ലൈംഗീകബന്ധത്തിന് വഴങ്ങാതിരിക്കൽ, സ്വത്ത് തർക്കം തുടങ്ങിയവയൊക്കെയാണ് ആസിഡ് ആക്രമണത്തിന്റെ സ്ഥിരം കാരണങ്ങളായി നാം കേൾക്കാറുള്ളത്. എന്നാൽ, രൂപയുടെ കഥ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

Rupa 2008 ലാണ് 15 വയസ്സുകാരിയായ രൂപയുടെ മുഖത്തെയും സ്വപ്നങ്ങളെയും ഒരുപോലെ വികൃതമാക്കിക്കൊണ്ട് അവൾക്കു നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്.

സ്വന്തം വീട്ടിൽ വച്ച് രണ്ടാനമ്മയിൽ നിന്നാണ് രൂപയ്ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. അമ്മയുടെ മരണശേഷം അച്ഛൻ വിവാഹം ചെയ്ത സ്ത്രീക്ക് രൂപയെ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അമ്മയുടെ സ്ഥാനത്തു കണ്ട് അവരെ അമ്മ എന്നു തന്നെയാണ് രൂപ വിളിച്ചിരുന്നത് എങ്കിലും ആ 15 കാരിയെ മകളായി കാണാൻ അവർക്കു കഴിഞ്ഞില്ല. രൂപയെ ഒരു ബാധ്യതയായി കണ്ട രണ്ടാനമ്മ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രൂപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ആസിഡ് വീണു ഇല്ലാതായ മുഖം ഒരു നോക്കു കാണാനുള്ള ശേഷി കൊച്ചു രൂപയ്ക്ക് ഇല്ലായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷമാണ് രൂപ ജീവൻ തിരിച്ചു പിടിക്കുന്നത്. ആരിലും കൗതുകം ഉണർത്തുന്ന പ്രസരിപ്പുള്ള രൂപയുടെ മുഖത്തിനു പകരം പാതി വെന്ത മുഖം കണ്ട് അടുത്തറിയാവുന്നവർ പോലും മുഖം തിരിച്ചു. ഒരു കൗമാരക്കാരിയെ പൂർണ്ണമായും തളർത്താൻ അതിൽപരം എന്തു വേണം?

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം രണ്ടാനമായുള്ള ആ വീട്ടിലേക്ക് പോകാൻ രൂപ തയ്യാറായില്ല. രൂപയുടെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മാവൻ രൂപയുടെ സംരക്ഷണം ഏറ്റെടുത്തു . എന്നാൽ ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അവൾ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഭയം രൂപയിൽ നിറഞ്ഞു. പഠനം നിർത്തി അവൾ വീട്ടിൽ മാത്രമായി ഒതുങ്ങി.

Rupa സ്വന്തം വീട്ടിൽ വച്ച് രണ്ടാനമ്മയിൽ നിന്നാണ് രൂപയ്ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. അമ്മയുടെ മരണശേഷം അച്ഛൻ വിവാഹം ചെയ്ത സ്ത്രീക്ക് രൂപയെ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

ആസിഡ് അറ്റാക് കാമ്പയിൻ

15ാം വയസ്സിലെ ആസിഡ് ആക്രമണത്തിനു ശേഷം വീട്ടിൽ മാത്രമായി ഒതുങ്ങിയ രൂപയ്ക്ക് ആകെയുണ്ടായിരുന്ന വിനോദം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക എന്നതു മാത്രമായിരുന്നു. അവൾ അതിൽ ആനന്ദം കണ്ടെത്തി. ഏകദേശം 5 വർഷത്തോളം സ്വന്തം മുറിയിൽ മാത്രമായി ഒതുങ്ങിയ രൂപ തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരകളായവർ നടത്തുന്ന ആസിഡ് അറ്റാക് കാമ്പയിനെ കുറിച്ചറിഞ്ഞു. തന്നെ പോലെ വൈകൃതം പേറി ജീവിക്കുന്ന നിരവധിപ്പേരുടെ കഥ രൂപയ്ക്ക് പ്രചോദനമായി.

അങ്ങനെ മെല്ലെ രൂപ തന്റെ വീട് വിട്ട് പുറത്തിറങ്ങി ആസിഡ് അറ്റാക് കാമ്പയിൻ എന്ന ആഗോള ശ്രദ്ധ നേടിയ പരിപാടിയുടെ ഭാഗമായി. ആസിഡ് ആക്രമണത്തിന്റെ ഇരകളെ ഏതു വിധേനയും ജീവിതത്തിന്‌ലേക്ക് മടക്കി കൊണ്ടു വരിക , അവർക്ക് സ്വയം വരുമാനം കണ്ടെത്താനുള്ള വഴിയുണ്ടാക്കുക എന്നതൊക്കെയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

Rupa 15ാം വയസ്സിലെ ആസിഡ് ആക്രമണത്തിനു ശേഷം വീട്ടിൽ മാത്രമായി ഒതുങ്ങിയ രൂപയ്ക്ക് ആകെയുണ്ടായിരുന്ന വിനോദം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക എന്നതു മാത്രമായിരുന്നു. അവൾ അതിൽ ആനന്ദം കണ്ടെത്തി.

വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ കഴിവുള്ള രൂപ ആ മേഖല തെരെഞ്ഞെടുത്തു. ആഗ്ര ആസ്ഥാനമായി ആദ്യ വസ്ത്ര പ്രദർശനം നടന്നു. അതു വിജയിച്ചതോടെ കൂടുതൽ ജനങ്ങളിലേക്ക് രൂപയുടെ ഡിസൈനുകൾ എത്തി. ഇന്ന് ഉത്തർപ്രദേശിലെ അറിയപ്പെടുന്ന ഒരു ഡിസൈനറാണ് രൂപ. ഡിസൈനിംഗിൽ രൂപ ഇതിനകം ഉപരിപഠനവും നടത്തി. മനസ്സു വച്ചാൽ വൈരൂപ്യവും പ്രതിബന്ധങ്ങളും വളർച്ചയ്ക്കും വിജയത്തിനും തടസ്സമാകില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് രൂപ തെളിയിച്ചുവെങ്കിലും,. ഉറക്കത്തിൽ അമ്മ തന്റെ മുഖത്തേക്ക് വലിച്ചറിഞ്ഞ ആ ആസിഡ് കുപ്പിയുടെ ഓർമ്മ എന്നും നെഞ്ചിൽ ഒരു നെരിപ്പോടാകുന്നു.