Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡാലിയ റോസ് എന്ന പനിനീർപ്പൂവ്

Adalia Rose അഡാലിയ റോസ്

ഇവൾ അഡാലിയ, കാഴ്ചയിൽ 60 കാരിയുടെ രൂപവും ഭാവവുമുള്ള 6 വയസ്സുകാരി. യുകെയിൽ താമസം. വളരെ ചെറിയ പ്രായത്തിൽ തന്നെ വാര്‍ധക്യം ബാധിക്കുന്ന പ്രോഗേറിയ എന്ന അത്യപൂര്‍വമായ ജനിതക വൈകല്യമാണ് അഡാലിയ എന്ന ഈ കൊച്ചു മിടുക്കിയെ ബാധിച്ചിരിക്കുന്നത്. ദേഹം മുഴുവൻ വൃദ്ധയ്ക്ക് സമാനമായി ചുക്കി ചുളിഞ്ഞ് , തലമുടിയും പല്ലും കൊഴിഞ്ഞുള്ള ആ രൂപം കണ്ടാല്‍ ആരും കരുതില്ല അഡാലിയ കേവലം ആറു വയസ്സുമാത്രമുള്ള ഒരു കൊച്ചു കുട്ടിയാണ് എന്ന്.

ഇത്തരത്തിലുള്ള ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുട്ടികൾക്ക് അധികം ആയുസ്സ് ഉണ്ടാകാറില്ല. അഡാലിയയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല എന്ന് വൈദ്യശാത്രവും പറയുന്നു. പുറത്തു പോകാനും കൂട്ടുകാരുമൊത്ത് കളിക്കാനും ലോകം കാണാനും ഒക്കെ ഇഷ്ടമുള്ള ഇക്കൂട്ടർക്ക് പക്ഷെ സമൂഹം അത്ഭുതത്തോടെ നോക്കുന്നത് സഹിക്കാൻ ആവില്ല. അതുകൊണ്ട് തന്നെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അവർ ഒതുങ്ങുന്നു.

Adalia Rose ചെറിയ പ്രായത്തിൽ തന്നെ വാര്‍ധക്യം ബാധിക്കുന്ന പ്രോഗേറിയ എന്ന അത്യപൂര്‍വമായ ജനിതക വൈകല്യമാണ് അഡാലിയ എന്ന ഈ കൊച്ചു മിടുക്കിയെ ബാധിച്ചിരിക്കുന്നത്

ഇവിടെയാണ്‌ അഡാലിയ വ്യത്യസ്തയാകുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ പരിമിതികളെ അഡാലിയ കരുത്താക്കി മാറ്റി. അതിന് അവളെ സഹായിച്ചത് അച്ഛനും അമ്മയുമാണ്. അഡാലിയക്ക് 3 സഹോദരങ്ങൾ കൂടിയുണ്ട് , ഇവർകൊപ്പം ഇടപെഴകി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു അഡാലിയ. 3 വയസ്സ് പ്രായത്തിൽ തലമുടി കൊഴിഞ്ഞ് മൊട്ടത്തല നോക്കി കരഞ്ഞ കുഞ്ഞ് അഡാലിയയെ സമാധാനിപ്പിക്കാൻ തല മൊട്ടയടിച്ച് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് അഡാലിയയുടെ അമ്മ നതാലിയയും കുഞ്ഞ് അഡാലിയയും പ്രശസ്തരാകുന്നത്.

പിന്നീട്, നതാലിയ ഫേസ്ബുക്കിലൂടെ പങ്കുവച്ച അഡാലിയയുടെ കഥ ലക്ഷക്കണക്കിന്‌ ജനങ്ങൾ ഏറ്റുവാങ്ങി. അങ്ങനെ പതിയെ പതിയെ അഡാലിയ എന്ന ആ കൊച്ചു മിടുക്കിയെ ലോകം ഏറ്റെടുക്കുകയായിരുന്നു. ശരീരത്തിന് വാര്‍ധക്യം ബാധിച്ചു എങ്കിലും തന്റെ മനസ്സ് 6 വയസ്സുകാരി കുഞ്ഞിന്റേത് തന്നെയാണ് എന്ന് കാണിച്ച് പാട്ടുപാടിയും നൃത്തം ചെയ്തും കഥ പറഞ്ഞും അവൾ ലോകത്തിന്റെ മനം കവരുകയാണ്.

Adalia Rose വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ പരിമിതികളെ അഡാലിയ കരുത്താക്കി മാറ്റി. അതിന് അവളെ സഹായിച്ചത് അച്ഛനും അമ്മയുമാണ്.

അഡാലിയയെ തേടി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അന്വേഷണം വരാൻ തുടങ്ങിയപ്പോഴാണ് അമ്മ നതാലിയ അഡാലിയ റോസ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ആ പേജിലൂടെ കുഞ്ഞ് അഡാലിയയുടെ ചിരിയും കളിയും നൃത്തവും പാട്ടുമെല്ലാം അമ്മ ലോകത്തോട്‌ പങ്കു വച്ചു. ഇന്ന് 14,705,194 ആൾക്കാരാണ് ഫേസ്ബുക്കിലൂടെ ദിനവും അഡാലിയയെ കാണുന്നതും വിശേഷം പങ്കു വയ്ക്കുന്നതും. അഡാലിയ റോസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പെണ്‍കുട്ടിയാണ്.

ആരാധകർക്കായി അഡാലിയ സ്വന്തം ഡിസൈനിൽ ടീ ഷർട്ടുകളും വിപണിയിൽ എത്തിച്ചു കഴിഞ്ഞു. അതിന്റെ പിന്നിലും അച്ഛനും അമ്മയും തന്നെ. ഓൺലൈൻ വഴി മാത്രം വാങ്ങാൻ സാധിക്കുന്ന അഡാലിയ ഡിസൈൻസ് ടീ ഷർട്ടുകൾ വിറ്റു ലഭിക്കുന്ന പണം മുഴുവൻ തന്നെ പോലെ ജനിതക വൈകല്യം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാനാണ് അഡാലിയ താൽപര്യപ്പെടുന്നത്‌. ഇന്ന് ടീം അഡാലിയ എന്ന പേരിൽ അഡാലിയയ്ക്കായി ഫാൻസ്‌ അസോസിയേഷൻ പോലുമുണ്ട്.

Adalia Rose ഇന്ന് 14,705,194 ആൾക്കാരാണ് ഫേസ്ബുക്കിലൂടെ ദിനവും അഡാലിയയെ കാണുന്നതും വിശേഷം പങ്കു വയ്ക്കുന്നതും. അഡാലിയ റോസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പെണ്‍കുട്ടിയാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ അണഞ്ഞു പോകേണ്ടിയിരുന്ന അഡാലിയ റോസ് സമൂഹത്തിൽ വളർത്തിയെടുത്ത ആത്മവിശ്വാസത്തിന്റെ തോത് ചെറുതൊന്നുമല്ല. ജീവിതത്തെ വളരെ പോസിറ്റീവ് ആയാണ് നാം കാണേണ്ടത് എന്ന് ആ കുഞ്ഞു ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഇനി എത്രകാലം ജീവിച്ചാലും കുഞ്ഞ് അഡാലിയ ലോകത്തിനു മൊത്തം ജീവിക്കാനുള്ള പോസറ്റീവ് എനർജിയാണ്. 

Your Rating: