Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോഗ്രാഫിലെ അവസാന അക്ഷരങ്ങൾ 

autograph Representative Image

ഓർമ്മയുണ്ടോ ഓട്ടോഗ്രാഫിലെ ആ പതിഞ്ഞ വാക്കുകൾ, " പറയാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്." ഒരുപക്ഷെ വർഷങ്ങൾ കൂടെ ഉണ്ടായിരുന്നിരുന്നിട്ടും പറയാൻ പറ്റാത്ത ആ വാക്കുകളെ ആ ചെറിയ നിറമുള്ള ബുക്ക് കയ്യിൽ കിട്ടുമ്പോൾ അവനോ അവളോ ഓർത്തിരുന്നിരിയ്ക്കാം . അല്ലാതെ ഇത്തരം ഒരു വരി പിറന്നു വീഴില്ലല്ലോ. മനസ്സിലുള്ളത് പറയാനും ഒരിക്കലും മറക്കാതെ അത് ചുമന്നു കൊണ്ട് വാർദ്ധക്യം അതിൽ വീണു ആനന്ദിയ്ക്കാനും  ഒരു തലമുറയ്ക്ക് കഴിഞ്ഞിരുന്നു എന്നോർക്കുമ്പോൾ ഇന്നത്തെ കുട്ടികൾ പരിഹസിച്ചു ചിരിയ്ക്കുമോ? കാരണം ഒട്ടോഗ്രാഫുകളും വിരഹവും പറയാത്ത പ്രണയമോഹങ്ങളും ഒക്കെ ഇന്ന് കാലത്തിന്റെ കയ്യൊപ്പുകളായി  പുസ്തകങ്ങളിലെ വരികൾ മാത്രമായും പലരുടെയും ഓർമ്മകളായും തനിച്ചിരിയ്ക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ അവസരങ്ങളുടെ അക്ഷയ ഖനിയുണ്ട്, ഓർമ്മകൾക്കും സൗഹൃദം പുതുക്കുന്നതിനും നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. 

ഓട്ടോഗ്രാഫിലെ അക്ഷരങ്ങളെ ഇന്നും വളപ്പൊട്ടുകൾ പോലെ സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന ഒരു തലമുറ ഇപ്പോഴും ഉണ്ട്. അവരും കാലാന്തരത്തിൽ  പോകുമ്പോൾ പിന്നെ അവശേഷിക്കുന്നത് ബന്ധങ്ങളെ ഏതറ്റത്തിലും  ഉറപ്പിച്ചു നിർത്താൻ തക്ക ശക്തിയുള്ള ഇ മെയിലുകളുടെയും  വാട്സപ്പ് മീഡിയകളുടെയും  ഒക്കെ ലോകമാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കയ്യിൽ വരെയുള്ള സ്മാർട്ട് ഫോണുകൾ അവനെ സാങ്കേതികതയുടെ വക്താവ് ആക്കി മാറ്റുന്നുണ്ട്.എങ്കിലും ഒട്ടൊഗ്രാഫ് ബുക്കുകൾ തീർത്തും ഇല്ലാതായി പോകുന്നില്ല എന്നതാണ് ആകെയുള്ള കൌതുകം. 

പല നിറങ്ങളിൽ പല പേരുകളിൽ പല വലുപ്പത്തിൽ സ്ലാം ബുക്കുകളായി അവ ഇന്നും ബുക്ക് സ്റൊരുകളിൽ തുടരുന്നുണ്ട്. മാർച്ച് മാസത്തിലെ പരീക്ഷയുടെ ആലസ്യത്തിലും അലച്ചിലിലും ഒട്ടൊഗ്രാഫ് ബുക്കുകളുമായി സ്കൂൾ അധ്യാപകരുടെ മുറികളിൽ വരെ കയറാൻ ഭയപ്പെട്ടു റൂമിന്റെ വാതിലിൽ ഒളിഞ്ഞു നിന്ന് നോക്കിയ ചരിത്രമുള്ള വീരന്മാർ ഇപ്പോഴില്ല. അധ്യാപക-വിദ്യാർത്ഥി ബന്ധം പഴയതിനേക്കാൾ വളരെ അടുപ്പമുള്ള ഒന്നായി മാറിയിട്ടുണ്ട്, അതിനാൽ തന്നെ നേരിട്ട് ചെന്ന് ഒട്ടൊഗ്രാഫ് ബുക്കുകൾ കൈ നീട്ടാനും കുട്ടികൾക്ക് ഇന്ന് മടിയില്ല. 

ഒരു മഞ്ചാടിക്കുരു കയ്യിൽ കിട്ടുന്ന അത്ര കൌതുകമായിരുന്നു ഓരോ ഓട്ടോഗ്രാഫും പകർന്നു തന്ന കൗമാര കുതൂഹലം. അപൂപ്പാൻ താടിയുടെ നേരത്ത വിഷാദം പോലെ തോന്നിക്കുന്ന ഭാരമില്ലായ്മ വരികളിൽ നിറയ്ക്കാൻ പാടുപെടുമ്പോൾ നന്നായി എഴുതാൻ അറിയുന്ന കുട്ടികളുടെ കയ്യിൽ ഫെബ്രുവരി മാർച്ച് മാസത്തിൽ പരീക്ഷാ ചൂടിനിടയിലും ഒട്ടൊഗ്രാഫ് ബുക്കുകളുടെ തിരക്കായിരിക്കും. അവനവന്റെ ബുക്കിനൊപ്പം മറ്റുള്ളവരുടെതും എഴുതി നിറയ്ക്കണം. വാക്കുകളുടെ മാന്ത്രികത വായിക്കുന്നവരുടെ ഉള്ളിൽ തട്ടണം, അത് മുറിവേൽക്കണം , പിന്നീട് വർഷങ്ങൾക്ക് ശേഷം എടുത്തു നോക്കുമ്പോഴും ആ മുറിവിൽ നിന്ന് ചോര വാർക്കണം. 

വർഷങ്ങൾക്കിപ്പുറം ആ പഴയ  ചോരപ്പാടുകളെ എടുത്ത് ഓമനിയ്ക്കുമ്പോൾ അത്ര സുഖം തരുന്നുണ്ടോ പഴയ ഈ മെയിലുകളുടെ സാന്ത്വനം? ഒരിക്കലും ഉണ്ടെന്നു തോന്നിയിട്ടില്ല. സാഹിത്യത്തിന്റെ മായികമായ ലോകതിനപ്പുരം ഒട്ടൊഗ്രാഫ് എഴുത്ത് ഒരു കല ഒന്നുമായിരുന്നില്ല. മനസ്സിന്റെ ചിന്തകളെ വിരഹത്തിന്റെ വിങ്ങലുകളെ ലളിതമായ വാക്കുകളിൽ പലപ്പോഴും എഴുതി നൽകുമ്പോൾ അതിൽ എല്ലാം ഉണ്ടാകും. പലപ്പോഴും അപ്പോഴാകും എഴുതി നല്കിയ ആളുടെ മനസ്സിലെ പ്രണയം പോലും തിരിച്ചറിയപ്പെടുന്നത്.

ഓർക്കാൻ  നല്ല മനസ്സുള്ളപ്പോൾ എന്തിനാണീ ചിതലരിക്കുന്ന  ഓട്ടോഗ്രാഫ് " എന്ന് നിറമുള്ള താളുകളിൽ കുറിച്ചിട്ട കൂട്ടുകാരി വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മുഖം തിരിച്ചു അപരിചിതയെ പോലെ കടന്നു പോയ വേദന സുഹൃത്ത്‌ പങ്കു വയ്ക്കുമ്പോൾ തിരിച്ചറിയുന്നുണ്ട്, ഇത്രയൊക്കെ ഉള്ളോ ഓട്ടോഗ്രാഫുകളുടെ കൌതുകം. പിന്നെ അവനോടൊപ്പം ചേർന്ന് പറഞ്ഞു, ഓട്ടോഗ്രാഫിൽ മാത്രം ഒതുങ്ങി ഇരിക്കട്ടെ അന്നത്തെ പ്രിയ സൌഹൃദങ്ങൾ എന്ന്. കാലവും കോലവും മാറുന്ന മനുഷ്യരുടെ യാന്ത്രികതയിലെയ്ക്ക് ഒരിക്കലും ആ പഴയ അപ്പൂപ്പന്താടി പോലെയുള്ള കൌതുകത്തെ പറിച്ചു നടാൻ ആകുന്നില്ലല്ലോ എന്ന് എത്ര പേര് സഹതാപിക്കുന്നുണ്ടാകണം? ജീവിതം ഇങ്ങനെ ഒക്കെയാണ് എന്നാ സ്ഥിരം പല്ലവിയിലെയ്ക്ക് വേദനകളെ പിടിച്ചിടുമ്പോൾ അതിനെ അംഗീകരിക്കാതെ തരവുമില്ലല്ലൊ എന്നും വരുന്നു. 

"നിനക്ക് ഒട്ടൊഗ്രാഫ് എഴുതിയ പഴയ കൂട്ടുകാരെ കണ്ടാൽ ഇപ്പോൾ തിരിച്ചറിയാൻ കഴിയുമോ?" നല്ലപാതി ചോദിച്ചു ബാക്കി വച്ച ചോദ്യത്തിന്റെ ഉത്തരം തിരയേണ്ടത് എന്നിൽ തന്നെ അല്ലെ? പക്ഷേ പലപ്പോഴും നാട്ടിൽ പോകുമ്പോൾ പരിചിതമായ വഴികളിൽ ആരെയൊക്കെയോ തിരയാറുണ്ട്. ഒരു പരിചിതമായ മുഖം കണ്ടാൽ ആവർത്തിച്ചു നോക്കി ഓർമ്മകളിലേയ്ക്ക് നടന്നിരങ്ങാറുണ്ട്. ചുണ്ടിൽ ഒട്ടിച്ച വച്ച വിഷാദത്തിന് പകരം ചിലപ്പോഴൊക്കെ ഒരു ചിരിയു നല്കാറുണ്ട്. എവിടെയോ കണ്ടു മറന്ന ഓർമ്മയിൽ തിരികെ നൽകേണ്ടുന്ന ചിരിയുടെ ഭാരമോർത്ത് അവർ നടന്നു മറയുമ്പോൾ മറവികൾ ഉണ്ടാകാതെ ഇരിക്കട്ടെ എന്നാ ഒട്ടൊഗ്രാഫ് വാചകങ്ങൾ ഓർമ്മയിലെത്താറുണ്ട് 

Your Rating: