Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിക്ഷാ‌ടന മാഫിയ ഇവിടെ വരെ, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ !

 ഭിക്ഷാ‌ടന മാഫിയ ഇവിടെ വരെ, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ Representative Image

ഭിക്ഷാടന മാഫിയ എന്നുപറഞ്ഞാൽ ചെറുതല്ലെന്നു നമ്മളെ ബോധ്യപ്പെടുത്തി തന്നതിൽ സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിയുടെ പിന്നാമ്പുറ കഥയ്ക്കും ഉണ്ട് വലിയ പങ്ക്. ട്രെയിനിലെ ഭിക്ഷാടന മാഫിയയെ കോർത്തിണക്കി നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോകമാണെന്നു തെളിഞ്ഞതുമാണ്. ഗോവിന്ദച്ചാമിയും ഒറ്റക്കയ്യൻ ഭിക്ഷാടകനായി ട്രെയിനിൽ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു.

രണ്ടും മൂന്നും ദിവസം യാത്ര ചെയ്യുന്ന ട്രെയിനുകളിൽ പകൽ ഭിക്ഷാടനത്തിനുവേണ്ടി വരും. ചിലപ്പോൾ കാർഡ് അടിച്ച് അതിൽ സങ്കടക്കഥ പറഞ്ഞാകും. അല്ലെങ്കിൽ ട്രെയിനിൽ നമ്മൾ ഇരിക്കുന്ന ഭാഗം തുടച്ചു വൃത്തിയാക്കുന്ന മട്ടിലും. എന്തായാലും ഇവരുടെ വരവു സൂക്ഷിക്കേണ്ടതാണ്. പകൽ ഇവർ യാത്രക്കാരെ നോക്കിവയ്ക്കും. രാത്രി യാത്രക്കാർ എത്ര പേർ, എത്ര പെട്ടികൾ എന്നൊക്കെ... പിന്നെ ഈ അടയാളങ്ങളുമായി രാത്രി എത്തുന്നതു വൈദഗ്ധ്യമുള്ള മോഷണ കില്ലാടികളാണ്.. അവർ രാത്രിയുടെ മറവിലെത്തി പെട്ടിയും മറ്റും കടത്തും. ഈ പെട്ടി ചെന്നുചേരുന്നതു മുംെബെയിലെ പൻവേലിലാണ്..

പൻവേൽ എന്നത് എല്ലാ ദീർഘദൂര ട്രെയിനുകളും നിർത്തുന്ന റെയിൽവേ ഹബ്. ഡൽഹിയിലേക്കും പുണെയിലേക്കും ഗോവയിലേക്കുമെല്ലാം പോകുന്നവർ ഇവിടെ വന്നുപോകുന്നു. കൊങ്കൺപാതയുടെ ആസ്‌ഥാനവുമാണ്. എപ്പോഴും തിരക്കേറിയ സ്‌റ്റേഷനും പരിസരവുമാണു പൻവേൽ. മറ്റൊരു പ്രത്യേകതയുമുണ്ട്. രാജ്യത്തെ ഏതു കുറ്റവാളിക്കും മാസങ്ങളോളം ഒളിച്ചിരിക്കാൻ പറ്റിയ സ്‌ഥലം കൂടിയാണിത്. പൻവേൽ എന്ന വളരുന്ന നഗരത്തിനോട് ഉരുമ്മിക്കിടക്കുന്നത് വിജനമായ ഗ്രാമങ്ങൾ. അവിടെ ചെറിയ ജോലിയൊക്കെ ചെയ്‌താണു തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നു മുങ്ങുന്ന പ്രതികൾ പൻവേലിൽ വന്നു തണൽ തേടുന്നത്.

മറ്റെവിടെയും വിറ്റഴിക്കാൻ പ്രയാസമുള്ള സാധനങ്ങൾ നിഷ്‌പ്രയാസം മുംബൈയിലെ ചോർ ബസാറുകളിലെത്തുന്നു. മോഷണസാധനങ്ങൾ മാത്രം ലഭിക്കുന്ന മുംബൈയിലെ ചന്തയാണു ചോർ ബസാർ.

 ഭിക്ഷാ‌ടന മാഫിയ ഇവിടെ വരെ, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ Representative Image

മാഹിയും തലശ്ശേരിയും യാചകരുടെ പറുദീസ

കേന്ദ്ര ഭരണ പ്രദേശമായ മാഹിയും തലശ്ശേരിയും യാചകരുടെ പറുദീസയാണ്. മാഹി, കോപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ തുച്ഛമായ വിലയ്ക്കു കിട്ടുന്ന മദ്യമാണു യാചകർ എന്ന പേരിൽ ഇവിടെയെത്തുന്നവരുടെ പ്രധാന ലക്ഷ്യം.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും യാചകർ കൂട്ടമായും അല്ലാതെയും തലശ്ശേരിയിലും മാഹിയിലും എത്തുന്നുണ്ടെന്നാണു കണ്ടെത്തൽ. റെയിൽവേ സ്റ്റേഷനുകളിൽ രാത്രി വണ്ടികളിൽ വന്നിറങ്ങുന്ന ഇവരിൽ ആൺപെൺ വ്യത്യാസമില്ലാതെ ഭൂരിഭാഗവും മദ്യത്തിനടിമകളാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടുന്ന സ്ഥലങ്ങളിലൊന്നാണു മാഹി. മാഹിയിൽ എത്തി ആവശ്യത്തിനു മദ്യപിച്ച് അവിടെ തമ്പടിക്കുന്ന യാചകർ പിന്നീടു പണമുണ്ടാക്കാൻ തലശ്ശേരിയിലേക്കു കുടിയേറുകയാണു പതിവ്.

തലശ്ശേരിയിൽ യാചകർ കാരണമുണ്ടായ കേസുകൾ ഒട്ടേറെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടുവർഷം മുൻപു റെയിൽവേ സ്റ്റേഷനു സമീപത്തു കൂടി നടന്നുവരികയായിരുന്ന അധ്യാപികയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചു യാചകവേഷത്തിലുള്ളയാൾ അപമാനിക്കാൻ ശ്രമിച്ചതാണ് ഇതിൽ കുപ്രസിദ്ധം. അധ്യാപികയുടെ നിലവിളി കേട്ടു നാട്ടുകാരെത്തിയപ്പോൾ ഇയാൾ ഓടി പുഴയിൽ ചാടുകയും പിന്നീടു നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കേസിൽ ഇയാളെ കുറ്റക്കാരനാണെന്നു വിധിച്ചു കഴിഞ്ഞ മാസമാണു വിധി വന്നത്.

യാചകരിൽ ധാരാളം പേർ അജ്ഞാത കാരണങ്ങളാൽ മരണമടയുന്നതു പതിവാണ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ മാത്രം ഒരു വർഷത്തിനിടെ അൻപതിലേറെ യാചകർ മരിച്ചിട്ടുണ്ടെന്നാണു കണക്ക്. വിലകുറഞ്ഞ മദ്യം വാങ്ങി കുടിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഇതിനു പ്രധാന കാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ കാണുന്നത്.
ബസിലും ട്രെയിനിലും കയറി മോഷണം നടത്തുന്നവരും ഒട്ടേറെയുണ്ട്. കയ്യിൽ കരുതുന്ന ദുർഗന്ധവസ്തു മറ്റുള്ളവരുടെ ദേഹത്തു പുരട്ടി മോഷണത്തിനുള്ള അവസരം ഉണ്ടാക്കിയെടുത്താണു പ്രധാനമായും മോഷ്ടിക്കുന്നത്.

കൂടാതെ വീടുകളുടെ മുൻവശത്തു വച്ചിരിക്കുന്ന പാത്രങ്ങൾ, ഇലക്ട്രിക് കമ്പികൾ തുടങ്ങിയവ മോഷ്ടിച്ചു വിറ്റും ഇവർ മദ്യപിക്കാൻ പണം സ്വരൂപിക്കുന്നുണ്ട്. മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യാനും ഇവർ മടിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. കുടുംബമായെത്തുന്ന യാചകർ ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളെപ്പോലും മറന്നു പോകാറുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപു പഴയ സാധനങ്ങൾ വിൽക്കാൻ ആക്രി കടയിലെത്തിയ യാചക കുടുംബം ഒന്നര വയസ്സുള്ള കുഞ്ഞിനെ കടയിൽ വച്ചു മറന്നു. പൊലീസും സന്നദ്ധപ്രവർത്തകരും ഇടപെട്ടു കുഞ്ഞിനെ അനാഥാലയത്തിലാക്കി.

തലശ്ശേരിയും മാഹിയും ഒഴികെ യാചകരുടെ എണ്ണമെടുത്താൽ കണ്ണൂർ‍ മറ്റു ജില്ലകൾക്കു മാതൃകയാണ്. ഗ്രാമങ്ങളിൽ വിരളമായേ യാചകരെ കാണാനാകൂ. കണ്ണൂർ നഗരത്തിലും യാചകരുടെ എണ്ണം വളരെ കുറവ്. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും വ്യക്തമായ അവബോധം കാരണമാണു യാചകരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതെന്നും അധികൃതർ പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന യാചകക്രൂരതകളുടെ വിഡിയോകളും ചിത്രങ്ങളും ജനത്തിനിടയിൽ അവബോധം സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ യാചകർക്കു പങ്കുണ്ടെന്നുള്ള വാർത്തകളും ഇവരുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.

∙ അംഗവൈകല്യം വരുത്തിയശേഷം ഭിക്ഷാടനത്തിനാണു കൊച്ചുകുട്ടികളെ കൂടുതലായും ഉപയോഗിക്കുക. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇതനായി വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. തട്ടിയെടുക്കുന്ന കുട്ടികളെ ഉടൻ ജില്ലയ്ക്കു പുറത്തെത്തിച്ചു കൈമാറും.

പ്രഫഷനൽ ഭിക്ഷാടകർ അതിർത്തികടന്നെത്തുന്നു

 ഭിക്ഷാ‌ടന മാഫിയ ഇവിടെ വരെ, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ Representative Image

തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള യാചകസംഘമാണു ഇടുക്കി ജില്ലയിൽ തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഉൽസവ സീസണിലാണു പ്രഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു. അന്ധനായി അഭിനയിച്ചു ദിവസേന ആയിരക്കണക്കിനു രൂപ സമ്പാദിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയെയും ഭാര്യയെയും ആലുവയിൽനിന്നു റെയിൽവേ പൊലീസ് പിടികൂടിയതു കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു.

ഒരു ദിവസത്തിനുള്ളിൽ 6200 രൂപയാണ് ഇവർ പിരിച്ചെടുത്തത്. ഇവരെപ്പോലെ രോഗികളായും ശാരീരിക വൈകല്യമുള്ളവരായും അഭിനയിച്ചെത്തി ആളുകളെ പിഴിയുന്ന സംഘം ഹൈറേഞ്ചിലും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തമ്പടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നു ചെക്പോസ്‌റ്റ് വഴി കുമളിയിലെത്തി പല സംഘങ്ങളായി തിരിഞ്ഞു ഭിക്ഷ യാചിക്കാനിറങ്ങും. പുലർച്ചെ ഒരു സ്‌ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്‌ഥലങ്ങൾ ഇവർതന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസം മാത്രമേ ഇവരെ ഒരു സ്‌ഥലത്തു കാണാനാകൂ.

അതിർത്തി കടക്കാൻ എളുപ്പം; ഭിക്ഷാടകർക്കു പ്രിയം ഇടുക്കി

മധ്യകേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പ്രഫഷനൽ ഭിക്ഷാടകർക്ക് ഏറ്റവും പ്രിയമുള്ള സ്ഥലമാണ് ഇടുക്കിയെന്നു പൊലീസ് പറയുന്നു. പണം സമ്പാദിച്ചശേഷം അതിർത്തി കടക്കാൻ എളുപ്പമാണെന്നതും വീടുകൾ കയറിയിറങ്ങി പിരിവെടുത്താൽ ഗ്രാമീണമേഖലയിൽനിന്നു വൻതുക പിരിച്ചെടുക്കാമെന്നതും ഭിക്ഷാടകരെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരത്തോളം ഭിക്ഷാടകർ ഉണ്ടെന്നാണു പൊലീസ് പറയുന്നത്. ഇതിൽ 30 ശതമാനവും കുട്ടികളാണ്. ഒരു കുട്ടി ശരാശരി 200 രൂപയും മുതിർന്ന യാചകൻ 500 രൂപയും സമ്പാദിക്കുന്നുണ്ടെന്നു കണക്കുകൂട്ടിയാൽ ഒരു ദിവസം ഇടുക്കിയിലെ ഭിക്ഷാടകർ പോക്കറ്റിലാക്കുന്നത് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ്.

തിരുവനന്തപുരത്തു യാചകർ ഒരു ദിവസം പിരിച്ചെടുക്കുന്നതു ആറു ലക്ഷം രൂപ. ഒരു മാസത്തെ കണക്കായാൽ അത് ഒന്നേമുക്കാൽ കോടിയായി ഉയരും. ഒരു അനൗദ്യോഗിക പഠനത്തിലാണ് ഇതു കണ്ടെത്തിയത്. കൊച്ചി നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിലാണു യാചകർ തമ്പടിച്ചിരിക്കുന്നത്. ഇവരിൽ കൂടുതലും ആന്ധ്രയിൽ നിന്നുള്ളവരാണ്. പ്രതിദിനം ആയിരം രൂപ വരെ സമ്പാദിക്കും. കോട്ടയം നഗരത്തിൽ തിരുനക്കരയിലും പരിസരപ്രദേശങ്ങളിലെ കടത്തിണ്ണകളിലുമാണു യാചകർ കിടന്നുറങ്ങുന്നത്. മതിയായ കേസുകളില്ലാത്തതിനാൽ ഇവരെ കസ്‌റ്റഡിയിലെടുക്കാൻ സാധിക്കുന്നില്ല. പലരും രോഗബാധിതരാണ്.

കുട്ടികളെ തട്ടിയെടുക്കാനും ഇവർ

ഒരു മാസം മുൻപു വാട്സാപിൽ ഒരു വിഡിയോ പ്രചരിച്ചു. നടുക്കത്തോടെയാണ് ഓരോരുത്തരും ഇതു കണ്ടത്. കഷ്ടിച്ചു മൂന്നു വയസ്സുള്ള ആൺകുട്ടിയെ തടിയനായ ഒരാൾ തടിക്കഷണമുപയോഗിച്ച് ക്രൂരമായി മർദിച്ച് അംഗവൈകല്യം വരുത്തുന്നതാണു ദൃശ്യങ്ങളിൽ. വെളിച്ചം കുറവായ മുറിക്കുള്ളിൽ കുട്ടിയെ ബലമായി കിടത്തുകയും വാ പൊത്തിപ്പിടിച്ചുമാണ് ഇയാൾ കുട്ടിയെ മർദിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഇതു നടന്നതെന്നാണു കരുതുന്നത്. അംഗവൈകല്യം വരുത്തിയ ശേഷം ഭിക്ഷാടനത്തിനാണു കൊച്ചു കുട്ടികളെ കൂടുതലായും ഉപയോഗിക്കുക. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇതു സംബന്ധിച്ച് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

വിദ്യകൾ പലവിധം

 ഭിക്ഷാ‌ടന മാഫിയ ഇവിടെ വരെ, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ Representative Image

കൈകാലുകളില്ലാത്ത കുട്ടികളെയും മെലിഞ്ഞ കുരുന്നുകളെയും മുന്നിൽ നിർത്തി ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു മടങ്ങുകയാണ് ആന്ധ്രാപ്രദേശ് ഭിക്ഷാടകരുടെ പതിവു രീതി. നാട്ടിൽ വെള്ളപ്പൊക്കമാണ് എന്തെങ്കിലും തരണമെന്നു പറഞ്ഞു വരുന്നവരിലധികവും ആന്ധ്രയിൽ നിന്നുള്ളവരാണ്. ബസിൽ കാർഡ് വിതരണം ചെയ്‌തു പണം സമ്പാദിക്കുന്നവർ ഇപ്പോഴും സജീവമാണ്. ശരീരത്തിൽ മുറിവുകളുണ്ടാക്കിയും പീഡനങ്ങളേൽപ്പിച്ചും സഹാനുഭൂതി സൃഷ്‌ടിച്ചു കാശുണ്ടാക്കാൻ ഈ സംഘാംഗങ്ങൾ വിരുതൻമാരാണ്.

ഉത്സവങ്ങളും പെരുന്നാളുകളും മനഃപാഠം

ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ജില്ലയിലെ ഭിക്ഷാടകർക്കും മാഫിയാ അംഗങ്ങൾക്കും മനഃപാഠമാണ്. എല്ലാ വർഷവും കൃത്യമായി ഉൽസവ സീസണുകൾ നോക്കി ജില്ലയിലെത്തുന്ന ഭിക്ഷാടകരുടെ എണ്ണം വളരെ വലുതാണ്. ഇവയൊക്കെ നന്നായി പഠിച്ചും ഗൃഹപാഠം ചെയ്‌തുമാണു അവർ ഭിക്ഷാടനത്തിനെത്തുന്നത്, അഥവാ അവരെ എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നു കൂട്ടത്തോടെയാണു പലരും ജില്ലയിലെത്തുന്നത്. ഇവരെ എത്തിക്കാൻ വാഹനങ്ങളുമുണ്ട്. കൂട്ടത്തോടെയെത്തി ഭിക്ഷാടനം നടത്തേണ്ട സ്‌ഥലങ്ങൾ ഏതൊക്കെയെന്ന് ആസൂത്രണം ചെയ്‌തു ഡ്യൂട്ടി തുടങ്ങുന്ന സംഘങ്ങളും ഉണ്ട്.