Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങാൻ മാത്രം ഉണരുന്ന സുന്ദരി, അവിശ്വസനീയം ഇവളുടെ കഥ !!

beth ബേത് ഗുഡിയർ

ഉറക്കം മനോഹരമായ ഒരു അവസ്ഥയാണ്. ഒരുദിവസത്തെ സകല പിരിമുറക്കങ്ങള്‍ക്കും ഗുഡ്ബൈ പറഞ്ഞ് എല്ലാം മറന്നു സന്തോഷത്തോടെ കിടന്നുറങ്ങാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഉറക്കത്തെ എത്രതന്നെ ഇഷ്ടമാണെങ്കിലും ഒരു പരിധികഴിഞ്ഞ് ഉറങ്ങാൻ ആർക്കും കഴിയാറില്ല. പക്ഷേ ബേത് ഗുഡിയർ എ​ന്ന ഇരുപത്തിരണ്ടുകാരി ഉറങ്ങിയാൽ എഴുന്നേൽക്കുന്നത് ദിവസങ്ങളും മാസങ്ങളുമൊക്കെ കഴിഞ്ഞാണ്. അതെ, സ്ലീപിങ് ബ്യൂട്ടി സിൻഡ്രോം എന്ന രോഗമാണ് ബേതിനെ തീരാഉറക്കത്തിലേക്ക് ആഴ്ത്തിവിടുന്നത്.

പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിവും മിടുക്കിയായിരുന്നു ബേത്. പക്ഷേ അഞ്ചു വർഷം മുമ്പ് തന്റെ പതിനേഴാം വയസു മുതലാണ് തീരാ ഉറക്കം ബേതിനെ ശല്യപ്പെടുത്തി തു‌ടങ്ങിയത്. അന്നു ഉറക്കത്തിലേക്കു വീണ ബേത് പിന്നെ മാസങ്ങളോളം കൃത്യമായി എഴുന്നേറ്റില്ല. ദിവസത്തിൽ ഇരുപത്തിരണ്ടുമണിക്കൂറോളം അവൾ കിടന്നുറങ്ങും, എഴുന്നേൽക്കുന്നതാകട്ടെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ടോയ്‍ലറ്റിൽ പോകാനും മാത്രം.

beth-1 സ്ലീപിങ് ബ്യൂട്ടി സിൻഡ്രോം എന്ന രോഗമാണ് ബേതിനെ തീരാഉറക്കത്തിലേക്ക് ആഴ്ത്തിവിടുന്നത്

മരുന്നിനോ ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കോ ഒന്നും ബേതിനെ ഉണർത്താനാവില്ല. ഭൂരിഭാഗവും സോഫയിലും ബെ‍ഡിലും കഴിച്ചുകൂട്ടുന്ന ബേത് വല്ലപ്പോഴും പുറത്തിറങ്ങുന്നതാകട്ടെ േഡാക്ടറെ കാണാനായിട്ടാണ്, അതും വീൽചെയറില്‍, കാരണം ഉറക്കം അവളുടെ ശരീരത്തെ അത്രത്തോളം തളർത്തിക്കളഞ്ഞിട്ടുണ്ടാകും. എഴുന്നേറ്റാലുടൻ അവൾ തന്റെ സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുകയും മുടി മിനുക്കുകയും ഒക്കെ ചെയ്യും, പക്ഷേ പിന്നീടവൾ എപ്പോഴാണ് ഉറക്കത്തിലേക്കു വീഴുന്നതെന്ന് ആർക്കും പറയാനാകില്ല.

ബേതിനെ സംബന്ധിച്ചി‌ടത്തോളം രാത്രിയും പകലുമൊക്കെ ഒരുപോലെയാണ്. മകളെ നോക്കാനായി അമ്മ ജാനിൻ ജോലിയും ഉപേക്ഷിച്ച് ഭൂരിഭാഗം സമയവും അവൾക്കൊപ്പമാണ്. ഏറ്റവും വലിയ പ്രശ്നം എഴുന്നേറ്റു കഴിഞ്ഞാൽ ബേതിനാകെ ആശയക്കുഴപ്പങ്ങളാണ്. അവൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ എ​ന്നൊന്നും ഓർമ കാണില്ല. തന്റെ മകളുടെ ജീവിതത്തിൽ അവൾ ഏറ്റവുമധികം ആഘോഷിച്ചു തീർക്കേണ്ട നിമിഷങ്ങൾ പാഴായിപ്പോകുന്നതു കാണുമ്പോൾ ജാനിനു സഹിക്കാൻ കഴിയുന്നില്ല.

beth-2 ബേതിനെ സംബന്ധിച്ചി‌ടത്തോളം രാത്രിയും പകലുമൊക്കെ ഒരുപോലെയാണ്. മകളെ നോക്കാനായി അമ്മ ജാനിൻ ജോലിയും ഉപേക്ഷിച്ച് ഭൂരിഭാഗം സമയവും അവൾക്കൊപ്പമാണ്.

ഇന്ന് തന്റെ മകള്‍ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് സാധാരണ പെൺകുട്ടികളെപ്പോലെ ജീവിതം നയിക്കാനായി കാത്തിരിക്കുകയാണ് ജാനിൻ. അവൾ യാത്ര ചെയ്യുന്നതും പഠിക്കുന്നതും കുടുംബത്തെ നോക്കുന്നതുമൊക്കെയാണ് ജാനിൻ ഇന്നു കാണുന്ന ഏറ്റവും വലിയ സ്വപ്നം.

ജീവിതത്തിൽ മറ്റുള്ളവരെപ്പോലെ കഴിച്ചുകൂട്ടുന്നതിനു പകരം ഏറെയും ഉറങ്ങിത്തീർക്കുന്നവരാണ് സ്ലീപിങ് ബ്യൂട്ടി സിൻഡ്രോം ബാധിച്ചവര്‍. കൂടുതലും കൗമാരക്കാരിലാണ് ഈ അവസ്ഥ ബാധിക്കുന്നത്, ഏതാണ്ട് പതിമൂന്നു വർഷത്തോളം ഈ രോഗാവസ് നീണ്ടുനിന്നേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുമൂലം നേരാംവണ്ണം പഠിക്കാൻ കഴിയാതെയും വിദ്യാഭ്യാസം പൂർണമാക്കാതെയും ഭാവി നശിക്കുന്നവരുമുണ്ട്. കൃത്യമായ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗാവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്നത് ഇന്നും അനിശ്ചിതം.