Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതേ, ഇരുണ്ടിട്ടാണ്, വെളുത്തിട്ടല്ല; ഉറക്കെ പറയാൻ മടിക്കുന്നതെന്തിന്?

bridal-makeup ഷോൺ റോമി

കുഞ്ഞു ജനിച്ചുവെന്ന സന്തോഷം വാർത്ത പങ്കിടുമ്പോൾ ബന്ധു/സുഹൃത്ത്  ആദ്യം തിരക്കും – ആണോ പെണ്ണോ?  തൊട്ടുപിന്നാലെയെത്തും  കൊലമാസ് ചോദ്യം – നല്ല നിറമുണ്ടോ ?

നല്ല നിറം എന്നു വച്ചാൽ ഫെയർ. അതായത് വെളുത്തു ചുവന്നു തുടുത്ത്... നാട്ടുനടപ്പനുസരിച്ചുള്ള  സൗന്ദര്യത്തിന്റെ മാനദണ്ഡം.നിറം ആണെന്ന് നിശ്ചയിച്ചതാരാണോ  എന്തോ?. 

‘വെളുപ്പിക്കുന്ന’ ക്രീമുകൾ പലതും മാറി മാറി പരീക്ഷിച്ചാകും പലരും കൗമാര–യൗവന കാലഘട്ടം  കഴിച്ചുകൂട്ടുക..  വിവാഹപ്രായമെത്തിയാൽ  ‘വെളുത്ത സുന്ദരി’കളല്ലാത്തവരും  മാതാപിതാക്കളും  അതിസമ്മർദത്തിലാകും. . വിവാഹവേദിയിൽ  വധുവിനെ ഒരുക്കാനെത്തുന്ന  ‘മേക്കപ് ആർടിസ്റ്റിനും ആ സമ്മർദത്തിനു കീഴടങ്ങേണ്ടി വരും.

priya-abhilash പ്രിയ അഭിലാഷ് ജോസഫ്

വെളുക്കാൻ തേച്ചത് പാണ്ടാകും 

വിവാഹവേദിയിൽ വധുവിനെ ഒരുക്കുമ്പോൾ സമ്മർദത്തിലായിപ്പോകുന്ന  ഒത്തിരിപ്പേരുടെ  പ്രതിനിധിയാണ് മേക്കപ് ആർടിസ്റ്റ്  പ്രിയ അഭിലാഷ് ജോസഫ്. ഒരു വ്യത്യാസം മാത്രം. എത്ര സമ്മർദത്തിലാക്കിയാലും  അതിനു കീഴടങ്ങാൻ തനിക്കു പറ്റില്ലെന്ന് തീർത്തു പറയും പ്രിയ– ഇരുണ്ട വധുവിനെ വെളുപ്പിച്ച് ഒരുക്കാനാണെങ്കിൽ  അതിനു വേറെയാളെ നോക്കിക്കോളൂ എന്ന്. 

ഇരുണ്ട നിറത്തിന് എന്താണ് പ്രശ്നമെന്ന് പ്രിയ ചോദിക്കുന്നു.  പലരോടായി പലപ്പോഴായി ഇങ്ങനെ ചോദിച്ചു മടുത്തപ്പോൾ അതിനു ഉത്തരം കണ്ടെത്താനും പ്രിയ മുന്നിട്ടിറങ്ങി. ആ ഉത്തരമാണ്   ‘ബ്രൗൺ ബ്യൂട്ടി’ എന്ന ബ്രൈഡൽ മേക്കപ് ഫോട്ടോ ഷൂട്ട്. 

നിറമല്ല, സൗന്ദര്യം

സ്വന്തം നിറത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വസമില്ലാതെ  പോകുന്നവർക്കു ധൈര്യം പകരാനും നിറം മാത്രം നോക്കിയുള്ള സൗന്ദര്യബോധം തിരുത്തിക്കുറിക്കാനുമുള്ള സംരംഭത്തിൽ പങ്കാളികളായത് ‘കമ്മട്ടിപ്പാടം’ ഫെയിം  ഷോൺ  റോമിയും  ‘മാജിക് മോഷൻ’ വെഡ്ഡിങ് ഫോട്ടോഗ്രഫർ റൂബെൻ  ബിജി തോമസും. ഇരുണ്ട നിറമുള്ള ഷോൺ റോമിയെ പ്രിയ ഒരുക്കിയെടുത്തപ്പോൾ ആ സൗന്ദര്യത്തിന് നിലാവിന്റെ ശോഭയും വശ്യതയും. ആ സൗന്ദര്യം മിഴിവോടെ ഒപ്പിയെടുത്തു റൂബെന്റെ കാമറയും. ചിത്രങ്ങൾ കണ്ട പലരും അവ ഫാഷൻ മാഗസിനുകൾക്കു നൽകിക്കൂടെയെന്നു ചോദിച്ചപ്പോൾ പ്രിയയ്ക്കു സംശയം – അവർ അതു വെളുപ്പിച്ചെടുത്താലോ ? 

ആത്മവിശ്വാസം ; അതാണ് എല്ലാം

നമ്മുടെ നാട്ടിൽ ഭൂരിപക്ഷം പേരും ഇരുണ്ടനിറക്കാരാണ്. എന്നാലും വെളുത്ത നിറത്തോടു വല്ലാത്ത അഭിനിവേശമാണ് നമുക്ക്. അതുകൊണ്ടു തന്നെ വധുവിനെ ഒരുക്കുമ്പോൾ  അമ്മയും ബന്ധുക്കളുമൊക്കെ പറയും അൽപം ലൈറ്റായിട്ടു ചെയ്യണം, നിറം തോന്നിക്കണം എന്നൊക്കെ. പലപ്പോഴും ഇരുണ്ട നിറത്തിലുള്ള പെൺകുട്ടികള്‍ ഒരുങ്ങുമ്പോൾ മോശമാകുന്നത് ഇങ്ങനെ െവളുപ്പിക്കാനുള്ള ശ്രമമുണ്ടാകുമ്പോഴാണ്. ഇരുണ്ട നിറവും ചുരുണ്ട തലമുടിയും – നമ്മുടെ നാട്ടിൽ വലിയൊരു സൗന്ദര്യപ്രശ്നമാണ്. ചുരുണ്ട മുടിയോടുള്ള അപ്രിയം ഇപ്പോൾ കുറെയൊക്കെ കുറഞ്ഞിട്ടുണ്ട്. മുടി സ്ട്രെയ്റ്റൻ ചേയ്യേണ്ട എന്നല്ല. നമ്മുടെ  ഒരു ഫീച്ചർ മോശമാണെന്നു സ്വയം കരുതരുത് എന്നു മാത്രം. മുടി മാത്രമല്ല, തടിച്ച മൂക്ക്, ചെറിയ കണ്ണുകൾ ഇതൊക്കെയുള്ളവരെ പലരും കളിയാക്കിക്കണ്ടിട്ടുണ്ട്. എന്തിനാണത് ? എല്ലാവരും  അവരുടെതായ രീതിയിൽ സൗന്ദര്യമുള്ളവരാണ്. ആ രീതിയിലുള്ള മാറ്റം വരണം, സമൂഹത്തിന്റെ സൗന്ദര്യബോധത്തിൽ,  പ്രിയ പറയുന്നു.

Priya's ടിപ്സ്  

കൃത്യമായ ഫൗണ്ടേഷൻ തിരഞ്ഞെടുക്കുകയാണ് പ്രധാനം. നിറം തോന്നിക്കാൻ  വേണ്ടി ലൈറ്റ് ഷേഡ് തിരഞ്ഞെടുക്കരുത്.

സ്കിൻ ടോൺ ഒരുപോലെയാക്കാനാണ്  ഫൗണ്ടേഷൻ ഉപയോഗിക്കുന്നത്, അല്ലാതെ നിറം കൂടുതൽ തോന്നാനല്ല.

മുഖത്തിലും കഴുത്തിലും ചർമത്തിനു ചേരുന്ന ഷേഡ് ആണ് തിരഞ്ഞെടുക്കേണ്ടത്. രണ്ടിടത്തും നിറം ഒരുപോലെയല്ലെങ്കിൽ , ഏതു വേണമെന്നു സംശയം തോന്നിയാൽ ‘ഡാർക്കർ’ ആയിട്ടുള്ള ഷേഡ് തിരഞ്ഞെടുത്തോളൂ.. 

മറ്റു നഗരങ്ങളിലൊക്കെ  ഫൗണ്ടെഷനിൽ വ്യത്യസ്തമായ ഷേഡുകൾ ലഭിക്കുമ്പോൾ നാട്ടിൽ എല്ലാ ഷേഡുകളും ലഭിക്കുന്നില്ല എന്നൊരു പ്രശ്നമുണ്ട്.

ലിപ്സ്റ്റിക്, ഐഷാഡോ, ബ്ലഷ് തുടങ്ങിയവയെല്ലാം ഏതു ഷേഡിലുള്ളതുമാകാം. ബ്രൈറ്റ് നിറങ്ങളോ ഫ്ലൂറസെന്റോ എന്തും ആകട്ടെ, ധരിക്കുന്നയാൾക്കു ആത്മവിശ്വാസം  ഉണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ല.

യൂട്യൂബിലെ മേക്കപ് ട്യൂട്ടോറിയൽ ഉപകാരപ്രദമാണ്. തെറ്റുകൾ തിരുത്താം,  ശരിയായി മേക്കപ് ചെയ്യാൻ മനസിലാക്കാം.

കടപ്പാട്

പ്രിയ അഭിലാഷ് ജോസഫ്,

ബ്രൈഡൽ & കമേഴ്സ്യൽ 

മേക്കപ് ആർട്ടിസ്റ്റ്

ഫോൺ: 8157977518)