Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിതക്കരികിലെ 10 വര്‍ഷങ്ങൾ, മനസ്സ് കല്ലാക്കിയവൾ!

chithakkari2 കഴിഞ്ഞ പത്ത് വര്‍ഷമായി കൊച്ചിയിലെ തൃക്കാക്കര ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരിയാണ് സെലീന. നാം പറയുന്ന മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകള്‍ നിത്യജീവിതത്തിലെ കാഴ്ചയാക്കി മാറ്റിയവള്‍.

ഭയം മനുഷ്യ സഹജമാണ്, എത്ര ധൈര്യശാലി എന്ന് എന്ന് സ്വയം വിശേഷിപ്പിച്ചാലും മനസ്സിന്റെ ഉള്ളില്‍ കടന്നു കൂടുന്ന ചില ചിന്തകള്‍, കാരണമില്ലാത്ത ചില പിന്‍വിളികള്‍, ഇരുട്ട് കൂടുകൂട്ടുന്ന കാഴ്ചകള്‍...ഭയത്തിന്റെ അറകളിലേക്ക് ഓരോ മനുഷ്യനെയും എത്തിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. കൂട്ടത്തില്‍, മരണവും ശ്മശാനവും കത്തിയമരുന്ന ചിതയുടെ ചിന്തകളും കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് ഏതൊരു സാധാരണക്കാരന്റെയും ധൈര്യബോധത്തെ ഒന്നുലയ്ക്കാന്‍ പ്രാപ്തമാണ്. എന്നാല്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ ഈ കാഴ്ചകള്‍ ഒന്നുമല്ല എന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് 53  കാരി സെലീന മൈക്കിള്‍. കഴിഞ്ഞ പത്ത് വര്‍ഷമായി കൊച്ചിയിലെ തൃക്കാക്കര ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരിയാണ് സെലീന. നാം പറയുന്ന മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകള്‍ നിത്യജീവിതത്തിലെ കാഴ്ചയാക്കി മാറ്റിയവള്‍, ഒരു ഇരുമ്പുകമ്പിയുടെ ബലത്തില്‍ മൃതദേഹങ്ങളെ എരിച്ചു തീര്‍ത്ത് സെലീന കരുപ്പിടിപ്പിക്കുന്നത്  സ്വന്തം ജീവിതത്തിന്റെ നെരിപ്പോടുകളാണ്...കഴിഞ്ഞ ഒരു പതിറ്റാണ്ട് ശ്മശാനത്തിന്റെ കാവലാളായി നിന്ന് 3000-ത്തില്‍ പരം മൃതദേഹങ്ങള്‍ അഗ്‌നിക്ക് സമര്‍പ്പിച്ച സെലീനയുടെ കഥ, കേട്ട് തഴമ്പിച്ച നൂറുകണക്കിന് ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറികളുടെ കൂട്ടത്തില്‍ ഒന്നാവാതിരിക്കട്ടെ...

കാക്കി ഷര്‍ട്ടിട്ട്, കൈയ്യില്‍ ഇരുമ്പിന്റെ വടിയുമായി ശ്മശാനത്തിന്റെ കവാടത്തില്‍ നിന്നും അകത്ത് കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് വൃദ്ധ മൃതദേഹങ്ങള്‍ക്കരികിലേക്ക് നടന്നടുക്കുമ്പോള്‍, വരൂ, എന്ന് യാന്ത്രികമായി പറഞ്ഞതിനപ്പുറം, ആ മുഖത്ത് യാതൊരുവിധ ഭാവമാറ്റങ്ങളും ഉണ്ടായില്ല. ജീവിതത്തിന്റെ നിറങ്ങള്‍ ആസ്വദിക്കാനാവാതെ, വളരെ ചെറിയ പ്രായത്തില്‍ തന്നെ ജീവിത പ്രാരാബ്ദം ഏറ്റെടുക്കേണ്ടി വന്ന ഒരുവള്‍ക്ക് അങ്ങനെയാകാനേ പറ്റൂ. ''ഇന്ന് അല്പം തിരക്കുള്ള ദിവസമാണ്, രണ്ടെണ്ണം കത്തിക്കാനുണ്ട്, ഒരെണ്ണം ഏതാണ്ട് തീരാറായി, ഇരിക്കൂ, ഒന്ന് ഇളക്കിയിട്ടു വരാം,'' സെലീന പറയുന്നത് കോണ്‍ക്രീറ്റ് കെട്ടിനകത്ത് കത്തിയമരുന്ന ചിതയെയും അതില്‍, അഗ്‌നി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു മൃതദേഹങ്ങളെയും കുറിച്ചാണ്. അവിടെ മരണമെന്ന ചിന്തയോ, മൃതദേഹം എന്ന ഭയമോ ഇല്ല.

ഇതൊരു തൊഴിലാണ്, മറ്റേതൊരു ജോലിയെയും പോലെ എനിക്കും എന്റെ മക്കള്‍ക്കും അന്നം മുടങ്ങാതിരിക്കാന്‍ ഞാന്‍ തെരെഞ്ഞെടുത്ത തൊഴില്‍, അതില്‍ പശ്ചാത്താപമോ, ഭയമോ ഒന്നുമില്ല. ജോലി ചെയ്യണം, ജീവിക്കണം അത്രമാത്രം-ഇത്രയും പറഞ്ഞുകൊണ്ട്, സെലീന ശ്മാശാനത്തിന്റെ ഷട്ടറുകള്‍ തുറന്നു. അകത്ത് രണ്ടു മണിക്കൂര്‍ മുന്‍പ് വച്ച ചിത ഏകദേശം കത്തിയമര്‍ന്നുകഴിഞ്ഞു. കയ്യിലുള്ള ഇരുമ്പുവടി കൊണ്ട് ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ മറച്ചിടുമ്പോള്‍, കണ്ടുനിന്നവരുടെ ഉള്ളൊന്ന് പിടഞ്ഞു, കണ്ണുകള്‍ ഇറുക്കിയടച്ചു. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയോടെ തന്റെ ജോലി തീര്‍ത്ത് സെലീന പുറത്തു വന്നു. 

chithakkari3 കഴിഞ്ഞ ഒരു പതിറ്റാണ്ട് ശ്മശാനത്തിന്റെ കാവലാളായി നിന്ന് 3000-ത്തില്‍ പരം മൃതദേഹങ്ങള്‍ അഗ്‌നിക്ക് സമര്‍പ്പിച്ച സെലീന.

ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഒന്ന് ഇളക്കിക്കൊടുക്കണം, എങ്കിലേ കത്തൂ, മരുന്ന് ചെന്നിട്ടുള്ള ശരീരമാണ് എങ്കില്‍ കത്താൻ താമസിക്കും. അതിപ്പോള്‍ ചെറുപ്പക്കാരുടെ ആണെങ്കിലും വയസ്സായവരുടെ ആണെങ്കിലും ഒരുപോലെ തന്നെ-തന്റെ അനുഭവങ്ങളില്‍ നിന്നും സെലീന പറഞ്ഞു.

കനലിനേക്കാള്‍ കടുപ്പമുള്ള ജീവിതാനുഭവങ്ങള്‍ 
എങ്ങനെയാണ് ശ്മശാനത്തിന്റെ കാവല്‍ക്കാരിയായത് എന്ന് ചോദിച്ചാല്‍, കണ്ണില്‍ ഉപ്പുരസമുള്ള ഓര്‍മ്മകള്‍ ചാലിച്ച ഉത്തരങ്ങളുണ്ട് സെലീനയ്ക്ക്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിഞ്ഞു. രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചു. രണ്ടാമത്തെ മകള്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് സെലീനയെയും മക്കളെയും ഉപേക്ഷിച്ചു പോയി. പിന്നീട് അയല്‍ വീടുകളില്‍ ജോലി ചെയ്തും, കൂലിപ്പണിക്കുപോയുമാണ് സെലീന തന്റെ മക്കളെ അല്ലലറിയാതെ വളര്‍ത്തിയത്. അങ്ങനെയിരിക്കെ 15  വർഷങ്ങൾക്കു മുന്‍പ്, അയല്‍വാസിയും സഹോദര തുല്യനുമായ ഒരാളെ സഹായിക്കാന്‍ ശ്മശാനത്തില്‍ സഹായിക്കാനായി വരേണ്ടി വന്നു. അദ്ദേഹം അന്ന് ശ്മശാനം സൂക്ഷിപ്പുകാരനായിരുന്നു. 

മൃതദേഹങ്ങള്‍ക്കായി വിറകുകള്‍ അടക്കി വയ്ക്കുകയും, ഷട്ടര്‍ തുറക്കുകയും അടക്കുകയും ചെയ്യുകയായിരുന്നു അന്ന് ചെയ്തത്. എന്തെങ്കിലും ഒക്കെ കാശായി കിട്ടും, അത്രമാത്രം. ഏകദേശം അഞ്ചു വര്‍ഷക്കാലം ഇത്തരത്തില്‍ ശ്മശാനത്തില്‍ സഹായിയായി പോയി. ഒരു ദിവസം അയല്‍വാസിക്ക് ഒട്ടും സുഖമില്ലാതെ വന്നപ്പോള്‍, ഒറ്റക്ക് മൃതദേഹങ്ങള്‍ എരിക്കേണ്ടി വന്നു. അതൊരു തുടക്കമായിരുന്നു. പിന്നീട് ശ്മശാനത്തിന്റെ ചുമതല അദ്ദേഹത്തില്‍ നിന്നും ഏറ്റെടുത്തു. അതിനുശേഷമുള്ള 10  വര്‍ഷക്കാലങ്ങളിലായി 3000  ല്‍ പരം മൃതദേഹങ്ങള്‍ എരിച്ചു.

chithakkari1 എങ്ങനെയാണ് ശ്മശാനത്തിന്റെ കാവല്‍ക്കാരിയായത് എന്ന് ചോദിച്ചാല്‍, കണ്ണില്‍ ഉപ്പുരസമുള്ള ഓര്‍മ്മകള്‍ ചാലിച്ച ഉത്തരങ്ങളുണ്ട് സെലീനയ്ക്ക്.

ഇതിനടയില്‍ മക്കള്‍ വളര്‍ന്നു, രണ്ടുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. ഒപ്പം ബിരുദ വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. തന്റെ തൊഴിലിനെ പറ്റി മക്കള്‍ക്കോ അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു വിയോജിപ്പുമില്ലെന്ന് പറയുന്നു സെലീന. ശ്മശാനത്തില്‍ രണ്ടില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ വരുന്ന ദിവസം സഹായിക്കാനായി ഇടക്ക് മക്കളും മരുമക്കളും ഒക്കെ വരാറുണ്ട് എന്ന് സെലീന പറയുന്നു.

പതറിപ്പോയ ദിനങ്ങള്‍ 
ഇപ്പോള്‍ ഇതൊരു തൊഴില്‍ മാത്രമാണ് എങ്കിലും താന്‍ ചില സമയങ്ങളില്‍ ഒരമ്മ മാത്രമായി മാറിയിട്ടുണ്ട് എന്ന് സെലീന പറയുന്നു. രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ എരിക്കേണ്ടി വന്നപ്പോഴും പൊള്ളലേറ്റു മരിച്ച അയല്‍വാസിയായ പെണ്‍കുട്ടിയെ ചിതയിലേക്ക് എടുത്തപ്പോഴും തന്റെ മനസ്സ് വല്ലാതെ പിടഞ്ഞിരുന്നു എന്ന് സെലീന ഓര്‍ക്കുന്നു. സാധാരണയായി ശ്മശാനത്തോട് ചേര്‍ന്നുള്ള പറമ്പില്‍ മരണപ്പെട്ട കുഞ്ഞുങ്ങളെ കുഴിച്ചിടുകയാണ് പതിവ്. ഇങ്ങനെ കുഴിച്ചിടപ്പെട്ട നവജാത ശിശുക്കളും നിരവധി. 

ശ്മശാനത്തില്‍ ജോലി ചെയ്യുന്നതുകൊണ്ടോ, പുക ശ്വസിക്കുന്നതുകൊണ്ടോ തനിക്കിതുവരെ പറയത്തക്ക ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സെലീന പറയുമ്പോള്‍, ശ്മശാനം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞു അടച്ചു പൂട്ടാന്‍ വാദിക്കുന്ന സമീപവാസികളോട്, ജീവിതം വഴിമുട്ടിക്കരുത് എന്ന നിശബ്ദ പ്രാര്‍ത്ഥന മാത്രമാണ് ഈ സ്ത്രീക്ക് ഉള്ളത്.

1500  രൂപയാണ് ഒരു മൃതദേഹം കത്തിക്കുന്നതിനുള്ള ചാര്‍ജ്. ഇതില്‍ 450  രൂപ മുനിസിപ്പാലിറ്റിക്ക് ഉള്ളതാണ്. ബാക്കി 950  രൂപയില്‍ നിന്നുവേണം വിറകുവാങ്ങാന്‍. ചിലര്‍ക്ക് മാവിന്റെ വിറക് നിര്‍ബന്ധമാണ്. അപ്പോള്‍ ചെലവ് കൂടും. അല്ലാത്തപക്ഷം, പുളിയുടെ വിറകും ഉപയോഗിക്കും. അങ്ങനെ വരുമ്പോള്‍ വരുമാനം വെറും തുച്ഛമായ തുകമാത്രം. മരുന്ന് ചെന്ന ശരീരമാണ് എങ്കില്‍ വിറക് കൂടുതലായി വേണ്ടി വരും, ചില സമയത്ത് ഒരു രൂപപോലും വരുമാനം ലഭിക്കില്ല. പിന്നെ എന്തിനിത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍, ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരി മാത്രം ബാക്കി. കത്തിയമര്‍ന്ന ചിതയില്‍ ചാരം വാരി മാറ്റുന്ന തിരക്കില്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചുകൊണ്ട് പറയും, ചെയ്യുന്നതൊഴിലില്‍ എനിക്കും വേണ്ടേ ഒരു സംതൃപ്തി. 

കനല്‍ക്കാടിന് അരികിലെ കൃഷിത്തോട്ടം 
എപ്പോഴാണ് മൃതദേഹം വരുന്നത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ ദിവസവും ജോലി ഉണ്ടാകും എന്ന് ഉറപ്പും ഇല്ല. എന്നാല്‍ ജോലി ഇല്ല എന്ന് കരുതി പുറത്തു പോകാനും കഴിയില്ല. ആ സമയത്തായിരിക്കും മൃതദേഹം വരുന്നത്. മൃതദേഹം അഗ്‌നിയെ കാത്ത് ശ്മശാനത്തില്‍ കിടക്കേണ്ട ഗതി വരുത്തരുത്. അത് പാപമാണ് എന്നാണ് സെലീനയുടെ പക്ഷം, അതിനാല്‍ ശ്മശാനത്തിന്റെ അന്തരീക്ഷം വിട്ടു എങ്ങോട്ടും സെലീന പോകില്ല. 

ആവശ്യത്തില്‍ കൂടുതല്‍ സമയം കയ്യില്‍ ഉള്ളതിനാല്‍ ശ്മശാനത്തിന് പിന്നിലുള്ള പറമ്പില്‍ കൃഷി തുടങ്ങി. പച്ചക്കറിയും, പച്ചമുളകും മറ്റുമായി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ തന്നെ ഉത്പാദിപ്പിച്ചെടുക്കും. ജീവിതമല്ലേ...? എങ്ങനെയും ജീവിക്കണ്ടേ....? എനിക്ക് അറിയാവുന്ന തൊഴില്‍ ഞാന്‍ ചെയ്യുന്നു..അതിലെ തെറ്റും ശരിയും പ്രാഥമികമായും ഞാന്‍ തന്നെ അല്ലെ ഉള്‍ക്കൊള്ളേണ്ടത്? എനിക്കറിയാം ഞാന്‍ വലിയൊരു ശരിയാണ് എന്നത്...സെലീന പറഞ്ഞു ബാക്കി വച്ചിടത്തു നിന്നും നാം ഓരോരുത്തരും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു...