Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവം അശുദ്ധിയല്ല, ആഘോഷം

Aditi അഥിതിയും തുഹിൺ പോളും

''ഒരേ സമയം സ്ത്രീകൾക്ക് അനുഗ്രഹവും ശാപവുമായ ഒന്നാണ് ആർത്തവം എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാകില്ല . സ്ത്രീ എന്നതിന്റെ പൂർണ്ണത എന്ന നിലയിൽ ആർത്തവം ആഘോഷമാകുമ്പോൾ, ആർത്തവത്തോട് അനുബന്ധിച്ച് നമ്മുടെ രാജ്യത്ത് പിന്തുടർന്ന് വരുന്ന ദുരാചാരങ്ങൾ സ്ത്രീക്ക് ആർത്തവം ഒരു ശാപമാക്കി മാറ്റുന്നു. ആഘോഷമാക്കി മാറ്റേണ്ട ആദ്യ ആർത്തവം പോലും പലർക്കും മടുപ്പിക്കുന്ന ഓർമ്മയാണ്.

ആർത്തവം വന്നതോടെ സ്ത്രീ അശുദ്ധയായി, പിന്നെ അവൾക്ക് ക്ഷേത്രങ്ങളിലോ മറ്റ് ആരാധനായലങ്ങളിലോ പോയിക്കൂട, അടുക്കളയിലോ , പൂജ മുറിയിലോ കയറിക്കൂട, വീട്ടിലെ പുരുഷന്മാർക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചൂട ,അച്ചാർ കൂട്ടിക്കൂട , പായ വിരിച്ച് നിലത്തു കിടക്കണം, അവൾക്കായി പ്രത്യേകം പാത്രം, വസ്ത്രം , കാരണം അവൾ അശുദ്ധയാണ്. ആർത്തവത്തെ അശുദ്ധിയാക്കുന്ന കാടൻ ചിന്തകളാണ് മാറേണ്ടത്. ആരാണ് ആർത്തവത്തെ അശുദ്ധിയായി പറയുന്നത്. ആർത്തവം സംബന്ധിച്ച മൂഡ ചിന്തകളാണ് ഇത്തരം ധാരണകളുടെ കാരണം. വേദങ്ങളിൽ പോലും ആർത്തവ അവസ്ഥയിലുള്ള സ്ത്രീയെ അശുദ്ധയായി പറയുന്നില്ല. പിന്നെ ആരാണ് , നമ്മുടെ സമൂഹത്തിൽ ആർത്തവം ഉള്ള സ്ത്രീയെ അശുദ്ധയായി കാണുന്നത്?''

ചോദ്യം അഥിതി ഗുപ്തയുടെതാണ്, ആർത്തവത്തെ സംബന്ധിക്കുന്ന തെറ്റായ ചിന്തകൾ സമൂഹത്തിൽ നിന്നും മാറ്റുന്നതിനും ആർത്തവത്തിന്റെ ശാസ്ത്രീയതലം കോമിക് രൂപത്തിൽ അനായാസേന ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ബാംഗ്ലൂർ ആസ്ഥാനമായി മെൻസ്റ്റ്രുപീഡിയ എന്ന മാസിക തുടങ്ങുകയും ചെയ്ത അഥിതിയുടെ ഈ ചോദ്യം ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്ത്രീ ജനങ്ങൾ അവരുടെ ചോദ്യമായി തന്നെ സ്വീകരിച്ചു കഴിഞ്ഞു.

തന്റെ ആർത്തവ ആരംഭത്തിൽ തനിക്കു നേരിട്ട ദുരനുഭാവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അഥിതിയും സുഹൃത്ത് തുഹിണ്‍ പോളും ചേർന്ന് ആരംഭിച്ച മെൻസ്റ്റ്രുപീഡിയ കോമിക്സ് , ഒരേ സമയം ഒരു സംരംഭവും ആർത്തവ ദുരാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധവുമാണ്. ഇന്ത്യയിലെ പല അമ്മമാരും ഇപ്പോഴും ആർത്തവം എന്തെന്ന് മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്നതിൽ പോലും തികഞ്ഞ പരാജയമാണെന്ന് അഥിതി പറയുന്നു. മെൻസ്റ്റ്രുപീഡിയ കോമിക്സ് ഫൗണ്ടർ അഥിതി ഗുപ്ത മനോരമ ഓണ്‍ലൈനിനോട് ....

Aditi മെൻസ്റ്റ്രുപീഡിയ

1. മെൻസ്റ്റ്രുപീഡിയ എന്ന മാസിക തുടങ്ങുന്നതിന് ഇടയാക്കിയ സംഭവത്തെ കുറിച്ച് പറയാമോ ?

ഞാൻ പെട്ടെന്ന് ഒരു ദിവസം തോന്നിയ ഒരു തോന്നലിനെ തുടർന്നല്ല മെൻസ്റ്റ്രുപീഡിയ എന്ന ഈ മാസിക തുടങ്ങുന്നത്. 12 വയസ്സുള്ളപ്പോഴാണ് എനിക്ക് ആദ്യമായി ആർത്തവം ഉണ്ടാകുന്നത്. ആദ്യ ആർത്തവത്തെ തുടർന്ന് ഉണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു തരുന്നതിനു പകരം, ഞാൻ അശുദ്ധയാണ് എന്നും ആർത്തവത്തെ കുറിച്ച് മറ്റാരോടും സംസാരിക്കരുത് എന്നുമാണ് പറഞ്ഞത്. ആരധനാലങ്ങളിൽ നിന്നും അടുക്കളയിൽ നിന്നും വിലക്കി. അഴുക്കായിട്ടില്ല എങ്കിലും ആർത്തവകാലത്തെ ബെഡ്ഷീറ്റും മറ്റും ഞാൻ കഴുകി ഇടേണ്ടി വന്നു. ഈ സമയത്ത് വീട്ടിലെ മറ്റെല്ലാവരിൽ നിന്നും എന്നെ അകറ്റി നിർത്തി. ഈ പതിവ് കുറെ കാലം തുടർന്നു. വളർന്നു സ്വന്തം കാലിൽ നിൽക്കുന്ന സമയം വന്നപ്പോഴാണ് ഞാൻ ഇതേ കുറിച്ച് കൂടുതൽ ചിന്തിച്ചത്. അപ്പോൾ എന്നെ പോലെ ആർത്തവം ശാപമായി മാറിയവർ വേറെയും ഉണ്ടെന്നു മനസിലായി. ഞാൻ എന്റെ പ്രതിഷേധം എന്റെ സുഹൃത്തു തുഹിനുമായി പങ്കു വച്ചു. അങ്ങനെയാണ് , ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ചിന്തകളെ ദുരീകരിക്കുന്നതിനായി ഇത്തരം ഒരുഇ മാസിക തുടങ്ങാൻ തീരുമാനിക്കുന്നത്.

2. ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ആർത്തവം അശുദ്ധിയാണ് എന്ന ചിന്ത തന്നെ. ആർത്തവ സമയത്ത് ഒറ്റപ്പെട്ടു നിൽക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. എന്നാൽ അവളും വരും തലമുറക്ക് പറഞ്ഞു കൊടുക്കുന്നത് ആർത്തവം അശുദ്ധി എന്ന് തന്നെയാണ്. അപ്പോൾ പ്രശ്നം സമൂഹത്തിന്റെ കാഴ്ചപ്പാടിലാണ്. ഈ കാഴ്ചപ്പാടാണ് മാറേണ്ടത്. എന്ത് കൊണ്ട് ആർത്തവം അശുദ്ധമാകുന്നു? എന്താണ് അടുക്കളയിലോ അമ്പലത്തിലോ പോകരുത് എന്ന് പറയുന്നതിന്റെ കാരണം? ഇത്തരം ചോദ്യങ്ങൾക്ക് ഒന്നും തന്നെ ഉത്തരമില്ല. ഉത്തരമില്ലാത്തത് അവർക്ക് അറിയാത്തത് കൊണ്ട് തന്നെയാണ്. എന്തിനെന്നു പോലും അറിയാതെ പല ദുരാചാരങ്ങളും നാം തുടർന്ന് വരുന്നു.ഇവയെല്ലാം സ്ത്രീയുടെ മാനസീക ആരോഗ്യം തകർക്കുന്നു. ഇതൊക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ഞാൻ പറഞ്ഞല്ലോ ആർത്തവം അശുദ്ധിയല്ല, ആഘോഷമാണ്.

3. ആർത്തവം അശുദ്ധി എന്നതിൽ കവിഞ്ഞ് നാണക്കേടായി കാണുന്ന സമൂഹത്തോടാണ് അപ്പോൾ പോരാട്ടം ? തീർച്ചയായും. മാതൃത്വത്തിലെക്കുള്ള ആദ്യ പടിയാണ് ആർത്തവം . അതിൽ സന്തോഷിക്കാതെ ആരും അറിയാതെ വെക്കാനാണ് ഇവിടെ പഠിപ്പിക്കുന്നത്‌. ഇതിന്റെ ആവശ്യമെന്താണ്? എന്റെ ചെറുപ്പത്തിൽ ആർത്തവകാലത്ത് തുണിയാണ് ഉപയോഗിക്കാൻ തന്നത്. ഇത് ആരും കാണാതെ കഴുകി ഇരുട്ട് മുറിയില സൂക്ഷിക്കണമായിരുന്നു. ഇതിലൂടെ അണുബാധ ഉണ്ടാകുന്നത് ആരും കാര്യമാക്കിയില്ല. സാനിട്ടറി പാഡുകളുടെ പരസ്യം ടിവിയിൽ കണ്ടാലും കടയിൽ പോയി അത് വാങ്ങാൻ കഴിഞ്ഞിരുന്നില്ല. കാരണം , ആർത്തവത്തെ കുറിച്ചു പറയാനുള്ള മടി. ഇതിലൂടെ, വൃത്തിഹീനമായി ആർത്തവത്തെ കൈകാര്യം ചെയ്ത് തകരുന്നത് സ്ത്രീകളുടെ ആരോഗ്യമാണ് എന്നത് പലരും മറക്കുന്നു.

Aditi അഥിതി ഗുപ്ത

4. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ആയി തുടങ്ങിയ മെൻസ്റ്റ്രുപീഡിയയെ കുറിച്ച് പറയാമോ ?

പൊതുവെ ഇന്ത്യയിലെ സ്ത്രീകൾ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ മടിക്കുന്ന ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങളാണ് മെൻസ്റ്റ്രുപീഡിയയുടെ പ്രതിപാദ്യം. ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ ആണ് പുസ്തകം ഇറങ്ങുന്നത്. ആർത്തവം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഭാവി ജീവിതം , ആർത്തവത്തെ കൈകാര്യം ചെയ്യേണ്ട വിധം എന്നിവ മെൻസ്റ്റ്രുപീഡിയയിൽ പറയുന്നു. പിങ്കി , ജിയ, മീര , അവരുടെ ആന്റി തുടങ്ങിയവരാണ് മെൻസ്റ്റ്രുപീഡിയയിലെ കഥാപാത്രങ്ങൾ. ആദ്യ ആർത്തവം വന്ന പിങ്കിയും, അർത്തവത്തോടടുക്കുന്ന ജിയയും ചോദിക്കുന്ന സംശയങ്ങൾക്ക് ആന്റി നൽകുന്ന മറുപടിയിലൂടെയാണ് മെൻസ്റ്റ്രുപീഡിയ ജനകീയമാകുന്നത്.

5. മെൻസ്റ്റ്രുപീഡിയ ജനങ്ങള് എങ്ങനെ സ്വീകരിക്കുന്നു?

പലകാരണങ്ങൾ കൊണ്ടും കുട്ടികളോട് ആര്‍ത്തവത്തെ കുറിച്ചു പറയാൻ മടിക്കുന്ന അമ്മമാർ, ലൈംഗീക- ആർത്തവ വിദ്യാഭ്യാസം നടത്തുന്നവർ എന്നിവർ മെൻസ്റ്റ്രുപീഡിയ നന്നായി ഉപയോഗിക്കുന്നുണ്ട്. കാടുകയറിയ ചിന്തകൾ ഇല്ലാതെ, വളരെ എളുപ്പത്തിൽ ആർത്തവം പോലൊരു വിഷയത്തെ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നതാണ് മെൻസ്റ്റ്രുപീഡിയയുടെ വിജയം. അറിവില്ലായ്മ മൂലം ആർത്തവം ഒരു ശാപമാണ് എന്ന് ആരും കരുതരുത്. അതാണ്‌ മെൻസ്റ്റ്രുപീഡിയ കൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്.ഇന്ന് ഇന്ത്യയുടെ പലഭാഗത്തും സ്കൂളുകളിലും മറ്റും മെൻസ്റ്റ്രുപീഡിയ കുട്ടികളെ ആർത്തവത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഓണ്‍ ലൈൻ വഴിയും മാസിക ലഭ്യമാണ്

6. ആർത്തവം ആശുദ്ധിയായി കാണുന്നവരോട് പറയാനുള്ളത് ?

എനിക്ക് ഓരോ മാതാപിതാക്കളോടും പറയാനുള്ളത് ആർത്തവം ഒരിക്കലും ആശുദ്ധിയല്ല എന്നാണ്. ദയവു ചെയ്തു ആർത്തവത്തെ തരാം താണ ഒന്നായി കാണാൻ മക്കളെ ശീലിപ്പിക്കരുത്. അത് നിങ്ങൾ അവരോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്. ആർത്തവം ആഘോഷമാക്കൂ..