Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനു വേണ്ടിയുള്ള അവസാന ശ്രമമോ? കാണാതായ രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരച്ച് ചിത്രകാരന്‍!

Rahul രാഹുല്‍ ഇപ്പോള്‍ കാഴ്ചയില്‍ എങ്ങനെയായിരിക്കും എന്നു ചിത്രകാരനായ ശിവദാസ് വാസു വരച്ചപ്പോൾ

ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിയ്ക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു.

രാഹുലേ... കണ്ണീരുണങ്ങാതെ അമ്മ കാത്തിരിക്കുന്നു

Rahul രാഹുലിന്റെ അമ്മ മിനി

കാണാതായിട്ടു പത്തുവര്‍ഷം കഴിഞ്ഞതിനാല്‍ രാഹുലിനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കള്‍ക്കുണ്ട്. രാഹുല്‍ ഇപ്പോള്‍ കാഴ്ചയില്‍ എങ്ങനെയായിരിക്കും. ഇത്തരം ചോദ്യങ്ങളാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്.

"ഏറെ ആത്മാര്‍പ്പണത്തോടെ വരച്ച ചിത്രമാണിത്. രാഹുല്‍ ഇപ്പോള്‍ കാഴ്ചയില്‍ എപ്രകാരമായിരിക്കും എന്ന ചോദ്യമാണു രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്. സെലിബ്രിറ്റികളുടെയും മറ്റും കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ ഒത്തുനോക്കി പ്രായമാകുമ്പോള്‍ മുഖത്തുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കിയാണു വരച്ചത്. വിവിധ മുഖങ്ങള്‍ക്കു പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യത്യസ്ത രീതിയിലായതിനാല്‍ ഉദ്യമം ഏറെ ശ്രമകരമായിരുന്നു. മോഷണക്കേസുകളിലെ നിരവധി പ്രതികളുടെ ചിത്രം പൊലീസിനു വരച്ചുനല്‍കിയിട്ടുണ്ട്. ഈ പരിചയം രാഹുലിന്റെ ചിത്രം വരയ്ക്കാന്‍ സഹായകമായി. രാഹുലിന്റെ ചിത്രം വരച്ചപ്പോള്‍ ഏറെ ആത്മാര്‍പ്പണവും നീതിയും പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാഹുലിനെ വീണ്ടെടുക്കാൻ ഈ ചിത്രം ഉപകരിക്കും എന്നാണു കരുതുന്നത്,"ശിവദാസ് വാസു പറയുന്നു.

Rahul Missing

2005 മേയ് 18നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കല്‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.