Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഗ്രാമത്തെ മുഴുവൻ ഇംഗ്ലീഷ് പഠിപ്പിച്ച പെണ്‍കുട്ടി

diya

പഠനത്തിന്റെ ഭാഗമായി സ്വദേസ് എന്ന മുംബൈയിലെ സന്നദ്ധ സംഘടനയില്‍ ചേര്‍ന്നതായിരുന്നു അവളുടെ ജീവിതം മാറ്റി മറിച്ചത്. അപ്പേള്‍ അവള്‍ക്കറിയില്ലായിരുന്നു അവളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൊണ്ട് ഒരു ഗ്രാമത്തെയാകെ മാറ്റാന്‍ സാധിക്കുമെന്നത്. രണ്ട് മാസം കൊണ്ടാണ് ദിയ ഷാ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി കാംഗാവ് എന്ന ഗ്രാമത്തിലെ ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നവരെ ഇംഗ്ലീഷില്‍ വൈദഗ്ധ്യമുള്ളവരാക്കി തീര്‍ത്തത്. 

10ാംക്ലാസിലും 11ാംക്ലാസിലുമെല്ലാം പഠിക്കുന്ന കുട്ടികള്‍ അവരുടെ ബയോഡാറ്റയില്‍ എഴുതിച്ചേര്‍ക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാറുള്ളത്. ദിയയുടെയും ആഗ്രഹം അത്രമാത്രമായിരുന്നുള്ളൂ. 

ഞാന്‍ സ്വദേസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ തുടങ്ങി. ആദ്യ ആഴ്ച്ചകളില്‍ ചുമ്മാ ഓഫീസിലിരുന്ന് ബോറടിപ്പിക്കുന്ന ജോലിയായിരുന്നു. എന്നാല്‍ ഒരു ദിവസം കാംഗാവ് എന്ന ഗ്രാമത്തില്‍ സ്വദേസിന്റെ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ എന്നോട് വരണമോ എന്ന് ചോദിച്ചു. ബോറടിയില്‍ നിന്നൊഴിവാകാന്‍ ഞാന്‍ പെട്ടെന്നുതന്നെ സമ്മതിച്ചു. എന്നാല്‍ അവിടെത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടുള്ള കുട്ടികള്‍ വിദ്യാഭ്യാസം നേടിയവര്‍ മാത്രമായിരുന്നില്ല അതീവ ബുദ്ധിമാന്‍മാരുമായിരുന്നു. എന്നാല്‍ ആര്‍ക്കും ആത്മവിശ്വാസമില്ല, പഠിച്ച കാര്യങ്ങള്‍ പറയാന്‍ പോലും സാധിക്കുന്നില്ല. ഇന്‍ഫീരിയോരി കോംപ്ലെക്‌സായിരുന്നു. കാരണം അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല-ദിയ പറഞ്ഞു.

വളരെ ദുഖം തോന്നി ദിയക്ക്. അവള്‍ ഒരു തീരുമാനമെടുത്തു. ഈ ഗ്രാമത്തിലെ കുട്ടികളുടെ അവസ്ഥ ഞാന്‍ മാറ്റും. ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അവര്‍ ഒരിക്കലും ഇനി നാണിക്കരുത്.

അവള്‍ നേരെ ബോംബെയിലേക്ക് തിരിച്ചുപോയി സ്വദേസിന്റെ സിഇഒയെ കണ്ടും. ആ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ആ ഗ്രാമത്തില്‍ തനിക്ക് താമസിക്കണമെന്ന് പറഞ്ഞു. സിഇഒ സമ്മതം മൂളി. പിന്നെ ദിയ വൈകിപ്പിച്ചില്ല. സംഘടനയിലെ ഒരു വളണ്ടിയര്‍ പോലുമില്ലാതെ ഒറ്റയ്ക്ക് ആ ഗ്രാമത്തിലേക്ക് പോയി ആ മിടുക്കി പെണ്‍കുട്ടി.  ചാണകം കൊണ്ടു മെഴുകിയ ഒരു കുടിലില്‍ അവിടുത്തെ ഒരു കുടുംബത്തോടൊപ്പമായിരുന്നു ദിയയുടെ താമസം. മറാത്തി മാത്രം അറിയുന്ന ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും അവള്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം മാതൃഭാഷയില്‍ പറഞ്ഞായിരുന്നു കാര്യങ്ങള്‍ മനസിലാക്കിയത്.

മൂന്ന് വ്യത്യസ്ത ബാച്ചുകളുണ്ടാക്കിയായിരുന്നു ക്ലാസുകള്‍. ഒന്ന് കുട്ടികള്‍ക്ക് വേണ്ടി, മറ്റൊന്ന് വനിതകള്‍ക്കായും മൂന്നാമത്തേത് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായും. പിന്നീട് ഗ്രാമത്തിലുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ പച്ചക്കറി വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇംഗ്ലീഷില്‍ പറയാന്‍ ശീലിപ്പിച്ചു. ഇന്ന് കാംഗാവ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷിനെ പേടിയില്ല. അവര്‍ക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നു. മാത്രമല്ല വലിയ മത്സരങ്ങളിലും പങ്കെടുക്കുന്നതില്‍ ആവേശവും സന്തോഷവും.