Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കും കാണും ഇതുപോലൊരു പെൺസുഹൃത്ത് !

Marriage Representative Image

പെൺകുട്ടികളുടെ ജീവിതം എന്നും ഒരു നിശ്ചിത ചട്ടക്കൂടിൽ തീർത്തുകെട്ടുന്ന സമൂഹത്തിലാണു നാമുള്ളത്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ വിവാഹം, അതു കഴിഞ്ഞാല്‍ കുടുംബം കുട്ടികൾ എന്നിങ്ങനെ പല പെൺകുട്ടികളും തങ്ങളുടെ താൽപര്യങ്ങൾക്കു വിപരീതമായ ജീവിതത്തിലാണ് എത്തപ്പെടുന്നത്. വിദ്യാഭ്യാസവും മികച്ച ജോലിയുമൊക്കെ സ്വപ്നം കാണുമ്പോഴും മാതാപിതാക്കളുടെ നിർബന്ധങ്ങള്‍ക്കു വഴങ്ങി ദാമ്പത്യത്തിലേക്കു പ്രവേശിക്കുന്ന പെൺകുട്ടികൾ ഏറെയാണ്. അത്തരത്തിൽ മിടുക്കിയായ ഒരു പെൺകുട്ടിയുടെ ജീവിതം വിവാഹത്തോടെ ദുരന്തപൂർണമായ കഥയാണ് ട്വിറ്ററിൽ ഇപ്പോൾ വൈറലാകുന്നത്. ഉസ്മാൻ ഖാനി എന്ന യുവാവ് നിരവധി ട്വീറ്റുകളിലൂടെയാണ് തനിക്കു പരിചയമുള്ള ആ പെൺകുട്ടിയുടെ കഥ പങ്കുവെക്കുന്നത്.

ഉസ്മാൻ ഖനിയുടെ ക്ലാസ്മേറ്റ് ആയിരുന്ന പഠനത്തിൽ മുൻപന്തിയിലായിരുന്ന പെൺകുട്ടിയെക്കുറിച്ചാണ് അദ്ദേഹം പങ്കുവെക്കുന്നത്. നാമോരോരുത്തരും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും ഇതുപോലൊരു പെൺകുട്ടിയെ. സ്വന്തം സ്വപ്നങ്ങളെ കുടുംബത്തിനു വേണ്ടി ത്യജിച്ചവൾ... വായിക്കാം ഉസ്മാന്‍ ഖനിയുടെ ആ അനുഭവം.

''തൊണ്ണൂറുകളിൽ എന്റെ സ്കൂൾ കാലത്ത് പഠനത്തിൽ മിടുക്കിയും കഠിനാധ്വാനിയും അങ്ങേയറ്റം ആത്മവിശ്വാസവും വാക്ചാതുര്യവുമുള്ള ക്ലാസിലെ പെർഫെക്റ്റായൊരു പെൺകുട്ടിയുണ്ടായിരുന്നു. ക്ലാസിലെ പല ആൺകുട്ടികളും അവളിൽ നിന്ന് പാഠഭാഗങ്ങൾ മനസിലാക്കിയിരുന്നു. പരീക്ഷകളിൽ അവളേക്കാൾ മാർക്കു നേടുന്നതായിരുന്നു എന്റെ സ്കൂൾ–കോളജ് കാലത്തെ അഭിമാന നിമിഷങ്ങൾ, ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ അവളെ തകർക്കാനാവുമായിരുന്നില്ല. ഞങ്ങളിരുവരും എഞ്ചിനീയറിങ് ആണു തിരഞ്ഞെടുത്തത്. ഞാൻ ഒരു കമ്പനിയിൽ ജോലിക്കു കയറുകയും അവൾ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

Marriage Representative Image

പിന്നീട് അവൾ രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നിൽ എഞ്ചിനീയറിങ് ലക്ചററായി ജോലിക്കു ചേർന്നു. ആ സമയത്തായിരുന്നു അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ വീട്ടുകാർ തീരുമാനിക്കുന്നത്. നല്ല സാമ്പത്തിക ഭദ്രതയുള്ള ഒരു വീട്ടിൽ നിന്നും വന്ന ആലോചിച്ചുറപ്പിച്ച ആ വിവാഹത്തിനായി അവൾ തന്റെ ജോലി ഉപേക്ഷിച്ചു, അവളെ വിവാഹം കഴിക്കാൻ പോകുന്നയാൾ കോളജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിരുന്നില്ല.

അവൾ തന്നെക്കൊണ്ടു കഴിയുന്നതുപോലെ വിവാഹത്തെ എതിർത്തു നോക്കി. പക്ഷേ അവസാനം തന്റെ പ്രായമായ മാതാപിതാക്കൾ താൻ തനിച്ചു ജീവിക്കുന്നതു കാണുമ്പോൾ ഭയമാണെന്നു പറഞ്ഞ് വിവാഹത്തിനു തയാറായി. മാതാപിതാക്കൾ പ്രായമായി എന്നതും അവർ ഭയക്കുന്നു എന്നതുമായിരുന്നു ആ മിടുക്കിയായ പെൺകുട്ടിയുടെ സ്വപ്നങ്ങളും കരിയറും തകർത്തത്.

ബിസിനസ് കുടുംബത്തിൽ നിന്നുള്ള ഭർത്താവ് വിദ്യാഭ്യാസത്തിൽ പുറകിലായിരുന്നു, അക്ഷരാർഥത്തിൽ സമ്പന്നതയിൽ വഷളായ ഒരു ചെറുപ്പക്കാരൻ. അത്തരത്തിലൊരാൾക്ക് വിദ്യാസമ്പന്നയായ, അഭിപ്രായമുള്ള ഒരു സ്ത്രീയെ ഉൾക്കൊള്ളാനേ കഴിയുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുംമുമ്പെ അയാൾ അവളെ വാക്കുകൾ കൊണ്ടും ശാരീരികമായും ആക്രമിക്കാൻ തുടങ്ങി, ഇതിനെല്ലാം അയാളുടെ വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ‌

പക്ഷേ തന്റെ പ്രായമായ മാതാപിതാക്കളെയോർത്ത് അവരുടെ ഭയത്തെയോർത്ത് അവള്‍ മറുത്തൊന്നും പറയാതെ എല്ലാം സഹിച്ചു. തനിക്കു സ്വന്തമായി ചിലവഴിക്കാൻ ഒരു ചില്ലിക്കാശു പോലും അവളുടെ പക്കൽ ഉണ്ടായിരുന്നില്ല. അടുത്തിടെ അവളെനിക്കൊരു മെസേജ് അയച്ചു, തന്റെ ഭർത്താവ് തുടർച്ചയായി മർദ്ദിക്കുന്നുവെന്നും തലാഖ് ചൊല്ലിയെന്നുമായിരുന്നു അത്. ഇത്രത്തോളം ഉപദ്രവകാരിയായ അവഗണിക്കുന്നൊരു ഭർത്താവിനൊപ്പം എന്തിന് ജീവിക്കുന്നുവെന്ന് ഞാൻ അവളോടു ചോദിച്ചു. അവളുടെ മറുപടി ഇതായിരുന്നു, എന്റെ മാതാപിതാക്കൾ പ്രായമായതും, രോഗികളും ഭയമുള്ളവരുമാണ്.

Marriage Representative Image

പെൺകുട്ടികളേ, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. പക്ഷേ ഒരുദിവസം അവര്‍ പ്രായമാവുകയും രോഗികളും ഭയമുള്ളവരുമൊക്കെയാകും. വിവാഹത്തിനു വേണ്ടി ജോലി ഉപേക്ഷിക്കരുത്, സ്വന്തമായി പണം സമ്പാദിക്കണം. മുപ്പതോ മുപ്പത്തിയഞ്ചോ പ്രായമായാലും നിങ്ങൾക്കു യോജിക്കാത്ത ഒരാൾ ആണെന്നു തോന്നിയാൽ വിവാഹം കഴിക്കുക തന്നെ ചെയ്യരുത്. മാതാപിതാക്കളെ, ഒരിക്കൽ നിങ്ങൾക്കു പ്രായമാവുകയും രോഗം വരികയും ഭയമുണ്ടാവുകയുമൊക്കെ ചെയ്യും. ദയവുചെയ്ത് പെൺമക്കളെ ഉപഭോഗവസ്തുക്കളായി വളർത്താതെ വ്യക്തികളായി വളർത്തൂ. അവർ ജോലി ചെയ്തു സമ്പാദിക്കട്ടെ. ഒരു പുരുഷനെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കൂ, അവൾ അവളുടെ സ്വപ്നങ്ങൾ നേടട്ടെ, ഒരിക്കലും ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കരുത് അത് സ്നേഹമല്ല.

പെൺകുട്ടികളേ, മാതാപിതാക്കളുടെ ഭീഷണിയിന്മേലോ കുടുംബത്തിന്റെ അഭിമാനത്തിന്റെ പേരിലോ നിങ്ങൾ വഴങ്ങരുത്. പുരുഷനൊപ്പം ജീവിക്കാനുള്ളത് നിങ്ങൾ മാത്രമാണ്, അതുകൊണ്ടു നിങ്ങൾ തന്നെ തീരുമാനിക്കൂ. മാതാപിതാക്കളെ, നിങ്ങളുടെ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കൂ. അവർ ഒരു മനുഷ്യനെ തന്നെയാണ് വിവാഹം കഴിക്കുന്നതെന്നും അവർക്കൊപ്പമാണ് സ്ത്രീകളും എന്നു പഠിപ്പിക്കൂ. മകന്റെ ഭാര്യയും ജോലി ചെയ്തു സമ്പാദിക്കട്ടെ.''