Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്മാർക്കും സങ്കടങ്ങളുണ്ട്‌... ആരും കാണാതെ കരയുന്ന കണ്ണുകളുണ്ട്...

Jisha's Father കൊല്ലപ്പെട്ട ജിഷയുടെ അഛൻ കെ.വി.പാപ്പു

കഴിഞ്ഞ ദിവസം പെരുമ്പാവൂർ ക്രൂരമായ ഉപദ്രവങ്ങൾക്ക് ഇരയാക്കപ്പെട്ട ജിഷയുടെ അമ്മയുടെ അലറിക്കരയുന്ന മുഖമേ സംസ്ഥാനം മുഴുവൻ കണ്ടുള്ളൂ, അമ്മയെ കാണാനേ മാധ്യമങ്ങളും വി ഐപികളും സാധാരണക്കാരും എത്തിയുള്ളൂ, അമ്മയുടെ ദു:ഖത്തിനേ പ്രസക്തിയുണ്ടായുള്ളൂ. അന്നുമുതൽ തിരയുകയായിരുന്നു ജിഷയുടെ അച്ഛനെ, ഇന്നിപ്പോൾ പത്രത്തിൽ ചുരുണ്ട് വളഞ്ഞു വേദനയുടെ മുഖമെന്നോണം ഒരു മനുഷ്യൻ ആശുപത്രി ബെഡിൽ കിടന്നു ശ്വാസം കിട്ടാൻ പാട് പെടുന്നു. ജിഷയുടെ അച്ഛൻ. അച്ഛന്മാർക്കെന്താ സങ്കടങ്ങളില്ലേ?

ഒരു മകൾ ജനിയ്ക്കുമ്പോൾ വേദന കൊണ്ട് ആർത്തലച്ചു കരയുന്നത് ഇപ്പോഴും സ്ത്രീ ആണെങ്കിലും സ്വന്തം ആക്കപ്പെട്ടവളുടെ വേദനയിൽ മനസ്സുരുകി ലേബർ റൂമിന്റെ പുറത്തു കാത്തു നിൽക്കുമ്പോൾ മുതൽ അല്ല അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു കാലു തുടിപ്പുയർത്തുമ്പോൾ മുതൽ തുടങ്ങും അയാളുടെ ഭ്രമം. അവളുടെ മിടിപ്പുകൾക്കൊപ്പം അയാളുടെ മിടിപ്പുകളും ചേർന്ന് ഒന്നായി മിടിയ്ക്കുന്നത് പോലെ പലപ്പോഴും അനുഭവപ്പെടും. ആൺ കുഞ്ഞാണോ പെണ്‍കുഞ്ഞാണോ ഒന്നും അറിയില്ല, പക്ഷേ തന്റെ കൂടി ജീവനാണ് അവളുടെ വയറ്റിൽ പിടയ്ക്കുന്നത്. അവളോട്‌ പോലും അടങ്ങാത്ത സ്നേഹം. പണ്ട് അമ്മ തന്നെ കൊണ്ടുനടന്നത് പോലെ പ്രിയപ്പെട്ടവളെ കൊണ്ട് നടക്കാനാണ് മോഹം. കാരണം അവളുടെയുള്ളിൽ ഒരു കുഞ്ഞു ജീവനുണ്ട്. പക്ഷേ ഇതൊക്കെ എങ്ങനെ പുറത്തു കാണിക്കും? ആണിന്റെ അഹന്തയ്ക്ക് മേൽ വൈകാരികതകളെ വളർത്താനാവുന്നില്ല ... അടയ്ക്കി വയ്ക്കപ്പെടുന്ന സ്നേഹങ്ങൾ.

മകളുടെ വളർച്ചകളിൽ ദൂരെ നിന്ന് മാത്രം അവളുടെ കുട്ടിക്കാലം അപ്പോഴും ഓർത്തു സങ്കടങ്ങളെ അകറ്റി നിർത്തുമ്പോൾ പലപ്പോഴും അവളെ ഒന്ന് ചേർത്ത് പിടിയ്ക്കാനോ ഒരു ഉമ്മ കൊടുക്കാനോ എന്തേ അച്ഛന്മാർക്ക് കഴിയുന്നില്ല?  ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങുമ്പോൾ, മികച്ച രീതിയിൽ അവൾ പേരെടുക്കുമ്പോൾ നൽകാനുള്ള ഉമ്മകൾ വർണ പേപ്പറുകളിൽ പൊതിഞ്ഞു സമ്മാനങ്ങളായി അവളുടെ കൈവെള്ളയിലോ അവളുടെ മുറിയിലോ വച്ചിറങ്ങുമ്പോൾ ഇപ്പോഴും കൊടുക്കാൻ മറന്ന ഒരു ഉമ്മ ആത്മാവോളം ഇറങ്ങി പോയിട്ടില്ലേ? പക്ഷേ എന്തുകൊണ്ടോ അതവളുടെ നെറുകയിൽ നൽകാൻ കഴിയുന്നേയില്ലാ? ഒരിക്കൽ പോലും കിട്ടാതെ പോയ അച്ഛന്റെ ഉമ്മകൾ എപ്പോഴും സങ്കടങ്ങളാണ്. ഉള്ളിലെ സ്നേഹത്തിന്റെ കടലുകൾക്ക് ശാന്തമായി ഇരിക്കാനായിരുന്നു എപ്പോഴും ഇഷ്ടം എന്ന് അറിയാതെയല്ല. കുടുംബത്തിന്റെ പ്രാരാബ്ദകെട്ടുകളിൽ മുറുകെ പിടിച്ചു സഞ്ചാരത്തിന്റെ പകലുകളും നിശബ്ദതയുടെ രാത്രികളും കടന്നു പോകുമ്പോൾ മോളേ... എന്ന് വിളിയ്ക്കാൻ പോലും ആർക്കൊക്കെ എവിടെ സമയം... ഓരോരുത്തരും ഓരോ ദ്വീപുകളായി തീരുമ്പോൾ അധിവേശപ്പെടുത്തൽ അത്ര എളുപ്പമാകില്ല.  

പ്രായമേറിയ മകളുടെ ശരീരത്തിൽ തൊടുമ്പോൾ അച്ഛൻ ഇപ്പോഴൊക്കെ വിയർക്കുന്നു. ഏറ്റവും നിഷ്കളങ്കമായിരുന്നാൽ പോലും പത്രവാർത്തകൾ അച്ഛനെ ആ മുരടിപ്പിച്ച ചിന്തകളിൽ നിന്ന് മാറ്റാൻ നിർബന്ധിയ്ക്കുന്നുമില്ല. മകളെ ഓർക്കുമ്പോൾ പക്ഷേ അച്ഛനു ഒരു ഭാരത്തിന്റെ ഭാണ്ഡക്കെട്ട് നെഞ്ചിലേറ്റിയ പോലെ തോന്നാറുമുണ്ട്. അമ്മയുടെ കണ്ണുകൾ അവളുടെ മുകളിൽ ഇതു നിമിഷവും ഉണ്ടെന്നു മനസ്സിലായാലും മനസ്സിനുള്ളിലെ കണ്ണുകൾ അച്ഛന്റെതു ഇതു നേരവും മകളുടെ ഒപ്പമുണ്ടാകും. പക്ഷേ ഇതൊക്കെ എങ്ങനെ പറയും, അവളെ ഒന്ന് ചേർത്ത് പിടിച്ചു നിന്നോടൊപ്പം ഇതു പ്രശ്നത്തിലും ഞാനുണ്ട് എന്ന് പറയാൻ ഇതു നേരവും തോന്നുമെങ്കിലും ചില വിലക്കുകൾ പിന്നോട്ട് വലിച്ചു നിർത്തും. എന്തെങ്കിലും അവൾക്കു പറ്റിപ്പോയാലോ എന്ന ആധിയിൽ ഓരോ നിമിഷവും ആരുമറിയാതെ വെന്തുരുകി കൊണ്ടുമിരിക്കും. 

അച്ഛന്മാർക്കും സങ്കടങ്ങളുണ്ട്‌... ഒരുപക്ഷേ അമ്മമാരേക്കാൾ സങ്കടങ്ങളെ അവർ പേറുന്നു, പ്രസവിയ്ക്കുന്നു, കൊണ്ട് നടക്കുന്നു... ഹൃദയം ഇത്രയധികം വിറയ്ക്കുന്നത് കൊണ്ടാകാം അവരുടെ ഹൃദയമിടിപ്പുകൾ പെട്ടെന്ന് നിലച്ചു പോകുന്നത്. ഹോർമോണുകളുടെ ക്രമം തെറ്റല്‍ മാത്രമല്ല അത് ഒളിപ്പിച്ചു വച്ച സ്നേഹങ്ങൾ പ്രകടിപ്പിയ്ക്കാൻ പറ്റായ്ക, ഉള്ളു വഹിക്കുന്ന ആധികൾ, കുടുംബം, അതിജീവനം, എല്ലാം അച്ഛന്മാരുടെ മിടിപ്പുകളുടെ ക്രമം തെറ്റിയ്ക്കും... അപ്പോൾ ജിഷയുടെ അച്ഛനേപ്പോലെ ഒരു കിടക്കയിൽ അവർ ചുരുണ്ട് കൂടിപ്പോകും. അവരെ തിരിച്ചറിയണമെങ്കിൽ ആ ആധികളിലെയ്ക്ക് ഒന്ന് നോക്കിയാൽ മതി... പഴന്തുണി പോലെ അടിഞ്ഞു കിടക്കുന്ന സ്നേഹം, തരാതെ പോയ ഉമ്മകൾ, സങ്കടങ്ങൾ...