Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു രൂപയ്ക്ക് താമസവും ഭക്ഷണവും! ആർസിസിയിൽ ചികിത്സക്ക് വരുന്നവർക്കൊരു സഹായഹസ്തം

Cancer Patients തിരുവന്തപുരത്ത് റീജിണൽ കാൻസർ സെന്ററിൽ അടക്കം ചികിത്സയ്ക്കു വരുന്നവർ പത്തു രൂപ നൽകി രജിസ്റ്റർ ചെയ്താൽ ഒരാഴ്ചത്തേക്ക് താമസിക്കാനുള്ള സൗകര്യമാണ് നൽകുന്നത്.

1982... ക്രിസോസ്റ്റം തിരുമേനി അന്ന് ഒരു സുഹൃത്തിനെ കാണാൻ തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ എത്തിയതാണ്. തിരികെ പോകാൻ അൽപം വൈകി. പോകും വഴി അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു, വഴിയരികിലെ കടത്തിണ്ണകളിൽ പേപ്പർ വിരിച്ച് നിറയെ ആളുകൾ. കണ്ടാൽ ഭിക്ഷക്കാരാണെന്നു തോന്നുന്നുമില്ല. തിരുമേനി കാര്യം തിരക്കി. എന്താണിത്... അങ്ങനെയാണ് അദ്ദേഹത്തിന് അക്കാര്യം മനസിലായത്. രോഗികളുടെ ഒപ്പം കൂട്ടുവന്നവരാണ്. ലോ‍ഡ്ജിൽ തങ്ങണമെങ്കിൽ 25 രൂപയെങ്കിലും ചെലവാണ്. അന്ന് അതു വലിയ തുകയാണ്.

തിരുവനന്തപുരം പഴയ റോഡിലുള്ള മാർത്തോമ പള്ളിയുടെ അരമനയിലാണ് തിരുമേനി അന്ന് തങ്ങിയിരുന്നത്. കാലം ചെയ്ത പൈലി അച്ചനാണ് അന്നത്തെ വികാരി. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് രാത്രി തങ്ങാൻ എന്തെങ്കിലും ചെയ്തുകൂടേ എന്ന് തിരുമേനി അച്ചനോടു ചോദിച്ചു. ആ ചിന്തയിൽ നിന്നാണ് ഇന്ന് ആയിരങ്ങൾക്ക് അന്തിയുറങ്ങാനും അന്നം മുട്ടാതെ കാക്കാനും കഴിയുന്ന തരത്തിൽ വളർന്ന് മാർത്തോമ ഹോസ്പിറ്റൽ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെന്ററിന്റെ തുടക്കം. ഇവിടെ പ്രവേശനം ലഭിക്കാൻ മുടക്കേണ്ടത് ഒരാഴ്ചത്തേക്ക് വെറും പത്തു രൂപ മാത്രം.

തിരുവന്തപുരത്ത് റീജിണൽ കാൻസർ സെന്ററിൽ അടക്കം ചികിത്സയ്ക്കു വരുന്നവർ പത്തു രൂപ നൽകി രജിസ്റ്റർ ചെയ്താൽ ഒരാഴ്ചത്തേക്ക് താമസിക്കാനുള്ള സൗകര്യമാണ് നൽകുന്നത്. ഉച്ചഭക്ഷണവും രാത്രി കഞ്ഞിയും ഇതോടൊപ്പം നൽകും. അഞ്ചു മുറികളുള്ള ഒരു ഓടിട്ട കെട്ടിടം വാടകയ്ക്കെടുത്താണ് ക്രിസോസ്റ്റം തിരുമേനിയുടെ ആശയത്തിന് പൈലി അച്ചൻ വിത്ത് നട്ടത്. ഒന്നു രണ്ടു വളണ്ടിയർമാരെയും സഹായത്തിന് ലഭിച്ചു. മാർത്തോമാ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തനം തുടങ്ങിയത്. സുമനസുകളുടെ കാരുണ്യമായിരുന്നു മൂലധനം.

പൈലി അച്ചന്റെ കാലശേഷവും സൊസൈറ്റി ശക്തമായി മുന്നോട്ടു പോയി. വാടക കെട്ടിടത്തിൽ നിന്ന് സ്വന്തമായി സ്ഥലം വാങ്ങി മൂന്നു നില കെട്ടിടം പണിതു. ജോലി ചെയ്യാൻ കൂടുതൽ വളണ്ടിയർമാർ എത്തി. സഹായഹസ്തവുമായി നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തി. ചെലവിനുള്ളത് ദൈവം നൽകും എന്നാണ് ചാരിറ്റി സൊസൈറ്റി സെക്രട്ടറി ജോർജ് തോമസിന്റെ വിശ്വാസം. റിട്ട. സർക്കാർ ഉദ്യോഗസ്ഥാനാണ് അദ്ദേഹം. തനിക്ക് സാധിക്കുന്ന സഹായം സമൂഹത്തിനായി ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഇതുമായി സഹകരിക്കുന്നത്. താൻ മാത്രമല്ല, അനേകം പേരുടെ അർപ്പണ ബോധമാണ് ഈ ചാരിറ്റബിൾ സൊസൈറ്റിയെ വളർത്തുന്നത്. – അദ്ദേഹം പറയുന്നു.

100 രൂപ ദിവസ വാടകയ്ക്ക് മുറിയും നൽകുന്നുണ്ട്. മൂന്നു പേർക്ക് തങ്ങാം. 165 പേർക്കാണ് താമസ സൗകര്യമുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം എന്നു മാത്രം. ജാതി-മത പരിഗണനകൾ ഒന്നും ഇല്ല. എല്ലാവർക്കും ഭക്ഷണം സൗജന്യമാണ്. ഒരുപാട് പേർ സംഭാവനകൾ നൽകും. ആറായിരം രൂപ അടച്ചാൽ ഒരു നേരത്തേ ഭക്ഷണം സ്പോൺസർ ചെയ്യാം. മാർത്തോമാ പള്ളിയിലെ വർഷത്തിലെ ഒരു സ്തോത്രക്കാഴ്ചയിൽ നിന്നു ലഭിക്കുന്ന പണം സൊസൈറ്റിക്കുള്ളതാണ്. നാലു ലക്ഷത്തോളം രൂപ വരും ഇത്. ബാക്കി തുക മുഴുവനും സുമനസുകളുടെ സംഭാവനയാണ്. രോഗം ഭേദമായി പോയ ചിലർ സേവനം ചെയ്യാനും മറ്റും എത്തും. സമീപത്തുള്ള ഒരു എഞ്ചിനിയർ കഴിഞ്ഞ ദിവസം നൽകിയത് ഒരു ഭരണി അച്ചാറാണ്. രാത്രി കഞ്ഞിക്കൊപ്പം നൽകാമെന്നു പറഞ്ഞായിരുന്നു ഈ സംഭാവന. ചിലർ പച്ചക്കറികളും പരചലക്ക് സാധനങ്ങളും നൽകും. വിദേശത്തുള്ള മലയാളികൾ നാട്ടിൽ എത്തുമ്പോൾ ഇവിടം സന്ദർശിച്ച് സംഭാവനകൾ നൽകാറുണ്ട്. സൊസൈറ്റിക്കൊരു ഫ്രീസറുള്ള ആംബുലൻസുള്ളത് എസ്ബിടി നൽകിയത്. കൗൺസിലർമാർ അടക്കമുള്ളവരുടെ സേവനവും ഗൈഡൻസ് സെന്റർ നൽകുന്നു. ആശുപത്രിയിൽ എത്തുന്നവർക്ക് വളണ്ടിയർമാരുടെ സേവനവും ലഭ്യമാണ്.

കുമാരപുരത്തുള്ള ഡി പോൾ കെയർ സെന്റർ, കാരുണ്യ ഗൈഡൻസ് ചാരിറ്റി സെന്റർ, ചാലക്കുഴി റോഡിലുള്ള സ്നേഹ സദൻ, രാജീവ് ഗാന്ധി ലെയിനുള്ള മുസ്ലിം സർവീസ് സൊസൈറ്റി, കുമാരപുരത്തുള്ള ആശ്രയ ഭവൻ, ശ്രീകാര്യത്തുള്ള കാരുണ്യ വിശ്രാന്തി ഭവൻ എന്നിവയും തികച്ചു സൗജന്യമായി താമസവും ഭക്ഷണവും ഒരുക്കുന്ന ചാരിറ്റി സ്ഥാപനങ്ങളാണ്. കാൻസർ എന്ന മഹാരോഗത്തിന്റെ വേദനയിൽ നരകയാതന അനുഭവിക്കുന്നവർക്ക് അന്തിയുറങ്ങാനും ഒരു നേരത്തെ അന്നം നൽകാനും കഴിയുന്നതിൽപ്പരം പുണ്യം മറ്റെന്താണ്. അതുകൊണ്ടു തന്നെ കാരുണ്യത്തിന്റെ ഈ മഹാപ്രസ്ഥാനങ്ങളെക്കുറിച്ച് കഴിവതും ആളുകളിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.