Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്രം വിൽപനക്കാരിയില്‍ നിന്ന് ഐഐടി ബിരുദധാരിയിലേക്ക്

sivangi ശിവാംഗി ഐഐടിയില്‍ ചേരുന്നതിനു മുമ്പും ശേഷവും

നിത്യവും നാം പലവിധത്തിലുള്ള വിജയകഥകൾ കേൾക്കാറുണ്ട്. പത്രം തുറന്നാൽ കാണുന്ന പീഡന-കൊലപാതക വാർത്തകളിൽ നിന്നൊക്കെ ഒരൽപം ആശ്വാസം നൽകുന്നത് ഇത്തരത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നവരുടെ കഥകളാണ്. എല്ലാ സൗഭാഗ്യങ്ങളുണ്ടായിട്ടും അതു വേണ്ടവിധത്തിൽ ഉപയോഗിക്കാന്‍ അറിയാത്ത ചിലരുണ്ട്. അവർ കണ്ടു പഠിക്കേണ്ടതാണ് ശിവാംഗി എന്ന പെണ്‍കുട്ടിയു‌ടെ ജീവിതം. ശിവാംഗിയുടെ ഗുരു ആനന്ദ് കുമാർ അവളുടെ വിജയഗാഥ ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്തതോടെയാണ് ഈ മിടുക്കിയെ ലോകം അറിഞ്ഞത്.

കാൻപൂരിലെ ദേഹാ സ്വദേശിയാണ് ശിവാംഗി. നിത്യവൃത്തിക്കായി പത്രം വിറ്റുനടന്ന ആ പെൺകുട്ടി ഇന്ന് ഐഐടിയിൽ നിന്നും ബിരുദം നേടിയിരിക്കുകയാണ്. അച്ഛനെ സഹായിക്കാനായാണ് ശിവാംഗി പത്രവും മാഗസിനും വിൽപന തുടങ്ങിയത്. അച്ഛനെ കടയിൽ സഹായിക്കുന്നതിനിടയ്ക്കു കിട്ടുന്ന സമയങ്ങളിലാണ് ശിവാംഗി പഠിക്കുന്നത്. ആ ദിവസങ്ങളിലൊന്നിലാണ് ശിവാംഗി ആനന്ദ് കുമാറിന്റെ സൂപ്പർ 30 എന്ന പരിപാ‌ടിയെക്കുറിച്ചു കേൾക്കുന്നത്. ദരിദ്രരായ കുടുംബങ്ങളിൽ നിന്നും പ്രഗത്ഭരായ എഞ്ചിനീയർമാരെ വാർത്തെടുത്ത് അവരെ ഐഐടി വരെ എത്തിക്കുകയാണ് സൂപ്പർ 30യുടെ ലക്ഷ്യം. അങ്ങനെ ശിവാംഗി അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു.

ആനന്ദ് കുമാർ തന്നെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ശിവാംഗിയുടെ ജീവിതകഥയാണ് ഇപ്പോൾ നന്മയുള്ള മനസുകളെ സ്പർശിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

ഇതു രണ്ടു ഫോട്ടോകളുള്ള ഒരു കഥയാണ്. ഈ ഫോട്ടോകൾക്ക് ഭൂതകാലത്തിലെയും ഇന്നത്തെയും കഥകൾ പറയാനുണ്ട്. ഭൂതകാലത്തിന്റെ നിശബ്ദതയും ഇന്നിന്റെ ധീരതയുമൊക്കെയാണത്. ഈ ഫോട്ടോകൾ എന്റെ വിദ്യാർഥിനി ശിവാംഗിയുടേതാണ്. ആദ്യത്തെ ഫോട്ടോ ശിവാംഗി അവളുടെ അച്ഛനോ‌ടൊപ്പം സൂപ്പര്‍30 യിൽ ചേരാൻ വന്നപ്പോഴുള്ളതാണ്, അടുത്തത് ഇന്നത്തെ ശിവാംഗിയുടേതും. സ്കൂൾ കാലത്ത് അവൾ തന്റെ അച്ഛനെ സഹായിക്കാനായി പത്രങ്ങളും മാഗസിനുകളുമൊക്കെ വിറ്റിരുന്നു, ഇടയ്ക്കു സമയം കിട്ടുമ്പോഴാണ് പഠിച്ചിരുന്നത്.

കാൻപൂരിലെ ദേഹാ ഗ്രാമത്തിലാണ് ശിവാംഗിയുടെ വസതി. അവിടെയുള്ള സർക്കാർ സ്കൂളിലാണ് ശിവാംഗി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒരിക്കൽ അവൾ സൂപ്പർ 30 പദ്ധതിയെക്കുറിച്ചു വായിച്ചറിയുകയും എന്നെ സമീപിക്കുകയുമായിരുന്നു.

സൂപ്പർ 30യിൽ വന്നതിനു ശേഷം അവള്‍ എന്റെ കുടുംബത്തിലെ ഒരംഗം കൂടിയായി. അവൾ എന്റെ അമ്മയെ ദാദി എന്നാണു വി‌ളിച്ചിരുന്നത്, ഞങ്ങൾക്ക് ഒരു മകളെപ്പോലെയായിരുന്നു അവൾ. എപ്പോഴൊക്കെ അമ്മയ്ക്ക് അസുഖം വരുന്നുവോ അപ്പോഴൊക്കെ അവൾ അരികിൽ കിടന്ന് അവരെ ആശ്വസിപ്പിക്കും. ഐഐ‌ടി ഫലം പ്രഖ്യാപിച്ച് അവള്‍ റൂർകിയിലേക്കു പോവാൻ തയ്യാറെടുക്കുകയായിരുന്നു. അന്ന് നിറകണ്ണുകളോടെയാണ് അവൾ യാത്രപറഞ്ഞത്. ഞങ്ങളുടെ മകളെ മറ്റാർക്കോ നൽകുന്നതു പോലെയാണ് കുടുംബത്തിൽ ഓരോരുത്തർക്കും തോന്നിയത്. പോകുംമുമ്പ് അവളു‌ടെ അച്ഛൻ ഒരു കാര്യം പറഞ്ഞു, എല്ലാവർക്കും സ്വപ്നം കാണും, ചിലപ്പോഴൊക്കെ ആ സ്വപ്നം സത്യമാവുകയും ചെയ്യും, പക്ഷേ അദ്ദേഹത്തിന് ഒരിക്കലും ഇത്രയും വലിയൊരു സ്വപ്നം ഉണ്ടായിരുന്നില്ല എന്ന്.

ഇന്നും ശിവാംഗി എന്റെ കുടുംബവുമായി ബന്ധം പുലർത്തുന്നു. അധികം വൈകാതെ അവൾക്കു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ എന്റെ കുടുംബമാകെ അതീവ സന്തോഷത്തിലായിരുന്നു. അന്ന് ആനന്ദക്കണ്ണീരോടെ അമ്മ പറഞ്ഞത് ഇതാണ്, പെൺമക്കളാൽ അടുത്ത ജന്മവും താൻ അനുഗ്രഹിക്കപ്പെടണമെന്ന്.