Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി നായർ ഇനി എന്തു ചെയ്യും? ഇതാ മറുപടി!

lakshmi-nair1

പ്രായം 50 കടന്നിട്ടും കത്തുന്നസൗന്ദര്യം. അറിയപ്പെടുന്ന പാചകവിദഗ്ധ, മികച്ച ബിസിനസ് സംരംഭക, ടെലിവിഷൻ അവതാരക, രാഷ്ട്രീയ ഭരണ രംഗങ്ങളിൽ ശക്തമായ സ്വാധീനം, സകല മേഖലകളിലെയും പ്രമുഖവ്യക്തികളുമായി അടുത്ത സുഹൃദ്ബന്ധം. ഇതു നമ്മൾ അറിയുന്ന ലക്ഷ്മിനായരുടെ ഒരുവശം. എന്നാൽ, ലക്ഷ്മി നായരുടെ അധികമാരും അറിയാത്ത മറുമുഖമാണ് ഇപ്പോൾ സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച ലോ അക്കാദമി ലോ കോളജ് സമരത്തിലൂടെ ജനമറിഞ്ഞത്. 

രണ്ടു ലക്ഷ്മിമാർ

കഴിഞ്ഞ യുഡിഫ് സർക്കാരിനെ ഏറ്റവുംകൂടുതൽ വലച്ചത് സോളാർ കേസിലെ സരിതാനായർ എന്ന ലക്ഷ്മിനായരെങ്കിൽ ഇപ്പോൾ എൽഡിഎഫ് സർക്കാരിനെ വൻ വിവാദക്കുരുക്കിലാക്കിയിരിക്കുന്നതും മറ്റൊരു ലക്ഷ്മിനായരാണ്. ഇൗ ലക്ഷ്മി നായർ കുക്കറി ഷോകളിൽ ഒരുക്കുന്ന ഭക്ഷണങ്ങളിലൂടെ മാത്രമായിരുന്നില്ല ആരാധകരെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയത്. ഭംഗിയായി അണിഞ്ഞൊരുങ്ങി, ആകർഷകമായ അവതരണ ശൈലിയിലൂടെ അവർ ഒരുക്കുന്ന വിരുന്നിൽ പാചകത്തിൽ താൽപര്യമില്ലാത്തവർ പോലും പങ്കുചേർന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന കഥകൾ കേട്ടാൽ ആ ലക്ഷ്മി നായർ തന്നെയാണോ ഇൗ ലക്ഷ്മി നായരെന്നു സ്വയം ചോദിച്ചു മൂക്കത്തു വിരൽവയ്ക്കുകയാണ് ജനം. 

ഒരുകുടുംബ സാമ്രാജ്യം

തിരുവനന്തപുരം പേരൂർക്കട ജംക്‌ഷനിലെ കണ്ണായ സ്ഥലത്ത്11 ഏക്കർ വിശാലഭൂമിയിലാണ് കേരളത്തിലെ ഏറ്റവും പ്രശസ്ത നിയമപഠന സ്ഥാപനമായ ലോ അക്കാദമി ലോ കോളജ് സാമ്രാജ്യം. അതിന്റെ ഡയറക്ടർ എൻ. മാധവൻ നാരായണൻ നായർ.  21 അംഗ ഭരണസമിതിയിൽ പകുതിയോളം പേർ നാരായണൻ നായരുടെ കുടുംബാംഗങ്ങൾ തന്നെ. സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻ  നായരാകട്ടെ നാരായണൻ നായരുടെ സഹോദരനും. ഭാര്യ പൊന്നമ്മ നാരായണൻ കേരള കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അങ്ങനെ സകല പാർട്ടികളിലും സാന്നിധ്യവും സ്വാധീനവും ഉറപ്പിച്ചു വാഴുന്ന നാരായണൻ നായരുടെ സ്ഥാപനത്തിൽ സർവ്വ സൈന്യാധിപയായി പ്രിൻസിപ്പൽ സ്ഥാനത്തു ലക്ഷ്മിനായർ.

lakshmi-nair2

അരനൂറ്റാണ്ടു പിന്നിടുന്ന ലോ കോളജിനും ലക്ഷ്മിക്കും ഉയർച്ചകളുടെ ചരിത്രമേയുള്ളൂ. എന്നാൽ, എല്ലാ വിദ്യാർഥികളും ഒറ്റക്കെട്ടായിനിന്നു ഏകാധിപത്യ ഭരണത്തെ ചോദ്യം ചെയ്തപ്പോൾ അറിയാത്ത പല ചരിത്രങ്ങളും പുറത്തായി. ലോ കോളജിൽ പഠിച്ച്, അവിടെത്തന്നെ പഠിപ്പിച്ച്, ഒടുവിൽ അതേ സ്ഥാപനത്തിന്റെ തന്നെ പ്രിൻസിപ്പലായി ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ച ലക്ഷ്മി നായർക്ക് അങ്ങനെ പുറത്തു പോകേണ്ടിയും വന്നു. 

ഇലയനങ്ങിയാൽ അറിയും

ഒട്ടേറെ ഉന്നതരുടെ മക്കൾ പഠിക്കുന്ന ലോ കോളജിൽ വിദ്യാർഥികളെ നിലയ്ക്കുനിർത്താൻ അധ്യാപകർക്കു പോലും കഴിയാറില്ല. എന്നാൽ, പ്രിൻസിപ്പലായ ലക്ഷ്മിയെ കണ്ടാൽ കുട്ടികളുടെ മുട്ടുവിറയ്ക്കും. കോളജിലെ നിയമങ്ങളും പ്രിൻസിപ്പലിന്റെ സ്വന്തം നിയമങ്ങളും അനുസരിക്കാത്തവർ പുറത്ത്. കോളജിലോ ഹോസ്റ്റലിലോ ഇലയനങ്ങിയാൽ അതു ലക്ഷ്മിയറിയും. ക്യാമറയിൽനിന്നു നേരിട്ടു ദൃശ്യങ്ങളെത്തുക പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണിലേക്കാണ്. അതിനാൽ ലക്ഷ്മി വിദേശത്താണെങ്കിലും ചാനൽ സ്റ്റുഡിയോയിലാണെങ്കിലും കോളജ് എപ്പോഴും വിരൽത്തുമ്പിൽ തന്നെയുണ്ട്. കർക്കശക്കാരിയായ ലക്ഷ്മി നായർ കാലങ്ങളായി ഒരുവിഭാഗം കുട്ടികളുടെ കണ്ണിൽ കരടാണെങ്കിലും ഒടുവിൽ എല്ലാ വിദ്യാർഥികളും ഒറ്റക്കെട്ടായി അവർക്കെതിരെ തിരിയാൻ കാരണം ഭാവി മരുമകളുടെ ഇടപെടൽ വന്നതോടെയാണ്. 

ഭരണം മരുകമൾ

അമ്മായിയമ്മ പ്രിൻസിപ്പലാണെന്ന സ്വാധീനത്തിൽ മരുമകൾ കുട്ടുകളെ നിയന്ത്രിക്കാൻ തുടങ്ങി. പുതുതായി തുടങ്ങിയ ഹോട്ടലിൽ പോയി ഭക്ഷണം വിളമ്പണമെന്നുവരെ മരുമകൾ നിർദേശിച്ചതോടെ രണ്ടും കൽപ്പിച്ചു സമര രംഗത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്നുവെന്ന വിവരം പുറത്തായി. അങ്ങനെ ലക്ഷ്മിക്കെതിരെ പൊലീസ് കേസുമായി. പെൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിച്ച ക്യാമറകളിൽ രണ്ടെണ്ണം കുളിമുറിയിൽനിന്നു പുറത്തേക്കു പോകുന്നവഴിയിലേക്കാണു ഫോക്കസ്  ചെയ്തിരിക്കുന്നത്. അതുകുട്ടികളെ പ്രകോപിപ്പിച്ചു.  

ആരാണു ലക്ഷ്മി നായർ? 

പാചകവിദഗ്ധ എന്ന നിലയിൽമാത്രം ലക്ഷ്മി നായരെ അറിയുന്നവരാണു മലയാളികളിൽ ഏറെയും. എന്നാൽ, അവരുടെ നേട്ടങ്ങളുടെ പട്ടിക പരിശോധിച്ചാൽ ആരും അതിശയിക്കും. തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽനിന്നു രണ്ടാംറാങ്കോടെ വിജയിച്ച ലക്ഷ്മി പഠനത്തിൽ എന്നും മുന്നിൽ തന്നെയായിരുന്നു. ലോഅക്കാദമയിൽ നിന്നു എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയതാകട്ടെ ഒന്നാം റാങ്കോടെ. പിന്നാലെ ഡോക്ടറേറ്റും നേടി. ലോഅക്കാദയിൽ ഗെസ്റ്റ് ലക്ചറർ ആയിട്ടായിരുന്നു അധ്യാപന ജീവിതത്തിന്റെ തുടക്കം. 1988ൽ സ്ഥിരനിയമനം ലഭിച്ചു. ഒടുവിൽ കഴിഞ്ഞ അഞ്ചുവർഷം വഹിച്ച പ്രിൻസിപ്പൽ പദവിയിൽ നിന്നാണ് ഇപ്പോൾ പുറത്തായത്. പഠനകാലത്ത് ദൂരദർശനിൽ മൂന്നുവർഷം വാർത്ത വായിച്ചിരുന്ന ലക്ഷ്മി ഒട്ടേറെക്കാലം ചലച്ചിത്ര സെൻസർ ബോർഡിലും അംഗമായിരുന്നു. തിരക്കിനിടയിലും വീട്ടിൽ പാചകപരീക്ഷണങ്ങൾ കുട്ടിക്കാലത്തുതന്നെ പതിവായിരുന്നു. അതു രുചിച്ചു കുടുംബാംഗങ്ങൾ ഗുഡ്സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് പാചകവഴിയിലും ഒരുകൈ നോക്കാമെന്നു ലക്ഷ്മി തീരുമാനിച്ചത്. രണ്ടായിരത്തിൽ കൈരളി ചാനലിൽ മാജിക് അവൻ എന്ന പാചകപംക്തി ആരംഭിക്കുന്നത് അങ്ങനെയാണ്. പിന്നീട് യാത്രാവിവരണം അടക്കം രണ്ടു ഷോകൾ കൂടി തുടങ്ങി. മൂന്നു പാചക പുസ്തകങ്ങൾ രചിച്ചു. വിദേശരാജ്യങ്ങളിലെ പ്രമുഖ റസ്റ്ററന്റുകളുടെ അടക്കം കൺസൽറ്റന്റാണ് ഇന്നു ലക്ഷ്മി നായർ. നാടൻ വിഭവങ്ങളുടെ മുതൽ മറ്റുരാജ്യങ്ങളിലെ ഏറ്റവും പുതിയ ഭക്ഷണങ്ങളുടെ വരെ പാചകരീതി ഇന്നു ലക്ഷ്മിക്കു കാണാപ്പാഠം. ബോബി എന്നറിയപ്പെടുന്ന അഡ്വ. അജയ്കൃഷ്ണൻ നായരാണു ഭർത്താവ്.മക്കൾ രണ്ടുപേർ. പാർവതി നായരും വിഷ്ണു നായരും. രണ്ടു വർഷം മുൻപായിരുന്നു മകളുടെവിവാഹം. 

ലക്ഷ്മി ഇനി എന്തു ചെയ്യും?

പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞല്ലോ, ഇനിഎന്തു ചെയ്യും? ഇൗ ചോദ്യത്തോട് ലക്ഷ്മി നായരുടെ പ്രതികരണം ഇതായിരുന്നു: ‘സമയംചെലവിടാൻ‌ എനിക്കാണോ ബുദ്ധിമുട്ട്? ഒന്നിനും സമയം കിട്ടാതിരുന്ന കാലമായിരുന്നു ഇതുവരെ. ഇനി സ്വന്തമായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ സമയമുണ്ട്. യുകെയിൽ കഴിയുന്ന മകൾക്കൊപ്പം ഇതുവരെ പോയിനിൽക്കാൻ കഴിഞ്ഞിട്ടില്ല. കുറേദിവസം അവിടെപോയി നിൽക്കണം. പിന്നെ, പാചക പംക്തികളിൽ കൂടുതൽ സജീവമാകണം’. കോളജിലെ പ്രശ്നങ്ങൾക്കു കാരണം ഏതാനും പേരാണെന്നും അവരെ നിയന്ത്രിക്കാനുള്ള ശ്രമമാണു തനിക്കെതിരായി സമരംചെയ്യാൻ‌ ഇടയാക്കിയതെന്നും ലക്ഷ്മിപറഞ്ഞു.