Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകട വിഡിയോ, സത്യം ഇതാണ്: ഗായത്രി അരുണ്‍

Gayathri Arun ഗായത്രി അരുൺ

പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് നടി ഗായത്രി അരുൺ. സീരിയലിൽ ഗായത്രി അവതരിപ്പിക്കുന്ന ദീപ്തി ഐപിഎസ് എന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രത്തെ കുടുംബപ്രേക്ഷകർ അത്രകണ്ട് സ്വീകരിച്ചിട്ടുണ്ട്. താരത്തിന്റെ ആരാധകരെയെല്ലാം നിരാശരാക്കി കഴിഞ്ഞ ദിവസം പുറത്തു വന്നൊരു വിഡിയോയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അപക‌ടത്തിൽ നിന്നും ഗായത്രി തലനാരിഴയ്ക്കു രക്ഷപ്പെട്ടെന്ന പേരിൽ വിഡിയോസഹിതം വാർത്ത വന്നപ്പോൾ ഓൺലൈൻലോകം അതിന്റെ സത്യമെന്തെന്നു ചികയാതെ പകർത്തുകയായിരുന്നു. ഒരു നേരമ്പോക്കിനു വേണ്ടി താൻ അപ്‌ലോഡു ചെയ്ത ആ വിഡിയോ ഇത്രത്തോളം പുലിവാലുണ്ടാക്കുമെന്നു ഗായത്രി ചിന്തിച്ചതേയില്ല. അപകട വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് ഗായത്രി.

'' കഴിഞ്ഞ ദിവസമാണ് സീരിയൽ ഷൂട്ടിങ്ങിനിടയിലുണ്ടായ ആ സംഭവം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിനു വേണ്ടി പാരാഗ്ലൈഡിങ് പരിശീലിക്കുന്നതിന്റെ രംഗമായിരുന്നു അത്. ഷൂട്ടിങ് മെമ്മറീസ് എന്ന ക്യാപ്ഷനും നൽകിയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോയിൽ കാണാം അതിൽ ജീപ്പു പോകുന്ന ദിശ പെട്ടെന്നു മാറിയപ്പോൾ താഴെ വീഴുകയായിരുന്നു. പക്ഷേ വാർത്തകളില്‍ കാണുന്നതുപോലെയുള്ള പരിക്കൊന്നും സംഭവിച്ചിരുന്നില്ല, കാലിനു ചെറുതായൊരു പരിക്കു മാത്രമേ പറ്റിയുള്ളു. വിഡിയോ ഇട്ട് അധികം കഴിയുംമുമ്പേ പലയിടങ്ങളിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ കണ്ടു. അതോടെ കൂടുതൽപേരെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതി അപ്പോൾ തന്നെ ആ വിഡിയോ ഫേസ്ബുക്കിൽ നിന്നു ഡിലീറ്റ് ചെയ്യുകയായിരുന്നു''

വിഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ അതിലെ സത്യാവസ്ഥ എ​ന്തെന്നു പരിശോധിക്കാതെ പലരും വാർത്തയാക്കുകയായിരുന്നുവെന്നും ഫോൺവിളികളുടെ ബഹളമായിരുന്നുവെന്നും ഗായത്രി പറഞ്ഞു.

Your Rating: